Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
അല്പം പണ്ടാണ്, ചാണ്ടിചെറിയാൻ@ജിമെയിൽ.കോം എന്ന പേരിൽ എനിക്കും ചെറിയാൻചാണ്ടി@ജിമെയിൽ.കോം എന്ന് ഹരിക്കും ഞാൻ മുൻകൈ എടുത്ത് മെയിൽ ഐഡി ഉണ്ടാക്കിയത്. അന്നാണെങ്കിൽ ഹരി, സെറീന എന്ന് പേരുള്ള എന്നെ ചാണ്ടി എന്നും, ഞാൻ അവനെ ചെറിയാൻ എന്നും ഏതോ കാരണത്താൽ വിളിച്ചുകൊണ്ടിരുന്ന ഒരു കാലം. ഞങ്ങൾ ആദ്യം കണ്ടു മുട്ടിയത് ഒരു മാർച്ചിൽ ആയതിനാൽ ഒരു മെയിലിനു മാർച്ച്1234 എന്നും, ആദ്യമായി ചുംബിച്ചത് ഒരു ബുധനാഴ്ച ആയതിനാൽ വെഡ്നെസ്ഡേ1234 എന്ന് രണ്ടാമത്തേതിനും പാസ്സ്വേർഡുകൾ കൊടുത്തു.
ഇത് രണ്ടും ക്രിയേറ്റ് ചെയ്യുന്ന സമയത്ത് അത് എന്തിനെന്നോ ഏതിനെന്നോ ഞാൻ ഓർത്തില്ല എന്നത് സത്യമാണ്. ഹരിയും അതിനു വലിയ ശ്രദ്ധ കൊടുത്തതായി തോന്നിയില്ല.
അന്ന് ശ്രദ്ധ മുഴുവൻ പ്രണയത്തിലായിരുന്നു. ജോലി സ്ഥലത്ത് കണ്ടുമുട്ടി പ്രണയിച്ചതുകൊണ്ട് ജോലിയോടും പ്രണയമായിരുന്നു. തല മുതൽ കീഴ്പോട്ട് തീ പിടിച്ചത് പോലെ ഞാൻ ഹരിയേയും അവൻ തിരിച്ചും ഭ്രാന്തെടുത്ത് പ്രണയിച്ചുകൊണ്ടിരുന്നു.
അതിനിടയിൽ മാടുകളെ പോലെ പണിയെടുത്തുകൊണ്ടുമിരുന്നു (അത്രയും പണിയെടുക്കാനുള്ള ഒരു സ്ഥാപനമായിരുന്നു അത് ).
രഹസ്യാത്മകമായ ഒരു സ്വഭാവം ഞങ്ങളുടെ ബന്ധത്തിനു ഉണ്ടായിരുന്നത് കൊണ്ട് ഓരോ ചെറിയ സംഭവങ്ങൾക്കും ഒരു ചെറു ഭൂകമ്പത്തിൻ്റെ പ്രതീതിയാണ് ഉണ്ടായിരുന്നത്.
ഭൂകമ്പത്തെക്കുറിച്ചു പറയുന്നതിന് മുൻപ് കാര്യങ്ങളുടെ കിടപ്പുവശം ഒന്ന് പറഞ്ഞോട്ടെ..
ആരുമറിയാതെ ഞങ്ങളുടെ അടുപ്പം നിലനിർത്തണം എന്നത് അന്നത്തെ വലിയൊരു ലക്ഷ്യമായിരുന്നു.
എത്ര നാളേക്ക് ആരുമറിയാതെ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. കാരണം അങ്ങനെ ഒരു ദീർഘവീക്ഷണം രണ്ടാൾക്കുമുണ്ടായിരുന്നില്ല.
പിന്നെ രഹസ്യാത്മതയുടെ കാരണം അത്ര ഗഹനമായതല്ല. തികച്ചും മതപരം. വെൽക്കം ടു ഇൻക്രെഡിബിൾ സെക്കുലർ ഇന്ത്യ.
എൻ്റെ അപ്പൻ ധനികനായ അംരീഷ് പുരിയും, ഹരിയുടെ അച്ഛൻ ദരിദ്രനായ അനുപം ഖേറും എന്ന സ്ഥിതിയൊന്നും അല്ലായിരുന്നു.
പക്ഷേ പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് കോളേജിൽ അയക്കുന്ന ദിവസം കുടുംബക്കാരെ ഒക്കെ വിളിച്ചു വരുത്തി പ്രത്യേക പ്രാർത്ഥനയൊക്കെ കഴിഞ്ഞ് എൻ്റെ അപ്പൻ ആറാട്ട്പറമ്പേൽ തിമോത്തി സാധാരണ ഉണ്ടാവാറുള്ളതിൽ കവിഞ്ഞ ഒരു പട്ടി ഷോയും കൂടെ നടത്തി.
