Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
നിൻ്റെ കോട്ടയിൽ കാടും പടലും നിറഞ്ഞിരുന്നു
മാനത്തേയ്ക്ക് കൂർത്തുനിൽക്കുന്ന
പച്ചപ്പിൻ്റെ ശിഖരമായി അത് ലോകത്തോട് ഇടഞ്ഞു നിന്നു
ഒരിക്കൽ കടും ചുവപ്പായിരുന്ന ചുമരിൽ
കാട്ടുവള്ളികൾ പടർന്നു കയറിയിരുന്നു
ഓരോ ദിവസവും കൂടുതൽ ഉയരങ്ങളിലേക്കെന്ന്
അവ മത്സരിച്ചുകൊണ്ടിരുന്നു
താഴേക്ക് നോക്കി പുഞ്ചിരിയോടെ നീ നിൽക്കുമായിരുന്ന
ജാലകങ്ങളിലിപ്പോൾ പക്ഷികളുടെ കൂട്..
നിൻ്റെ ഏകാന്തതയുടെ കോട്ടയിപ്പോൾ
ഒരായിരം ജീവികളുടെ ഗേഹം..
നിൻ്റെ കാലടികൾ ഉച്ചത്തിൽ പ്രതിധ്വനിച്ചിടത്തിപ്പോൾ
ഒരു കാടിൻ്റെ ഇരമ്പം..
മുകളിലേക്ക് നോക്കി വിജനമായ
കോട്ടവാതിലിൽ നിൽക്കുമ്പോൾ
മുൻപൊന്നും ഞാൻ കാണാത്ത ഉയരത്തിലെങ്ങോ
നിൻ്റെ മുറിയിലെ അരണ്ട വെളിച്ചം
കാടു വെട്ടി വഴി തെളിച്ചു നിന്നിലേക്ക് വരാൻ നിൽക്കുമ്പോൾ
എൻ്റെയുള്ളിൽ മുൻപെങ്ങുമില്ലാത്ത ഭയം..
അനുനിമിഷം ജീവൻ സ്പന്ദിക്കുന്നയീ കോട്ടയ്ക്കുള്ളിൽ
നിന്നെത്തിരഞ്ഞെത്തുമ്പോൾ
നിൻ്റെ അസാന്നിധ്യം ചെറുശബ്ദങ്ങളെ വിഴുങ്ങുന്നൊരു
പെരുമ്പറമുഴക്കം പോലുയർന്ന്
എന്നെ തകർക്കുമെന്ന, കണ്ണീരുറവ പൊട്ടുന്ന ഭയം..
മിഴിയിലെ പ്രകാശമണഞ്ഞ് ചലനമറ്റ്
നിസ്സഹായയായി നിൽക്കുമ്പോഴെപ്പോഴോ
കാടിരമ്പുന്ന നിൻ്റെ കോട്ടയ്ക്കു ചുറ്റും
തഴയ്ക്കുന്നൊരു മുൾക്കാടായി
ഞാൻ മാറാൻ തുടങ്ങിയിരുന്നു
1 comment
Good One…