അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ദൃശ്യജാലം തീർക്കുന്ന, തികച്ചും വ്യത്യസ്തമായ പത്ത് കഥകൾ അടങ്ങിയ കഥാസമാഹാരമാണ് സായ്‌റ എഴുതിയ ‘തിരികെ’ .
‘തിരികെ’യിൽ എറ്റവും ചർച്ച ചെയ്യപ്പെടേണ്ടത്, പോത്തൻ വക്കീലിൻ്റെ അവസാനത്തെ കേസ് എന്ന കഥയാണ്. . ആ കഥ, ഒരു തിരക്കഥയുടെ പ്രതീതി സൃഷ്ടിച്ചുകൊണ്ട്, എല്ലാ ശരാശരി മലയാളി പുരുഷനിലും ഉള്ള പോത്തൻവക്കീലിനെ വലിച്ചു പുറത്തിടുന്നു. അയാളുടെ കറുത്ത കടവാതിൽ കുപ്പായത്തിൻ്റെ ചിറകടിയൊച്ച, നമ്മുടെ എല്ലാവരുടെയുമാണ് എന്ന് നമുക്ക് തോന്നിപ്പോകുന്നു.
“പുഴയുടെ നടുവിൽ, കൈകാലുകൾ കുഴയുന്നത് വരെ നീന്തിയിട്ടും എത്തിച്ചേരാൻ കഴിയാത്ത, ഒരു തുരുത്ത് ഞാൻ സ്വപ്നം കാണാറുണ്ട്, മിക്കപ്പോഴും. വെളിച്ചത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മറയുന്ന ആ തുരുത്താണ് നീ എനിക്ക് . ഒരിക്കലുമെത്തില്ലെന്നറിഞ്ഞിട്ടും ഞാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു.”
‘തിരികെ’യിലെ അപൂർണവാക്യങ്ങൾ എന്ന കഥയിലെ ഒരു കഥാപാത്രത്തിൻ്റെ ഈ ഒരൊറ്റ വാചകം മതി, സായ്‌റ നമുക്ക് മുന്നിൽ വയ്ക്കുന്ന കാല്പനികമായ പ്രണയനിമിഷങ്ങളുടെ ഭംഗി മനസ്സിലാക്കാൻ. കാല്പനികം എന്നത് പോലെ തന്നെ യാഥാസ്ഥിതകയക്ക് എതിരെ ഉള്ള ഒരു നിശബ്ദ പോരാട്ടം കൂടി ആണ് ആ കഥ.
പ്രണയത്തിൻ്റെ മണ്ഡലകാലം എന്ന കഥയിൽ.. പക്ഷേ, കാല്പനികപ്രണയത്തിനു പകരം നമുക്ക് കാണാനാവുക, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വിപ്ലവകാരിയെയാണ്.
രാഷ്ട്രീയവും, പ്രണയവും വിപ്ലവചിന്തകളും ഉള്ളിൽ സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകളും കൊണ്ടു ആധുനിക സമൂഹത്തിലേക്ക് നിരവധി ചോദ്യങ്ങളാണ് കഥാകാരി സായ്റ മുന്നോട്ട് വയ്ക്കുന്നത്. വ്യവസ്ഥാപിതമായ സമൂഹത്തിൻ്റെ അതിർ വരമ്പുകളോടും, മുഖംമൂടിയണിഞ്ഞ സദാചാരവാദികളോടും തനതായ രീതിയിൽ കലഹിക്കുന്ന കഥാകാരിയുടെ സമരമാണ് കഥകളായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത്. നൂതനമായ ശൈലി കൊണ്ടും കഥാപാത്രങ്ങളിലൂടെയുള്ള കഥാകാരിയുടെ സമകാലിക വിഷയങ്ങളോടുള്ള നിർഭയമായ അഭിപ്രായപ്പെടലുകൾ കൊണ്ടും ‘തിരികെ’ എന്ന കഥാസമാഹാരം മലയാള കഥാലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കാം….
SAIRA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