അവരുടെയൊക്കെ സാന്നിധ്യത്തിൽ തന്നെ തിരുക്കുടുംബത്തിനു മുൻപിൽ നിന്ന് ബൈബിളിൽ എൻ്റെ കയ്യും വച്ചു അപ്പൻ പറയുന്നത് ഏറ്റു ചൊല്ലാൻ പറഞ്ഞു.
ഞാൻ ഏറ്റു ചൊല്ലി.
“കർത്താവാണ്, തിരുക്കുടുംബമാണ്, അപ്പൻ പറയുന്നത് വിട്ടു നടക്കില്ല. പ്രേമിക്കാനോ കറങ്ങിനടക്കാനോ തുനിയുകയില്ല”.
ഈ നാണം കെട്ട പ്രതിജ്ഞ എടുക്കുമ്പോഴും എനിക്ക് അത്ര പന്തികേട് അന്ന് തോന്നിയില്ല എന്നത് സത്യം തന്നെ.
പ്ലസ്ടുവിനു ഫുൾ എ പ്ലസും മേടിച്ചു കോളേജിൽ ചേരുന്നത് പ്രേമിക്കാനല്ല എന്ന് എനിക്ക് നന്നായിട്ട് അറിയാമായിരുന്നു.
പിന്നെ വ്യക്തി സ്വാതന്ത്ര്യം എന്ന വാക്കിന് അന്ന് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിൻ്റെ ഉത്തരം എന്നതിൽ കവിഞ്ഞ ഒരർത്ഥം എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല. ഇനി അർത്ഥം കാണാൻ കഴിഞ്ഞാലും ആറാട്ട്പറമ്പേൽ തിമോത്തിയുടെ ഒറ്റ മോൾക്ക് അതുകൊണ്ട് പ്രയോജനവുമില്ല എന്നത് സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഇന്ത്യയിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ഏകാധിപത്യ സ്ഥാപനമായ ആറാട്ട്പറമ്പേൽ കുടുംബത്തിലെ എല്ലാവർക്കും അറിയാമായിരുന്നു.
ഇതേ കർത്താവിൻ്റെ നോട്ടത്തിനു കീഴെ ഭൂഗോളത്തിൻ്റെ പല രാജ്യങ്ങളിലുമുള്ള അപ്പനമ്മമാർ മക്കളെ ഡേറ്റിംഗിന് മംഗളമാശംസിച്ചു വിട്ടു സന്തോഷത്തോടെ ജീവിക്കുന്നുണ്ടപ്പാ എന്ന് അപ്പനോട് വിളിച്ചു പറയാൻ അന്ന് ബൈബിളിൽ തൊട്ട് പ്രതിജ്ഞ എടുക്കാൻ നേരം എനിക്ക് തോന്നിയില്ല.
തോന്നിയത് ജോലിക്ക് ചേർന്ന് ഹരിയെ കണ്ടപ്പോൾ മുതലാണ്. എൻ്റെയുള്ളിലുള്ള പ്രിയങ്കരമായ എന്തോ ഒന്ന് ഉടലെടുത്ത് വന്നത് പോലെ നഷ്ടപ്പെട്ട എന്തിനെയോ തിരിച്ചു കിട്ടിയതുപോലെ അവനെൻ്റെയുള്ളിലേക്ക് ഒരു പ്രകാശകണത്തിൻ്റെതിന് തുല്യമായ ഒരു വെലോസിറ്റിയിൽ കടന്നുവന്നപ്പോൾ മുതൽ.
പ്രണയം അതിൻ്റെ ഫുൾ ഫിഗറിൽ നമുക്കുള്ളിൽ പടമെടുത്ത് നിന്നാൽ തീരാവുന്ന പ്രതിജ്ഞകളേ ഈ ലോകത്തുള്ളൂ എന്ന ഒരു ഭയങ്കര സത്യം ഞാൻ അങ്ങനെ തിരിച്ചറിഞ്ഞു.
അവിടെ ജാതിയുമില്ല മതവുമില്ല സദാചാര ചിന്തകളുമില്ല അപ്പനും ബൈബിളുമില്ല.
എൻ്റെയപ്പൻ ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ സ്ഥാപനത്തിൽ മിന്നൽ വിസിറ്റ് നടത്തുന്നത് കൊണ്ടും അവിടത്തെ എക്സ് പട്ടാളക്കാരനായ സദാനന്ദൻ എന്ന സ്റ്റാഫിനെ ശിങ്കിടി ആക്കി വച്ചിട്ടുള്ളതുകൊണ്ടും ഞങ്ങളുടെ പ്രണയം അതിൻ്റെ ഉച്ചസ്ഥായിയിലും രഹസ്യമായി തന്നെ തുടർന്നു.
