നമ്മുടെ നാട് അടുത്തിടെ കണ്ട ദുഃഖകരമായ സമരമായിരുന്നു പി എസ് സി ഉദ്യോഗാർത്ഥികളുടെത്. സമരത്തിൻ്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ നമുക്ക് അറിയാവുന്ന ഒരു വാസ്തവം റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ആളുകൾക്കും ജോലി ലഭിക്കില്ല എന്നുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സർക്കരിനെക്കൊണ്ട് തങ്ങൾക്ക് അനുകൂല നടപടി എടുപ്പിക്കനുള്ള സംഘടിത ശ്രമം ആണ് ഉദ്യോഗാർഥികൾ നടത്തുന്നത്.
ഇന്ന് നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളുടെ പ്രധാന ആശ്രയം പി എസ് സി തന്നെയാണ് എന്നതിൽ സംശയം ഇല്ല. മറ്റൊന്ന് ബാങ്ക് ജോലിയാണ്. വിദേശത്ത് തൊഴിൽ തേടുന്നവരും , ഐ ടി മേഖലയിൽ തൊഴിൽ തേടുന്നവരും , ബിസിനെസ്സ് മാനേജ്മെൻ്റ് പഠിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി തേടുന്നവരും, നഴ്സുകളും പ്രൊഫഷണൽകളും സ്വയം തൊഴിൽ സംരംഭകരും ചേരുമ്പോൾ നമ്മുടെ തൊഴിൽ മേഖല ഏതാണ്ട് പൂർണമായി.
ഇവിടെ ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നത് യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലുള്ള കേന്ദ്ര സർക്കാരിൻ്റെ പങ്കാണ്. രാജ്യത്തെ പ്രമുഖ തൊഴിൽ ദാതാക്കൾ ആയിരുന്ന സ്ഥാപനങ്ങൾ ഒക്കെ ഒന്നൊന്നായി സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. പടി പടിയായി ഈ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യത കുറയുകയാണ്. ഇത് പൊടുന്നനെ സംഭവിച്ച ഒരു കാര്യം അല്ല. 1991 മുതൽ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയ ആണ്. ഒരു പരിധി വരെ സ്വകാര്യവത്കരണത്തെ തടുക്കാൻ തൊഴിലാളികളുടെ ചെറുത്തുനിൽപ് കൊണ്ട് സാധിച്ചു. എന്നാൽ ഈ ചെറുത്തു നില്പിൻ്റെ ശക്തി കുറഞ്ഞു വരികയാണ്. ജനങ്ങളുടെ ബോധമണ്ഡലത്തിൽ സങ്കുചിത ദേശീയതയും മത ബോധവും നിറച്ച് നിർത്തി, അവരുടെ ശ്രദ്ധ വേണ്ട കാര്യങ്ങളിൽ നിന്ന് വ്യതിചലിപ്പിച്ചു നിർത്താൻ ഇന്നത്തെ കേന്ദ്ര ഭരണകൂടത്തിന് സാധിക്കുന്നു.
ഈ ഒരു പശ്ചാത്തലത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതും രാജ്യത്തെ രണ്ട് ബാങ്കുകൾ സ്വകാര്യ വൽകരിക്കും എന്ന് പ്രഖ്യാപിച്ചതും. അതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് ഓഹരി വിറ്റുള്ള ധനസമാഹരണം ആണ്. ഇവിടെ ഉയർന്നു വരേണ്ട ഒരു പ്രധാന ചോദ്യം എന്നെന്നേയ്ക്കുമായി ഈ പൊതുമേഖല വിറ്റു തീർക്കുമ്പോൾ നാളത്തെയ്ക്ക് ധനസമാഹരണത്തിനുള്ള മാർഗ്ഗം എന്തെന്നാണ്. ഇല്ല! അത്തരം ഭീതി നമ്മുടെ ഭരണകൂടത്തിനില്ല. നാളെയുടെ ഭരണം കോർപ്പറേറ്റുകൾ നേരിട്ട് നടത്തികൊള്ളും എന്ന് അവർക്ക് നല്ലത് പോലെ ബോധ്യമുണ്ട്. സമ്പൂർണ്ണ മുതലാളിത്ത വ്യവസ്ഥയിൽ സർക്കാരിൻ്റെ ചുമതല പൗരൻ്റെ സുരക്ഷയും അതിർത്തി സംരക്ഷണവും മാത്രമായി പരിമിതപ്പെടുമല്ലോ.
ഇവിടെ സർക്കാർ അനുകൂലികളുടെ രണ്ട് സുപ്രധാന ചോദ്യങ്ങൾ ഉണ്ട്. അതിൽ ഒന്ന് കഴിവുള്ളവർക്ക് വളരാൻ ഉള്ള എല്ലാ സാഹചര്യവും രാജ്യത്ത് ഉണ്ടല്ലോ എന്നതാണ്. മുദ്ര വായ്പയിലൂടെ യഥേഷ്ടം തൊഴിൽ സൃഷ്ടിക്കപ്പെടുന്നുണ്ടല്ലോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഈ രണ്ട് ചോദ്യങ്ങളിലേയും പിശക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സമുഹത്തിലെ ഈ “കഴിവുള്ളവർ” (സ്‌കിൽഡ് വർക്കേഴ്സ്) എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ എണ്ണത്തിൽ വളരെ പരിമിതമാണ്. ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഈ ബഹുഭൂരിപക്ഷത്തിൻ്റെ വളർച്ചയാണ് രാജ്യത്തിൻ്റെ വളർച്ച. കഴിവുള്ളവർ വളരുന്നതിനൊപ്പം ബഹുഭൂരിപക്ഷത്തിനും വളരാനാവണം. മുദ്ര വായ്പയെ കുറിച്ച് പരിശോധിച്ചാൽ വായ്പ നൽകുന്ന പത്തിൽ എതാണ്ട് അഞ്ചും പരാജയം ആണ് എന്ന് കാണാൻ സാധിക്കും. മാത്രമല്ല പരാജയപ്പെടുന്നവർ കടക്കെണിയിൽ ആവുകയും ചെയ്യുന്നു.
