മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ കൂലി കൊടുക്കുന്നതും മുതലായ എല്ലാ മനുഷ്യവകാശങ്ങളും നിഷേധിച്ച്, ആ ജനതയെ കൊണ്ട് വയലുകളിൽ, പറമ്പുകളിൽ കൃഷിപ്പണി ചെയ്യിച്ച് തിന്ന് കൊഴുത്ത ഒരു കൂട്ടരെ വിറപ്പിച്ച വിപ്ലവകാരി മഹാത്മാ അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ ചിലത്..
- പൊതുവഴിയിൽ സഞ്ചരിക്കാനുള്ള
- പൊതു ഇടങ്ങളിൽ പ്രവേശിക്കാനുള്ള
- സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള
- അടിമചിഹ്നങ്ങൾ പൊട്ടിച്ചെറിയാനുള്ള
- ചെയ്യുന്ന കാർഷിക പണിക്ക് അർഹമായ കൂലിക്ക് വേണ്ടിയുള്ള
- വിദ്യാലയ പ്രവേശനത്തിനുള്ള
- വിദ്യാഭ്യാസ ഫീസാനുകൂല്യത്തിനുള്ള
- ലോകത്തെ ആദ്യത്തെ സംഘടിത കർഷകത്തൊഴിലാളി സമരത്തിന് – പണിമുടക്ക് സമരത്തിന്
- പട്ടയത്തിനുള്ള
- ആഴ്ചയിൽ ഒരു ദിവസം അവധിക്കു വേണ്ടിയുള്ള
- സൗജന്യ നിയമ സഹായത്തിനുള്ള
സമരങ്ങൾക്ക് നേതൃത്വം നല്കുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് മഹാത്മാ അയ്യങ്കാളി.
ഈ സമരങ്ങൾക്കിടയിൽ സവർണ്ണ മാടമ്പിമാരാൽ/ഗുണ്ടകളാൽ ബലാത്സംഗം ചെയ്യപ്പെടുകയും ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത മുത്തശ്ശിമാർ, അമ്മമാർ, പെൺകുട്ടികൾ, ക്രൂരമായി കൊല്ലപ്പെട്ട പ്രായമായവർ, യുവാക്കൾ, കൊച്ചു കുട്ടികൾ ഉൾപ്പടെയുള്ള രക്തസാക്ഷികളുടെ ധീര സ്മരണയിൽ ചില ചരിത്രങ്ങൾ വിശദമായി നോക്കാം. ഈ അവകാശങ്ങളിൽ പലതും നേടിത്തന്നത് തങ്ങളാണ് എന്ന് അവകാശപ്പെടുന്നവരുടെ മുന്നിൽ കൃത്യമായി ചരിത്രം പറയേണ്ടി വരുന്നു.
“പുലയരുൾപ്പെടുന്ന അടിച്ചമർത്തപ്പെട്ട വിഭാഗത്തിന് ഒരു മുൻകാല സുവർണ്ണ കാലമുണ്ടായിരുന്നോ?”
ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവുകളിൽ ഒന്നാണ് 1677-1684 വരെ വേണാട് ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ സാമന്തന്മാരിൽ പ്രധാനിയായ പുലയ രാജ്ഞി കൊക്കോതമംഗലം ഭരിച്ചിരുന്ന പുലയനാർകോട്ടയുടെ അധിപതിയായിരുന്ന കോതറാണി. ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന ഭരണകൂടം പുലയനാർകോട്ടയുടെ ചരിത്രം ഇല്ലാതാക്കാനാണ് ആ സ്ഥലത്ത് ക്ഷയരോഗാശുപത്രിയും, വ്യോമസേന കേന്ദ്രവും കൊണ്ടുവരുകയും പതിയെ പതിയെ പുലയനാർകോട്ട എന്ന പേര് പോലും ഇല്ലാതാക്കുന്നതും എന്ന് സംശയിക്കുന്നു. ഇരിങ്ങാലക്കുട ചിരുകണ്ടൻ നാടുവാഴി/രാജാവും മറ്റൊരുദാഹരണമാണ്. യുദ്ധത്തിൽ മണ്ണിൻ്റെ ഉടമകളെ കൊല്ലുകയും കീഴടങ്ങിയവരെ അടിമകളാക്കി ചന്തയിൽ വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്നു. തലമുറകളിലേക്ക് അടിമത്തവും നാല്ക്കാലികളെപ്പോലെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന പ്രവർത്തി തുടർന്നു. ഇതിൽ അടിമത്തം ചന്തയിൽ വില്ക്കുകയും വാങ്ങുകയും ചെയ്ത കാര്യങ്ങൾ കൃത്യമായി “ചരിത്രകാരന്മാർ” രേഖപ്പെടുത്തുകയും നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
