മാസ്കിന് കീഴെ വിയർപ്പ് പൊടിഞ്ഞ മൂക്കിൻ തുമ്പിൽ അനുഭവപ്പെട്ട ചൊറിച്ചിൽ മാറ്റാൻ മാസ്ക് അഴിക്കാതെ തന്നെ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ. പേന കൊണ്ട് ചൊറിഞ്ഞ് അത് സാനിടൈസ് ചെയ്താൽ മതിയല്ലോ എന്ന് തീരുമാനിച്ചു പേന തിരഞ്ഞു.
പേന കാണുന്നില്ല. നാശം!
നശിച്ച കോവിഡ്.

എന്നാണ് ഒന്നിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതില്ലാത്ത ജീവിതത്തിലേക്ക്‌ തിരികെ വരാൻ പറ്റുക എന്നാലോചിച്ച്‌ ആരോടെന്നില്ലാത്ത ഒരു അമർഷം നിറയവേയാണ് ഞാൻ അറിയാതെ തന്നെ മാസ്കിനടിയിലൂടെ വിരൽ കടത്തി മൂക്കിൻ തുമ്പ് ചൊറിഞ്ഞു എന്ന് മനസ്സിലായത്.
കയ്യും മുഖവും വാഷ് റൂമിൽ പോയി കഴുകാൻ തന്നെ ഞാൻ തീരുമാനിച്ചു.
‘തീരുമാനിച്ചു’ എന്ന് കനത്തിൽ പറയാൻ മാത്രം അതൊരു വലിയ കാര്യമാണോ എന്ന് തോന്നാം. എന്നെ സംബന്ധിച്ച് അങ്ങനെയാണ്. ഞാൻ കോവിഡിനെ വല്ലാതെ ഭയന്നു ജീവിക്കുകയാണ് എന്നൊരു ഫലശ്രുതി അല്ലെങ്കിലേ ഓഫീസിലുണ്ട്. ഞാൻ ഇടയ്ക്കിടെ മുഖവും കൈയും വൃത്തിയാക്കുന്നതിനെ പരിഹസിക്കുന്ന ആളുകൾ ചുറ്റും ഉണ്ടെന്നത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. സത്യത്തിൽ വേണ്ട കാര്യം തന്നെയാണ് ഞാൻ ചെയ്യുന്നതെങ്കിലും ആളുകളുടെ പരിഹാസം എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. രണ്ടു വർഷങ്ങൾക്ക് മുൻപുണ്ടായ എൻ്റെ വിവാഹമോചനത്തിനു ശേഷം ഇത്തരം പരിഹാസം ഒരു ഭൗതിക ശക്തിയായി എന്നിൽ പ്രഹരമേല്പിക്കുന്നതായി പോലും എനിക്ക് തോന്നാറുണ്ട്.

ഉള്ളത് പറയുകയാണെങ്കിൽ. യാതൊരു വഴക്കുകളുമില്ലാത്ത അഞ്ച് വർഷത്തെ ദാമ്പത്യത്തിനു ശേഷം എൻ്റെ ഭാര്യ എന്നെ ഇട്ടേച്ചു പോയതെന്തിനാണ് എന്ന വ്യക്തമായ കാരണം ഇന്നുമെനിക്ക് അറിയില്ല.
കുടിക്കുകയോ വലിക്കുകയോ തുടങ്ങി ഒരു ദുഃശീലങ്ങളുമുള്ള ആളല്ല ഞാൻ. ഇതെല്ലാം ഉണ്ടായിരുന്ന ഒരു അച്ഛൻ്റെ ഓർമ്മ എൻ്റെ ബാല്യത്തിലെ ചുരുക്കം ചില നല്ല ഓർമ്മകൾക്ക് പോലും ഛർദിലിൻ്റെ മണം കൊടുത്തത് കൊണ്ട് അത്തരം ഒരു സാഹസത്തിനും ഏത് പ്രതിസന്ധിയിലും ഞാൻ മുതിർന്നിട്ടില്ല.

“ഒരു ദോഷവുമില്ലാത്ത ഒരു വ്യക്തി” അങ്ങനെയാകും ഞാൻ എനിക്ക് മാർക്കിടുക.

“യാതൊരു ഗുണവുമില്ലാത്ത ഒരു വ്യക്തി” എൻ്റെ ഭാര്യ മാർക്കിട്ടത് ഇങ്ങനെയായിരുന്നു എന്ന് മാത്രം.

