“Result: SARS CoV-2 RNA NOT DETECTED”

അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ തലവേദന, ലക്ഷണമില്ലാതെയും കോവിഡ് വരാം എന്ന വിദഗ്ദ്ധോപദേശം, രോഗി സന്ദർശിച്ച കടകളുടെ ലിസ്റ്റിൽ ഞാൻ 20 ദിവസം മുൻപ് പോയ ഒരു കടയും ഉൾപ്പെട്ടതായി പത്രവാർത്ത…ഇത്രയുമൊക്കെ ആയപ്പോഴാണ്, സ്വയം ഒരുറപ്പിനു വേണ്ടി ടെസ്റ്റ് ചെയ്തത്. വീട്ടുസാധനങ്ങൾ വാങ്ങാനായിട്ടോ വെറുതേ കുറച്ചു ദൂരം കാറോടിച്ചുകൊണ്ടോ, ഏറ്റവും കുറഞ്ഞത് രണ്ടുദിവസത്തിലൊരിക്കലെങ്കിലും പുറത്തിറങ്ങിയിരുന്നതാണ്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നുവെങ്കിലും അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്നവർക്കും ‘പണി’ കിട്ടാൻ തുടങ്ങിയപ്പോൾ കൂടെയുള്ളവരെക്കൂടി അപകടത്തിലാക്കണ്ട എന്നൊരു മുൻകരുതൽ. വീട്ടിലിരിക്കാതെ കറങ്ങി നടന്നിട്ടല്ലേ ഇപ്പോ ടെസ്റ്റ് ചെയ്യേണ്ടിവന്നത് എന്ന വീട്ടുകാരുടെ പറച്ചിൽ ഞാൻ കേട്ടതായി ഭാവിക്കുന്നതേയില്ല. കാരണം എനിക്ക് വീട്ടിൽ അടച്ചിരിക്കാനാവില്ല എന്ന് അവർക്ക് നന്നായറിയാം.

ഡിഗ്രി കഴിഞ്ഞപ്പൊഴോ മറ്റോ എഴുതിയ ഒരു ബാങ്ക് ടെസ്റ്റാണ് ജോലിക്കു വേണ്ടി എഴുതിയ ഒരേയൊരു ടെസ്റ്റ്. അതും, കൂട്ടുകൂടി കോട്ടയത്തു പോകാനും, ടെസ്റ്റ് കഴിഞ്ഞ് ബെസ്റ്റോട്ടലീന്ന് പൊറോട്ടയടിക്കാനും ഉള്ള ആഗ്രഹമൊന്നുകൊണ്ടു മാത്രം. നാലു ചുവരുകൾക്കുള്ളിലിരുന്ന് ഫയല് നോക്കുന്ന പണിയെങ്ങാനും കിട്ടിയാലോന്ന് പേടിച്ച് പിഎസ്സി പരീക്ഷകൾ ഒന്നും അപേക്ഷിച്ചതുകൂടിയില്ല (അഹങ്കാരമാണെന്നു കുറ്റപ്പെടുത്താത്തത് വീട്ടുകാർ മാത്രമാണ്). ഡിഗ്രി കഴിഞ്ഞപ്പോൾ ജേണലിസം പഠിക്കണമെന്നു പറഞ്ഞതും കറങ്ങി നടക്കാനുള്ള ലൈസൻസ് ആകുമല്ലോ എന്ന് കരുതിയാണ്. പഠിച്ച വിഷയം കൊണ്ട് ജേണലിസ്റ്റ് ആയില്ലെങ്കിലും എത്തിപ്പെട്ടത് യാത്രക്ക് സാധ്യതയുള്ള മേഖലയിൽ തന്നെയായിരുന്നു. സർക്കാരിതര സേവന മേഖല, പോരാത്തതിന് ഫെമിനിസ്റ്റ് സംഘടന. പരിശീലനങ്ങൾക്കും പഠനങ്ങൾക്കും മീറ്റിങുകൾക്കുമായി ഇക്കാലം കൊണ്ട് വിദേശ രാജ്യങ്ങളിലുൾപ്പെടെ ഒത്തിരി യാത്ര ചെയ്തു. അതിൽ തന്നെ കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരളത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ളവയായിരുന്നു. പക്ഷേ ഞാനാഗ്രഹിച്ചതു പോലെയുള്ള യാത്രകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയിൽ ഔദ്യോഗികയാത്രകളുടെ വലിച്ചുനീട്ടലുകളല്ലാതെ, യാത്രക്കായുള്ള യാത്രകൾ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ ലോക്ഡൗൺ കളി തുടങ്ങിയത്.

അതേ, കഴിഞ്ഞ നാലു മാസമായി കണ്ണിനു കാണാനാവാത്ത ഒരു അണു നമ്മളെ പൂട്ടിയിട്ടിരിക്കുകയാണ്. നമ്മളെ എന്നു പറയുമ്പോൾ ആണിനെയും പെണ്ണിനെയും ട്രാൻസ്ജന്ററിനെയും എല്ലാം…കുട്ടികളെയും വൃദ്ധരെയും യുവാക്കളെയും…ശമ്പളമുള്ളവരെയും ദിവസക്കൂലിക്കാരെയും ‘തൊഴിലില്ലാത്ത’വരെയും എല്ലാം. ‘ഇക്കാലവും കഴിഞ്ഞുപോകും’ എന്ന് നമ്മൾ സമാധാനിക്കാൻ ശ്രമിക്കുന്നു. ‘ഫെബ്രുവരിക്കു ശേഷം യാത്രകളൊക്കെ മുടങ്ങി’ എന്നു വിഷമിക്കുന്ന കൃഷ്ണ വേണിയും, തുടക്കത്തിലെ ഫ്രസ്ട്രേഷനുകളെ തരണം ചെയ്ത്, ഇനി പോകാനുള്ള സ്ഥലങ്ങളുടെ റൂട്ടുമാപ്പുകൾ തയ്യാറാക്കുന്ന ഷൈനിയും, ‘സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചു മുൻകരുതലുകൾ എടുത്തുകൊണ്ടാവും ഇനിയുള്ള യാത്രകൾ’ എന്ന് പ്രതീക്ഷ പുലർത്തുന്ന സുധീറും എൻ്റെ ചുറ്റുമുണ്ട്. എങ്കിലും, ‘എന്ന്?’ എന്ന അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു.

കേരളത്തിലെ കോവിഡ് രോഗികളുടെ കണക്കുകളിൽ ഒരു പ്രത്യേകത നിങ്ങൾ ശ്രദ്ധിച്ചോ? 77 ശതമാനത്തോളവും പുരുഷന്മാരാണ്, അതും ഇരുപതിനും മുപ്പതിനും ഇടയിലുള്ളവർ (1). മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പുറത്തിറങ്ങുന്നവർ അവരായതാവും ഈ അവസ്ഥക്കു കാരണം. ഈയൊരു സാഹചര്യത്തിലല്ലെങ്കിൽ പോലും യാത്ര ചെയ്യാൻ അവസരവും അനുവാദവും കൂടുതലുള്ളത് അവർക്കാണല്ലോ. എങ്ങോട്ടു പോകുന്നു, എപ്പോൾ പോകുന്നു, എന്തിനു പോകുന്നു എന്നിവയൊന്നും ചോദ്യങ്ങളേയല്ല ഭൂരിപക്ഷം ആണുങ്ങൾക്കും. സുഹൃത്തുക്കൾ ചേർന്നുള്ള അവരുടെ യാത്രകൾ കൗമാരത്തിലേ തുടങ്ങുന്നു. അത് കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി സ്വകാര്യ വാഹനങ്ങളിലോ പൊതു വാഹനങ്ങളിലോ, കയ്യിലെ പണത്തിൻ്റെ ബലമനുസരിച്ച് അവർ നടത്തുന്നു. പുതിയ ആളുകൾ, അറിവുകൾ, സംസ്കാരങ്ങൾ, പ്രകൃതി- പോസിറ്റീവ് എനർജി കിട്ടുന്ന യാത്രകൾ ചെയ്യാൻ ആഗ്രഹമുള്ള ഒരുപാടാളുകൾ നമ്മുടെ ചുറ്റുമുണ്ട്. പക്ഷേ സ്ത്രീകൾക്ക്, പ്രത്യേകിച്ചും വീട്ടമ്മമാർക്ക്, അതിനുള്ള സാഹചര്യങ്ങൾ കുറവാണ്. വിനോദയാത്രകൾ എന്നല്ല ഏതുതരം യാത്രകളും സ്ത്രീകൾക്ക് അനേകം (വാച്യവും അവാച്യവുമായ) ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയാൽ മാത്രം സാദ്ധ്യമാകുന്നവയാണല്ലോ.

