കള്ളൻ കയറിയത് പാതിരാ കഴിഞ്ഞ് രണ്ടുമണിയോടെയാണ് എല്ലാവരും അറിഞ്ഞത്. നാട്ടിൽ ജോർജ് വർഗീസ് ഡോക്ടറുടെ വീട്ടിൽ മാത്രം ടെലിഫോൺ ഉള്ള ആ കാലത്തു, ആളും അനക്കവും കൂടാതെ തന്നെ എല്ലാ വീടുകളിലും കള്ളൻ കയറിയ വിവരമെത്തി. ആളുകൾ ഉണർന്നു. കൂട്ടം കൂടാതെ തന്നെ ചർച്ചകൾ നടന്നു.
വീട്ടിനുള്ളിൽ അസ്സമയത്ത് ലൈറ്റിട്ടപ്പോൾ കുട്ടികളായ ഞങ്ങളും ഉണർന്നു-ഞാനും എൻ്റെ അമ്മാവൻ്റെ മകൾ തുളസിയും.
ഞങ്ങൾ അന്ന് ഏഴിലാണ് പഠിക്കുന്നത് എന്നാണ് ഒരോർമ്മ.
കോട്ടയംകാരൻ തമ്പിച്ചായൻ നടത്തുന്ന നാട്ടിലെ ഏക സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് കള്ളൻ കയറിയിരിക്കുന്നത്. രാത്രിസമയത്ത് ആരും കാണുകയില്ലെന്ന് കരുതിക്കാണണം. പക്ഷേ ക്യാമറാമാൻ മാത്യൂസ് അതിനകത്ത് തന്നെ രാത്രി കിടക്കുന്ന കാര്യം കള്ളൻ അറിഞ്ഞിട്ടില്ലെന്ന് സാരം.
“അപ്പോൾ നമ്മുടെ നാട്ടുകാരനല്ല” അച്ഛൻ അമ്മയോട് പറഞ്ഞു.
റോഡിനു ഒരു വശത്ത് മാത്രമാണ് വീടുകൾ ഉള്ളത്. അവിടെത്തന്നെയാണ് സ്റ്റുഡിയോയും പീടികകളും. മറുവശത്തു ഗവണ്മെന്റ് സ്കൂൾ, വില്ലജ്, പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുമാണ്.
ഞങ്ങളുടെ എല്ലാം വീടുകളുടെ പുറകിൽ പായലും ജലസസ്യങ്ങളും മൂടി കിടക്കുന്ന പൊട്ടക്കുളമാണ്. ഒരു മതിൽ കെട്ടുക്കൊണ്ട് വേർതിരിക്കപ്പെട്ട്.. അതിനും പുറകിൽ അമ്പലക്കുളം.
രാത്രിയിൽ സ്റ്റുഡിയോയിൽ അനക്കം കേട്ട മാത്യൂസ് ചേട്ടൻ സംഭവം അറിഞ്ഞു പിൻവാതിലിലൂടെ പുറത്ത് കടന്നു തൊട്ടപ്പുറത്ത് താമസിക്കുന്ന അറുമുഖൻ ചെട്ടിയാരുടെ വീട്ടിൽ വിവരമെത്തിച്ചു. ഒരു ചെയിൻ റിയാക്ഷൻ പോലെ അതിനിപ്പുറത്ത് അഞ്ചാമത്തേതായ എൻ്റെ വീടും കഴിഞ്ഞ് ഒരു ആറേഴു വീട്ടുകാരും മിനിട്ടുകൾക്കുള്ളിൽ എങ്ങനെയോ കാര്യമറിഞ്ഞു.
എല്ലാ വീട്ടിലെയും ഗൃഹനാഥന്മാർ പുറത്തിറങ്ങി.
ആളുകൾ കാര്യമറിഞ്ഞത് കള്ളനും എങ്ങനെയോ മനസ്സിലാക്കിക്കാണണം. കാര്യമറിയിച്ചതിന് ശേഷം, കള്ളൻ്റെ ഓരോ നീക്കവും അറിയാനായി മാത്യൂസ് ചേട്ടൻ അത്യാവശ്യം ആയുധങ്ങളുമായി തിരിച്ചുപോകണമെന്നും ബാക്കി എല്ലാവരും ഒന്നുമറിയാത്തത് പോലെ ലൈറ്റ് അണച്ചു കിടക്കുന്ന പോലെ അഭിനയിച്ചു കള്ളൻ പുറത്തിറങ്ങുമ്പോൾ വളഞ്ഞുവച്ചു പിടിക്കാമെന്നും തീരുമാനിച്ചു തിരിച്ചു സ്വന്തം വീടുകളിലേക്ക് പോയി.
