എൻ്റെ വേരുകൾ തേടിയുള്ള യാത്ര….
അധികമാരും തന്നെ പോകാത്ത വഴികളിലൂടെയാണ് എൻ്റെ യാത്ര എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ടാവാം വളരെ കുറച്ചു സഹയാത്രികർ മാത്രേമേയുള്ളു.. ചില സമയങ്ങളിൽ തനിച്ചാകാറുണ്ട്. മറ്റുള്ളവർക്ക് വ്യത്യസ്തമായ ആശയങ്ങളോടും ചിന്താ ഗതികളോടും പൊരുത്തപ്പെടാൻ സാധിക്കുമായിരുന്നില്ല, സമാന ചിന്താഗതിയുള്ളവർ തളർന്നുപോകുന്ന വേളകളിൽ ധൈര്യം പകർന്നു കൂടെ നിന്നു, ഒറ്റയ്ക്കായ അവസരങ്ങളിൽ പലപ്പോഴും ചെയ്തു പോയ തെറ്റുകളെ ഓർത്തു പൊട്ടിക്കരഞ്ഞിട്ടുണ്ട്, എനിക്ക് എങ്ങനെ ഇതുപോലെയാകാൻ കഴിഞ്ഞു, ചെയ്തു കഴിഞ്ഞു പശ്ചാത്തപിച്ചിട്ട് എന്ത് കാര്യം!
കഷ്ടനഷ്ടങ്ങളുടെ നടുക്കടലിൽ കാലം നൽകിയ ധൈര്യത്തിൻ്റെ പിടിവള്ളിയിൽ പിടിച്ചു മുൻപോട്ടു പോകുന്നു. ചില അവസരങ്ങളിൽ കൈകൾ കുഴഞ്ഞു ആഴങ്ങളിലേക്ക് വീണുപോകുമോ എന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള ചില അവസരങ്ങളിൽ ഏറെ പ്രതീക്ഷകൾ നൽകി ചിലർ വന്നു, എന്നാൽ ഞാൻ പിന്നിട്ട ദൂരങ്ങളെക്കാൾ ഇരട്ടി എന്നെ അവർ പിറകിലേക്ക് ചുഴറ്റിയെറിഞ്ഞു. എന്നിട്ടും ഞാൻ തളർന്നില്ല!
ഇപ്പോൾ എൻ്റെ ലക്ഷ്യങ്ങൾ വളരെ വിദൂരമാണ്, എങ്കിലും എനിക്ക് മുൻപോട്ടു പോയെ മതിയാകു. എൻ്റെ വേരുകൾ തേടിയുള്ള ഈ യാത്ര എവിടെ ചെന്ന് അവസാനിക്കും എന്നെനിക്ക് അറിയില്ല. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, ആളുകൾ കൗതുകത്തോടെ ചിലപ്പോൾ ബഹുമാനത്തോടെ ചിലർ പുച്ഛത്തോടെ നോക്കിയാൽ ഞാൻ എങ്ങനെ ഇത് പോലെയായി പരിണമിച്ചു എന്ന്!
വന്ന വഴികൾ മറന്നിട്ടില്ല, എങ്കിലും എവിടെയോ ഒരു കണ്ണി പൊട്ടിപ്പോയ പോലെ. എങ്ങനെയാണ് ഇന്ന് കാണുന്ന ”ഞാൻ” ഞാനായി മാറിയത്? അതിൻ്റെ വേരുകൾ എവിടെ നിന്നും തുടങ്ങുന്നു? ഈ യാത്രയിൽ ഉണ്ടായ അനുഭവ പാഠങ്ങളാണോ എന്നെ ഞാനാക്കിയത്? അതുപോലെ ഒരു അനുഭവമുണ്ടാകാൻ ഞാൻ ഗാന്ധിയോ ബുദ്ധനോ ആയിരുന്നില്ല, യുദാസോ ബ്രൂട്ടസ്സോ ആയിരുന്നുമില്ല.
ആദ്യമൊക്കെ യാത്രകളിൽ പലപ്പോഴും വഴിതിരിഞ്ഞു പോയിട്ടുണ്ട്. എല്ലാവരും പോകാറുള്ള അതേ വഴിയിലൂടെ.. അവിടെ ഞാൻ അനേകം പേരെ കണ്ടുമുട്ടി, അവരിൽ നിന്നും കുറേ പാഠങ്ങൾ കിട്ടി. അവർ പകർന്ന അറിവുകൾ ഞാൻ പലപ്പോഴും വിസ്മരിച്ചു, എൻ്റെതായ വഴികളിലൂടെ ഞാൻ മുൻപോട്ടു പോയി.. എന്നാൽ ആ വഴി എൻ്റെ തന്നെ നാശത്തിലേക്കു ആണെന്ന് അറിഞ്ഞിട്ടുകൂടി താത്കാലികമായ ചില സുഖങ്ങൾ എന്നെ പിന്തിരിയാൻ അനുവദിച്ചില്ല, എങ്കിലും ലക്ഷ്യത്തിൽ എത്താനുള്ള മോഹം മനസ്സിൽ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.