കുടുംബപരമായ ആവശ്യങ്ങൾക്ക്, തൊഴിലുമായി ബന്ധപ്പെട്ട്, മതപരമായ ചടങ്ങുകൾക്ക് എന്നീ കാര്യങ്ങൾക്കായാണ് കേരളത്തിലെ സ്ത്രീകൾ വീടിനു പുറത്ത് പ്രധാനമായും യാത്രചെയ്യുന്നത് എന്നാണ്, വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നടത്തിയിട്ടുള്ള ‘സ്ത്രീ പദവി പഠനങ്ങൾ’ പറയുന്നത് (ഉദാ: വാഴൂർ, തിരുവാലി, എടവക). അവർ അപൂർവ്വമായി വിനോദ യാത്രകൾ കുടുംബത്തോടൊപ്പം മാത്രം നടത്തുന്നു. 2010 ൽ സഖി സ്ത്രീ പഠനകേന്ദ്രം തിരുവനന്തപുരം നഗരത്തിൽ നടത്തിയ പഠനത്തിൽ, ലൈംഗികമായി ആക്രമിക്കപ്പെടുമോ എന്ന ഭയമാണ് 98 ശതമാനം സ്ത്രീകളെയും റോഡുകൾ ഉൾപ്പെടെയുള്ള പൊതുഇടങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്ന ഘടകം എന്ന് കണ്ടെത്തുകയുണ്ടായി. വെറും ഭയം മാത്രമല്ല, 65 ശതമാനം സ്ത്രീകളും ഒരു വർഷത്തിനുള്ളിൽ 2 മുതൽ 5 തവണവരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായിട്ടുമുണ്ട്. ശ്രദ്ധേയമായ വസ്തുത, ഇതിന് പ്രതിവിധിയായി 39% സ്ത്രീകളും ചെയ്യുന്നത് ഒരു സമയത്തും ഒറ്റക്ക് വീടിനു പുറത്തു പോകാതിരിക്കുക എന്നതാണ് (2). 2014 ൽ നടന്ന മറ്റൊരു പഠനത്തിൽ, കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പൊതു ഇടങ്ങളിൽ (പ്രത്യേകിച്ചും നേരമിരുട്ടിക്കഴിഞ്ഞാൽ) സ്ത്രീകളുടെ സാന്നിദ്ധ്യം തീരെ കുറവാണ് എന്നും കണ്ടെത്തിയിട്ടുണ്ട് (3). സ്ത്രീയായി ജനിച്ചു എന്നതുകൊണ്ട് മാത്രം പോസിറ്റീവ് എനർജി കിട്ടുന്ന യാത്രകൾ സ്വയം ഒഴിവാക്കേണ്ടി വരുന്നു സ്ത്രീകൾക്ക്. ഇഷ്ടമുള്ള യാത്രകളെയും, ഇഷ്ടമുള്ള വസ്ത്രങ്ങളെയും ഇഷ്ടമുള്ള ആളുകളെയും ഇഷ്ടമുള്ള ജോലിയെയും എല്ലാം സ്വയം വേണ്ട എന്നു വെക്കുന്നു സ്ത്രീകൾ…എല്ലാം കുടുംബ ഭദ്രതക്ക് വേണ്ടി.

സ്ത്രീയുടെയും പുരുഷൻ്റെയും യാത്രകളുടെ രീതിയിലും (പാറ്റേൺ) വ്യത്യസങ്ങൾ കാണാം. ഒരു ദിവസത്തെ പുരുഷന്മാരുടെ യാത്രകൾ വിശകലനം ചെയ്താൽ, അവ കൂടുതലും നേർരേഖയിലായിരിക്കും; സ്ത്രീകളുടേത് സിഗ്സാഗ് രീതിയിലും. ജോലിക്കു പോകുക, വീട്ടു സാധനങ്ങൾ വാങ്ങാനായി കടയിലേക്കുള്ള ഒരു യാത്ര, സുഹൃത്തുക്കളെ കാണാനായി ക്ലബിലേക്കോ കവല‘യിലേക്കോ ഉള്ള യാത്ര എന്നിങ്ങനെ ഒറ്റയാത്രകളായി പുരുഷന്മാർ സഞ്ചരിക്കുന്നു. അതും കാറിലോ ബൈക്കിലോ ആയി എളുപ്പത്തിലാവും അവരുടെ യാത്ര. സ്ത്രീകളാവട്ടെ, പ്രത്യേകിച്ചും വീട്ടമ്മമാർ, ഒരു തവണ പുറത്തിറങ്ങുമ്പോൾ പല കാര്യങ്ങൾ നടത്തിയിട്ടാകും വീട്ടിൽ തിരിച്ചു കയറുന്നത്. രാവിലെ കുട്ടിയെ സ്കൂളിലാക്കാനായി വീട്ടിൽ നിന്നിറങ്ങുന്ന അമ്മ തിരിച്ചു വരുന്നവഴി ബാങ്കിൽ കയറി, ഇലക്ടിസിറ്റി ബില്ലടച്ച്, മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങി, പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന രീതി. ഇതിനായി മിക്കവരും ആശ്രയിക്കുന്നത് ഓട്ടോറിക്ഷയാണ്. ഇങ്ങനെ പലയിടത്തും നിർത്തി നിർത്തി അവസാനം വീടെത്തുമ്പോൾ ഡ്രൈവർ കൂടുതൽ പണം ചോദിക്കുന്നത് വഴക്കിലേക്കും ചീത്തവിളിയിലേക്കും എത്തുന്ന ധാരാളം സന്ദർഭങ്ങൾ, പോലീസിൻ്റെയും ട്രാൻസ്പോർട്ട് വകുപ്പിൻ്റെയും വിവിധ ‘സ്ത്രീ സുരക്ഷാ പരിശീലങ്ങളിൽ’ ഈ ഡ്രൈവർമാർ തന്നെ പറഞ്ഞിട്ടുണ്ട്.

