Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
നിൻ്റെ മുറിയുടെ ചുവരുകൾക്കു
നീലനിറമായിരുന്നു
സ്വപ്നത്തിൻ്റെ കടും നീല നിറം..
കാണാത്ത ലോകങ്ങളിലെ
രാത്രിയുടെ നിറം..
ചുറ്റും പകലൊഴുകി നിറയുമ്പോഴും
അത് ഇരുണ്ടു തന്നെയിരുന്നു..
ഞാൻ വന്നതറിയാതെ
ഇരുളിലേക്ക് മുഖമമർത്തി നീയുറക്കമായിരുന്നു..
നിന്നെ ഉണർത്താതെ, കൈ നീട്ടി തോളിൽ തൊടാതെ
വെറുതെ ഞാൻ അവിടെ നിന്നു.
മുറിഞ്ഞ വാക്കുകൾ മാത്രമുള്ള
അർത്ഥമില്ലാത്ത എൻ്റെ ചോദ്യങ്ങൾ
വേരുകൾ പോലിറങ്ങി
നിന്നെ ചുറ്റിവരിഞ്ഞു..
അപ്പോൾ..
ചില്ലുടഞ്ഞു ചിതറും പോലെ
വെളിച്ചം എന്നെ തകർത്തുകൊണ്ട്
മുറി നിറഞ്ഞു..
കണ്ണ് തുറക്കുമ്പോൾ
അമ്മയുടെ നനവുള്ള കൈയ്യിൽ
പൊള്ളിപ്പിടഞ്ഞെൻ്റെ നെറ്റി
പനിച്ചൂടിൽ വിങ്ങി
കേൾക്കാനാവാത്ത നിൻ്റെ മറുപടികളിൽ
കലങ്ങിമറിഞ്ഞൊരു പുഴ
കണ്ണുകളിൽ പിറവിയെടുത്തു
കവിളുകളിലൂടെ നിർത്താതെ ഒഴുകുമ്പോൾ..
ഇനിയൊരിക്കലും നീ വരികയില്ലാത്ത
ശൂന്യമായ നിൻ്റെ മുറിയുടെ നീലിമയിലേക്ക്
അമ്മ നടന്നുകയറി….