മലയാളസാഹിത്യത്തിലെ താത്വികതയെ പരാമർശിച്ച് ഈയടുത്ത് ലോകസാഹിത്യത്തെ പറ്റി പരക്കെയും ആഴത്തിലും ഗ്രാഹ്യമുള്ള ഒരു സുഹൃത്ത് പറഞ്ഞ വാക്കുകൾ ഇതാണ്…
അതേ,ഒരു നൂറ്റാണ്ടു മുൻപേ ജനിച്ച് കാൽ നൂറ്റാണ്ട് മുൻപേ മണ്മറഞ്ഞു പോയ ആ വ്യക്തി ഇന്നും നമുക്ക് അഭിമാനമായി നില കൊള്ളുന്നു എന്നതാണ് സത്യം.
ഭാഷയുടെയും വ്യാകരണത്തിൻ്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ വിശ്വോത്തരമാക്കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹം വിശ്വസാഹിത്യം ചമച്ചത് കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ടു മറിമായം കാണിച്ചല്ല, സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഭാഷയിൽ എഴുതിയാണ്. അതിസാധാരണക്കാരൻ്റെ ശൈലിയിൽ രചിച്ച ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു..
വ്യാകരണം പോലുമില്ലാത്ത ഭാഷയിൽ എഴുതുന്നതിനെ അനുജനായ അബ്ദുൽ ഖാദർ വിമർശിക്കുന്നതായി ഒരു കൃതിയിൽ ഹാസ്യത്തോടെയും വാത്സല്യത്തോടെയും അദ്ദേഹം പറയുന്നുണ്ട്. ശരിയാണ്..അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയതേയില്ല. ഇത് മലയാളത്തിലെ മറ്റേത് സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്ത വിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായിരുന്നു ബഷീറിൻ്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ രചനാരീതി ബഷീറിയൻ ശൈലി എന്നു തന്നെ അറിയപ്പെട്ടു.
എന്നിങ്ങനെ തുടങ്ങി.. ബഷീറിൻ്റെ നായകൻ കേശവൻ നായർ` തന്റെ കാമുകിയായ സാറാമ്മയ്ക്ക് എഴുതിയ പ്രേമലേഖനത്തിന് പകരം വയ്ക്കാൻ മലയാളസാഹിത്യത്തിൽ ഇപ്പോഴും മറ്റൊന്നില്ല.
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ, ന്റൂപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരൻ്റെ മകൾ, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വർഗം എന്നിങ്ങനെ മലയാളി എന്നും ഓർത്തുവയ്ക്കുന്ന രചനകൾ ബഷീറിയൻ തൂലികയിൽ നിന്ന് പിറവിയെടുത്തു.
ആദ്യകഥയായ ‘തങ്കം’ത്തിലെ നായകൻ കൂനനും ചട്ടുകാലനും കോങ്കണ്ണനുമായിരുന്നു. വ്യവസ്ഥാപിത ശൈലിയെ പടിക്ക് പുറത്ത് മാറ്റിനിർത്തിയ ബഷീർ കഥകളിൽ തോട്ടിയും കള്ളനും പിച്ചക്കാരനും മുച്ചീട്ടുകളിക്കാരനും വേശ്യയും മണ്ടനും ഒക്കെയായിരുന്നു നായകന്മാർ.. നമുക്ക് നൽകാനുദ്ദേശിച്ച ജീവിതദർശനങ്ങളെല്ലാം തന്നെ ഈ ലളിതകഥാപാത്രങ്ങളെക്കൊണ്ട് അദ്ദേഹം പറയിപ്പിച്ചു.