കൃത്യമായ, സമൂഹം അംഗീകാരം നൽകിയിരിക്കുന്ന, ഒരു കാരണമില്ലാതെ സ്ത്രീകൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയില്ല എന്നത് അവരുടെ യാത്രകൾക്ക് ഏറ്റവും വലിയ തടസ്സങ്ങളാണ്. പണ്ട് അവധിക്കാലങ്ങളിൽ അമ്മവീട്ടിൽ പോകുമ്പോൾ, 200 മീറ്റർ അപ്പുറമുള്ള അമ്മാവൻ്റെ വീട്ടിൽ നിന്നും തിരിച്ചു ചെല്ലുന്നത് ഇരുട്ടു വീണിട്ടാണെങ്കിൽ അമ്മൂമ്മ വഴക്കു പറയുമായിരുന്നു..‘പെമ്പിള്ളേർ സന്ധ്യകഴിഞ്ഞ് ഇറങ്ങി നടക്കരുത്’ന്ന്. ഇപ്പഴും സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളെ പുറത്തു കാണുന്നത് അപൂർവ്വം തന്നെയാണ്, കേരളത്തിൻ്റെ തലസ്ഥാനമായ ഈ തിരുവനന്തപുരത്തും. മെട്രോ സിറ്റിയായ കൊച്ചിയിൽ സ്ഥിതി കുറച്ചൂടെ ഭേദമാണെന്നു തോന്നുന്നു. പക്ഷേ സ്വന്തമായി വാഹനമില്ലാത്തവരെയും, നല്ല വെളിച്ചമുള്ള പ്രധാന റോഡുകളില്ലാതെയും, കൂട്ടത്തോടെ അല്ലാതെയും ഒക്കെ സ്ത്രീകളെ കാണാൻ കൊച്ചിയിലും തൃശൂരും കോഴിക്കോടും ഒന്നും സാധിക്കുമെന്നു തോന്നുന്നില്ല. പഠിക്കാനായും ജോലിക്കായുമൊക്കെ കേരളത്തിനു പുറത്തേക്കു പോകുന്ന പെൺകുട്ടികൾ തിരിച്ച് കേരളത്തിലേക്കു വരാൻ മടിക്കുന്നതിൻ്റെ ഒരു പ്രധാന കാരണവും ഇതൊക്കെ തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. പകലാണെങ്കിൽ പോലും നാട്ടിൻപുറങ്ങളിലെ ചേച്ചിമാരുടെയും അമ്മൂമ്മമാരുടെയും ഒരു ചോദ്യമുണ്ട് (അമ്മാവന്മാരുടെ നോട്ടങ്ങളിലും) ‘ഈ നേരത്തു നീ ഇതെവിടെ പോകുന്നു മോളേ’ന്ന്, അല്ലെങ്കിൽ ‘നീയെന്താ ഒറ്റക്കേയുള്ളോ’ എന്ന്. പിന്നെ നമ്മൾ പോകുന്നത് എങ്ങോട്ടാണെന്നും, എപ്പോ തിരിച്ചു വരുമെന്നും, വീട്ടുകാരുടെ അനുവാദത്തോടെയാണ് നമ്മൾ പോകുന്നതെന്നും, സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഉണ്ടാകും എന്നുമൊക്കെ ഉറപ്പാക്കിയിട്ടേ ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ ഈ സ്നേഹസമ്പന്നർ നമ്മളെ സമ്മതിക്കുകയുള്ളൂ. എല്ലാവരും ‘നല്ല സ്ത്രീ’കളായിരിക്കണമെന്ന ഇവരുടെ ആഗ്രഹം മുളപൊട്ടിയതും തഴച്ചു വളർന്നതും പാട്രിയാർക്കി എന്ന വളക്കൂറുള്ള സാമൂഹ്യ വ്യവസ്ഥിതിയിലാണെന്ന് മനസ്സിലാക്കിയാൽ, പാവം ചേച്ചി/ അമ്മൂമ്മ എന്ന് സഹതപിച്ചുകൊണ്ട് അർഹിക്കുന്ന പ്രാധാന്യത്തോടെ ഇവരെ അവഗണിക്കാൻ നമുക്കാവും. ടൗണുകളുടെ ഗുണം നമ്മുടെ അജ്ഞാതത്വമാണ് (അനോണിമിറ്റി). നേരിട്ടുള്ള ചോദ്യങ്ങൾ ഉണ്ടാവില്ല എന്നർത്ഥം. പക്ഷേ, രാത്രിയിൽ ഇറങ്ങിനടക്കുന്നവൾ കൂടെക്കിടക്കാൻ തയ്യാറുള്ളവളാണെന്ന വിചാരമാണ് ധാരാളം ആണുങ്ങൾക്കും. അത് ഉറപ്പാക്കാൻ പലരീതിയിൽ അവർ ശ്രമിക്കുകയും ചെയ്യും. ഈ ശല്യം ഒഴിവാക്കാൻ, രാത്രിയിൽ ഇറങ്ങി നടക്കണ്ട എന്ന് സ്ത്രീകൾ തീരുമാനിക്കുന്നു. രാത്രികളിലെ സ്ത്രീ സാന്നിദ്ധ്യം കൂട്ടാൻ വേണ്ടിയാണ് സാമൂഹ്യ നീതി വകുപ്പ് കഴിഞ്ഞ വർഷം നൈറ്റ് വാക്കുകൾ സംഘടിപ്പിച്ചത്. തുടക്കത്തിലെ ആവേശം തണുത്തുവെങ്കിലും അപൂർവ്വമായി ചില നടത്തങ്ങൾ തുടർന്നിരുന്നു. പക്ഷേ അതിനെയും കൊറോണ കൊണ്ടുപോയ അവസ്ഥയാണ്!

എന്തായാലും ചില മാറ്റങ്ങൾ സ്ത്രീകളിലും ഉണ്ടാകുന്നുണ്ട്. അമ്മമാരാണ് മക്കളുടെയും കുടുംബത്തിൻ്റെയും കാര്യങ്ങളെല്ലാം നോക്കേണ്ടത് എന്ന താക്കീതുകളിൽ നിന്നും ഊരിയിറങ്ങി നാടുചുറ്റാൻ ഒരുമ്പെട്ട ചില സ്ത്രീകൾ ഉണ്ടാകുന്നു. പ്രത്യേകിച്ചും ചെറുപ്പക്കാരികൾ. അവരിൽ ചിലർ കൂട്ടുകൂടിയുള്ള യാത്രകളും നടത്തുന്നു. 2005 ൽ സുമൃത സേനാപതി തുടക്കമിട്ട ‘വൗ ക്ലബ്’ (Women On Wanderlust) ആണെന്നു തോന്നുന്നു ഇന്ത്യയിൽ ആദ്യമായി സ്ത്രീകളുടെ മാത്രമായ യാത്രകൾക്ക് തുടക്കമിട്ടത്. നൂറുകണക്കിനു സ്ത്രീകളുടെ പങ്കാളിത്തത്തോടെ ലോകത്തിലെ വിവിധ കാഴ്ചകളിലേക്ക് ഇന്നവർ കൂട്ടത്തോടെ യാത്ര ചെയ്യുന്നു. നമ്മുടെ കൊച്ചു കേരളവും പിന്നാലെയുണ്ട്…ഇവിടെയും സ്ത്രീകളുടെ മാത്രമായ യാത്രാകൂട്ടങ്ങൾ ഉണ്ടായിവരുന്നു. 2016 ലാണ് ടെക്നോപാർക്കിലെ ജോലിക്കിടയിൽ സജ്ന ‘അപ്പൂപ്പൻതാടി’ ക്ക് തുടക്കമിടുന്നത്. ‘വീട്ടിൽ പറയാത്ത’ ഒറ്റക്കുള്ള യാത്രകളുടെ തുടർച്ചയായിരുന്നു ഇരുപത്താറുകാരിയായിരുന്ന സജ്നക്ക് ‘അപ്പൂപ്പൻതാടി’ എന്ന് അവർ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് (4). ഷേർലി സ്നേഹയുടെ ‘ദേശാടന പറവകൾ’ യാത്ര പ്രേമികളായ ചെറുപ്പക്കാരുടെ ഒരു മിക്സഡ് ഗ്രൂപ്പായിരുന്നു ആദ്യം. സ്ത്രീകളുടെ മാത്രം ഗ്രൂപ്പ് കൂടി തുടങ്ങാനുള്ള പ്രചോദനം വെഞ്ഞാറമ്മൂടു സ്വദേശിയായ ഒരു വീട്ടമ്മയെ പരിചയപ്പെട്ടതാണെന്ന് ഷേർലി പറയുന്നു. ഗൾഫിലുള്ള ഭർത്താവിനെക്കാളും ഡിഗ്രിക്ക് പഠിക്കുന്ന മകളും മറ്റു ബന്ധുക്കളും പുറത്തേക്കിറങ്ങാനോ വീട്ടുകാര്യങ്ങളിലുൾപ്പെടെ അഭിപ്രായങ്ങൾ പറയാനോ പോലും അനുവദിക്കാത്ത അവസ്ഥയിലാണ്, യാത്രകൾ ചെയ്യാനുള്ള തീരുമാനവുമായി അവർ ഷേർലിയുടെ മുന്നിലെത്തുന്നത്. ഇത്തരത്തിൽ നമ്മുടെ ഇടയിലുള്ള ധാരാളം സ്ത്രീകൾക്കു വേണ്ടിയാണ് തിരുവനന്തപുരത്ത് അഭിഭാഷകയായ ഷേർലി സ്നേഹ ദേശാടന പറവകളുടെ സ്ത്രീകൾക്കുള്ള വിഭാഗം ആരംഭിക്കുന്നത്. കൃഷ്ണ വേണിയെയും മീന കൂട്ടാലയെയും പോലെ എൻ്റെ പല കൂട്ടുകാരും ഇത്തരം ഗ്രൂപ്പ് യാത്രകളുടെ ഇഷ്ടക്കാരാണ്. ഹയർസെക്കന്ററി ടീച്ചറായ ജയ സന്തോഷ്, കുടുംബ യാത്രകൾ കൂടാതെ ഒപ്പം ജോലി ചെയ്യുന്നവരുടെ ചെറുകൂട്ടങ്ങളുണ്ടാക്കിയും യാത്ര പോകാറുണ്ട്. അവരുടെ ഭാഷയിൽ ‘ഷീ ടൂറുകൾ’.

ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകം കേരളത്തിലെ സ്ത്രീകൾ വ്യാപകമായി അവർക്കുവേണ്ടിയുള്ള യാത്രകൾ ആരംഭിച്ച കാലമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നാണ് എൻ്റെയൊരു തോന്നൽ. മുൻ തലമുറയേക്കാൾ മാറിചിന്തിക്കുന്ന, കുട്ടികളുടെയും കുടുംബത്തിൻ്റെയും കാര്യങ്ങൾക്കൊപ്പം, ചിലർ കുട്ടികൾ വലുതായതിനു ശേഷം, സ്വന്തം ഇഷ്ടങ്ങൾക്കായി സമയവും പണവും ചെലവഴിക്കാൻ തയ്യാറാകുന്നു. കുറച്ചു സാമ്പത്തിക സ്വാതന്ത്ര്യമുള്ളവർ പ്രത്യേകിച്ചും. സ്ത്രീകളുടെ യാത്രകൾക്ക് പക്ഷേ സുരക്ഷിതത്വം ആണൊരു വലിയ തടസ്സം. പൊതു സമൂഹം സ്ത്രീയുടെ ശരീരത്തെ ഒരു ലൈംഗിക വസ്തു ആയി കണക്കാക്കുന്നതിൻ്റെ അരക്ഷിതത്വം അവരുടെ കാലുകളിലെ കാണാച്ചങ്ങലയാണ് എപ്പോഴും. പലപ്പോഴും അടുക്കളയിലേക്കോ സ്വന്തം തൊഴിലിടത്തേക്കോ മാത്രം ചുരുങ്ങിക്കൊണ്ട് സ്വയം ചങ്ങലക്കെട്ടിലാകാൻ സ്ത്രീകൾ തയ്യാറാകുന്നതും കാണാം. എന്നാൽ, ഇതിനെയൊക്കെ പൊട്ടിച്ചെറിയാൻ ആർജ്ജവം കാണിക്കുന്ന ധാരാളം പെൺകുട്ടികളെ നമുക്കിന്നു കാണാനാകുന്നു എന്നതു പ്രതീക്ഷ നൽകുന്നു. അവർ സോളോ ട്രാവലുകളും ബൈക്ക് റൈഡുകളും നടത്തുന്നു. ഷൈനി രാജ് കുമാറും, നിധി ശോശ കുര്യനും, രമ്യ ആർ പിള്ളയും, ശ്രുതി അശോകനും, നിരഞ്ജന കരുണും, എല്ലാം ബുള്ളറ്റിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് ഒറ്റക്കും ഇരട്ടക്കും ഒക്കെ യാത്ര ചെയ്തവരാണ്. ഡോണ്ട്ലസ്സ് റോയൽ എക്സ്പ്ലോളർ എന്ന സ്ത്രീകളുടെ റൈഡേഴ്സ് ക്ലബ് നടത്തുന്ന, ഹിമാലയൻ ബുള്ളറ്റിൽ ഹിമാലയം (ലഡാക്ക്) കണ്ടിട്ടുവന്ന ഷൈനി പറയുന്നത് ഇപ്പഴും സ്വന്തം നാട്ടിൽ ഷൈനിയെ അംഗീകരിക്കുന്നത് വളരെ കുറച്ചുപേർ മാത്രമാണെന്നാണ്. പെൺകുട്ടിയായതുകൊണ്ട് ‘ഇവളിതെവിടെ പോകുന്നു?’ എന്ന മട്ടാണെല്ലാവർക്കും. പക്ഷേ കിട്ടുന്ന പിൻതുണ പരമാവധി ഉപയോഗിച്ചുകൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓൾ ഇന്ത്യാ ട്രിപ്പ് നടത്താനുള്ള ഒരുക്കത്തിലായിരുന്ന ഷൈനി, അടുത്ത വർഷം അവസാനത്തേക്കെങ്കിലും അത് സാധ്യമാകും എന്ന പ്രതീക്ഷയിലാണിപ്പോൾ.

ഞാൻ, പക്ഷേ, ഇതുവരെ ഗ്രൂപ്പ് ടൂറുകളോ സോളോ യാത്രകളോ നടത്തിയിട്ടില്ല. സ്വതവേ കൂട്ടുകൂടൽ സ്വഭാവം കുറവായതാവാം അതിനു കാരണമെന്നു തോന്നുന്നു. അടുപ്പമുള്ള, കൂടിവന്നാൽ അഞ്ചോ ആറോ പേരുടെ, ഒപ്പമല്ലാതെയുള്ള വിനോദ യാത്രകൾ നടത്തിയിട്ടില്ല എന്നുതന്നെ പറയാം. അല്ലെങ്കിൽ എൻ്റെ യാത്രകൾ ഇപ്പോഴും ബാലാരിഷ്ഠതകൾ കടന്നിട്ടില്ലാത്തതുകൊണ്ടുമാകാം. സജ്ന ഇരുപതുകളിൽ ചെയ്ത ‘വീട്ടിൽ പറയാത്ത യാത്രകൾ’ ഞാൻ നാൽപ്പതുകളിൽ തുടങ്ങിയിട്ടേയുള്ളൂ! പ്രായത്തിന്റേതും തൊഴിലിന്റേതുമുൾപ്പെടെ കുറേയെങ്കിലും പ്രിവിലേജുകൾ ഉള്ള എനിക്കും എന്തെല്ലാം കാര്യങ്ങൾ ഒരുക്കിയാലാണ് ഒരു യാത്ര പോകാൻ സാധിക്കുന്നത്! എവിടെ പോകുന്നു, എങ്ങനെ പോകുന്നു, ആരുടെ കൂടെ പോകുന്നു.. ഇതിനെല്ലാം കൃത്യമായ ഉത്തരങ്ങൾ വേണം. “അല്ലാതെ ചുമ്മാ അഴിച്ചു വിടാൻ പറ്റുമോ പെണ്ണുങ്ങളെ”? ഏതെങ്കിലും യാത്രയുടെ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടാൽ ഉടനേ വരും ചോദ്യം, “ആരാ കൂടെയുള്ളത്?”….“ആരാ ഫോട്ടോ എടുത്തത്?”…എന്നൊക്കെ. അത്തരം അന്വേഷണ കുതുകികൾക്ക് ഉത്തരം നൽകാറേയില്ല ഇപ്പോൾ.

