ഈ ലോക്ക് ഡൗൺ കാലത്ത് പലർക്കും റെക്കറിങ്ങ് ഡിപ്പോസിറ്റിൻ്റെ വില മനസ്സിലായിട്ടുണ്ടാവും.
എന്താണ് റെക്കറിങ്ങ് ഡിപ്പോസിറ്റ് എന്നത് ഇനി വിശദീകരിക്കാം.
ഒരു നിശ്ചിത തുക മാസം തോറും ഒരു നിശ്ചിത കാലയളവിലേയ്ക്ക് നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാവുമ്പോൾ പലിശ സഹിതം ലഭിക്കുകയും ചെയ്യുന്ന നിക്ഷേപ രീതിയെ നമുക്ക് റെക്കറിങ്ങ് ഡിപ്പോസിറ്റ് എന്ന് പറയാം. ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും ഈ സേവനം ലഭ്യമാണ്.
തുടർന്നങ്ങോട്ട് സൗകര്യാർത്ഥം നമുക്ക് ഈ നിക്ഷേപത്തെ ആർ ഡി (RD) എന്ന് പറയാം.
ആർ ഡി നമുക്ക് ഒറ്റയ്ക്കോ മറ്റൊരാളുമായി ചേർന്നോ ( Joint) തുടങ്ങാവുന്നതാണ്. മാസം തോറും അടക്കാവുന്ന കുറഞ്ഞ തുക 100 രൂപയാണ്. 100 രൂപയ്ക്ക് മുകളിൽ 10ൻ്റെ ഗുണിതങ്ങളായി പരമാവധി എത്ര തുക വേണമെങ്കിലും മാസത്തവണ അടയ്ക്കാവുന്നതാണ്.
കാലാവധി :കുറഞ്ഞത് 12 മാസവും പരമാവധി 120 മാസവുമാണ്.
പലിശ നിരക്ക് : ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്ക് തന്നെ. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക്(മുതിർന്ന പൗരന്മാർ) 0.5% പലിശ അധികം ലഭിക്കുന്നതാണ്.
ടാക്സ് അഥവാ നികുതി : നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 10000 രൂപയ്ക്ക് മുകളിൽ ആയാൽ 10% വും, പാൻ കാർഡ് അക്കൗണ്ടിൽ കൊടുക്കാത്ത പക്ഷം 20% ആണ് നികുതി വരുക. കാർഷിക വരുമാനം മാത്രം ഉള്ളവരും, ഇൻകം ടാക്സ് പരിധിയിൽ പെടുന്ന വരുമാനം ഇല്ലാത്തവരും ഫോറം 15 G (മുതിർന്ന പൗരന്മാർ ഫോറം 15 H) നൽകിയാൽ നികുതി സ്രോതസ്സിൽ നിന്ന് ഈടാക്കുകയില്ല. വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപത്തിന് പൂർണമായും നികുതി ഇല്ല.
പണം പിൻവലിക്കാൻ: കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും ചേർത്തുള്ള തുക അക്കൗണ്ടിൽ ലഭിക്കുന്നതായിരിക്കും. കാലാവധിക്ക് മുൻപ് പണം എടുക്കണമെങ്കിൽ നിക്ഷേപം ക്ലോസ് ചെയ്യുക തന്നെ വേണം. അപ്പോൾ ആ കാലയളവ് വരെയുള്ള പലിശയെ ലഭിക്കുകയുള്ളൂ.
മാസത്തവണയിൽ വീഴ്ച വരുത്തിയാൽ ബാങ്കുകൾ പിഴ ഈടാക്കുന്നതാണ്. ആറ് മാസം തുടർച്ചയായി അടവ് മുടങ്ങിയാൽ നിക്ഷേപകന് അക്കൗണ്ട് ക്ലോസ് ചെയ്ത് പണം തിരിച്ചു നൽകും.
നിക്ഷേപ തുകയുടെ 90% വരെ വായ്പയായി എടുക്കാവുന്നതാണ്. ചില താൽക്കാലിക ആവശ്യങ്ങൾക്ക് ഇത് ഉപകരിക്കും.