ജോലിസ്ഥലത്ത് വച്ചു സംസാരിക്കാനുള്ള അവസ്ഥ ഇല്ലായിരുന്നു. എസ് എം എസ് മാത്രമയക്കാൻ പറ്റുന്ന ടൈപ്പ് മൊബൈൽ അന്ന് ഉണ്ടായിരുന്നു. പക്ഷേ മൊബൈലിലേക്ക് ഒന്ന് നോക്കാൻ പോലുമുള്ള ഒഴിവില്ലായിരുന്നു. അഥവാ ഉണ്ടെങ്കിൽ തന്നെ “ഹരിയും സെറീനയും ഫുൾ ടൈം മൊബൈലിൽ കുത്തിപിടിച്ചാണല്ലോ ഇരിപ്പ്” എന്ന കരക്കമ്പി പേടിച്ച് ഞങ്ങൾ മൊബൈലുകൾ ബാഗിൽ നിന്ന് എടുത്തതേയില്ല.
ഒരു ജോലിയുടെ ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് കൊണ്ട്, അതിനു വേണ്ടി സ്വന്തം സീറ്റ് വിട്ടെഴുന്നേറ്റ് മറ്റേയാളുടെ സീറ്റിനടുത്തേക്ക് ആർക്കും സംശയം ഉളവാക്കാത്ത രീതിയിൽ പോകാമായിരുന്നു എന്നതാണ് ജന നിബിഡമായ ആ ഓഫീസിലും രഹസ്യാത്മകത കാത്തു സൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതിൻ്റെ കാരണം.
ഉദാഹരണത്തിനു ഒരു ഒഫീഷ്യൽ രേഖ എൻ്റെ കയ്യിൽ കൊണ്ടേൽപിക്കുന്ന കൂട്ടത്തിൽ ഹരി ഉറക്കെ പറഞ്ഞെന്നിരിക്കും
“അതിൻ്റെ കൂട്ടത്തിൽ ക്ലയന്റ് തന്ന ഒരു ചെറിയ കുറിപ്പ് കൂടെയുണ്ട്. നോക്കണേ”..
അല്പം കഴിഞ്ഞ് തിരിച് ഒരു വൗച്ചർ കൊണ്ട് കൊടുത്ത് ഞാൻ പറയും..
“ആ ക്ലയന്റിന്റെ കാര്യം ഓക്കേ ആക്കീട്ടുണ്ട്”
ഇങ്ങനെ കൈമാറുന്ന കുറിപ്പുകൾ വഴി ഞങ്ങളുടെ പ്രണയം ചിലപ്പോൾ കണിക്കൊന്ന പോലെ പൂത്തു തളിർത്തു. ചിലപ്പോൾ കനൽ പോലെ തിളച്ചു ചൂട് പ്രസരിപ്പിച്ചു. പ്രാവുകളെ പോലെ കുറുകി. ചിലപ്പോൾ തീരങ്ങളെ തകർത്ത് സുനാമി പോലെ ആഞ്ഞടിച്ചു. ചിലപ്പോൾ കാട്ടാറുകളെ പോലെ ശാന്തസുന്ദരമായി ശുദ്ധമായങ്ങനെ ഒഴുകി.
ചിലപ്പോൾ ഒരു വാക്കുപോലും പരസ്പരം ഉറക്കെ പറയാതെ കുറിപ്പിലൂടെ വൻ വഴക്കുകൾ കഴിഞ്ഞു. വൈകിട്ട് ഇറങ്ങുമ്പോഴേക്കും തീരുന്ന പിണക്കങ്ങൾ.
പിന്നെ എപ്പോഴോ ഓഫീസിനു പുറത്തു വച്ചും കാണാൻ തുടങ്ങി.
പക്ഷേ ഒന്നും ഒരു സൂചനയും മറ്റുള്ളവർക്ക് കൊടുക്കാതെ.
ഓഫീസിൽ വേറെ ആർക്കുമറിയാത്ത ഒരു ‘ദിവ്യരഹസ്യം’ആയിട്ടാണ് ഞങ്ങൾ ഈ പ്രണയത്തെ കണ്ടത്. അങ്ങനൊന്ന് ഉള്ളതിൻ്റെ ത്രില്ല് ഞങ്ങളെ ഹരം കൊള്ളിച്ചു. എറ്റവും അടുത്തവർ ആയിട്ടും വെറും സഹപ്രവർത്തകരായി അവരുടെ മുന്നിൽ നടക്കുമ്പോൾ ഉള്ള ഭ്രാന്തൻ രസം.