കേരളത്തിൽ ഏറ്റവും ഭംഗിയുള്ള പ്രദേശമായി എനിക്ക് തോന്നിയിട്ടുള്ളത് വയനാട് ആണ്. ആദ്യമായി വയനാട് കാണാൻ എനിക്ക് ഭാഗ്യം കിട്ടിയത് മുപ്പത്തിയാറാം വയസ്സിലാണ്. നാൽപ്പതു വയസ്സിനു ശേഷമാണ് കാസർകോട് പോകുന്നത്. ഇവിടെയെല്ലാം ഒരു ടൂറിസ്റ്റ് ആയല്ല, മറിച്ച്, ജോലിയുടെ ഭാഗമായി പരിചയപ്പെട്ടവരുടെ സുഹൃത്തായിട്ടാണ് യാത്രചെയ്യാൻ സാധിച്ചത് എന്നത് എൻ്റെ ഭാഗ്യമായി തന്നെ കരുതുന്നു. രണ്ടു വർഷം മുൻപ് എട്ടാംക്ലാസ്സുകാരനായ മോനെയും കൂട്ടി വയനാട്ടിലെ പ്രകൃതിയിലൂടെ സുഹൃത്തായ മുപൈ്പനാടെ നിസ്സാറിൻ്റെ കാറിൽ ഗൂഗിളിൻ്റെ നിർദ്ദേശത്തിൽ അലഞ്ഞു നടന്നത് ഒരു അനുഭവം തന്നെയായിരുന്നു. മടിക്കൈയിലെ ബേബി (ബാലകൃഷ്ണൻ) യേച്ചിയുടെയും കരീമിക്കയുടെയും (ടിഎംഎ കരീം) കൂടെയാണ് അവിടത്തെ പള്ളങ്ങളും (വെട്ടുകല്ലിൻ്റെ വലിയ പാറകൾക്കു മുകളിലെ ഉറവകളിൽ നിന്നുള്ള ചെറുതും വലുതുമായ വെള്ളക്കെട്ടുകൾ) മൺകലനിർമ്മാണവും കാണാൻ പോയത്. ജോലിക്കായി തങ്ങുന്നതിനിടയിലെ ഒരു ഞായറാഴ്ച പത്രത്തിൻ്റെ ഇന്നത്തെ പരിപാടി കോളത്തിൽ നോക്കി കാഞ്ഞങ്ങാട് അടുത്തുള്ള ഒരു തറവാട്ടിൽ ഇടിച്ചു കേറിചെന്ന് തെയ്യം കണ്ടതും വടക്കൻ കേരളത്തിൻ്റെ ആതിഥ്യ മര്യാദ ആവോളം ആസ്വദിച്ചതും സന്തോഷമുള്ള ഓർമ്മയാണ്. കോളേജ് കാലം മുതൽ യാത്ര ചെയ്യുന്ന റൂട്ടാണ് പൊൻകുന്നം-കുമിളി-തേനി-ഡിണ്ടിഗൽ. എന്നാൽ ആ വഴിയരികിലുള്ള പല ഭംഗിയുള്ള സ്ഥലങ്ങളും കാണുന്നത് അടുത്തകാലത്താണ്. പാഞ്ചാലി മേടും, മേഘമലയും ഇടുക്കിയിലെ ഇലവീഴാ പൂഞ്ചിറയും ഇല്ലിക്കൽ കല്ലും എല്ലാം അതിൽപ്പെടും. അധികം പ്ലാൻ ചെയ്യാത്ത യാത്രകളാണ് എന്റേത്. നേരത്തേകൂട്ടി പ്ലാൻ ചെയ്യുന്നതു പലതും നടക്കാറില്ല. അതുകൊണ്ടു തന്നെ മനസ്സിനു വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ പെട്ടെന്നു യാത്ര പുറപ്പെടുന്ന രീതി. അങ്ങനെയൊരു യാത്രയായിരുന്നു ബദാമിയിലേക്ക് നടത്തിയത്. മംഗലാപുരത്തിനുള്ള ട്രെയിനിൽ കയറികഴിഞ്ഞാണ് ഡാൻഡലി കൂടി പോകാം എന്ന് ഞാനും സുഹൃത്തും കൂടി തീരുമാനിച്ചത്. ഹൂബ്ളിയിൽ നിന്നും ഡാൻഡലിക്കുള്ള സ്കൂട്ടർ യാത്ര സ്റ്റേറ്റ് ഹൈവേയിൽ നിന്നും, ചോളക്കായകൾ ഉണക്കാനിട്ട ഗ്രാമവഴികളിലൂടെയും കരിമ്പിൻ തോട്ടങ്ങൾക്കിടയിലൂടെയും വഴി മാറി പോയതും അതേപോലെ അവിചാരിതമായിരുന്നു. ഇത്തരം അവിചാരിത യാത്രകൾക്ക് ഭംഗി കൂടുതലാണെന്നെനിക്കു തോന്നാറുണ്ട്, കുറേക്കൂടി നേരത്തെ യാത്രകൾ തുടങ്ങേണ്ടതായിരുന്നു എന്നും.