സ്വകാര്യ മൂലധനത്തെ പ്രോൽസാഹിക്കുന്നതിനൊപ്പം പൊതുമേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് രാജ്യത്തിൻ്റെ പുരോഗതിക്ക് ഉപകാരപ്രദമാവുക. ചൈന ഈ മാർഗ്ഗമാണ് സ്വീകരിക്കുന്നത്. ആലിബാബ ഗ്രൂപ്പിൻ്റെ തലവനായ ചൈനയിലെ അതിസമ്പന്നനായ ജാക് മാ യും അദ്ദേഹത്തിൻ്റെ സ്ഥാപനവും വാർത്തയിൽ ഇടം പിടിച്ചത് ചൈനീസ് അധികാരികളുടെ ഒരു നടപടിയിലൂടെ ആണ്. ചൈനയിലെ പൊതുമേഖല ബാങ്കുകളെ അദ്ദേഹം വിളിച്ചത് pawn shop(പെട്ടി കടകൾ) എന്നാണ്. ചൈനയിലെ പൊതുമേഖല ബാങ്കുകളാണ് കോവിഡ് കാലത്ത് നഷ്ടം നോക്കാതെ ജനങ്ങൾക്ക് സേവനം നൽകിയത്. ജാക് മായുടെ ഉടമസ്ഥതയിലുള്ള ആൻ്റ് ഗ്രൂപ്പിൻ്റെ 35 ബില്യൺ ഡോളർ ലോക റെക്കോർഡ് ഐ പി ഓ ആണ് കുത്തകവത്കരണത്തെ എതിർത്തുകൊണ്ട് ചൈന സർക്കാർ തടയിട്ടത്.
എന്നതാണ് ചൈനീസ് സർക്കാരിൻ്റെ വിശദീകരണം. ഇത്തരം ഒരു നടപടി റിലയൻസ് പോലൊരു കമ്പനിക്ക് എതിരെ ഇന്ത്യ ഗവൺമെൻ്റ് എടുക്കുമെന്ന് നമുക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ല.
കഴിഞ്ഞ നാല് വർഷത്തിനിടെ പതിനാല് പൊതുമേഖല ബാങ്കുകളാണ് ഇന്ത്യയിൽ ലയിപ്പിച്ചത്. കൂടാതെ ഐ ഡി ബി ഐ ബാങ്കിനെ എൽ ഐ സി ക്ക് വിൽക്കുകയും ചെയ്തു. ഇനി എൽ ഐ സി യെ വിൽക്കുകയാണ് അടുത്ത പടി. ഇൻഷുറൻസ് കമ്പനികളുടെ 75% ഓഹരി വിദേശ നിക്ഷേപകർക്ക് തുറന്ന് കൊടുക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ബി പി സി എൽ, ഒ എൻ ജി സി തുടങ്ങി സർക്കാരിന് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്ന കമ്പനികളും വിൽപന പട്ടികയിൽ ഉണ്ട്. റെയിൽവേ മുറിച്ച് മുറിച്ച് സ്വകാര്യവൽകരിക്കുകയാണ്.
രാജ്യത്തെ ഒരു പ്രധാന ബാങ്ക് ക്ലറിക്കൽ തസ്തികയിൽ താൽക്കാലിക നിയമനത്തിന് പരസ്യം നൽകി കഴിഞ്ഞു. പ്യൂൺ തസ്തികയിൽ നിയമനങ്ങൾ വർഷങ്ങളായി നിർത്തി കഴിഞ്ഞു. സ്വീപ്പർ തസ്തികയിൽ താൽക്കാലികക്കാരെ മാത്രമാണ് ഇന്ന് ബാങ്കുകളിൽ നിയമിക്കുന്നത്.
സുരക്ഷിത തൊഴിൽ ഏതാണ്ട് അവസാനിക്കുകയാണ്. പെൻഷൻ എന്നത് സ്വന്തം നിക്ഷേപത്തിന് ലഭിക്കുന്ന പലിശ അല്ലെങ്കിൽ ലാഭ വിഹിതം മാത്രമാവുന്നു. ഇത്രയും വിശദീകരിച്ചതിൻ്റെ കാരണം രാജ്യത്തെ തൊഴിൽ ലഭ്യതയിൽ വരുന്ന കുറവിൻ്റെ സുപ്രധാന കാരണം ഈ സ്വകാര്യവത്കരണം ആണെന്ന് ചൂണ്ടി കാണിക്കുവാൻ വേണ്ടിയാണ്.
മാർച്ച് മാസം 15നും 16നുമായി രണ്ട് ദിവസം ബാങ്ക് ജീവനക്കാർ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്യുകയാണ്. ഇന്ത്യയിലെ പൊതുജനങ്ങളുടെ കൂടി പിന്തുണ ആർജ്ജിച്ചു കൊണ്ട് ശക്തിവത്തായ സമരം നടത്താനാണ് ബാങ്ക് ട്രേഡ് യൂണിയനുകൾ ശ്രമിക്കേണ്ടത്. ഈ സമരം കേന്ദ്രസർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഒന്നാവുമെന്നും ജനോപദ്രവകരമായ സ്വകാര്യവത്കരണത്തിന് തടയിടുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