ഞാൻ മുൻപ് സൂചിപ്പിച്ച ചെറുഭൂകമ്പം ഉണ്ടാകുന്നത് വരെ അതങ്ങനെ തുടർന്നു.
ഒരു ദിവസം ഞാൻ ഓഫീസിൽ കയറി വരുമ്പോൾ രണ്ട് മൂന്നാളുകൾ എക്സ് പട്ടാളത്തിൻ്റെ മേശക്കടുത്തുണ്ട്.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഹരി അതീവശാന്തനായി കുനിഞ്ഞിരുന്നു പണിയെടുക്കുന്നുണ്ട്.
ആ ശാന്തതക്ക് നിദാനമായ കൊടുങ്കാറ്റ് വട്ടം കൂടി നിന്നവരുടെ വാക്കുകളിലൂടെ തിരിഞ്ഞു.
ഒരാൾ ഏതോ ഫയലിൽ നിന്ന് ഒരു പേപ്പർ പൊക്കിപ്പിടിച്ചു ആഭാസകരമായ ഒരു ചുവയിൽ വായിക്കുന്നു.
“ചാണ്ടി, ഞാൻ മാത്യൂസ് ചേട്ടൻ തന്ന ഒരു പെഗ് കഴിച്ചാണ് ഇരിക്കുന്നത്. ഇപ്പോൾ ഉമ്മ ചോദിച്ചാൽ ഒന്നും നോക്കാതെ, ആരെയും നോക്കാതെ ഞാൻ വന്നങ്ങു തരും.. വിത്ത് മാഡ് ലവ്, ചെറിയാൻ”
എൻ്റെ ഉടലിലൂടെ നെറുകയിൽ നിന്നൊരു ഹൈ വോൾടേജ് മിന്നൽ പിണരിറങ്ങി.
വായിക്കുന്നത് ഹരി എനിക്ക് തലേന്ന് എഴുതിയ കുറിപ്പ്!
ഹരി എഴുതിയ കുറിപ്പ് കഷ്ടകാലത്തിനു കാർബൺ പേപ്പർ അകത്തുള്ള ഏതോ ഫയലിൻ്റെ മുകളിൽ വച്ചായത് കൊണ്ട്, മറ്റേതോ ഒഫീഷ്യൽ പേപ്പറിൽ പതിഞ്ഞിരിക്കുന്നു.
എക്സ് പട്ടാളം ഞങ്ങളുടെ ബോസ്സിൻ്റെ മുറിയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..
“മനോഹരൻ സാറെ, ഇവിടെ ആരൊക്കെയോ സ്മാൾ ഒക്കെ അടിച്ചു ഓഫീസിൽ വരുന്നുണ്ട്. ആർക്കാണ്ടൊക്കെ എന്തൊക്കെയോ കൊടുക്കുന്നുമുണ്ട്”
ദിവ്യരഹസ്യം നാണം കെട്ട രീതിയിൽ അങ്ങാടിപ്പാട്ടാകാൻ പോകുന്നു. അപ്പൻ അറിയാൻ പോകുന്നു..
ഞാൻ ഇരുന്നു വിയർപ്പിൽ കുളിച്ചു. പിന്നെ ഹിമശില പോലെ ഉറഞ്ഞു.
കൂട്ടത്തിൽ ‘എലിജിബിൾ ബാച്ലർസ്’ ഞങ്ങൾ ആയത് കൊണ്ട് അത് ഞങ്ങളുടെ തലയിൽ തന്നെ വീഴുമെന്നുറപ്പായിരുന്നു.
പക്ഷേ വീണില്ല. മറിച്, ഓഫീസിൽ വച്ചു അല്പം പരസ്യമായി തന്നെ പ്രേമിക്കാൻ ധൈര്യം ഉള്ള രണ്ട് ‘എലിജിബിൾ മാരീഡ്’ പ്രണയ ജോഡികളുടെ തലയിൽ വീഴുകയും ചെയ്തു.
അപ്പോൾ രക്ഷപ്പെട്ടെങ്കിലും ബട്ടർഫ്ലൈ എഫക്ട് എന്നൊക്കെ പറയുന്നത് പോലെ കുറിപ്പിൻ്റെ ചിറകടിയൊച്ചയിൽ നിന്ന് തുടങ്ങി അടുത്തതിലേക്ക് കടന്ന് ഒരു ആറുമാസത്തിനുള്ളിൽ ഓഫീസിൽ എല്ലാവരും അറിഞ്ഞു. പിന്നെ അപ്പൻ്റെ ചെവിയിൽ സംഭവമെത്തി.
ചിത്രശലഭത്തിൻ്റെ ചിറകടിയൊച്ച വൻ പ്രഹരശേഷി ഉള്ള, റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂകമ്പമായി ആറാട്ട്പറമ്പേൽ ഫാമിലിയെ പിടിച്ചുലച്ചു.