അത് ആരൊക്കെയോ പറഞ്ഞു അറിഞ്ഞ് ഓഫീസിൽ എനിക്ക് നിർഗുണൻ എന്ന് പേര് വീണിരിക്കുന്നതായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
ഡിവോഴ്സിന് ശേഷം ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസമാക്കിയതിൽ പിന്നെ പുതിയൊന്നു കൂടി.
‘ഒറ്റാന്തടി’
“ബിജു സാർ പിന്നെ സിംഗിൾ ആണല്ലോ”
“ബിജു സാറിന് ആരെയും നോക്കണ്ടല്ലോ”. ഒറ്റാന്തടിയല്ലേ”
“ഞങ്ങളുടെ പ്രാരാബ്ധം ബിജു സാറിന് എങ്ങനെ അറിയാനാണ്”
ഇങ്ങനെ പോകും ഡയലോഗുകൾ.
അതേ,  ഞാൻ മുപ്പത്തിയേഴാം വയസ്സിൽ ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ട, അതിനും മുൻപേ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥനായ ഒരാളാകുന്നു.
എനിക്ക് കുട്ടികളും ഇല്ല. ഈ പ്രായത്തിൽ തന്നെ എൻ്റെ മുടി മുക്കാലും നരയ്ക്കുകയും വയറു ചാടുകയും ചെയ്തിരിക്കുന്നു. അതിൽ എനിക്ക് ഇല്ലാത്ത ഖേദമോ സന്തോഷമോ നിങ്ങൾക്ക് വേണ്ട. ഈ പ്രസ്താവന അലറിവിളിച്ച്‌ പലപ്പോഴും പറയാൻ തോന്നാറുണ്ട്.
പക്ഷേ ഏത് പ്രകോപനത്തിലും ശാന്തത കൈവിടാതെ പെരുമാറുന്ന ആൾ എന്ന സൽപ്പേരിൻ്റെ ഭാരം ചുമക്കുന്നത് കൊണ്ട് സംയമനം പാലിച്ച് ജീവിക്കുക തന്നെയേ നിവൃത്തിയുള്ളൂ.
കൈകൾ കഴുകി തിരിച്ചു വന്നു സീറ്റിലിരുന്നപ്പോഴും അശരീരി മുഴങ്ങി.
“ഒറ്റാന്തടിയായ ബിജു സാറിനാണ് കോവിഡിനെ ഏറ്റവും പേടി”
പുറകിലെ സീറ്റിലിരിക്കുന്ന അനിതയാണ്. അകമ്പടിയായി അവിടുന്നും ഇവിടുന്നും ചെറിയ ചിരികൾ ഉയരുന്നു.
“കുടുംബമുള്ളവർക്ക് മാത്രം വരുന്ന അസുഖമാണ് കൊറോണ എന്ന് ഞാൻ അറിഞ്ഞില്ല. അതോ കുടുംബമുള്ളവർ മാത്രം ജീവിച്ചാൽ മതി
എന്നാണോ.”
പതിവ് മൗനം വിട്ട് അല്പം കടുത്ത സ്വരത്തിൽ ഞാൻ മറുപടി പറഞ്ഞു. അനിതയുടെ മുഖത്തെ പരിഹാസം മാഞ്ഞു. പ്രതിധ്വനിച്ചിരികളും പതിയെ നിലച്ചു.
ചെറിയൊരു സംതൃപ്തിയോടെ ഞാൻ ജോലിയിൽ മുഴുകി. പറയേണ്ടത് വേണ്ട രീതിയിൽ പറഞ്ഞു എന്ന സമാധാനത്തിനിടയിലും ചുറ്റുമുള്ളവരോടുണ്ടാവുന്ന ഈ ചെറിയ ഉരസൽ പോലും എൻ്റെ ഉള്ളിൽ ഉളവാക്കുന്ന പ്രകമ്പനങ്ങളെപ്പറ്റി ഞാൻ ബോധവാനായിരുന്നു.

സമൂഹം എന്നോട് കോക്രി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. എൻ്റെ എറ്റവും ചുരുങ്ങിയ സോഷ്യൽ സർക്കിളിൽ ഞാൻ മാത്രം ആണ് ഉള്ളത്. ഈ അവസ്ഥയിലും അതിലെ എറ്റവും ബാഹ്യമായ വൃത്തത്തിൽ ഉള്ളവരോട് പോലും അലോസരമുണ്ടാക്കാൻ ചെല്ലാത്ത എന്നോട് സമൂഹത്തിനു ചെയ്യാനുള്ളത് ഇതാണ്.
കോക്രി.
സ്വയം സഹതാപം കൊണ്ട് ഞാൻ ഉരുകാൻ തുടങ്ങി. എൻ്റെ ജീവിതത്തിൽ അന്നേ വരെ വന്നു ഭവിച്ച സങ്കടകരമായ കാര്യങ്ങളെല്ലാം തലയിലൂടെ തീവണ്ടി ബോഗികളെ കണക്കെ വരിവരിയായി ഓടിയെത്തിമറഞ്ഞു. ഓരോ ചിന്തക്കും ഓർമ്മക്കും എൻ്റെ സഹതാപത്തിൻ്റെ ചളിക്കൂമ്പാരത്തിലേക്ക് സംഭാവനയായി എന്തെങ്കിലും നൽകാനുമുണ്ടായിരുന്നു.
ആ കൂമ്പാരത്തിനു കീഴെ അതിൻ്റെ വലിപ്പവും നോക്കി ഒരു ഉറുമ്പിനെ പോലെ സ്വയം ചെറുതായി കൂനിക്കൂടി ഞാൻ ഇരുന്നു. യാന്ത്രികമായി കമ്പ്യൂട്ടറിൽ ചില ഡാറ്റായും എന്റർ ചെയ്തുകൊണ്ടിരുന്നു.