എന്തുകൊണ്ടാവും സ്ത്രീകൾ യാത്ര തുടങ്ങാൻ ഇത്രയും താമസിക്കുന്നത്? കേരളത്തിൽ തന്നെ, അധികം പണച്ചെലവില്ലാതെ നടത്താവുന്ന യാത്രകൾ പോലും സ്ത്രീകൾക്ക് അന്യമാണ്, പ്രത്യേകിച്ചും നാൽപ്പതു കഴിഞ്ഞ സ്ത്രീകൾക്ക്. അകാരണമായ ഒരു മടിയോ പേടിയോ ആത്മവിശ്വാസക്കുറവോ ഒക്കെ അവർക്കുണ്ട്. മാത്രമല്ല, പാചകവും കുട്ടികളെയും പ്രായമായവരെയും ശുശ്രൂഷിക്കലും എല്ലാം സ്ത്രീകളുടെ കടമയാണ് എന്ന് കരുതുന്ന നമ്മുടെ സമൂഹത്തിൽ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാനൊരാളുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ സാധിക്കൂ എന്നതും ഒരു വലിയ തടസ്സമാണ്. ധാരാളം സ്ത്രീകൾ തുടർ വിദ്യാഭ്യാസവും വരുമാനം കിട്ടുന്ന തൊഴിലും വരെ വേണ്ട എന്നു തീരുമാനിക്കാൻ നിർബന്ധിക്കപ്പെട്ടത് ഈയൊരു കാരണത്താലാണ്. അങ്ങനെയൊരാളെ കണ്ടെത്തേണ്ടതിൻ്റെ ഉത്തരവാദിത്തവും സ്ത്രീകൾക്കു തന്നെയാവും. അതിലുപരി ഈ കണ്ടെത്തുന്ന ആൾ മറ്റൊരു സ്ത്രീ തന്നെയായിരിക്കുകയും ചെയ്യും! അത് സ്വന്തം അമ്മയാകാം അമ്മായിയമ്മയാകാം ബന്ധുക്കളായ മറ്റേതെങ്കിലും സ്ത്രീയാകാം അതല്ലെങ്കിൽ പ്രതിഫലം കൊടുത്തു നിർത്തുന്ന ഗാർഹിക തൊഴിലാളിയാകാം. എന്തായാലും സ്ത്രീകൾ തന്നെ വീട്ടുകാര്യങ്ങളുടെ ഉത്തരവാദിത്തം എടുക്കേണ്ടിവരുന്നു. അതങ്ങനെതന്നെ വേണം എന്ന് ചില സ്ത്രീകളും വിശ്വസിക്കുന്നുണ്ട് (അതിനു കാരണം മുൻപു പറഞ്ഞ പാട്രിയാർക്കൽ വ്യവസ്ഥയുടെ കഴിവു തന്നെയാണ്). ജോലിക്കാണെങ്കിൽ കൂടി, മക്കളുടെ കാര്യം നോക്കാതെ യാത്ര ചെയ്യുന്നതിന് ബന്ധുക്കളിൽ നിന്നും തമാശരൂപേണയോ കാര്യമായിട്ടോ ഉള്ള വിമർശനങ്ങൾ ഞാനും ധാരാളം കേട്ടിട്ടുണ്ട്. ‘അയ്യോ ഇത്ര ചെറിയ കുട്ടിയെ (നാലാം ക്ലാസ്സുകാരി) അമ്മയെ ഏൽപ്പിച്ചു പോരുമ്പോൾ വിഷമമില്ലേ’ എന്നത് ട്രെയിനിൽ ഒറ്റക്കു യാത്രചെയ്യുമ്പോൾ പരിചയപ്പെടാൻ വരുന്നവുടെ ഒരു സാധാരണ കമന്റാണ് എന്ന് സഹപ്രവർത്തകയായിരുന്ന സന്ധ്യ എസ് എൻ പറയാറുണ്ട്. അങ്ങനെയുള്ളപ്പോൾ, നടത്തുന്നത് വിനോദയാത്രയാണ് എന്നു കൂടി കേട്ടാൽ ഇവരൊക്കെ ഹൃദയം പൊട്ടി മരിക്കും! ആരോഗ്യമുള്ള പെൺകുട്ടിക്കാലത്ത് പലരുടെ അനുവാദം വേണമെന്നതും സാമ്പത്തിക പരാശ്രിതത്തവും പ്രശ്നങ്ങളാകുമ്പോൾ, വിവാഹിതകൾക്ക് സമൂഹം അംഗീകരിച്ച ഒരു കാരണം (ലെജിറ്റിമേറ്റ് റീസൺ) ഉണ്ടെങ്കിൽ മാത്രമേ യാത്രകൾ സാധിക്കൂ. അതും ഒറ്റക്കുള്ള യാത്രകൾക്ക് കൂടുതൽ ശക്തമായ ന്യായങ്ങൾ വേണ്ടിവരും. സ്ത്രീകളുടെ ഗ്രൂപ്പ് ടൂറുകൾക്ക് ഏറെ പ്രചാരം ലഭിച്ചതിൻ്റെ ഒരു കാരണം, കൂട്ടുണ്ടെങ്കിൽ അനുവാദം കിട്ടാൻ എളുപ്പമാണെന്നതു കൂടിയാണെന്നു തോന്നുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാലും പരസ്പരം സഹായമാകും എന്ന ചിന്ത, പുരുഷന്മാർ ഒപ്പമില്ലാത്തതുകൊണ്ട് ഉള്ള സ്വാതന്ത്ര്യം (“അതു ചെയ്യരുത്”… “അങ്ങോട്ടുപോയാൽ വീഴും, പിന്നെ ഞാനല്ലേ നോക്കാനുള്ളൂ”…തുടങ്ങിയ താക്കീതുകൾ, അവരുടെ ഉടുപ്പെടുത്തു കൊടുക്കലും ഭക്ഷണം കഴിച്ചോ എന്നു നോക്കലും ഉൾപ്പെടെ വീട്ടുപണികളുടെ തുടർച്ച…. ഇതെല്ലാം ഒഴിവാകുക എന്നത് സ്വാതന്ത്ര്യമല്ലാതെ പിന്നെന്താണ്!), പോകുന്ന ഇടങ്ങളിലെ താമസവും മറ്റു സൗകര്യങ്ങളും ഒരുക്കാൻ കൂട്ടുണ്ടാകും എന്ന സൗകര്യം, ചെലവുകൾ പങ്കിടുമ്പോൾ ഉണ്ടാകുന്ന ലാഭം ഇങ്ങനെ പല കാരണങ്ങളുണ്ട് കൂട്ടമായുള്ള യാത്രകൾക്ക്. “താൽക്കാലിക താവളങ്ങളുടെ പുതുമകൾ! യാത്രിക! അതിഥി! എത്ര ഭാരരഹിതം!” (5) കവിതാ ബാലകൃഷ്ണൻ ഇംഗ്ലണ്ട് യാത്രയിൽ അനുഭവിച്ച ഈ വികാരം അതിൻ്റെ യഥാർത്ഥ ഭംഗിയോടെ അനുഭവിക്കാൻ കുറേയേറെ സ്ത്രീകൾക്കെങ്കിലും സാധിച്ചിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