എന്നെ ജോലിക്ക് വിടാതെയായി.
അന്നേരം ഹരിയെ പിരിയാൻ കഴിയില്ലെന്ന സത്യം തുറന്ന് പറയുന്നതിന് പകരം അപ്പൻ്റെ കയ്യും കാലും പിടിച്ചു ബൈബിൾ പ്രഹസനം ഒന്നുകൂടി നടത്തി ജോലിക്ക് എങ്ങനെയെങ്കിലും തിരിച്ചു വരാനുള്ള ശ്രമമാണ് ഞാൻ നടത്തിയത്.
ആ സത്യത്തിൻ്റെ പുറത്ത് ഒരാഴ്ച കൊണ്ട് ജോലിക്ക് വരാൻ തുടങ്ങി.
കണ്ടിഷൻസ് അപ്ലൈഡ് -ഫോൺ പിടിച്ചു വച്ചു. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന അമ്മാച്ചൻ്റെ മകൻ ഡാനി എൻ്റെ ട്രാൻസ്പോർട്ടഷൻ ചുമതല ഏറ്റെടുത്തു.
മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ട് ആനന്ദം കണ്ടെത്തുന്ന സദാനന്ദൻ്റെ വിശുദ്ധ ദൃഷ്ടി പതിക്കുമെന്നത് കൊണ്ട് ഞാനും ഹരിയും പരസ്പരം കുറിപ്പുകൾ കൈമാറൽ നിർത്തി.
ഒരിക്കൽ ഭക്ഷണം കഴിച്ചു വാഷ് ബേസിന് അടുത്ത് വച്ചു കിട്ടിയ ഒരു അപൂർവ നിമിഷത്തിൽ ഹരി അപ്പൻ പിടിച്ചുവച്ച ഫോണിനു പകരം എനിക്ക് പുതിയതൊന്നു തന്നു. എന്നിട്ട് പറഞ്ഞു..
“ഒരു വർഷം. അതുകൂടി ഒന്ന് പിടിച്ചു നിൽക്കണം. പെങ്ങളുടെ കല്യാണം കഴിയുന്നേനു മുൻപേ 23 വയസ്സിൽ എനിക്ക് കെട്ടണമെന്നു വീട്ടിൽ പറയാൻ പറ്റില്ല. ഒറ്റ വർഷം മാത്രം മതി”
ഒരുപാട് കാലത്തിനു ശേഷമുള്ള ഒരു നീണ്ട ചുംബനത്തിനു ശേഷം പിരിയുമ്പോൾ അവൻ ഒന്നുകൂടി പറഞ്ഞു
“ഒരു കാരണവശാലും ജോലി കളയരുത്. എന്തുണ്ടായാലും”
പക്ഷെ വിധിക്ക് ചില മ്യാരക ട്വിസ്റ്റ്കൾ ഉണ്ട്. അവന് കൊടുത്ത രണ്ടു വാക്കും എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല.
എൻ്റെ പുതിയ ഫോൺ പിടിക്കപ്പെട്ടു. (ചാണ്ടിചെറിയാൻ എന്ന ഞങ്ങളുടെ മെയിൽ ഐഡി എന്ത് പാസ്സ്വേർഡ് ഇട്ടിട്ടും തുറക്കാൻ പറ്റുന്നില്ല എന്ന് അവൻ മെസ്സേജ് അയച്ചുകൊണ്ടിരിക്കുമ്പോൾ )
എൻ്റെ കരച്ചിലിനും എതിർപ്പിനും ഞങ്ങളുടെ മേലധികാരികളുടെ മധ്യസ്ഥതക്കും ഹരിയുടെ വിഫല ശ്രമങ്ങൾക്കും ഒടുവിൽ അപ്പൻ എന്ന മേജർ ജനറലിൻ്റെ പട്ടാളഭരണത്തിൻ കീഴിലുള്ള ടെറിറ്റോറിയൽ പ്രജയായ എന്നെക്കൊണ്ട് അപ്പൻ രാജിക്കത്ത് കൊടുപ്പിച്ചു.
നമ്മുടെ രാജ്യത്ത് ‘സ്വാതന്ത്ര്യം’ എന്നത് എത്ര പൊള്ളയായ ഒരു വാക്കാണ് എന്ന് ഞാൻ മനസ്സിലാക്കി. കാരണം സ്വന്തം മകളുടെ കാര്യത്തിൽ ആർട്ടിക്കിൾ 16-ഉം 21-ഉം കാറ്റിൽ പറത്തിയെറിഞ്ഞ് വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും തടസ്സം നിന്നിട്ടും എൻ്റെ അപ്പനെ ആരും ശിക്ഷിച്ചില്ല. ഒരു റിട്ട് ഹർജി പോലും ആരും കൊടുത്തില്ല.