ഞങ്ങൾ കുട്ടികൾ, കാര്യം കേട്ട് ത്രില്ലടിച്ചു കണ്ണും തുറന്ന് കിടപ്പായി. ഷെർലോക് ഹോംസ്, അഗത ക്രിസ്റ്റി കഥകൾ വായിച്ച്, എൻ്റെ ഗ്രാമത്തിൽ കുറ്റകൃത്യങ്ങൾ ഒന്നും നടക്കുന്നില്ലല്ലോ എന്നു വ്യാകുലപ്പെട്ടു നടന്നിരുന്ന എനിക്ക് ഈ ‘കള്ളനെ പിടിക്കൽ’ പ്ലാനിങ് സംഭവം ചെറിയ സന്തോഷം ഒന്നുമല്ല തന്നത്.
ലൈറ്റ് അണഞ്ഞു. അപ്പോൾ ത്രില്ല് മാറി, ഭീഷണമായ ചുവന്ന കണ്ണുകളും, എറിച്ചു നിൽക്കുന്ന വലിയ മീശയുമുള്ള, കയ്യില്ലാത്ത ബനിയനിട്ട, ഒരു രൂപം എൻ്റെ മനസ്സിലേക്ക് കടന്നു വന്നു. ഇരുട്ടിൽ നിന്ന് എന്നെ തുറിച്ചുനോക്കി. അയാളുടെ കയ്യിൽ ഒരു വലിയ കത്തി തിളങ്ങി. ഞാൻ അല്പം ആശ്വാസത്തിന് വേണ്ടി അച്ഛനുമമ്മയും കിടക്കുന്ന മുറിയിലേക്ക് നോക്കി കിടന്നു.
ഒരു മണിക്കൂർ കഴിഞ്ഞുകാണും, അയല്പക്കത്തെ ജോസേട്ടൻ ‘നാരായണേട്ടാ’ എന്ന് അച്ഛനെ വിളിക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ ചാടിയെണീറ്റു. ലൈറ്റുകൾ തെളിഞ്ഞു. എല്ലാവരും പുറത്തിറങ്ങി.
‘പിള്ളേർ അകത്തിരിക്ക്’ എന്ന അമ്മയുടെ ശാസന കേൾക്കാതെ ഞങ്ങളും ഇടയിൽ തിക്കിത്തിരക്കി വലിയവരുടെ മുഖത്തു നോക്കി നിന്നു.
കള്ളൻ പുറത്തിറങ്ങിയതായി മാത്യൂസ് ചേട്ടൻ റിപ്പോർട്ട് ചെയ്തു. പക്ഷേ റോഡിലേക്ക് കടന്നിട്ടില്ല. കാരണം അറുമുഖൻ ചെട്ടിയാരുടെ വീട്ടിൽ രണ്ടു പേര് ഉറങ്ങാതെ റോഡിലേക്ക് കള്ളൻ ഇറങ്ങുന്നുണ്ടോ എന്ന് നോക്കി ഇരിപ്പുണ്ടായിരുന്നു. വഴിവിളക്കുകളുടെ വെട്ടമുള്ളത് കൊണ്ടു കള്ളനിറങ്ങിയാൽ കാണുമെന്നുറപ്പ്.
പിന്നെ എവിടെപ്പോയി? കള്ളൻ സ്റ്റുഡിയോക്കകത്തില്ലെന്ന് ഉറപ്പായി. എല്ലാവരും ഒളിവേട്ട നിർത്തി പരസ്യമായി കള്ളനെ തിരയാൻ തീരുമാനിച്ചു. സ്റ്റുഡിയോയുടെ പിൻഭാഗത്തേക്ക് നടക്കുമ്പോൾ ജോസേട്ടനാണ് ആ ശബ്ദം കേട്ടത് – വെള്ളത്തിൽ തുഴയുന്ന ശബ്ദം.
എല്ലാവരും പരസ്പരം നോക്കി ചിരിച്ചുപോയി..
കള്ളൻ പൊട്ടക്കുളത്തിൽ പെട്ടിരിക്കുന്നു!
പായൽ നിറഞ്ഞ കുളം കണ്ട് പറമ്പാണെന്ന് കരുതി രക്ഷപ്പെടാൻ ഇറങ്ങിയതാവണം.
എല്ലാവരും ടോർച്ചും വടികളുമായി പൊട്ടക്കുളം വളഞ്ഞു.
കൂട്ടത്തിൽ ശക്തിയുള്ളവർ മുൻനിരയിൽ വടികളുമായി നിന്നു.
