“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ നിങ്ങളോടെല്ലാം യാചിക്കുന്നു, മറ്റെല്ലാത്തിനും മുൻപിൽ മനുഷ്യരെ നിർത്തൂ. സമാധാനത്തെ പ്രോത്സാഹിപ്പിക്കൂ. കൊലപാതകങ്ങൾ, ലൈംഗികാടിമത്വം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കൊടുംക്രൂരതകൾ… ഇതെല്ലാം കണ്ടിട്ടും പ്രതികരിക്കാനും ആ തിന്മകൾ തുടച്ചുനീക്കാനും ഇപ്പോൾ നിങ്ങൾ തയാറാവുന്നില്ലെങ്കിൽ പിന്നെന്നാണ് അതുണ്ടാവുക? ലോകമേ, ഞങ്ങളും അർഹിക്കുന്നു, സമാധാനവും സുരക്ഷയും സന്തോഷവുള്ള ഒരു ജീവിതം, നിങ്ങളെപ്പോലെ’’.
യുഎൻ രക്ഷാസമിതിയിലെ പ്രസംഗത്തിൽ കണ്ണുനിറഞ്ഞ് ഐസിസ് എന്ന മതതീവ്രവാദ സംഘടനയുടെ അടിമയാക്കപ്പെട്ട നാദിയ മുറാദ് എന്ന യാസീദി പെൺകുട്ടി പറഞ്ഞ വാക്കുകൾ ആണിവ. ഈ വാക്കുകൾ എത്ര മാത്രം പ്രസക്തമാണെന്ന് വെളിവാക്കുന്ന പുസ്തകമാണ് ‘അവസാനത്തെ പെൺകുട്ടി’ എന്ന നാദിയയുടെ ആത്മകഥ. അതിന് ആമുഖമെഴുതിയത് മനുഷ്യാവകാശ പ്രവർത്തകയായ അമാൽ ക്ലൂണിയാണ്.
നാദിയായിൽ നിന്ന് യസീദി എന്ന മത വിഭാഗത്തെ കുറിച്ചും യസീദിയായി ജനിച്ചതുകൊണ്ടു മാത്രം അനുഭവിക്കേണ്ടി വന്ന നരകയാതനകളെ കുറിച്ചും ലോകമറിയാനിടയായി. 2014 ഓഗസ്റ്റിൽ ഐസിസ് യസീദികൾക്കെതിരെ വ്യാപകമായി ആക്രമണ പരമ്പരകളാരംഭിച്ചു. 2017 ലെ സർവ്വേ പ്രകാരം മൂന്നുവർഷത്തിനുള്ളിൽ അനേകായിരം യസീദികളെ ഐസിസ് കൊന്നൊടുക്കുകയും പതിനായിരത്തിനു മേലെ പേരെ തട്ടിക്കൊണ്ടു പോവുകയുമുണ്ടായി. നാദിയയെ പോലെ അപൂർവ്വം ചില പെൺകുട്ടികൾക്കു മാത്രമേ ഐസിസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായിട്ടുള്ളു. മറ്റുള്ളവർ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം അജ്ഞാതമാണ്.
ഐസിസിൽ നിന്ന് രക്ഷപെട്ട്, യുദ്ധക്കുറ്റങ്ങളുടെ ഇരയെന്ന നിലയിൽ നിശ്ശബ്ദയായിരിക്കുകയല്ല നാദിയ മുറാദ് ചെയ്തത്. തൻ്റെയും തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവരുടെയും കഥകൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുവാനവർ തയ്യാറായി. സ്വന്തം ജീവൻ പോലും അപകടത്തിലാണെന്നറിഞ്ഞു കൊണ്ടു തന്നെ അവർ ഇരകൾക്കൊപ്പം നിന്നു. യുദ്ധസമയത്ത് ലൈംഗികാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരായി നടത്തിയ പ്രവർത്തനങ്ങൾക്ക് 2018-ഇൽ സമാധാനത്തിനുള്ള നൊബേൽ ഡെനിസ് മുക്വേഗെ -യ്ക്കൊപ്പം നാദിയക്കും ലഭിച്ചു.
നീതിയ്ക്കു വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളുടെ പ്രതിനിധിയായി ലോകജനതയ്ക്കു മുന്നിൽ നാദിയ നിലകൊള്ളുന്നു. യുദ്ധങ്ങളും കലാപങ്ങളും ജനജീവിതം ദുരിതപൂർണമാക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സഹിഷ്ണുതയും സമാധാനവും നിറഞ്ഞ ഒരു ലോകം സ്വപ്നം കാണാൻ നമ്മോട് ആഹ്വാനം ചെയ്യുന്ന, എല്ലാറ്റിനും മേലെ മനുഷ്യത്വത്തെ കാണാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണിതെന്ന് ഉറപ്പ്. നിഷ പുരുഷോത്തമനാണ് പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.
FRANK SCHWICHTENBERG
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
You have introduced the contents with emotion and feelings for humanity. Not only it is a good review, but also a summarised version of the book. Thanks for your write-up.
Pen kutty 👌👌👌