പഠിച്ചു ടെസ്റ്റെഴുതി കിട്ടിയ ജോലി രാജി വച്ചു പാതി ഭ്രാന്തായി പോയ മനസ്സോടെ വീട്ടിൽ കയറാതെ ഇറയത്ത് നിലത്തിരുന്ന എന്നെ വലിച്ച് അകത്തിട്ട്.
അപ്പൻ ആദ്യമായി തല്ലി.
തല്ലു കൊണ്ട് എപ്പോഴോ ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു.
“നമ്മുടെ കുടുംബക്കാർ മുഴുക്കെ ഇവിടെ ഉണ്ടായിരുന്ന ഹിന്ദുക്കളു മതം മാറി ഉണ്ടായവരാന്നല്ലേ അപ്പാ പറയുന്നേ. എന്തിനാ അപ്പാ എന്നിട്ടുമിങ്ങനെ വാശി പിടിക്കുന്നെ? ”
അടുത്ത തല്ല് സർവ്വശക്തിയുമെടുത്ത് എൻ്റെ മുഖമടച്ച് തന്ന് അപ്പൻ അത് പറഞ്ഞു
“നമ്മളു ക്രിസ്ത്യാനി ആയതേ, നമ്പൂതിരി മതം മാറിയിട്ടാ.
അവനേ —–യനാ.. കേട്ടോടി ന്യായക്കാരി!
—–യൻ!
നീ ചത്തു പോയാലും പോട്ടെന്നു ഞാൻ വയ്ക്കും. പക്ഷേ അവന് കൊടുക്കില്ല”
അപ്പൻ്റെ അടിയുടെ ആഘാതത്തിൽ എൻ്റെ കണ്ണിനു മുന്നിലൂടെ സ്വർണ്ണനിറമുള്ള ഈച്ചകൾ പറക്കുന്നത് ഞാൻ കണ്ടു. അവയ്ക്കിടയിലൂടെ തലമുറകളായി ചെയ്ത പാപങ്ങൾക്ക് കുറുകെ ഒരു ചരട് ക്രോസ്സായി കെട്ടിയ നിലയിൽ ഞങ്ങളുടെ പ്രപിതാമഹനെയും കണ്ടു.
അബദ്ധജടിലങ്ങളായ സ്വന്തം മുരട്ടു ന്യായങ്ങൾക്ക് മേലെ അഭിമാനത്തോടെ അടയിരിക്കുന്ന അപ്പനോട് ആദ്യമായി എനിക്ക് സഹതാപം തോന്നി.
അതുവരെ ഞാൻ അന്വേഷിക്കാത്ത ഹരിയുടെ ജാതിയും വർണവും എൻ്റെ ചെവിക്കല്ല് പൊട്ടിക്കുന്ന തരത്തിൽ അപ്പൻ എന്നിലേക്ക് അടിച്ചിറക്കിയ ആ നിമിഷത്തിൽ ആണ് ഒട്ടും ദീർഘദൃഷ്ടി ഇല്ലാതിരുന്ന എൻ്റെ പ്രണയത്തിനു അതുണ്ടായത്.
അതുവരെ സ്വയം പറയാത്ത ഒരു പ്രതിജ്ഞ ഞാൻ എൻ്റെ മനസ്സിൽ അങ്ങ് എടുത്തു.
“ഇനിയങ്ങോട്ട് എന്തൊക്കെ സംഭവിച്ചാലും ഹരിയുടെ കൂടെ അല്ലാത്തൊരു വിവാഹം എനിക്ക് വേണ്ട”
അവിടുന്നങ്ങോട്ട് അപ്പൻ്റെ നാട്ടിലുള്ള തറവാട്ട് വീട്ടിൽ മാസങ്ങളിലേക്കും വർഷത്തിലേക്കും നീണ്ട തടങ്കലിൻ്റെ ദിവസങ്ങൾ തുടങ്ങി .
ഫോണോ കമ്പ്യൂട്ടറോ ഇല്ല. രാവും പകലും അമ്മ കൂട്ടിന്. പള്ളിയിൽ പോകാൻ ആരുമില്ലെങ്കിൽ ഡാനി.
ജർമനിയിലേക്ക് അമ്മാച്ചൻ്റെ മൂത്ത മകളുടെ അടുത്തേക്ക് എന്നെ അയക്കാനുള്ള ശ്രമങ്ങളും ഒരുവശത്ത്.