അപ്പോൾ എൻ്റെ മേശപ്പുറത്ത് ഒരു കൈപ്പത്തി പ്രത്യക്ഷപ്പെട്ടു. ഒപ്പം കൈപ്പത്തിയുടെ ഉടമസ്ഥൻ്റെ മുഖവും എൻ്റെ ദൃഷ്ടിയുടെ ലെവലിലേക്ക് താഴ്ന്നു വന്നു . ഒരു അപരിചിതൻ. മധ്യവയസ്സ്.
“ബിജു സാറല്ലേ?”
ഞാൻ അലോസരത്തോടെ മുഖമുയർത്തി.
“അതേല്ലോ. ആരാണ്‌?”
ഒരു ലെയർ മാത്രമുള്ള വെറും പേരിനു മാത്രമായ മാസ്കിനു മുകളിലൂടെ അയാളുടെ കണ്ണുകളുടെ ചുറ്റുമുള്ള ചുളിവുകളിൽ ചിരി തെളിഞ്ഞു.
“ഞാൻ കഴിഞ്ഞ ആഴ്ച വന്നപ്പോ സാർ ലീവ് ആയിരുന്നു”
“ഏതെങ്കിലും പെറ്റീഷൻ തന്നിരുന്നോ?”
” അല്ല സാറെ.. സാറിന് ഇൻഷുറൻസ് പോളിസിയെ പറ്റി സംസാരിക്കാൻ കൊറച്ചു സമയം ഉണ്ടാകുമോ. ഞാൻ ഏജന്റ് ആണ്. പേര് മാർട്ടിൻ”
എൻ്റെ അസഹിഷ്ണുത ഉച്ചസ്ഥായിയിലേക്കുള്ള ഗോവണി കയറിത്തുടങ്ങി. യാതൊരു സുരക്ഷയുമില്ലാത്ത മാസ്കും ഇട്ട് വന്നിരിക്കുകയാണ്. പോളിസി എടുപ്പിക്കാൻ!
മുൻപ് ഉണ്ടായിരുന്ന ഇൻഷുറൻസ് പോളിസി ഞാൻ എന്തിനെന്നില്ലാതെ അടച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് ഉണ്ടായിരുന്ന എൻ്റെ പോളിസിയുടെ നോമിനി ഇന്ന് വേറെ ആരുടെയോ നോമിനി ആണ്.
ഞാൻ അസുഖം പിടിച്ചുകിടന്നാലും മരിച്ചാലും ഈ ഭൂമിയിൽ ഒരു പൂച്ചക്കുട്ടി പോലും അനാഥമാകാനില്ല. ഈ ലോകത്ത് ഇൻഷുറൻസ് വേണ്ടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ മാത്രം ആണ്.
ഞാൻ വേണ്ടാ എന്ന മറുപടി പറയാൻ വാ തുറക്കുന്നതിനു മുൻപേ അയാൾ ഇങ്ങോട്ട് ആക്രമണം തുടങ്ങി.
“ഒരു അഞ്ച് മിനിറ്റ് സമയം മതി ബിജു സാറെ”
“എടോ എൻ്റെ സമയത്തിൻ്റെ പ്രശ്നം അല്ല. തൻ്റെ സമയത്തിൻ്റെ ആണ്”
“എനിക്ക് സമയം ഉണ്ട് സാറെ. ഇതിനൊക്കെ തന്നെ അല്ലേ…”
അയാൾ മുഴുമിപ്പിക്കുന്നതിനു മുമ്പേ ഞാൻ ഇടയ്ക്ക് കയറി കഴിയാവുന്നത്ര സൗമ്യമായി പറഞ്ഞു.
“എടോ എനിക്ക് ഓൾറെഡി ഒരു വലിയ പോളിസി ഉണ്ട്. ഇനി ഒരെണ്ണം താങ്ങൂല്ല..”
അയാളുടെ മാസ്കിനകത്ത് അവരുടെ പ്രൊഫഷൻ്റെ തനതായ ചിരി വിരിയുന്നത് ഞാൻ കണ്ടു. ഓരോ കസ്റ്റമറുടെയും തടസ്സവാദങ്ങളെ കൗണ്ടർ ചെയ്ത് പൊളിച്ചു കൊടുക്കാനുള്ള പരിശീലനത്തിൻ്റെ ഭാഗമായ ചിരി.
“ആ പോളിസിയുടെ പേരൊന്നു പറയാവോ സാറെ”
അസഹിഷ്ണുതയോടെ ആണെങ്കിലും ഞാൻ പോളിസിയുടെ പേര് പറഞ്ഞു.
എന്നിട്ട് അയാൾ ആ പോളിസിയിന്മേൽ ഉള്ള പണി എന്നോട് തുടങ്ങുന്നതിനു മുൻപേ ഞാൻ സംഭാഷണത്തിൻ്റെ ചുക്കാൻ കയറിപ്പിടിച്ചു.