സ്ഥലങ്ങൾ കാണാനായി ഇറങ്ങിതിരിച്ച ധാരാളം സ്ത്രീകൾ ഇവിടെ ഉണ്ടായിട്ടുണ്ട് എന്നതിൽ തർക്കമില്ലാത്ത കാര്യമാണ്. പക്ഷേ കണ്ട കാഴ്ചകളും അനുഭവങ്ങളും എഴുതി വെക്കുന്ന രീതി പൊതുവേ സ്ത്രീകൾക്കില്ല എന്നു തോന്നുന്നു. യാത്രപോകാനുള്ള സമയം തരപ്പെടുത്തിയതു തന്നെ കഷ്ടപ്പെട്ടാവും, അപ്പോപിന്നെ അതേക്കുറിച്ച് എഴുതാനുള്ള സമയം കൂടി കണ്ടെത്തുക എന്നത് ആലോചിക്കാൻ കൂടി സാധിച്ചിട്ടുണ്ടാവില്ല പാവങ്ങൾക്ക്. പലപ്പോഴും, യാത്ര പോകുന്നതിനേക്കാൾ മുന്നൊരുക്കങ്ങളും സമയവും വേണ്ടിവരുമല്ലോ അതേക്കുറിച്ച് എഴുതാൻ. തിരുവനന്തപുരത്തെ പ്രധാന രണ്ട് പുസ്തകക്കടകളിൽ കയറിയപ്പോഴും സ്ത്രീകളുടെ യാത്രാ വിവരണങ്ങളുടെ വിഭാഗം വളരെ ശുഷ്കമായാണ് കണ്ടത്. എസ് കെ പൊറ്റക്കാടും, സക്കറിയയും, എം ടി വാസുദേവൻ നായരും, എം പി വീരേന്ദ്രകുമാറും എല്ലാമെഴുതിയ പുസ്തകങ്ങൾ നിരനിരയായി ഇരിക്കുന്നിടത്ത് സുജാത ദേവിയുടെയും, കെ എ ബീനയുടേയും അനിത നായരുടേയും പുസ്തകങ്ങൾ എവിടെയെന്ന് ചോദിക്കേണ്ട അവസ്ഥ. 1925 മുതൽ 2015 വരെയുള്ള 90 വർഷങ്ങൾക്കിടയിൽ സ്ത്രീകൾ എഴുതിയ യാത്രാ വിവരണ പുസ്തകങ്ങൾ അറുപതെണ്ണം മാത്രമാണെന്ന് മാതൃഭൂമി ബുക്സ് 2017 ൽ പ്രസിദ്ധീകരിച്ച, ഗീതാഞ്ജലി കൃഷ്ണൻ്റെ ‘പെൺയാത്രകൾ’ എന്ന പഠനത്തിൽ പറയുന്നു (പേജ് 284-285). മാസികകളിൽ പ്രസിദ്ധീകരിച്ച ചില യാത്രാ വിവരണങ്ങൾ പുസ്തക രൂപത്തിലാകാത്തത് ഉണ്ട്. ആദ്യകാലങ്ങളിൽ, തീർത്ഥയാത്രകളും വിദേശയാത്രകളുമായിരുന്നു സ്ത്രീകളുടെ യാത്രാ വിവരണങ്ങൾ. തരവത്ത് അമ്മാളുവമ്മയും (“ഒരു തീർത്ഥയാത്ര”, 1925), ആനി മസ്ക്രീനും (“സോവിയറ്റ് യൂണിയനിൽ”, 1953), മിസ്സിസ് കെ എം മാത്യുവും (“ഞങ്ങൾ കണ്ട ജപ്പാൻ”, 1960), വിമല രാജകൃഷ്ണനും (“സോഷ്യലിസത്തിൻ്റെ നാട്ടിൽ 12 ദിവസം”, 1987) എല്ലാം ഉദാഹരണങ്ങൾ. 1996 ലാണ് സുജാത ദേവി “കാടുകളുടെ താളം തേടി” എഴുതുന്നത്. ജോലി സംബന്ധമായി ഹിമാലയൻ കാടുകളിലേക്ക് നടത്തിയ യാത്രയിലെ അനുഭവങ്ങളാണവ. കെ എ ബീനയുടെ “ബ്രഹ്മപുത്രയിലെ വീട്”, ബോബി അലോഷ്യസിൻ്റെ “സ്വപ്നം നിറച്ച റഷ്യ”, കവിത ബാലകൃഷ്ണൻ്റെ “ജിഗ്സോ പസ്സിൽ ഇംഗ്ലണ്ടിലേക്കൊരു കലായാത്ര”.. എല്ലാം ഏതാണ്ട് ഇതേ സാഹചര്യത്തിൽ എഴുതിയവയാണ്. യാത്രക്കായി യാത്ര ചെയ്ത ഒരു പെൺ പുസ്തകം, ഗീതാഞ്ജലി കൃഷ്ണൻ്റെ ലിസ്റ്റിലേത്, എൻ്റെ കയ്യിലുള്ളത് പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടെ “കൂകൂ കൂകൂ തീവണ്ടി” ആണ്. 2013 ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 2020 ൽ ഏഴാം പതിപ്പ് ആയിരിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരത്തോടെ, പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിൻ്റെ നൂലാമാലകളില്ലാതെ തന്നെ സഞ്ചാരകഥകൾ ലോകത്തെയറിയിക്കാൻ ഇന്ന് സാധിക്കും. ഫേസ് ബുക്ക് പേജ്, ബ്ലോഗ്, യൂട്യൂബ് ചാനൽ, വ്ളോഗ് എന്നിങ്ങനെ ധാരാളം സാധ്യതകളാണ് ഇന്റർനെറ്റ് ലോകം തുറന്നു തരുന്നത്. ആനന്ദ് വിജയനേയും, കെ ജെ സിജുവിനേയും പോലെ യാത്ര പാഷനായ പലരും ഫേസ്ബുക്ക് പേജുകളിലൂടെ (6) യാത്രാനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. എഴുത്തിൻ്റെ റീച്ച് കുറവാകാമെങ്കിലും പ്രസാധകരെ അന്വേഷിക്കണ്ട എന്ന വലിയമെച്ചമുണ്ട് ഈ ഓൺലൈൻ എഴുത്തുകൾക്ക്. പുതിയ തലമുറയിലെ ധാരാളം പെൺകുട്ടികൾ വ്ളോഗുകളിലൂടെ യാത്രാ വിശേഷങ്ങൾ പങ്കുവെക്കുന്നവരായിട്ടുണ്ട്. ആതിര മുരളിയും (7) ഷൈനിയും നിധിയു (8) മെല്ലാം യൂട്യൂബ് ചാനലുകൾ വഴി സ്ഥിരമായി യാത്രാ വിശേഷങ്ങൾ പങ്കുവെക്കുന്നവരാണ്. മിക്കയാത്രാ വിവരണങ്ങളും യാത്ര ചെയ്ത ആളുടെ അനുഭവങ്ങളെക്കാളുപരി സ്ഥലങ്ങളുടെ ചരിത്രവും അവിടത്തെ ആളുകളുടെ സംസ്കാരവും ഭക്ഷണ രീതിയും പ്രകൃതിയുടെ വിവരണവും എല്ലാം ഉൾപ്പെട്ടതാണ്. ഇത്തരം യാത്രാ വിവരണങ്ങളാണ് കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള പ്രചോദനമായി മാറുന്നത്, മാറേണ്ടത്. അതുകൊണ്ട് യാത്രക്കാരികളോട് എനിക്കുള്ള അഭ്യർത്ഥനയും ഇതുതന്നെയാണ്. നിങ്ങൾ കാണുന്ന സ്ഥലങ്ങളെക്കുറിച്ച് അവസരം കിട്ടുന്ന മാധ്യമം ഏതൊക്കെയാണോ അവിടൊക്കെ എഴുതൂ. യാത്ര ചെയ്യാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാവൂ.

ഇന്നിപ്പോൾ നാട്ടിലിരുന്നാണ് ഈ കുറിപ്പെഴുതുന്നത്. കുട്ടികളുടെ നിർബന്ധം. ഫ്ളാറ്റിൻ്റെ നാലു ചുവരുകൾക്കുള്ളിൽ അവരും ശ്വാസംമുട്ടുന്നുണ്ടായിരുന്നു. പുതിയ രോഗികളുടെ എണ്ണം പൂജ്യത്തിനടുത്തു നിന്ന നാലഞ്ചു ദിവസങ്ങളിൽ കളിക്കാനായി പുറത്തിറങ്ങിയതൊഴികെ, കഴിഞ്ഞ നാലു മാസത്തിനിടയിൽ അവർ വീടിനു വെളിയിലിറങ്ങിയത് മൂന്നോ നാലോ തവണ മാത്രം. ഇവിടെ അവർ മുറ്റത്തും പറമ്പിലും അപ്പൂപ്പൻ്റെ അമ്മൂമ്മയുടെയും കൂടെ ശുദ്ധവായു ശ്വസിക്കുന്നു. എനിക്ക് ശുദ്ധവായു ശ്വസിക്കാനാകുന്നത് കാട്ടിലും മലയിലും പുഴയിലും കാണാക്കാഴ്ചകളിലും കറങ്ങി നടക്കുമ്പോഴാണ്…ഷൈനിയെപ്പോലെ ഞാനും സ്വപ്ന യാത്രകളുടെ ഒരു വലിയ ലിസ്റ്റുണ്ടാക്കുന്നുണ്ട്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും അറിയുന്നതും അറിയപ്പെടാത്തതുമായ സ്ഥലങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്. അവിടങ്ങളിലൊക്കെ കറങ്ങി നടക്കാൻ സാധിക്കുന്ന കാലത്തെക്കുറിച്ചു സ്വപ്നം കാണുന്നു. കണ്മുന്നിൽ വരുന്ന യാത്രാ വിവരണങ്ങളെല്ലാം വായിക്കുന്നു. മാസ്കും സാനിറൈ്റസറും ഗ്ലൗസും ഉപയോഗിച്ച് സാമൂഹിക അകലം സുരക്ഷിതമാക്കിക്കൊണ്ടുള്ള യാത്രകളാവും ഇനി കുറേ നാളത്തേക്കെങ്കിലും. സ്വന്തം വിരിപ്പും പുതപ്പും ഉൾപ്പെടെ യാത്രാ ബാഗിൻ്റെ ഭാരം കൂടാനും സാധ്യതയുണ്ട്. ആളുകൾ കൂട്ടമായി എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒഴിവാക്കേണ്ടിയും വന്നേക്കാം. സാനിറൈ്റസ് ചെയ്ത ഹോട്ടൽ മുറിക്കായി ചിലപ്പോൾ കൂടുതൽ പണം മുടക്കേണ്ടി വന്നേക്കാം. എങ്കിലും യാത്രകൾ മുടക്കാനാവില്ല. ഒപ്പം കൺമുന്നിൽ കാണുന്ന വഴിയിലൂടെ, അപ്പോൾ കിട്ടുന്ന വണ്ടിയിൽ ലക്ഷ്യമുള്ളതും ഇല്ലാത്തതുമായ യാത്രകൾ ചെയ്യാൻ സാധിക്കുന്ന കാലത്തിനായി ഞാനും കാത്തിരിക്കുന്നു….


(1) http://covid19kerala.info/, date: 26.7.2020
(2) Are cities in Kerala safe for women?- Sakhi Women’s Resource Centre- 2011
(3) A Safetipin for our cities – Sakhi Women’s Resource Centre – 2014
(4) https://www.thenewsminute.com/article/traveling-sisterhood-how-all-women-tour-group-kerala-aiding-wanderlust-75165
(5) “ജിഗ്സോ പസ്സിൽ ഇംഗ്ലണ്ടിലേക്കൊരു കലായാത്ര”, കവിത ബാലകൃഷ്ണൻ, ഡിസി ബുക്സ്, 2019, പേജ് 23.
(6) https://www.facebook.com/travelwithanand, https://www.facebook.com/KJ-SIJU-2241644842815194/
(7) https://m.youtube.com/watch?feature=youtu.be&v=fkbI6eiwM0k
(8) https://www.facebook.com/travelfmbynidhi/


GREG RAKOZY JK
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

കാഴ്ച്ച

രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു. കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു…
Read More

ഒരു പ്രതിധ്വനി

എവിടേക്കെന്നില്ലാതെ വളഞ്ഞ് പുളഞ്ഞൊഴുകുന്നൊരു കുഞ്ഞുപുഴയിലെ ചെറുമീനുകളെന്ന പോൽ നമ്മളങ്ങനെ അനന്തനീലിമയിലേക്ക് ഒന്നു ചേർന്നങ്ങനെ… ഓളങ്ങളിൽ മുങ്ങിപ്പൊങ്ങിയങ്ങനെ ഇടയ്ക്കിടെ നിറം മാറിയും മുഖം മാറ്റിയും കുഞ്ഞിക്കണ്ണുകൾക്ക്…
Read More

ഗുൽമോഹർ

ചില്ലകൾ എന്നേ ഉണങ്ങിവീണിരുന്നിട്ടും ആ തണലേറ്റ് നിന്ന സന്ധ്യകൾ കിനാവുകൾക്ക് പോലുമന്യമായി തീർന്നിട്ടും ഇലകളും പൂക്കളും മറവിയുടെയലകളിൽ ഒഴുകിയകന്നിട്ടും വേരുകളിനിയും അടരാതെ നിൽക്കുന്നു നമ്മുടെ…
Read More

വിലക്കപ്പെട്ട താഴ് വര

മെച്ചുകയിൽ ഇപ്പോൾ തണുപ്പാണ് ദേവാ. കിഴക്കൻ ഹിമാലയത്തിൻ്റെ സാമീപ്യം കൊണ്ടുള്ള കൊടും തണുപ്പ്. നിന്നോട് യാത്ര പോലും പറയാതെ ഞാൻ ഏറെ ദൂരം പോന്നിരിക്കുന്നു   …
Read More

ഓർമ്മകളുടെ ഗന്ധം

ചില ചോദ്യങ്ങൾ അങ്ങനെയാണ്. എത്ര ആവർത്തിച്ചാലും വരണ്ട മണ്ണിലേക്ക് എല്ലാ വർഷവും വരുന്ന പുതുമഴയെപ്പോലെ, ഹൃദയ ഗന്ധമുയർത്തിക്കൊണ്ടിരിക്കും. ഓർമ്മകളുടെ ഗന്ധം.. PHOTO CREDIT :…
Read More

ആംബ്രോസിൻ്റെ ക്ഷണക്കത്ത്

സ്കള്ളേർസിൻ്റെ ഗ്രൂപ്പിൽ പൊട്ടിച്ചിരി സ്മൈലികളുടെയും അൺപാർലിമെൻ്റെറി വാക്കുകളുടെയും ഒരു പെരുമഴ കണ്ടാണ് ഞാൻ ഫോൺ കയ്യിലെടുത്തത്. മുകളിലോട്ട് സ്ക്രോൾ ചെയ്തു നോക്കുമ്പോൾ കോയ, ഒരു…
Read More

കാവു – ഒരു ഗദ്യകവിത

തേമി വീണു, കാവും വീണു, തേമി മാത്രേ കരഞ്ഞുള്ളൂ. കാവു അല്ലേലും അങ്ങനെയാണത്രെ, മിണ്ടാട്ടം കുറവാ, വാശിയുമില്ല. ഉപ്പനെ കണ്ടപ്പൊ തേമിക്കതിനെ വേണം, കരഞ്ഞു…
Read More

വീണ്ടും ഞാൻ നിന്നെ കണ്ടുമുട്ടും

വീണ്ടും ഞാൻ നിന്നെ കണ്ടുമുട്ടും എവിടെയെന്നും എപ്പോഴെന്നുമെനിക്കറിയില്ല ഒരുവേള, നിൻ്റെ കല്പനയിലുയിർ കൊണ്ട ഒരു കഥയായി അല്ലെങ്കിൽ നിൻ്റെ ക്യാൻവാസിൽ പടർന്നുകിടക്കുന്ന നിഗൂഢമായൊരു വരയായി…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

ജാൻ.എ.മൻ

ഒരിടത്ത് മരണവും ഒരിടത്ത് ജനനവും എന്ന തത്വചിന്താപരമായ ഒരു തീം ആയിരുന്നു നർമത്തിൻ്റെ ഇഴകൾ ചേർത്ത് ചിദംബരം എന്ന സംവിധായകന് ജാൻഎമൻ എന്ന തൻ്റെ…
Read More

ലക്ഷമണ രേഖ

പെണ്ണായി പിറന്നതു കൊണ്ട് മാത്രം വരയ്ക്കപ്പെട്ട ലക്ഷമണ രേഖകളാണ് ഇവിടെ മൊത്തം! @ആരോ PHOTO CREDIT : PIXABAY Share via: 20 Shares…
Read More

ഗൃഹാതുരത്വം

മുറ്റം നിറയെ മരങ്ങളും ചെടികളും. ചാമ്പ, വാഴ, വടുകപ്പുളി, വേപ്പ്, തുടങ്ങി പനിനീർ, നാലുമണി, പത്തുമണി, ഡാലിയ എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന മുറ്റം. മുൻപിൽ…
Read More

സമാന്തരം

അവളുടെ വീട്ടിലേക്ക് പുസ്തകം വിൽക്കാനായിട്ടാണ് അയാൾ വന്നത്. . അവൾക്ക് വലിയൊരു ലൈബ്രറി ഉണ്ടെന്നും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതാണ് പ്രധാന ഹോബിയെന്നും അയാളോട് ആരോ…