ഇതിൻ്റെ ഇടയിൽ ഭ്രാന്ത് വരാതെ കാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടെ ഇരുന്നു. സ്വന്തം അപ്പനെയും അമ്മയെയും ഞാൻ വെറുക്കാൻ തുടങ്ങി. ബന്ധുക്കളെ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. പിന്നെ എല്ലാറ്റിലുമുപരി ഇതെല്ലാം വരുത്തി വച്ചതിനു സ്വയം ശിക്ഷിക്കാൻ തുടങ്ങി.
ഹരിയുടെ ഒരു വിവരവും ഇല്ലായിരുന്നു. അവൻ ജീവനോടെ ഉണ്ടോ എന്നുപോലും അറിയാത്ത അവസ്ഥ.
സ്വയം ചെയ്ത വാക്ക് പോലും മറന്നു അവനോടും എനിക്ക് വെറുപ്പ് തോന്നിത്തുടങ്ങിയിരുന്നു
ഞാൻ ചെയ്ത അതേ കാര്യത്തിൽ പങ്കാളിയായിട്ടും ഒരു കോട്ടവും സംഭവിക്കാതെ അവൻ ജോലിക്ക് പോകുകയും സാധാരണ ജീവിതം ജീവിക്കുകയും ചെയ്യുന്നല്ലോ എന്ന് പോലും ചിന്തിച്ചു.
ഇന്ത്യൻ ഭരണഘടന രണ്ടാക്കി ആണിനും പെണ്ണിനും വെവ്വേറെ ആക്കി എഴുതാമായിരുന്നില്ലേ എന്ന് മനസ്സിൽ അംബേദ്കറോട് ഒരായിരം തവണ ചോദിച്ചു.
(സമത്വം എന്ന വാക്കിൻ്റെ പ്രഹസനത്തെ പറ്റി ഒരു നൂറു പ്രബന്ധങ്ങൾ എനിക്ക് അക്കാലത്ത് എഴുതാൻ കഴിയുമായിരുന്നു)
പിന്നെയും സ്വന്തം സ്വാതന്ത്ര്യവും അവകാശങ്ങളും അപ്പന് തീറെഴുതി കൊടുത്ത തന്റേടമില്ലായ്മക്ക് സ്വയം പഴിക്കാൻ തുടങ്ങി.
ഒടുവിൽ ഹരിയുടെ പ്രണയത്തിൻ്റെ ബാക്കിപത്രം എന്നോണം ശേഷിക്കുന്ന ഞങ്ങളുടെ പേര് ചേർത്തെഴുതിയ ഒരു കുഞ്ഞു മരലോക്കറ്റിൽ വെറുതെ പിടിച്ച്, രാത്രികളിൽ, തകർന്നുപോയ എൻ്റെ പ്രണയത്തെ തിരിച്ചു പിടിക്കാൻ ഞാൻ ശ്രമിച്ചു.
പിന്നെ എപ്പോഴോ ആണ് അവൻ എൻ്റെ കാര്യം സൗകര്യപൂർവ്വം മറന്ന് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടാവും എന്ന നിരാശാഭരിതമായ ചിന്ത എന്നിലേക്ക് വന്നു ചേർന്നത്.
അത് പറിച്ചെറിഞ്ഞാലും പിന്നെയും വളരുന്ന കള പോലെ മനസിനെ കീഴ് പെടുത്താൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് ഭക്ഷണം പോലും വേണ്ടാതായി തുടങ്ങി.
“ഇപ്പോഴും അവൻ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന ഒരു ക്ലൂ എങ്കിലും കാട്ടി തരണേ”..ജീവിതത്തോട് ഞാൻ കെഞ്ചാൻ തുടങ്ങി.
സ്വയം കീഴടങ്ങി സ്വന്തം മുറിയിൽ ഒളിച്ചിരിക്കുന്ന ഒരാൾക്ക് എന്ത് ക്ലൂ കൊടുക്കാനാണ് എന്ന് ജീവിതം തിരിച്ചു ചോദിച്ചു കൈ മലർത്തുന്നത് ഞാൻ അറിഞ്ഞില്ല.
അക്കൊല്ലം ടി വി യിൽ ലോകം മുഴുവൻ വാലെന്റൈൻസ് ഡേ ആഘോഷിക്കുന്നത് ഞാൻ പുച്ഛത്തോടെ കണ്ടു. വാലൻന്റൈൻ എന്ന പാതിരിയെ ഞാൻ കണക്കിന് പ്രാകി.
അന്ന് രാത്രി തേക്കാൻ അടുത്ത കടയിൽ കൊടുത്ത ഷർട്ട് അപ്പൻ അകത്തെടുത്തു വെക്കാൻ പറഞ്ഞു എൻ്റെ നേരെ നീട്ടി, എൻ്റെ മുഖത്ത് നോക്കാതെ (ഞങ്ങൾ ആയിടെയായി അങ്ങനെ മുഖാമുഖം കാണാറില്ലായിരുന്നു പൊതുവെ).