“എടോ ഇപ്പോൾ ഉള്ളത് തന്നെ എനിക്ക് അടക്കാൻ പറ്റുന്നില്ല. പുതിയത് ഏതെങ്കിലും ഒരു പത്തു കൊല്ലത്തിനു എനിക്ക് പറ്റുകേമില്ല. പിന്നെ താൻ ഇവിടെ സമയം കളയണ്ട കാര്യമുണ്ടോ?”

അയാൾക്ക് വീണ്ടും അതേ ചിരി. ചിരിയോടൊപ്പം അനുവാദം ചോദിച്ച് എൻ്റെ ടേബിളിനടുത്ത് ഇട്ടിരുന്ന കസേരയിൽ ഇരിപ്പുമായി.
സ്വന്തം മൊബൈലിലും കയ്യിലുള്ള ചില ബ്രോഷറിലും ഒക്കെ തിരഞ്ഞു ഒരു പോളിസിയുടെ ഡീറ്റെയിൽസ് എൻ്റെ മുമ്പിൽ നിവർത്തി വച്ചു.
പിന്നെ മുഖമുയർത്തി അടുത്ത ചോദ്യം അങ്ങ് ചോദിച്ചു..
“സാറിൻ്റെ മക്കൾക്ക് എന്ത് പ്രായമുണ്ട്? അവരുടെ ഭാവിക്ക് പറ്റിയതാണ് ഈ പോളിസി”
പറ്റിയ ചോദ്യം. പിറകിൽ നിന്ന് അനിതയുടെ ആകാംക്ഷ എനിക്ക് ഫിസിക്കൽ ആയിത്തന്നെ അനുഭവപ്പെടുന്നുണ്ട് എന്ന് തോന്നി.
ഞാൻ എന്താണ് പറയാൻ പോകുന്നത് എന്നോർത്ത് എൻ്റെ ചുറ്റിലുമുള്ള സഹപ്രവർത്തകർ ശ്വാസം പിടിച്ചിരിക്കുകയാണ് എന്നുറപ്പ്. അതോ എൻ്റെ തോന്നലോ?
എന്തായാലും ഇത് ഇപ്പോൾ അവസാനിക്കണം. ഞാൻ തീരുമാനിച്ചു. അയാളുടെ നേർക്ക് മുഴുവൻ ശ്രദ്ധയും കൊടുക്കാനെന്ന പോലെ ഞാൻ തിരിഞ്ഞിരുന്നു.
പിന്നെ തുടങ്ങി.
“എൻ്റെ മക്കളുടേം മരുമക്കളുടേം കാര്യം അവിടെ നിൽക്കട്ടെ. അവരുടെ ഭാവി ഞാൻ നോക്കിക്കോളാം. പ്രൈവറ്റൈസഷനിൽ നിൽക്കുന്ന ഈ കമ്പനിയുടെ ഭാവി എന്താണ്…?
അയാൾ ചിരിയുടെ തിളക്കം കുറയാതെ തന്നെ എൻ്റെ ചോദ്യത്തിനുള്ള ഉത്തരത്തിനു വേണ്ടി തയ്യാറെടുക്കുന്നത് ഞാൻ അയാളുടെ കണ്ണുകളിൽ നിന്ന് വായിച്ചു.
ഒന്നിനും ഇട കൊടുക്കരുത് എന്നുറപ്പിച്ച് ഞാൻ തുടർന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസി തികച്ചും അനാവശ്യമായ ഒന്നാണെന്നും.. ഒന്നെടുത്തത് തന്നെ എത്ര വേസ്റ്റ് എന്നും ഞാൻ വാദിച്ചു. ബാങ്കിൽ ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് ചേരുന്നതാണ് ലാഭകരം എന്ന് തർക്കിച്ചു. അയാൾക്ക് ശബ്ദിക്കാൻ ഇട കൊടുക്കാതെ ശ്രദ്ധിക്കുന്നത് കൊണ്ട് എൻ്റെ ശബ്ദം ഉയരുന്നുണ്ടായിരുന്നു. അത് പതിവില്ലാത്തതായത് കൊണ്ട് ചുറ്റുമുള്ളവർ തല തിരിച്ചു നോക്കിത്തുടങ്ങി.
ദേശീയ ഇൻഷുറൻസ് കമ്പനിയുടെ ഭാവി എത്ര ഇരുളടഞ്ഞതാണെന്നു ഞാൻ പ്രസ്താവിച്ചു.
രാജ്യമാകെ അകപ്പെട്ടിരിക്കുന്ന കോർപ്പറേറ്റ് കെണികളെ ഞാൻ ചൂണ്ടിക്കാണിച്ചു.
അയാൾ ഇടയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും അറിവിൻ്റെ ഔന്നത്യത്തിൽ നിന്ന് ഗിരിപ്രഭാഷണം നടത്തി അയാളെ ഞാൻ തകർത്തടിച്ചു. പിന്നെയും പറയാനുള്ളതെന്തെക്കൊയോ പറഞ്ഞു തീർത്ത് ചെറിയൊരു അണപ്പോടെ നിറുത്തിയപ്പോൾ അയാൾ പതിയെ എഴുന്നേറ്റു.
“ശരി സാറെ.. ഞാൻ പിന്നെ വരാം. എൻ്റെ കാർഡ് ഒന്ന് കയ്യിൽ വച്ചേക്കണേ”
അയാൾ ഒരു കാർഡ് എടുത്തു എൻ്റെ മേശപ്പുറത്ത് വച്ച് തല അല്പം കുനിച്ച് സാവധാനം ഓഫീസ് മുറി വിട്ടിറങ്ങി. പരാജിതനെപ്പോലെയുള്ള അയാളുടെ പോക്ക്‌ നോക്കി നിൽക്കവേ എൻ്റെ മനസ്സ് ഇടിഞ്ഞുതുടങ്ങി.
അത്ര നേരം മനസ്സിനെ ഭരിച്ചുനിന്ന അമർഷത്തിൻ്റെ അലകൾ ഒതുങ്ങി.
ഞാൻ എന്താണ് ഈ ചെയ്തത്? ദൈവമേ! ഞാൻ ആരോടാണ് ഇത്രയും നേരം പ്രസംഗിച്ചത്?
എന്നെ ഭ്രാന്തു പിടിപ്പിച്ചത് ചുറ്റുമുള്ളവരുടെ പരിഹാസമാണ്. അവരോടു പറഞ്ഞു തീർക്കാൻ കഴിയാത്ത എൻ്റെ ചൊരുക്ക് ഞാൻ തീർത്തത് ഇന്നേ വരെ കാണാത്ത തികച്ചും അപരിചിതനായ ഒരു വ്യക്തിയോട്.
എൻ്റെ ദേഹമാകെ, കൈപ്പത്തികൾ പോലും പെട്ടെന്ന് വിയർത്തു.
ഞാൻ ചുറ്റും ഒന്ന് നോക്കി. എൻ്റെ പതിവില്ലാത്ത പെരുമാറ്റം കണ്ട് ആയിരിക്കണം, എല്ലാവരും കുനിഞ്ഞിരുന്നു പണിയിൽ മുഴുകി. പുതിയതായി ജോയിൻ ചെയ്ത തനൂജ് എന്ന പയ്യൻ നോട്ടത്തിനു മറുപടി ആയി പറഞ്ഞു.
“അയാൾ കഴിഞ്ഞൂസം വന്നപ്പോ ഞാൻ ഒരു പോളിസി എടുത്താരുന്നു..”
ഞാൻ ഒന്നും മിണ്ടാതെ പണിയെടുക്കാൻ തുടങ്ങി.