“അടിമകളാക്കപ്പെട്ട തദ്ദേശീയർ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടതെന്ന്?*
1812 ഡിസംബർ 5 ന് കേണൽ മൺട്രോയുടെ നിർബ്ബന്ധ പ്രകാരം റാണി ലഷ്മിഭായി പുറപ്പെടുവിച്ച വിളംബര പ്രകാരം ഈഴവരുൾപ്പെടുന്ന അടിമകളെ ചന്തയിൽ വാങ്ങുന്നതും വില്ക്കുന്നതും നിരോധിച്ചു. ഏഴജാതികളായ ഈഴവ വാദികൾക്ക് വിസ്മരിക്കാൻ സാധ്യമല്ലാത്തൊരു വിളംബരമായിട്ടാണ് സി.കേശവൻ ഇതിനെ വിശേഷിപ്പിച്ചതും.
എന്നാൽ കാർഷിക വേലയുടെ പേരിൽ കുറവർ, പറയർ, പുലയർ, പള്ളർ, മലയർ, വേടർ എന്നിവരെ അടിമകളാക്കി കച്ചവടം ചെയ്യുന്നത് തുടരാം എന്നും വിളംബരത്തിൽ പറയുന്നു.
1843 ൽ ബ്രിട്ടീഷ് കോളനികളിൽ അടിമത്തം നിരോധിച്ചതിൻ്റെ ഭാഗമായി ഇന്ത്യയിലും ഉത്തരവ് വരികയും ബ്രിട്ടീഷ് റസിഡൻറുമാരുടെ നിരന്തരമായ ഇടപെടലുകളുണ്ടായിട്ടും പുലയരുൾപ്പെടെയുള്ള കർഷകത്തൊഴിലാളികളായ അടിമകളെ ചന്തയിൽ വില്ക്കുകയും വാങ്ങുകയും ചെയ്തു.
റസിഡൻ്റ് കല്ലൻ്റെ നിർദ്ദേശപ്രകാരം മാർത്താണ്ഡവർമ്മ രാജാവ് 1853 സെപ്റ്റംബർ 15 മുതൽ (1029 കന്നി 30) ജനിക്കുന്ന കുട്ടികളെ അടിമകളാക്കാൻ പാടില്ല എന്നും, കച്ചവടം ചെയ്യാൻ പാടില്ല എന്നുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ മത: അടിമകൾക്ക് 14 വയസ്സുവരെ പ്രായത്തിൽ കവിഞ്ഞ ജോലി ചെയ്യിക്കാൻ പാടില്ല എന്നും ഉത്തരവിൽ പറഞ്ഞു.
1855 ജൂൺ 24ന് തിരുവിതാംകൂറിൽ അടിമത്തം പൂർണ്ണമായി നിരോധിച്ചു കൊണ്ട് മാർത്താണ്ഡവർമ്മ രാജാവ് ഉത്തരവ് പുപ്പെടുവിച്ചു. അങ്ങനെ പുലയർ, പറയർ, കുറവർ, പള്ളർ, മലയർ, വേടർ തുടങ്ങിയവർ അടിമകളല്ലാതായി. പക്ഷേ ചന്തയിൽ വില്ക്കുന്നതും വാങ്ങുന്നതും ഒഴിച്ച് അയിത്തം ഉൾപ്പെടെ എല്ലാ മനുഷ്യാവകാശ ലംഘനവും തുടർന്നു.
അടിമത്തം ഇല്ലാതായെങ്കിലും നാല്കാലികൾക്ക് പോലും ഉള്ള സ്വാതന്ത്യം ഇല്ലായിരുന്നു ഈ സാധുജനങ്ങൾക്ക് എന്നിടത്താണ് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടം പ്രസക്തമാകുന്നത്.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
The question for equal rights is as current today as in times past. Only the challenges are more hidden and structural. May the cry for freedom reach the divine ear.
Very beautiful