ചിലപ്പോഴെങ്കിലും നിൻ്റെ ഓർമ്മകൾ
എന്നെ തിരയാറുണ്ടോ?
മഴ പെയ്യുന്ന രാത്രികളിൽ
അരിച്ചിറങ്ങുന്ന തണുപ്പിനോടൊപ്പം
എൻ്റെ ഓർമ്മകളും നിന്നെ വേട്ടയാടാറുണ്ടോ?
എൻ്റെ ശരീരത്തിൽ ആഴ്ന്നിറങ്ങിയ നിൻ്റെ നഖങ്ങൾക്കടിയിൽ ഇപ്പോഴും എൻ്റെ നനുത്ത മാംസപേശികൾ അള്ളിപിടിച്ചിരിക്കുന്നുണ്ടോ?
അവ ഇപ്പോഴും നിന്നോട് അല്പം ദയ യാചിച്ചു കേഴുന്നുണ്ടോ?
ഇഴയറ്റുപോയ എൻ്റെയുടയാടകൾ നിൻ്റെ കരവലയങ്ങളിൽ ഇന്നും പിടയുന്നുണ്ടോ?
ആ രാത്രി ഇന്നും എന്നെ വേട്ടയാടുന്നത് നീ അറിയുന്നുണ്ടോ?
എൻ്റെ മുടിയിഴകൾ ഇന്നും നിൻ്റെ കൈകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുണ്ടോ?
നീയെനിക്ക് ആരായിരുന്നുവെന്ന ചോദ്യം നിൻ്റെ ചിന്തകളിൽ എന്നെങ്കിലും കടന്ന് വന്നിരുന്നുവോ?
എൻ്റെ ഓർമ്മകൾ ഇന്നും അവിടെയാണ്.
രാത്രിയിലെ വെള്ളിപ്പറവക്കൂട്ടങ്ങളെ വേണ്ടുവോളം കണ്ടുമതിയാവാത്ത മഞ്ഞപുതപ്പിട്ട രാത്രികളിൽ.
ഈ തണുപ്പ് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
ഇതെന്നെ വീണ്ടും കൊണ്ടുപോവുന്നു,
വരില്ലെന്ന് ഞാൻ ശാഠ്യം പിടിച്ചിട്ടും,
ഇനിയൊരിക്കലും കാണാനിഷ്ടമില്ലാത്ത ചിത്രങ്ങളിലേക്ക്.
കാഴ്ചകൾ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നു.
പറയാൻ സ്വരുക്കൂട്ടി വെച്ചതെല്ലാം പങ്കുവെച്ചു മഞ്ഞവെളിച്ചത്തിന് കീഴെ നടന്നകലുന്ന രണ്ടുപേർ.
അവർ പതിയെ കാഴ്ചയിൽ നിന്നും മാഞ്ഞുതുടങ്ങുന്നു.
രാത്രിയുടെ നിറം മാറുകയാണ്.
മഞ്ഞയിൽ നിന്നും കറുപ്പിലേക്ക്.
എൻ്റെ സിരകളിൽ രക്തം കട്ടപിടിപ്പിക്കുന്ന മരവിപ്പ് പടരുന്നു.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ശക്തമായി കുതിക്കുന്ന ഹൃദയമിടിപ്പ്.
“കാഴ്ച മങ്ങുന്നതിന് മുൻപ് രാത്രി ചുവപ്പായി മാറിയിരുന്നു.
മനസ്സുമരവിപ്പിക്കുന്ന തണുത്തുറഞ്ഞ ഭയാനകമായ ചുവപ്പ്”.
JOAO LUCCAS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