ഷർട്ടിനെ പൊതിഞ്ഞ പത്രക്കടലാസ് മാറ്റി അത് അലമാരയിൽ വയ്ക്കാൻ നോക്കാൻ നേരത്ത് ഒരു കാര്യം എൻ്റെ കണ്ണിൽ പെട്ടു.
അത് അന്നത്തെ തന്നെ പത്രമായിരുന്നു
ഫെബ്രുവരി 14.
അതിൽ ആ പേജ് മുഴുക്കെ വാലൻന്റൈൻ ദിന സന്ദേശങ്ങൾ ആയിരുന്നു.
വെറുതെ, ഒരു പ്രതീക്ഷയുമില്ലാതെ, ഞാൻ അവ വായിക്കാൻ തുടങ്ങി.
പൊന്നേ, കണ്ണാ.. ഐ ലവ് യൂ, നീയില്ലാത്ത ഓരോ ദിവസവും എന്നെ കൊല്ലുന്നു തുടങ്ങിയ നൂറു കണക്കിന് സന്ദേശങ്ങൾ.
ഏതോ ഭാഗ്യം ചെയ്ത പ്രണയികൾ!
അതൊന്നും ഹരിയുടെ പേരിൽ നിന്നോ നമ്പറിൽ നിന്നോ ആയിരുന്നില്ല.
ഞാൻ ഹതാശയുടെ എവറസ്റ്റ് കീഴടക്കി അങ്ങനെ നിൽക്കുമ്പോൾ ഒരു തെറ്റിദ്ധാരണക്കും വകയില്ലാത്ത തരത്തിലുള്ള ഒരു ഇംഗ്ലീഷ് മെസ്സേജ് ഞാൻ കണ്ടു
“ചാണ്ടി,
ചെറിയാൻ എന്നതിൻ്റെ സ്പെല്ലിങ്ങിൽ y ഉണ്ടായിരുന്നു. പാസ്സ്വേർഡ് വെഡ്നെസ്ഡേ1234.
സ്വന്തം ചെറിയാൻ”
അത് വരെയുള്ള എൻ്റെ ജീവിതവും ജീവിച്ച കാലവും എല്ലാ വികാരങ്ങളും ആ നിമിഷത്തിൽ ആ സന്ദേശത്തിലേക്ക് വന്നു ഒരു അഗ്നിപർവ്വതത്തിൻ്റെ സ്ഫോടകശേഷിയോടെ എൻ്റെയുള്ളിൽ വിങ്ങി നിന്നു. നഷ്ടബോധവും വെറുപ്പും അന്യതാബോധവുമെല്ലാം എവിടേക്കോ ലാവയായി തിളച്ചുരുകിയൊഴുകിതീർന്നു.
ഞാനാകെ മൊത്തം പ്രണയത്താൽ അന്ധയും ബധിരയും മൂകയുമായി തീർന്നു.
അപ്പോഴും മനസ്സിൻ്റെ ഉള്ളിൽ ചിരിച്ചു കൊണ്ട് ഹരി എന്ത് മണ്ടനാണ് എന്ന് ഞാനോർത്തു.
ഇ മെയിൽ തുറക്കാനുള്ള അവസ്ഥ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഈ ഒരു പത്രക്കടലാസിലേക്ക് നോക്കി വാലൻന്റൈൻ ദിനത്തിൽ എനിക്ക് സന്തോഷക്കണ്ണീരൊഴുക്കേണ്ട അവസ്ഥ ഉണ്ടാകുമോ?
പിന്നീട് നടന്നതെന്തെന്നും ഇന്ത്യൻ ഭരണഘടനയിൽ എനിക്ക് വീണ്ടും വിശ്വാസം ജനിച്ചതെങ്ങനെ എന്നും ഇവിടെ ഞാൻ പറയുന്നില്ല.
അപ്പൻ്റെ തണലില്ലാതെയും ജീവിക്കാമെന്നും ഒന്നിൽ നിന്നും വീണ്ടും ജീവിതം തുടങ്ങാമെന്നും ആറാട്ട്പറമ്പേൽ തിമോത്തിയുടെ മകൾക്ക് മാമോദീസ വെള്ളം തലയിൽ വീഴാത്ത ഹരിയുടെ പങ്കാളിയായി ജീവിക്കാമെന്നും കാലം തെളിയിച്ചു എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്താമെന്നു തോന്നുന്നു.
ശുഭം!!!!
2 comments
Good heavens! I want to know the ending! Exciting to know you have overcome adversity. Has love prevailed?
U read it nd understood?