അങ്ങനെ ഒരുവേള ഓർമ്മകൾ സഞ്ചരിച്ചെത്തിയത് എൻ്റെ ബാല്യമുറങ്ങുന്ന പച്ചമണൽ വിരിച്ച ആ മുറ്റത്തു തന്നെ ആയിരുന്നു. അന്ന് ഒന്നിനെ പറ്റിയും ഒരു ധാരണയില്ലായിരുന്നു, എല്ലാത്തിനോടും ഒരു പ്രത്യേക കൗതുകം ആയിരുന്നു.. ആ കൗതുകം മറ്റുള്ളവരുടെ കണ്ണിൽ ”മുടിപ്പിക്കൽ” ആയിരുന്നു. മൂന്നാമത്തെ പുത്രൻ മുടിയനായ പുത്രൻ എന്ന് പറഞ്ഞു കിട്ടിയ ശകാരങ്ങളും ചില്ലറയായിരുന്നില്ല. പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല. ആദ്യമായി എൻ്റെ മുടിപ്പിക്കലിന് ഇരയായത് ചെണ്ട കൊട്ടി ചാടുന്ന കുരങ്ങച്ചൻ ആയിരുന്നു, അങ്ങനെ കൗതുകം തോന്നിയ പലതും ഞാൻ അഴിച്ചു പറിച്ചു അതിൻ്റെ രഹസ്യങ്ങൾ തിരയുമായിരുന്നു, അതാണ് വിമർശനാത്മകമായി എന്തിനെയും കാണാനുള്ളഎൻ്റെ ആദ്യത്തെ ശ്രമങ്ങൾ. ഇനിയും ആഴങ്ങളിലേക്ക് പോകണം ഓരോ കാര്യങ്ങളുടെയും വേരുകൾ തേടി എവിടേയ്ക്ക് പോകും എന്ന ഒരു ”അകട വികടം”.
തനിച്ചാകുമ്പോൾ മാത്രമാണ് എനിക്ക് അൽപ്പമെങ്കിലും ഒരു ആശ്വാസം കിട്ടുക, അതുകൊണ്ടുതന്നെ ഞാൻ ഏകാന്തത ഇഷ്ട്ടപെട്ടുതുടങ്ങി. അത്തരം ഒരു വേളയിൽ ഞാൻ എൻ്റെ വേരുകൾ എവിടെ എന്ന് ഉള്ള ഒരു തുമ്പ് കണ്ടെത്തി, അവിടേയ്ക്ക് ഞാൻ ഇറങ്ങി ചെന്നു. ആകെ ഒരു ശൂന്യത മാത്രമാണ് അനുഭവപ്പെട്ടത്. ശൂന്യത കാണാൻ ആവില്ലല്ലോ, എൻ്റെ മുൻ ധാരണകൾ പാടെ മാറ്റി മറിച്ച നിമിഷം! എന്തൊക്കെയോ പ്രതീക്ഷകൾ ഉണ്ടായിരുന്നു, അവയൊക്കെ തകിടം മറിഞ്ഞു. പക്ഷേ ഈ ശൂന്യത എന്നെ നിരാശനാക്കുന്നില്ല.. അത് ഒരുപാട് ചിന്തിപ്പിച്ചു. ഇത് അനന്തതയാണ്.. തുടക്കവും ഒടുക്കവും ഇല്ലാത്ത ശൂന്യത.
ഇവിടെ നിന്നും ആണോ ”ഞാൻ” എന്ന അവസ്ഥയിൽ നിൽക്കുന്നത്, എന്നാൽ അവിടെ ”ഞാൻ” എന്ന അഹം പോലും ഇല്ല! ഞാൻ മനസിലാക്കുന്നു.. എൻ്റെ വേരുകൾ അത് തുടങ്ങുന്നതും ഒടുങ്ങുന്നതും എന്നിൽ നിന്നും തന്നെയാണ്, പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന.. ആരാലും അഴിക്കാൻ സാധിക്കാത്ത ഒന്ന്…! ഈ യാത്ര അവസാനിക്കുന്നില്ല.. ഇനിയും തുടരും.. ശൂന്യതയ്ക്ക് അപ്പുറം ഒരു ലോകമുണ്ടെങ്കിൽ അവിടെയും….
PIXABAY
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