പക്ഷേ മനസ്സ് ആകെ അശാന്തമായിരുന്നു. ഒരു കൊച്ചുപയ്യൻ കാണിച്ച മര്യാദ പോലും ജീവിതമിത്രയും കണ്ട ഞാൻ അയാളോട് കാണിച്ചില്ല. അയാളുടെ പോളിസി എടുത്തില്ലെങ്കിലും മാന്യതയോടെ പെരുമാറി വിട്ടയച്ചാൽ പോരായിരുന്നോ?
അയാൾക്ക് ഒരു 50 വയസ്സ് പ്രായം കാണും. അയ്യോ! അയാളുടെ പേര് എന്നോട് പറഞ്ഞത് പോലും ഞാൻ ഓർക്കുന്നില്ല.
അയാൾക്ക് കുടുംബവും കുട്ടികളും കാണും. ഈ കോവിഡ് കാലത്ത് ബുദ്ധിമുട്ടുകയാവും.
അയാളോടാണ് ഒരു മൂരാച്ചി ബ്യൂറോക്രാറ്റിൻ്റെ അഹന്തയോടെയും പുച്ഛത്തോടെയും ഞാൻ കത്തിജ്വലിച്ചത്.
സമൂഹം എന്നോട് കാണിച്ചതിലും വിരൂപവും അറപ്പുളവാക്കുന്നതുമാണ് ഞാൻ അയാളോട് കാണിച്ച കോക്രി.
അയാളോട് കോർപ്പറേറ്റ്കളുടെ നയങ്ങളും പ്രൈവറ്റൈസേഷൻ്റെ കെടുതികളും പ്രസംഗിക്കുമ്പോൾ എവിടെ ആയിരുന്നു എൻ്റെ പ്രത്യയശാസ്ത്രം? എന്തെടുക്കുകയായിരുന്നു എൻ്റെ നീതി ബോധം?
ഷർട്ടും പാന്റും എന്തിന് അണ്ടർവെയർ പോലും ബ്രാൻഡഡ് ആണോ എന്ന് നോക്കി വാങ്ങുന്ന ഞാനാണ് കോർപ്പറേറ്റുകൾക്ക് എതിരെ വാചകക്കസർത്ത് നടത്തിയത്?
സർക്കാർ തരുന്ന ശമ്പളം മേടിക്കുന്നത് കൃത്യമായി ജോലി ചെയ്ത് മടങ്ങാൻ മാത്രമാണോ?
അതിനും അപ്പുറത്ത് ജനകോടികൾ ഇല്ലേ?
ഇപ്പോൾ വന്നയാളെപ്പോലെ കൃത്യവരുമാനക്കാരെ ആശ്രയിച്ചുകഴിയുന്നവർ?
ഒരു പോളിസിയും കൂടെ താങ്ങാൻ കഴിയാത്ത എന്ത് ചെലവാണ് ഈ ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഉള്ളത്?
ഈ ചോദ്യം മനസ്സിലേക്ക് കടന്നുവന്നതും ഞാൻ ഓഫീസ് മുറിയിൽ നിന്ന് ഇറങ്ങിയോടി. സഹപ്രവർത്തകർ എന്ത് കരുതിക്കാണും, അവരോട് എന്തെങ്കിലും പറഞ്ഞിട്ട് വരാമായിരുന്നു എന്നൊക്കെയുള്ള തോന്നൽ വന്നെങ്കിലും വരാന്തയിലൂടെ അയാളെ തിരക്കി ഞാൻ നടന്നുതുടങ്ങി. പോകുന്ന വഴിക്കുള്ള ഓഫീസ് മുറികളിലെല്ലാം കണ്ണോടിച്ചു. കാണുന്നില്ല.
എനിക്ക് അയാളെ കണ്ടുപിടിച്ചേ മതിയാകൂ. ഓഫീസ് സമുച്ചയത്തിനകത്ത് ഒരു അഞ്ഞൂറ് റൂമുകൾ എങ്കിലും കാണും.
എങ്ങനെ കണ്ടുപിടിക്കാനാണ്?
എതിരെ വരുന്ന ഒന്ന് രണ്ട് മുൻസഹപ്രവർത്തകരായ പരിചയക്കാരോട് ഞാൻ തിരക്കിയെങ്കിലും അവർക്ക് സഹായിക്കാനായില്ല.
മൊബൈലിൽ നിന്ന് അയാൾ തന്ന കാർഡിലെ നമ്പറിൽ വിളിക്കാമായിരുന്നുവല്ലോ എന്ന ചിന്ത പിന്നെ വന്നു.
എനിക്ക് ഈയിടെയായി അവശ്യകാര്യങ്ങൾക്ക് വേണ്ട ബേസിക് ലോജിക് നഷ്ടപെടുന്നുണ്ടോ എന്ന് സംശയമുണ്ട്.
കണ്ണെത്തുന്നിടത്തെല്ലാം നോക്കി നിരാശയോടെ ഞാൻ ഗേറ്റിൽ നിന്നു. പിന്നെ തിരിച്ചുപോയി അയാളെ ഫോണിൽ വിളിക്കാം എന്ന ഐഡിയയുമായി മടങ്ങുമ്പോൾ ഓഫീസ് കോമ്പൗണ്ടിനകത്തെ ക്യാന്റീനിൽ അയാളിട്ടിരുന്ന നീല ഷർട്ട് കണ്ട പോലൊരു തോന്നൽ.
ഒന്നുകൂടി നോക്കി. ഓടിചെന്നു.
ഭാഗ്യം. അയാൾ തന്നെ. മാസ്ക് മാറ്റി ചായയും വടയും കഴിക്കുന്നു.
ഞാൻ ആശ്വാസത്തോടെ അയാളുടെ മുൻപിൽ ചെന്നിരുന്നു കിതച്ചു.
പെട്ടെന്നുള്ള എൻ്റെ മാസ്സ് എൻട്രി കണ്ട് അയാൾ അമ്പരന്നു..
“എന്ത് പറ്റി സാറെ?”
“എടോ തൻ്റെ പേര് ഞാൻ മറന്നുപോയി”
“അയ്യോ ആ കാർഡിൽ ഉണ്ടായിരുന്നുല്ലോ . മാർട്ടിൻ”
മുൻപ് അയാളുടെ കണ്ണുകളിൽ മാത്രം കണ്ട ചിരി ഇപ്പോഴും മുഖമാകെ നിറഞ്ഞു നിൽക്കുന്നുണ്ട്.
എൻ്റെ കാലകേയവധം മുഴുവൻ കേട്ടിട്ടും അയാൾക്ക് ഒരു നീരസവുമില്ലേ? അത്ഭുതം തോന്നി.
“ആ..മാർട്ടിൻ. എനിക്കൊരു പോളിസി വേണം.. പറ്റിയതൊരെണ്ണം. താൻ തന്നെ നോക്കി പറഞ്ഞാൽ മതി”
ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് ഞാൻ ക്യാന്റീനിൽ ഒരു ചായ ഓർഡർ ചെയ്തു.
കൊറോണ തുടങ്ങിയതിൽ പിന്നെ ഈ ഭാഗത്തേക്ക് വന്നിട്ടില്ല.
മാർട്ടിൻ സന്തോഷത്തോടെ പോളിസികളുടെ വിവരണത്തിൽ മുഴുകി. ഞാൻ എല്ലാം കേട്ടിരുന്നു. പിന്നെ എനിക്ക് നല്ലത് എന്ന് മാർട്ടിൻ പറഞ്ഞ ഒന്നിൽ ഓക്കേ പറഞ്ഞു.
ഓഫീസിലേക്ക് മടങ്ങാൻ നേരം ഞാൻ അയാളുടെ കണ്ണുകളിൽ നോക്കി ചമ്മലോടെ ആണെങ്കിലും പറഞ്ഞു.
“പിന്നെ മാർട്ടിൻ, നേരത്തേ ഞാൻ തന്നോട് എന്തൊക്കെയോ ഡയലോഗ് അടിച്ചതൊന്നും മനസ്സിൽ വച്ചേക്കല്ലേ. അന്നേരത്തെ ഒരു മൂഡിന്..”