ഞങ്ങൾ കുട്ടികൾ ആരും പറയാതെ തന്നെ പിന്നോട്ട് വലിഞ്ഞു വീടുകളിലേക്ക് കയറി. വീടിൻ്റെ പുറകിലെ പടികളിൽ നിന്നാലും ഒരു രംഗവും വിടാതെ കാണാൻ പറ്റുമായിരുന്നു.
വെള്ളപ്പരപ്പിലൊന്നും ഒരു അനക്കവും കണ്ടില്ല. എല്ലാവരും ക്ഷമയോടെ കാത്തുനിന്നു.
“അത്ര നേരവും എങ്ങനെ അയാൾ വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു നിൽക്കുന്നു?”
എൻ്റെ അമ്മ ആശ്ചര്യപ്പെട്ടു ചോദിക്കുന്നുണ്ടായിരുന്നു.
ഒരനക്കവും കേൾക്കാതായപ്പോൾ ആരോ കല്ലെടുത്ത് കുളത്തിലേക്ക് എറിയാൻ തുടങ്ങി. മൂന്നാമത്തെ ഏറിൽ “അയ്യോ” എന്ന ശബ്ദം കുളത്തിൽ നിന്നു കേട്ടു.
“ഇങ്ങോട്ട് കേറി വാടോ. താനവിടുണ്ടെന്ന് ഞങ്ങക്കറിയാം”
കരയ്ക്കു നിൽക്കുന്നവരിൽ ആരോ വിളിച്ചു പറഞ്ഞു.
അൽപ്പം കൂടി കഴിഞ്ഞു വെള്ളത്തിൽ നിന്ന് ശബ്ദം കേട്ടു.
എല്ലാവരും വടിയും ആയുധങ്ങളും പിടിച്ചു റെഡിയായി നിന്നു.
“അയാള് വല്ലതും വീശിയെറിഞ്ഞാലോ”
അമ്മ ഞങ്ങൾ കുട്ടികളെ പുറകോട്ട് നീക്കിനിർത്തി. ഞങ്ങൾ ഭയം കൊണ്ടും ഉദ്വേഗം കൊണ്ടും തുറിച്ച കണ്ണുകളുമായി കുളത്തിലേക്ക് നോക്കി നിന്നു.
അഴുക്കും പായലും മേല് മുഴുക്കെ പറ്റിപ്പിടിച്ച ഒരു രൂപം സാവധാനം വെള്ളത്തിൽ നിന്ന് കയറി വെളിച്ചത്തിലേക്ക് വന്നു.
മെലിഞ്ഞു വിളറിയ ഒരു ദയനീയ രൂപം. കൈകൾ തലയ്ക്കു മുകളിലേക്ക് ഉയർത്തി കൂപ്പി പിടിച്ചിരിക്കുന്നു.
അരയിൽ ഒരു മുണ്ട് മാത്രം. സമയമൊത്തിരി വെള്ളത്തിൽ കിടന്ന് അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.
കരഞ്ഞുകൊണ്ടു അപേക്ഷിക്കുന്നു.
“തല്ലരുത് ”
ആൾക്കൂട്ടം അയാളെ പൊതിഞ്ഞു. പിന്നെയും ആ രംഗം കാണാൻ നിർത്താതെ അമ്മ ഞങ്ങളെ മുറിയിലേക്ക് വിളിച്ചു കിടക്കാൻ പറഞ്ഞു. ചെറുപ്പക്കാർ രംഗം ഏറ്റെടുത്തതോടെ അച്ഛനും കിടക്കാൻ വന്നു.
കിടന്നിട്ടും ഉറക്കം വരാതെ കുറച്ചു കഴിഞ്ഞു ഞങ്ങൾ മെല്ലെ വെളിയിൽ ചാടി.
നേരം വെളുത്തിരുന്നു.
റോഡിനപ്പുറത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ കള്ളൻ പ്രദർശിക്കപ്പെട്ടു നിൽക്കുന്നു. അയാൾ തല നെഞ്ചിലേക്ക് കുനിച്ചു പിടിച്ചിരുന്നു. അയാളുടെ ഒട്ടിയ വയറിന് മുകളിൽ വാരിയെല്ലുകൾ തെളിഞ്ഞുനിന്നു.
എൻ്റെ സങ്കല്പത്തിലെ ‘ടിപ്പിക്കൽ’ കള്ളൻ മാഞ്ഞുപോയി. പകരം മനസ്സിൽ സഹതാപം നിറഞ്ഞു.
ഒരുപാട് പേർ കള്ളന് ചുറ്റും കൂടി നിന്നിരുന്നു. അയാളുടെ കൈവശം ആയുധങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പോലിസ് സ്റ്റേഷനിലേക്ക് ആരോ വിവരമറിയിച്ചിട്ടുണ്ട്. പോലീസ് വരാൻ കാത്തു നിൽക്കുകയാണ് എന്ന് അടുത്ത വീട്ടിലെ ബേബിയേടത്തി പറഞ്ഞു.
