ആദ്യമായി ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് തന്നെ വായനക്കാരുടെ ശ്രദ്ധയിൽ വരികയും അവിടെ മായാത്ത ഇടം നേടുകയും ചെയ്ത നോവലാണ് ആർ രാജശ്രീ എഴുതിയ “കല്യാണി എന്നും ദാക്ഷായണി എന്നും” പേരായ രണ്ടു സ്ത്രീകളുടെ കത.
ഫെമിനിസം എന്ന വാക്ക് കേൾക്കാൻ പോലും സാധ്യത ഇല്ലാത്ത കാലഘട്ടത്തിൽ ജീവിച്ചവരാണ് ദാക്ഷായണിയും കല്യാണിയും.
പക്ഷേ സ്വന്തം നിസ്സഹായതയെപ്പറ്റി പറയുന്ന തങ്ങളുടെ മകളുടെ പ്രായമുള്ള പെൺകുട്ടിയോട്..
“നിസ്സായതയാ? അത് ഏടെയാള്ളത്? പെണ്ണിൻ്റെ ചന്തിക്കാ? എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ ചോദിക്കാൻ കഴിവുള്ള, ഫെമിനിച്ചികളായ രണ്ടു നാടൻ പെണ്ണുങ്ങളുടെ കഥയാണ് പ്രസ്തുത നോവൽ എന്ന് പറഞ്ഞാൽ, അത് നോവലിനെ എറ്റവും ലളിതമായി വരച്ചുകാണിക്കലാവും. അതിൻ്റെ ആഴത്തെയും പരപ്പിനെയും മറച്ചുവയ്ക്കലുമാവും.
ഉപരിപ്ലവമായ കാഴ്ച്ചക്കൾക്കുമപ്പുറം കഥക്ക് ആഴത്തിൽ വേരോട്ടമുണ്ട്. വേരറ്റങ്ങൾ എത്തിപ്പിടിക്കുന്നത് നമ്മുടെ മനസ്സിൻ്റെ അടിത്തട്ടിലാവും പലപ്പോഴും.
ഏവരെയും പോലെ ദൗർബല്യങ്ങൾ ഉണ്ടെങ്കിലും സ്നേഹത്തിൻ്റെ കുരുക്കുകളിൽ മുറുകിപ്പോകുന്നവർ തന്നെയാണെങ്കിലും, കരുത്തു കൊണ്ടു സ്വന്തം ജീവിതത്തിൻ്റെ ഡ്രൈവിംഗ് സീറ്റിലോട്ട് തിരിച്ചെത്തുന്ന ദാക്ഷായണിയും കല്യാണിയും ചൂല് കൊണ്ട് വരച്ചിടുന്നത് സ്വന്തം വീടുകളുടെ മാത്രമല്ല, ദേശങ്ങളുടെ കൂടെ അതിരുകൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ചിത്രങ്ങളാണ്.
കുടുംബത്തിൻ്റെ അഭിമാനം, മോളുടെ ഭാവി എന്നീ രണ്ടു കാരണങ്ങൾ പറഞ്ഞ് അസന്തുഷ്ടമായ സ്വന്തം ദാമ്പത്യത്തിൽ തൂങ്ങിക്കിടക്കുന്ന നോവലിലെ ആഖ്യാതാവിനോട്
“നിനിക്ക് ഇത് രണ്ടൂല്ലേ” എന്ന് ചോദിക്കുന്ന അപ്രഖ്യാപിത ഫെമിനിസ്റ്റ് ആണ് കല്യാണി.
തന്നെ കീഴ്പ്പെടേണ്ടവളും താഴ്ന്നവവളുമായി കണ്ട ഭർത്താവായ ആണിക്കാരനെ അയാളുടെ ലൈംഗികശേഷിയോടുള്ള കടുത്ത പരിഹാസം നിറഞ്ഞ ഒരൊറ്റ വാചകം കൊണ്ട് നിർവീര്യനാക്കിക്കളഞ്ഞ കരുത്താണ് ദാക്ഷായണിക്കുള്ളത്. “പല ബന്ധങ്ങളും തെല്ലു നീക്കി നിർത്തിയാൽ പൊട്ടി പ്പോകുന്ന വള്ളികൾ പോലെ ആണ്. ഈ വള്ളിയിലാണല്ലോ ഇത്രയും നാൾ തൂങ്ങിക്കിടന്നത്” എന്ന് ദാക്ഷായണി ഓർമ്മിക്കുമ്പോൾ നെടുവീർപ്പ് ഉയരുന്നത് വായനക്കാരുടെ ഉള്ളിൽ നിന്നാണ്.
തൊഴുത്തിലെ പശുക്കൾ കഥയിലെ അഖ്യാതാക്കൾ ആണെന്നത് തികഞ്ഞ വ്യത്യസ്തത നൽകുന്നുണ്ട്. അവർ ദാക്ഷായണി – കല്യാണിമാരുടെ അതേ വേവ് ലെങ്‌ത്തിൽ ലോകഗതിയെ നോക്കി കാണുന്നവരുമാണ്. നോവലിലെ പല രംഗങ്ങളുടെയും പൊളിറ്റിക്കൽ കറക്ട്നെസ്സ് വിലയിരുത്തുന്നത് പശുക്കളാണ്.
നോവലിൽ ഉടനീളം നിലനിൽക്കുന്ന നർമം നോവലിസ്റ്റിൻ്റെ കരുത്തായി നമുക്ക് കാണാം. സമാനതകളില്ലാത്ത ആഖ്യാനശൈലി, തുടങ്ങിയാൽ പുസ്തകം നിലത്തു വയ്ക്കാൻ തോന്നാത്ത വായനക്ക് നമ്മെ പ്രേരിപ്പിക്കുന്നു.
നോവലിലെ പെണ്ണുങ്ങൾ രണ്ടും നമുക്കടുത്ത് വന്നിരുന്ന് മുടിക്കെട്ടഴിക്കും പോലെ കതയുടെ അടരുകൾ അഴിക്കുകയാണ്. നമ്മൾ ഒന്നും നോക്കാതെ അവയിലേക്ക് ഊളിയിട്ടിറങ്ങുകയും ചെയ്യുന്നു.
‘കത’ ഇനിയും അനേകം പതിപ്പുകളിലേക്കുള്ള അതിൻ്റെ സഞ്ചാരം തുടരുമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്..
R JAYASREE
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