മാർട്ടിൻ ഇടയ്ക്ക് കയറി.
“അയ്യോ അതൊന്നുമില്ല സാറെ. ഇത് തന്നെയാണ് ഞങ്ങളുടെ കരീയർ. ഒരു പത്താളോട് പറയുമ്പോ എട്ട് പേരും എങ്ങനെ എങ്കിലും ഒഴിവാക്കും, അല്ലെങ്കിൽ ഇതിലൊന്നും ഒരു കാര്യോമില്ല എന്ന് പറയും. ചിലര് വാദിച്ചുനിൽക്കും, പലരും ചീത്തയും വിളിക്കും”
ഞാൻ പുഞ്ചിരിച്ചു.
“ആര് എന്ത് പറഞ്ഞാലും വീട്ടിലിതും പ്രതീക്ഷിച്ചിരിക്കണ മൂന്നാല് പേരുണ്ടെന്നോർക്കുമ്പോ എനിക്ക് ഒരു വിഷമോം ഇല്ല സാറെ.. ഇതൊക്കെ തന്നെ അല്ലേ ജീവിതം”
അയാളോട് യാത്ര പറഞ്ഞു പിരിയുമ്പോൾ എനിക്ക് പറയാതെയിരിക്കാൻ കഴിഞ്ഞില്ല.
” മാസ്ക് നല്ലതൊന്നു വാങ്ങി വെക്കാമായിരുന്നു”