പണം നാളേക്കായി സൂക്ഷിച്ച് വയ്ക്കുന്ന പഴയ കാല ശീലത്തിൽ നിന്ന് നമ്മൾ മലയാളികൾ മാറി എന്ന് മാത്രമല്ല വരുമാനത്തിൽ കവിഞ്ഞ തുക ചിലവഴിക്കുന്നത് ശീലമാവുകയും ചെയ്തു. അത് കൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപത്തേക്കാളേറെ വായ്പയ്ക്ക് പ്രാധന്യമേറി. ഒരു അടിയന്തിര സാഹചര്യം ഉണ്ടായാൽ പണയം വയ്ക്കാൻ ഓടുന്ന സ്ഥിതിയാണ് ഇന്നുള്ളത്. കുറഞ്ഞത് 600 മുതൽ 1000 രൂപ വരെ ശരാശരി ദിവസവരുമാനമുള്ള മലയാളിക്ക് ലോക്ക് ഡൗൺ കാലയളവിൽ ഒരു മാസം പോലും പിടിച്ചു നിൽക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാതെ പോയി. അത് കൊണ്ട് സർക്കാർ നൽകുന്ന ധനസഹായത്തിന് കാത്തിരിക്കേണ്ട ഗതികേടിലായി മലയാളി.സൗജന്യ റേഷനായുള്ള നീണ്ട ക്യൂ അതാണ് നമുക്ക് കാണിച്ചു തന്നത്. ഒരു മാസത്തെ ശമ്പളം 5 തവണയായി പിടിക്കുമെന്ന് പറഞ്ഞപ്പോൾ ഉയർന്ന വരുമാനമുള്ള സർക്കാർ ജീവനക്കാരുടെ പോലും മാസ ബഡ്ജറ്റ് തെറ്റുന്ന സ്ഥിതിയുണ്ടായി.
പലരും ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, ഷെയർ മാർക്കറ്റിൽ ഒക്കെ നിക്ഷേപിക്കാറുണ്ട്. ഈ നിക്ഷേപങ്ങൾക്ക് ഒക്കെ പ്രാധാന്യമില്ലെന്നല്ല. പക്ഷേ ആർ ഡി പോലെ ആപത്ഘട്ടത്തിൽ ഇവയൊന്നും നമുക്ക് തിരിച്ചെടുക്കാനാവില്ല.
ആർ ഡി എന്ന “പലതുള്ളി പെരുവെള്ളം” നമ്മെ തീർച്ചയായും ആപത്ഘട്ടത്തിൽ സഹായിക്കും. എനിക്ക് നിർദ്ദേശിക്കാനുള്ളത് ഈ കോവിഡ് കാലം തീർന്നു കഴിഞ്ഞാൽ ഒരു ആര് ഡി നിങ്ങളുടെ ബാങ്കിൽ തുടങ്ങണമെന്നാണ്. ഇൻറർനെറ്റ് ബാങ്കിംഗ് വഴിയും മൊബൈൽ ആപ്പ് വഴിയും ഇന്ന് ആർഡി തുടങ്ങാവുന്നതാണ്. ബാങ്ക് നിക്ഷേപത്തിന് പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാന കാര്യമാണ് അവകാശിയെ വയ്ക്കുക എന്ന കാര്യം. തീർച്ചയായും നിങ്ങളുടെ നിക്ഷേപങ്ങൾക്ക് അവകാശിയെ വച്ചു എന്ന് ഉറപ്പ് വരുത്തുക കൂടി ചെയ്യുക.
RUPIXEN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
3 comments
Recurring deposit
Right?
I’m trying to read and improve Malayalam.
I’m from tamilanadu.
But likes Malayalam very much. 😊
Thank you so much Padmaja..will try to include an English version of this article soon 🙂
It’s fine. As I know tamil and samskritham able to understand well. 😊my choice is malayalam 💟