കാലത്തെ ചങ്ങലക്കിട്ട്
അടിമയാക്കാൻ കഴിയുന്നൊരു വേളയിൽ
തുടങ്ങിയിടത്തേക്ക് എനിക്ക് തിരിച്ചു പോകണം
കരിയിലകളെ വാരിയെടുത്ത്
മാമരത്തലപ്പുകളോട് വെറുതെ കലമ്പലുണ്ടാക്കി
ചുരമിറങ്ങിയ കാറ്റുകൾ
അലഞ്ഞു നടക്കാറുള്ള
ശിശിരത്തിൻ്റെ തണുപ്പിലേക്ക്
നിന്നെ കണ്ടുമുട്ടിയ
നിയതിയുടെ ബിന്ദുവിലേക്ക്
നിദ്രയിലെന്ന പോലെ മിഴിപൂട്ടിയിറങ്ങണം
നിൻ്റെ വാതില്പടിയിൽ വീണ്ടുമെത്തുമ്പോൾ
എനിക്ക് സ്വയം നുള്ളി ഉണർത്തണം
നിൻ്റെ കണ്ണുകളിലേക്ക് നോക്കി
മുഖമുയർത്തിത്തന്നെ എനിക്ക് സംസാരിക്കണം
(ഹാ, എന്ത് നിമിഷമായിരിക്കുമത്! )
പിന്നെയും പുറകോട്ടായുന്ന സമയത്തെയൊരു
മാന്ത്രികച്ചെപ്പിലടച്ച്
എൻ്റെ മുടിച്ചുരുളിലൊളിപ്പിച്ച്
നിന്നോടൊപ്പമെനിക്ക്
നാളെയിലേക്ക് പതിയെ തിരികെ നടക്കണം
വനസ്ഥലികളിലെ വിചിത്രാരവങ്ങൾക്കിടയിൽ
‘നിന്നെ ഞാൻ സ്നേഹിക്കുന്നു’
എന്ന് ആദ്യമായി നീ പറഞ്ഞ നിമിഷത്തെ
ഒളിമങ്ങാത്തൊരനർഘ
രത്നമായെൻ്റെ ഉടലിൽഅണിയണം
വാക്കിലെയഗ്നി കെട്ടുപോകാതെ
ആ നിമിഷമെന്നിൽ നിറഞ്ഞുനിൽക്കണം
പുറകിൽ കൊടിയ വേദനകളെ ഒളിപ്പിച്ചു
കള്ളച്ചിരിയുമായി വരുംകാലം നമ്മെ വരവേൽക്കുമ്പോൾ
നിന്നോടുള്ള പ്രണയാഗ്നിയിൽ കരിഞ്ഞുപോയ
നിശാശലഭമാകാതെ
നിൻ്റെ വിരലുകളിൽ വിരൽ കോർത്ത്
തോളോട് തോൾ ചേർന്ന്
കുനിയാത്ത ശിരസ്സുമായി,
മുന്നിലേക്ക് നടക്കണം
അപ്പോഴും നീ ചിരിക്കുമ്പോൾ മാത്രം ചിരിക്കുന്ന
നിൻ്റെയനിഷ്ടങ്ങളിൽ ഉരുകി
നിറമില്ലാതുഴറുന്ന നിഴൽ മാത്രമാവാതെ
എന്നെയെനിക്ക് ചേർത്ത് പിടിക്കണം
നിന്നെത്തിരഞ്ഞു നിന്നെയോർത്ത്
മാത്രം ജീവിച്ച നിമിഷങ്ങളിലെന്നോ
വഴിയിൽക്കളഞ്ഞുപോയ
എന്നെ കണ്ടെത്തണം
അതേ…നഷ്ടപ്പെട്ടുപോയ
എന്നെ ഞാൻ കണ്ടെത്തുന്ന
വേളയിലായിരിക്കും
എന്നത്തേക്കാളുമുപരിയായി
നിന്നെ ഞാൻ സ്നേഹിക്കുന്നത്
കാലം എൻ്റെ കാതുകളിൽ
വരാനിരിക്കുന്ന പുലരിയുടെ ഗീതങ്ങൾ മൂളുന്ന,
ഇന്നലെകളിൽ നിന്ന് തിരികെ നടക്കുന്ന
ആ യാത്രയിലാകും
നിന്നേക്കാളുമേറെ ഞാൻ
എന്നെ സ്നേഹിക്കാൻ പഠിക്കുന്നത്…
SHELBY
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