ഉറക്കമില്ലാത്ത രാത്രികളിലാണ്
ഞാനെൻ്റെ മുഖം
കണ്ണാടിയിൽ നോക്കാറ്
അതങ്ങനെ വരണ്ടും
കണ്ണുകൾ തളർന്നും
നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ
ആത്മാവ് പോലെ
നിശബ്ദമായി കണ്ണാടിയിൽ
നിന്നെന്നെ ഉറ്റുനോക്കും
നെറ്റിയിൽ തെളിഞ്ഞുനിൽക്കുന്ന
ഒറ്റ ഞരമ്പ്
തടാകത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന
ഏകാകിയായൊരു മരത്തെപ്പോലെ
സ്വന്തം അസ്തിത്വത്തിൽ
ലജ്ജിച്ച് നിൽക്കും
രാപ്പകലുകളോട് പക്ഷഭേദം കാണിക്കാത്ത മനസ്സിലേക്ക്
വഴിതെറ്റിയിതിലേ വന്നൊരു
വസന്തത്തിൻ്റെയോർമ തല നീട്ടും
അപ്പോൾ..
എന്നോട് തന്നെയുള്ള
ഉപാധികളില്ലാത്ത സ്നേഹംകൊണ്ട്
എൻ്റെ കണ്ണുകൾ തിളങ്ങാനും
നിരുപമമായൊരു പുഞ്ചിരി കൊണ്ട്
മുഖം സ്‌നിഗ്ദ്ധമാവാനും തുടങ്ങും
മുറിക്കുള്ളിലെ വെളിച്ചത്തെ ഭയന്ന്
ജാലകത്തിനപ്പുറത്ത് നിൽക്കുന്ന ഇരുട്ടിനോട്
ആശ്വാസവാക്കുകൾ പറയാനും,
രാപ്പക്ഷികളുടെ ശബ്ദത്തിൽ സംഗീതം കണ്ടെത്താനും
അപ്പൊഴെനിക്ക് കഴിയും
രാത്രിയുടെ അലകൾ പിന്നെ
വെളിച്ചത്തിലേക്കൊഴുകി
അദൃശ്യരാവുമ്പോൾ
എന്നോടേറ്റ് പരാജിതയായ നിദ്ര
പായും ചുരുട്ടിയെടുത്ത്
നിരാശയോടെ പുറത്തേക്കിറങ്ങും
അവൾ മറന്നുവച്ചൊരു കിനാവിനേയുമുള്ളിലൊളിപ്പിച്ച്
ഒരു കള്ളിയുടെ ചിരിയോടെ
ഞാനുമപ്പോൾ പകലിലേക്കിറങ്ങും..
J R KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