പ്രകൃതി നശിപ്പിക്കുന്ന മനുഷ്യനെതിരെയുള്ള ആഹ്വാനം 70 കളിൽ പ്രസിദ്ധീകരിച്ച “ഭൂമിയുടെ അവകാശികൾ” എന്ന കഥയിൽ ഉണ്ട്. ‘പുരുഷനോളം തന്നെ സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്’ എന്ന് 1940 കളിൽ എഴുതപ്പെട്ട ‘അനുരാഗത്തിൻ്റെ ദിനങ്ങളി’ലെ നായകൻ പറയുന്നത് ഇന്ന് വായിക്കുമ്പോളും സന്തോഷം തന്നെയാണ്. പഴയ പ്രതാപകാലത്തെ ഓർത്ത് ദുരഭിമാനത്തോടെ ജീവിക്കുന്നവരെ എത്ര ഭംഗിയായാണ് ‘ന്റൂപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന കൃതിയിൽ വിമർശിച്ചിരിക്കുന്നത്. നായികയായ കുഞ്ഞുപാത്തുമ്മയുടെ മിഥ്യാഭിമാനിയായ ഉമ്മയോട് ‘ആ ആന വെറുമൊരു കുഴിയാനയായിരുന്നെ’ന്ന് ബഷീർ ആ കഥയിലെ പുതുതലമുറയെക്കൊണ്ട് പറയിക്കുന്നു. തന്നെ പ്രേമിക്കുന്നതിനു കാമുകിയായ സാറാമ്മയ്ക്ക് ശമ്പളം നൽകിയ ആളാണ് 1943 ഇൽ എഴുതപ്പെട്ട പ്രേമലേഖനത്തിലെ നായകൻ കേശവൻ നായർ.
ഇങ്ങനെ കാലത്തിനു ബഹുദൂരം മുൻപേ സഞ്ചരിച്ച ബഷീറിയൻ കഥാപാത്രങ്ങൾക്ക് ഒരു നൂറു ഉദാഹരണങ്ങൾ.
ബഷീറിൻ്റെ എല്ലാ നോവലുകളും ദൈർഘ്യം കുറഞ്ഞവയായിരുന്നു എന്ന് നമുക്ക് കാണാൻ കഴിയും. പക്ഷേ ആശയങ്ങളാൽ സമ്പുഷ്ടമായിരുന്നു ഇവയെല്ലാം.
പ്രമേയത്തിലും ആഖ്യാനത്തിലും ഉള്ള വൈവിധ്യമാണ് ബഷീർസാഹിത്യത്തിൻ്റെ മറ്റൊരു പ്രത്യേകത..
ബഷീർ എഴുതിയ പ്രണയകഥകളാണ് പ്രേമലേഖനം, മതിലുകൾ, ബാല്യകാലസഖി, അനുരാഗത്തിൻ്റെ ദിനങ്ങൾ എന്നിവ. എന്നാൽ ഇവയോരോന്നും അങ്ങേയറ്റം വ്യത്യസ്തത പുലർത്തുന്നുണ്ട്.
(ബഷീർ എഴുതിയ പ്രണയകഥകളിൽ ഏറ്റവും അസാധാരണവും മനോഹരവുമായ കൃതിയായ മതിലുകൾ ആണ് വ്യക്തിപരമായി എനിക്ക് ഏറെ പ്രിയങ്കരം). സ്വന്തം ജീവിതം പശ്ചാത്തലമാക്കിയ ആവിഷ്കാരമാണ് പാത്തുമ്മായുടെ ആട് എന്ന നോവൽ. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ശബ്ദങ്ങൾ.
കഥകളിലും നോവലുകളിലും മാത്രം അദ്ദേഹത്തിൻ്റെ സാഹിത്യലോകം ഒതുങ്ങിയില്ല. ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്.
പ്രധാന ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ബഷീറിൻ്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടു. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ട്. മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവെളിച്ചം( ഭാർഗവീ നിലയം) എന്ന കഥയും മതിലുകൾ, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.
വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ 1908ലാണ് വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത്. ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ ജയിലിൽ കിടന്നിട്ടുണ്ട്. പത്തുവർഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. കൂടാതെ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ചുറ്റിനടന്നു. ഹിമാലയ സാനുക്കളിലും ഗംഗാതീരത്തും ഹിന്ദു സന്യാസിയിയായും സൂഫിയായും കഴിച്ചുകൂട്ടി.
കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകൾ, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങൾ തുടങ്ങിയവ ലഭിച്ചു. 1982ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു. 1987ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി. പ്രേംനസീർ അവാർഡ്, ലളിതാംബിക അന്തർജനം സാഹിത്യ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം എന്നിവ ലഭിച്ചു. 1994 ജൂലായ് 5ന് ബഷീർ ഈ ലോകത്തോട് വിടപറഞ്ഞു.
ഈ ജൂലൈ 5 നു ബഷീറിൻ്റെ വേർപാടിന് 27 വർഷം ആകുമ്പോഴും പകരം വയ്ക്കാനില്ലാത്ത സുൽത്താൻ ആയി ബഷീർ മലയാളി വായനക്കാരുടെ മനസ്സിൽ തലയുയർത്തി നിൽക്കുന്നു….
SHAMEEM
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