“ഇവിടെ ഒരു ഖബർ ഉണ്ടായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖ വല്ലതും ഹാജരാക്കാനുണ്ടോ?”
കോടതിയുടെ ചോദ്യം
“ഇല്ല. പക്ഷേ രേഖ ഇല്ല എന്നത് കൊണ്ട് ഖബർ ഇവിടെ ഇല്ലാതാകുന്നില്ലല്ലോ “
വാദിയുടെ ഉത്തരം.
ഈ ചോദ്യത്തിലും ഉത്തരത്തിനുമിടയിലാണ് ഖബർ എന്ന കെ ആർ മീരയുടെ നോവലിൽ നീതിയും നിയമവും തമ്മിലുള്ള മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. അതിലെ പ്രധാന കഥാപാത്രമായ ഖയാലുദ്ദീൻ തങ്ങൾക്ക് തൻ്റെ പൈതൃകം ഉറങ്ങുന്ന ഭൂമി സംരക്ഷിക്കാനുള്ള അവകാശം വളരെ എളുപ്പത്തിൽ നിരാകരിക്കാൻ നിയമത്തിന് കഴിയുന്നുണ്ട്.
കോടതിയിൽ ഖയാലുദ്ദീൻ തങ്ങൾ കൊടുക്കുന്ന കേസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ മതനിരപേക്ഷതയുടെ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തെ തന്നെയാണ്.
കേസിൻ്റെ തീർപ്പ് കല്പിക്കുന്നത് നീതി പൂർണമായും എടുത്തുമാറ്റപ്പെട്ട വിധിന്യായത്തിലൂടെയാണ്.
പൊളിക്കപ്പെടുന്ന ഖബർ പ്രതീകാത്മകമായി നമുക്ക് മുൻപിൽ ഒരു ചോദ്യമായി നിർത്തുമ്പോൾ തന്നെ കാല്പനികതയുടെ കൺകെട്ടുവിദ്യകൾ മീര നമുക്ക് കാഴ്ച വയ്ക്കുന്നുണ്ട്.
കോടതി വ്യവഹാരങ്ങൾക്കും സ്വന്തം അസ്തിത്വത്തിൻ്റെ പൂർണത തേടി ഉഴറുന്ന ഏകാകി ജീവിതത്തിനുമിടയിൽ നായികയായ ഭാവനാ സച്ചിദാനന്ദൻ എത്തിച്ചേരുന്ന ഒരു മായികാ തലമുണ്ട്. ഖയാലുദ്ദീൻ തങ്ങളുടെ പ്രണയമാകുന്ന മഹേന്ദ്രജാലത്തിൻ്റെ പാലത്തിലൂടെ കടന്നെത്തി പൂർണത കണ്ടെത്താൻ ഭാവന ശ്രമിക്കുന്ന ഒരിടം.
നിയമവും അധികാര കേന്ദ്രങ്ങളും വിധിനിർണയം നടത്തുന്ന നോവലിൻ്റെ അവസാനത്തിൽ ഭാവനയുടെ മായികാലോകം ചീളുകളായി തകർന്നുവീഴുന്നു.
തനിക്ക് ലോകത്തോട് വിളിച്ചു പറയാനുള്ളത് പറയാൻ കഥാകൃത്തുക്കൾക്ക് സ്വന്തം കൃതിയെക്കാൾ കരുത്തുറ്റത് ഒന്നുമില്ലല്ലോ. കെ ആർ മീര എന്നത്തേയും എന്നതുപോലെ ഖബറിലൂടെയും അത് നിർവഹിച്ചിരിക്കുന്നു..
DC BOOKS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