അപ്പോൾ എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന, എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടതിലേക്ക് വച്ചു എറ്റവും വലിയ മീശയുള്ള, ഭീമാകാരരൂപവും വലിയ ഉണ്ടക്കണ്ണുകളും ഉള്ള തങ്കപ്പേട്ടൻ അങ്ങേരുടെ “ഡെവിൾ” എന്നു പേരുള്ള ഭീമൻ പട്ടിയുമായി രംഗത്തേക്ക് കയറിവന്നു. തങ്കപ്പേട്ടൻ ആ സമയത്ത് എന്നും പട്ടിയെ കുളിപ്പിക്കാൻ സ്കൂളിന് പുറകിൽ ഉള്ള കനാലിൽ കൊണ്ടുപോകും.
തങ്കപ്പേട്ടൻ അപ്പോഴാണ് കാര്യമറിഞ്ഞത്. ആൾ കാര്യം കേട്ടതും, ഡെവിളിനെ ഒതുക്കി നിർത്തി, ഒരു മിന്നായം പോലെ കള്ളൻ്റെ നേർക്കുചെന്നു കവിളത്ത് ആഞ്ഞടിച്ചു.
ആൾക്കൂട്ടത്തിൽ നിന്ന് പെട്ടെന്ന് ഒരു ആരവമുയർന്നു. എല്ലാവരും ഞെട്ടിപ്പോയിരുന്നു.
കള്ളൻ ദയനീയതയുടെ ആൾരൂപമായി, കെട്ടിയ കയറിൽ നിവർന്നു നിൽക്കാൻ പോലും വയ്യാതെ കുഴഞ്ഞു തൂങ്ങി.
എൻ്റെ കണ്ണുകൾ നിറഞ്ഞു. നിസ്സഹായത ഒരു വേദനയായി എൻ്റെ തൊണ്ടയിൽ കുരുങ്ങിനിന്നു.
അപ്പോഴേക്കും ആരൊക്കെയോ ഇടപെട്ട് കള്ളനെ കെട്ടിൽ നിന്നഴിച്ചു, സ്കൂൾ മതിലിനു അടുത്ത് ചാരിയിരുത്തി. ആരോ അയാൾക്ക് ചായയും എന്തൊക്കെയോ കഴിക്കാനും കൊടുത്തു.
ഏഴുമണിയോടെ പോലീസ് വന്ന് അയാളെ കൊണ്ടുപോകുകയും ചെയ്തു.
കള്ളൻ സ്വന്തവും ബന്ധവുമില്ലാത്ത ഒരാളായിരുന്നു എന്നും ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായിരുന്നു എന്നും പിന്നീട് പീച്ചി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു നാട്ടുകാരൻ പറഞ്ഞ് ഞങ്ങൾ അറിഞ്ഞു.
“വയറു കാളുമ്പോൾ നമ്മൾ എന്താണ് ചെയ്തുകൂടാത്തത്?” അച്ഛൻ അന്ന് രാത്രി അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടു.
പിന്നെയും ജീവിതത്തിൽ കള്ളന്മാരുടെ കഥകൾ കേട്ടു. വലിയ കള്ളന്മാർ. ചെറിയ കള്ളന്മാർ. അരപ്പവൻ്റെ മാലയ്ക്ക് വേണ്ടി ഒരു വയസ്സുള്ള കുഞ്ഞിനെ കൊല്ലുന്ന കള്ളന്മാർ. ഒരു രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ഇളക്കാൻ തക്ക, വലതു വശത്തെ പൂജ്യങ്ങളുടെ എണ്ണമെടുക്കാൻ കഴിയാത്തത്ര വലിയ തുകകൾ വെട്ടിച്ചു, വീണ്ടും സുഖജീവിതം നയിക്കുന്ന കോട്ടും സ്യൂട്ടും ഇട്ട വി ഐ പി കള്ളന്മാർ.
പക്ഷേ ഇന്നും കള്ളൻ എന്ന വാക്ക് എവിടെ കേട്ടാലും ആദ്യം മനസ്സിൽ വരുന്നത് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടപ്പെട്ട ഒരു ദയനീയരൂപമാണ്.
പിടിക്കപ്പെടാത്തത് കൊണ്ടു മാത്രം ‘കള്ളൻ’ മാരല്ലാത്ത ഒരുപാട് പേരാൽ വളയപ്പെട്ട ഒരു പാവം കള്ളൻ്റെ രൂപം..
JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