പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം
1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടി വില്ലുവണ്ടിയിൽ മഹാത്മാ അയ്യങ്കാളി സമപ്രായക്കാരായ കൂട്ടരോടൊത്ത് സഞ്ചാരസ്വാതന്ത്ര്യ സമരംനടത്തി. എതിർക്കാൻ വരുന്നവരെ കായികമായി നേരിടാൻ തയ്യാറായിട്ടു തന്നെയായിരുന്നു യാത്ര. വെങ്ങാനൂര് നിന്ന് പൊതുവഴിയിലൂടെ പുത്തൻവിളയിലേക്ക്.
1898 : 5 വർഷങ്ങൾ നിരന്തര സമരങ്ങളുണ്ടായെങ്കിലും സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായില്ല. 1898 ൽ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കാൽനടയായി വെങ്ങാനൂര് നിന്ന് ബാലരാമപുരം വഴി ആറാലുംമൂട് ചന്തയ്ക്ക് സമീപം വരെ യാത്ര. അന്ന് നേരിടേണ്ടിവന്നത് സവർണ്ണമാടമ്പി/ഗുണ്ടകളുടെ ക്രൂരമായ മർദ്ദനമായിരുന്നു. രക്തം ചിന്തിയ സമരം.
അതിൻ്റെ ഭാഗമായി കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് വെങ്ങാനൂര് നിന്ന് രാജാവിൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ഒരു ഘോഷയാത്ര. മഹാരാജാവിൻ്റെ ചിത്രത്തിൽ തൊട്ടാൽ തല ഉരുളും എന്നറിയാവുന്നതിനാൽ ഗുണ്ടകൾ അവരുടെ മടക്കയാത്രക്കായി കാത്തിരുന്നു. മണ്ണിൻ്റെ മക്കളായ കരുത്തുറ്റ, തങ്ങൾക്കെല്ലാം ആഹാരത്തിനായി പാടത്തും പറമ്പിലും പണിയെടുക്കുന്ന ആ ജനസമൂഹത്തെ ശ്രീമൂലം തിരുനാൾ രാജാവ് അന്നാണ് ആദ്യമായി കണ്ടതെന്നു പറയപ്പെടുന്നു. ഘോഷയാത്ര കഴിഞ്ഞു തിരികെ വരുമ്പോൾ ജാതിഭ്രാന്ത് മൂത്ത ഗുണ്ടകളുടെ അക്രമം. തിരിച്ചും കൊടുത്തു. രക്തചൊരിച്ചിൽ നിറഞ്ഞ സഞ്ചാര സ്വാതന്ത്യ സമരങ്ങൾ.
1911 ഡിസംബർ : മഹാത്മാ അയ്യങ്കാളി വില്ലു വണ്ടിയിൽ കയറി ദിവാനെ കാണാൻ പോകുന്നു. കറുത്ത നീളൻ കോട്ടും, വെള്ളമുണ്ടും, തലപ്പാവും വെച്ച് (ഇഷ്ടം പോലെ വസ്ത്രം ധരിക്കാൻ പോലും അവകാശം നിഷേധിച്ച സമയത്ത് അതിനെയെല്ലാം ധിക്കരിച്ചായിരുന്നു ആ വേഷം) പൊതുവഴിയിലൂടെ. ആരും തടഞ്ഞില്ല. 1893 മുതൽ 8 വർഷത്തോളം നീണ്ട സഞ്ചാരസ്വാതന്ത്ര്യനായുള്ള സമരത്തിൻ്റെ വിജയം.
ലോകത്ത് അറിയപ്പെടുന്ന ഒരു വിപ്ലവനേതാവിനും, താൻ ഉൾപ്പെടുന്ന സ്വന്തം ജനതയ്ക്ക് വേണ്ടി രക്തം ചിന്തിയും മർദ്ദനമേറ്റും പൊതുവഴി നടക്കാൻ സമരം ചെയ്യേണ്ടി വന്നിട്ടില്ല. ഇത്രയും അടിച്ചമർത്തലിനും മർദ്ദനമുറകൾക്കും നടുവിലും തൻ്റെ പട്ടിണിക്കാരായ ജനതയുടെ വിപ്ലവവീര്യവും ആത്മവിശ്വാസവും കെടാതെ ആ സമരത്തിൻ്റെ അന്തിമവിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ അസാമാന്യമായ നേതൃപാടവത്തെ ആണ് നമുക്ക് കാണിച്ചു തരുന്നത്.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