Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
നീയില്ലാത്തൊരു ദിവസം
നിൻ്റെ നഗരത്തിൽ എത്തുമ്പോൾ
രാത്രിയിലും പകലൊളിച്ചു പാർക്കുന്ന
തെരുവുകളിലാവും ഞാൻ അലയുക
നിൻ്റെ പഴയ വീടിനു മുന്നിൽ
വഴിവിളക്കിനു കീഴെ
പണ്ടത്തെ പോലെ നിന്നെക്കാത്ത്
മെഹ്ദി ഹസ്സൻ്റെ ഒരു ഗസലും മൂളിനിന്ന്,
പാതയോരങ്ങളിൽ നീ നട്ട തൈകളങ്ങനെ
തണൽമരങ്ങളായി വളർന്നതും കണ്ട്
പക്ഷികൾ കൂടു കൂട്ടിയ
ശിഖരങ്ങളിൽ മുഖം ചേർത്ത്
നിൻ്റെ വിരൽത്തുമ്പിലെന്ന പോലെ
അവയുടെ തളിരിലകളിൽ മെല്ലെ തൊട്ട്,
നിനയ്ക്കാത്ത നേരത്ത്
പിറകെ വന്നു ഞെട്ടിക്കുന്ന
നിൻ്റെ വണ്ടിയുടെ കുസൃതിശബ്ദത്തിനു
വെറുതെയെന്നറിഞ്ഞിട്ടും കാതോർത്ത്,
പകലൊടുങ്ങുന്നത് നിശബ്ദമായി നോക്കിയിരുന്ന്
നെടുവീർപ്പുകളുടെ ഇടവേളയിലെപ്പോഴോ ഞാനറിയാതെ
രാത്രി കടന്നു വന്നെന്ന് വിസ്മയിക്കുമ്പോൾ
നഗരത്തിൻ്റെ മിഴികൾ
പതുക്കെ അടഞ്ഞു തുടങ്ങും
അപ്പോൾ രാവിൻ വിളുമ്പുകളിൽ
മാത്രമുറവ തേടുന്നൊരു
പുഴയുടെ പടവുകളെന്നെ മൂകമായി വിളിച്ചിറക്കും
എന്നുമെന്ന പോലെ
നിന്നിലേക്കുള്ള ദിശയറിയാതെ
എത്ര നീന്തിയാലുമെത്താത്തൊരു
കാണാത്തുരുത്തിനു നേരെ
ഇരുളലകളിൽ മുങ്ങിപൊങ്ങി
കൈകാലുകൾ കുഴഞ്ഞ്
ശ്വാസം മുട്ടിപിടയുമ്പോഴേക്കും
നീ നടന്ന വഴിയോരങ്ങൾ
ഓരോ പുൽനാമ്പിനെയും മരങ്ങളേയുമണച്ച്
നിശ്ശബ്ദമായൊരു ഗീതത്താൽ
പ്രകമ്പനം കൊണ്ട് നില്ക്കും
നിൻ്റെ വരവിനു കാതോർത്ത്
നിൻ്റെ നഗരമപ്പോളെനിക്കുചുറ്റും
പുതുജീവനോടുയിർത്തെണീക്കും
2 comments
Touching. Beautiful line.
Ninde nagarathil👌👌