വെയിൽ കത്തിയാളുമൊരുച്ചനേരത്ത്
ആരോ മറന്നിട്ട നാട പോലെ അനാഥമായൊരു
പഴയ സ്റ്റേഷനിൽ
നിന്നെ കാണാനായി, അതിനായ് മാത്രം..
ഞാൻ തീവണ്ടിയിറങ്ങുന്നത്
ഉണർവിലെന്ന പോലത്രമേൽ വ്യക്തമായ്
പുലരിയെത്തുന്നേരമെവിടെ നിന്നോ വന്ന
സ്വപ്നത്തിനൊടുവിൽ ഇന്നലെ കണ്ടു..
നീ നടന്നടുക്കും മുൻപേ കൈയുയർത്തി,
പേര് ചൊല്ലി എന്നെ വിളിക്കുന്നതിൻ മുൻപേ
വല്ലപ്പോഴും വരുമതിഥി പോലൊരു തിളക്കം
വിഷാദമുറഞ്ഞ നിൻ്റെ കണ്ണുകളിൽ കണ്ട്
അവിടവിടെ മഷി പടർന്നവ്യക്തമായ
നിൻ്റെ വാക്കുകൾക്കിടയിലൂടലഞ്ഞും
തിരഞ്ഞും ഞാൻ മനസ്സിൽ വരച്ചിട്ട രൂപം.
ഒരിക്കലും കാണാത്ത നിൻ്റെ മുഖം..
ഞാൻ തിരിച്ചറിഞ്ഞു..
വെയിൽ കുടിച്ചു വീണ ചെറു മഞ്ഞപൂക്കൾ
തമ്മിൽതൊട്ട് തളർന്നുകിടന്ന വഴിയിലൂടെ
എവിടേക്കെന്നില്ലാതെ നാം നടക്കുമ്പോൾ
അപരിചിതയോടെന്ന പോലെ
നിനക്ക് വാക്കുകൾ നഷ്ടപ്പെട്ടു
ഏറെ നേരം പണിപ്പെട്ട്
കളിചിരികളുടെ താക്കോൽ തിരിച്ച്
നിന്നിലെ നിന്നെ, ഞാനറിയുന്ന നിന്നെ
തിരിച്ചു പിടിക്കുമ്പോൾ
ഉഴുന്നിൻ മുളയുടെ ഗന്ധം പോലൊന്ന്..
കുഞ്ഞുങ്ങളുടെ ശിരസ്സിലെ ഗന്ധം പോലൊന്ന്
നിന്നിൽ നിന്നുയർന്ന് എന്നെ വന്നു തൊട്ടു..
പിന്നെ നീ പറഞ്ഞതൊന്നുമേ കേൾക്കാതെ
വെറുതെ നിന്നെ നോക്കി
നിൻ്റെ നേർത്ത് നീണ്ട വിരലുകളൊരു
ഛായാചിത്രം വരയ്ക്കുന്ന മായക്കാഴ്ച കണ്ട്
ഒന്നും മിണ്ടാതെ ഞാനിരിക്കുമ്പോൾ
ജനിമൃതികൾ കടന്നു വന്നൊരിളംകാറ്റ്
നിന്നെത്തഴുകി എന്നിലേക്കൊഴുകി..
അകാരണമൊരു വേദന
കൊണ്ടെൻ്റെ മിഴി നിറച്ചു..
അദൃശ്യമപൂർവമൊരു ബന്ധനത്തിൽ
നിന്നെ എന്നിലേക്ക് ചേർത്ത് നിർത്തി..
AKASH KANNAN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
ഹൃദ്യം
Thanku 👍💐
I’m slowly improving my reading skills through your malayalam posts.😊👏👏