ഓഫീസിലേക്ക് മടങ്ങി ജോലിയിൽ മുഴുകുമ്പോൾ ഞാൻ മാർട്ടിൻ വരുന്നതിനു മുൻപ് എന്നെ ചെറുതാക്കി കളഞ്ഞ, സ്വയം വെറുക്കാനുള്ള കാരണങ്ങളുടെ കൂമ്പാരത്തെ പറ്റി ഓർത്തു. അതിൻ്റെ വലിപ്പം കുറഞ്ഞിരിക്കുന്നു എന്ന് മന്ദഹസിച്ചു.
അത് മാസ്കിനു വെളിയിലേക്കും പ്രസരിച്ചിരിക്കണം. കാരണം സൂപ്രണ്ടിൻ്റെ അടുത്തുനിന്ന് എന്തോ തപാലും കൊണ്ട് മടങ്ങുകയായിരുന്ന അനിത മാസ്ക് താഴ്ത്തി എന്തും വരട്ടെ എന്ന മട്ടിൽ ചോദിച്ചു.
“എന്താ സർ ചുമ്മാ ഒറ്റക്കിരുന്നു ചിരിക്കുന്നത്?”
എന്തോ എനിക്ക് ദേഷ്യം വന്നില്ല. ചുട്ട മറുപടിയും കൊടുത്തില്ല.
“ഒന്നുമില്ല അനിതേ. വെറുതെ ഒരു സന്തോഷം തോന്നി. വെറുതെ..”
“ഉവ്വുവ്വേയ്” അനിത ചിരിച്ചുകൊണ്ട് സീറ്റിൽ ചെന്നിരുന്നു.
ഒറ്റാന്തടിയായ ഞാൻ കൈകൾ വീണ്ടും ഒരിക്കൽക്കൂടി സാനിടൈസ് ചെയ്തു…

GREG RAKOZY RFP
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

3 comments
  1. Excellent write-up. You have brought out the true social situation, the loneliness of a person, and human feelings. There is an anticipation of what comes next while reading each line. Great.

Leave a Reply

You May Also Like
Read More

പാഠം

പറയാതെ പറയുന്ന ഇഷ്ടക്കേടുകളെ മനസ്സിലാക്കി എടുക്കുക എന്നത്‌ ജീവിതയാത്രയിലെ കുഴപ്പം പിടിച്ചൊരു പാഠമായിരുന്നു. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ…
Read More

ഖബർ

“ഇവിടെ ഒരു ഖബർ ഉണ്ടായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖ വല്ലതും ഹാജരാക്കാനുണ്ടോ?” കോടതിയുടെ ചോദ്യം “ഇല്ല. പക്ഷേ രേഖ ഇല്ല എന്നത് കൊണ്ട് ഖബർ…
Read More

തുരുത്ത്

പുഴയുടെ നടുവിൽ, കൈകാലുകൾ കുഴയുന്നത് വരെ നീന്തിയിട്ടും എത്തിച്ചേരാൻ കഴിയാത്ത, ഒരു തുരുത്ത് ഞാൻ സ്വപ്നം കാണാറുണ്ട്, മിക്കപ്പോഴും. വെളിച്ചത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മറയുന്ന…
Read More

കാർഷിക സ്വർണ്ണ പണയത്തിനുള്ള സബ്സിഡി ജൂൺ 30 വരെ മാത്രം

കാർഷിക സ്വർണ്ണ പണയത്തിന് ലഭിച്ചിരുന്ന പലിശ സബ്സിഡിയിൽ മാറ്റം വന്നിരിക്കുകയാണ്. 2019 ഡിസംബർ മാസത്തിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം കാർഷിക സ്വർണ്ണ പണയം…
Read More

ജയ് ഭീം

വേട്ടയാടപ്പെടുന്ന ദളിതൻ്റെ എന്നും പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത് വീണ്ടും ഒരു തമിഴ് സിനിമ, ജയ് ഭീം. മദ്രാസ് ഹൈ കോർട്ടിൽ നിന്ന് ജഡ്ജിയായി…
Read More

ഉറവിടം

ഇരുളും ഭൂമിക്കരികെപ്രകാശത്തിൻ ഉറവിടമായികത്തിജ്വലിക്കുന്ന തീഗോളമായിഅതാ അങ്ങവിടെ സൂര്യൻ…. PIXABAY Share via: 15 Shares 6 1 1 2 8 1 1…
Read More

ഏകാന്തത

കൂട്ടത്തിലിരുന്ന് വാക്കുകളാലുള്ള തനിച്ചാവലുകളിൽ ആനന്ദം കണ്ടെത്തിയവരിൽ പലരുമാണ് വലിയകാര്യത്തിൽ ഏകാന്തതയെ കുറിച്ച്‌ വിസ്തരിച്ചെഴുതിയതും പറഞ്ഞതും. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ…
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…
Read More

യാ ഇലാഹി ടൈംസ്

ലളിതമായ ഭാഷയിൽ നോൺ ലീനിയർ ശൈലിയിൽ എഴുതപ്പെട്ട നോവലാണ് അനിൽ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’. ദുബായിൽ പ്രവാസിയായി ജീവിക്കുന്ന പ്രധാന കഥാപാത്രം സിറിയൻ…
Read More

ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും

വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ്…
Read More

അന്ധർ

മൗനമാണ് ഞങ്ങളുടെ കവചം.. കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല സന്തോഷമാണ് ഞങ്ങളുടെ ഭാവം.. പടനിലങ്ങൾക്കരികിൽ പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന…
Read More

മാറ്റൊലി

നൂറ്റാണ്ടുകളുടെ സഹനത്തിൻ്റെ ഇരുണ്ട ദിനരാത്രങ്ങളുടെ തേങ്ങലുകളിൽ നിന്ന്, കലാപങ്ങളുടെ മാറ്റൊലികളിൽ നിന്ന്, രക്തസാക്ഷികളുടെ ഹൃദയത്തുടിപ്പുകളിൽ പോലും നിറഞ്ഞ സ്വാതന്ത്ര്യമോഹങ്ങളിൽ നിന്ന്, മരണത്തിനു മുന്നിലും പതറാതെ…
Read More

മുൾക്കാടുകൾ

നിൻ്റെ കോട്ടയിൽ കാടും പടലും നിറഞ്ഞിരുന്നു മാനത്തേയ്ക്ക് കൂർത്തുനിൽക്കുന്ന പച്ചപ്പിൻ്റെ ശിഖരമായി അത്‌ ലോകത്തോട് ഇടഞ്ഞു നിന്നു ഒരിക്കൽ കടും ചുവപ്പായിരുന്ന ചുമരിൽ കാട്ടുവള്ളികൾ…
Read More

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം…