ആരെ പ്രണയിച്ചാലും
അതൊരിന്ദ്രജാലക്കാരനെ
ആകരുതെന്ന് എന്നെത്തന്നെ
ഞാൻ വിലക്കിയിരുന്നു
എന്നിട്ടും അയാളുടെ
കൺകെട്ട് വിദ്യകളിൽ കുരുങ്ങി,
വജ്രസൂചിയായെന്നിൽ തറഞ്ഞ
നോട്ടത്തിൽ ചലനമറ്റ്
ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ
ഞാൻ വസിക്കാൻ തുടങ്ങി
കാർമേഘം പോലയാളെ മറച്ച
എൻ്റെ മുടിച്ചുരുളുകളിൽ നിന്ന്
ഓരോ നൊടിയിലും നിറം മാറുന്ന
പനിനീർപ്പൂവുകൾ പറിച്ച്
എൻ്റെ നേരെ നീട്ടുമ്പോഴും
പകലിലും എനിക്ക് ചുറ്റും മാത്രം ഇരുളണച്ച്
കൈക്കുമ്പിളിൽ നിന്ന്
മിന്നാമിന്നികളെയുതിർക്കുമ്പോഴും
നക്ഷത്രക്കൂട്ടങ്ങൾക്കിടയിലൂടെ
രത്നകമ്പളത്തിലിരുത്തി
സവാരി കൊണ്ടുപോകുമ്പോഴും
ഇലഞ്ഞിമരത്തിൻ്റെ ശിഖിരങ്ങളിൽ
നിന്നുമയാൾ വിളിച്ചുവരുത്തിയ
ഒരായിരം ചിത്രശലഭങ്ങൾ
അരിയ ചിറകുകൾ വീശി
എൻ്റെ വീടിനെ വലം വയ്ക്കുമ്പോഴും,
അയാളുടെ പേർ ശിരസ്സിലെഴുതി
എൻ്റെ കിടക്കറയിലേക്കിഴഞ്ഞെത്തിയ
സ്വർണമണിനാഗങ്ങളുടെ
സീൽക്കാരത്തിനിടയിലെന്നെ
ചുംബിച്ചു മോഹനിദ്രയിലാഴ്ത്തുമ്പോഴും
നിന്ന നിൽപ്പിലെന്നെ തകർത്തുകൊണ്ട്
ഒരു മന്ത്രവിദ്യയാലയാൾ മറഞ്ഞുപോകുമെന്ന്,
ഞാൻ ഭയന്നുകൊണ്ടേയിരുന്നു
അയാളുടെ തിളങ്ങുന്ന വാളിനാൽ
മൂന്നായി വെട്ടി മുറിക്കപ്പെടാൻ
ഒതുങ്ങിനിന്നുകൊടുത്തുകൊണ്ട്
അയാൾ കെട്ടിയ ചങ്ങലകളിൽ
ബന്ധിതയായി കടലിലെറിയപ്പെട്ട്
അയാൾ വിളിക്കുമ്പോൾ മാത്രം
ജലപ്പരപ്പിലേക്ക് പുഞ്ചിരിയോടെ
തിരികെയണയാൻ പഠിക്കുമ്പോഴും
അയാളുടെ മാന്ത്രികവടി ചായുമ്പോൾ
തൂവൽ മെത്തയിലുറങ്ങി
അയാൾ വിളിക്കുമ്പോൾ ഞെട്ടി ഉണർന്ന്
അയാളോടുള്ള പ്രണയത്താൽ ജ്വലിച്ചുപനിച്ച്
സദസ്സിന് നേരെ കൈവീശുമ്പോഴും
നക്ഷത്രധൂളികൾ പതിഞ്ഞ കമ്പളം മാത്ര-
മൊരോർമയായെനിക്ക് തന്ന്
വിദൂരമേതോ ഗ്രഹത്തിൻ്റെ മാസ്മരികതയിലേക്കയാൾ
പറന്നകലുന്നതോർത്ത്
താപത്താൽ ഞാനുരുകികൊണ്ടിരുന്നു ..
ഉറക്കമണയാൻ തുടങ്ങുന്ന
അയാളുടെ മിഴിയുടെ കടലാഴങ്ങളിൽ
വെറുതെ ഞാനെന്നെ തിരഞ്ഞുകൊണ്ടിരുന്നു
വിലക്കുകൾ മാനിക്കാത്ത എൻ്റെ ഹൃദയത്തെ
പഴിച്ചുകൊണ്ടുമിരുന്നു.
അപ്പോഴുമെൻ്റെ ജനാലയ്ക്കരികിൽ
നനുത്ത ചിറകടിയൊച്ചകളുണ്ടായിരുന്നു
എൻ്റെയറയിൽ മണിനാഗങ്ങൾ
ഇണ ചേർന്നുകൊണ്ടിരുന്നു
എൻ്റെ കൈകളിലുറങ്ങുന്ന
അയാളുടെ കിനാവുകൾക്ക് കാവലിരിക്കുമ്പോൾ
മിന്നാമിന്നികൾ എനിക്ക് കൂട്ടിനുണ്ടായിരുന്നു
എന്നിട്ടും ഒരുൻമാദിനിയെപ്പോലെ വിറ കൊണ്ട്
രാവെല്ലാം ഞാനുറങ്ങാതിരുന്നു..
TOAN PHAN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
I think the translation app failed me 😕 I enjoy your poetry.