സ്കള്ളേർസിൻ്റെ ഗ്രൂപ്പിൽ പൊട്ടിച്ചിരി സ്മൈലികളുടെയും അൺപാർലിമെൻ്റെറി വാക്കുകളുടെയും ഒരു പെരുമഴ കണ്ടാണ് ഞാൻ ഫോൺ കയ്യിലെടുത്തത്. മുകളിലോട്ട് സ്ക്രോൾ ചെയ്തു നോക്കുമ്പോൾ കോയ, ഒരു ടോക്കണിൻ്റെ പടമിട്ടിരിക്കുന്നു. ഞാനും അയച്ചു, ഒരു പല്ലിളിക്കുന്ന സ്മൈലിയും സാന്ദർഭികമായ ഒരു അൺപാർലമെൻ്റെറി വാക്കും.
വായിക്കുന്നവരോടായി, ഞാൻ പറയട്ടെ. ആ ടോക്കൺ ഒരു ഓർമ്മയാണ്. ഞങ്ങൾ, സ്കള്ളേർസിൻ്റെ, രണ്ടാമത്തെ ഗോവൻ യാത്രയിലെ ഒരു സാഹസിക യജ്ഞത്തിൻ്റെ.
പിന്നെ, സ്കള്ളേർസ് എന്ന് പറഞ്ഞത് ഒരു 13 അംഗസംഘമാണ്. 2009 ഇൽ എം. എ. കോളേജിൻ്റെ പടിയിറങ്ങിയ, 4 കൊല്ലം ഒരു രണ്ടുനില വീട്ടിൽ താമസിച്ചു പാഠ്യേതരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇൻസ്‌ട്രുമെൻ്റെഷൻ + മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിക്കാരുടെ ഒരു സംഘം.
സത്യത്തിൽ സ്കള്ളേഴ്സിലെ 13 പേരും, 13 വഴിക്കു പോയി. മാർവാടി സ്വീഡനിൽ, തൊമ്മി ദുബായിൽ, ശോകൻ സിംഗപ്പൂരിൽ..അങ്ങനെ, മൊത്തം 6 പേര് വിദേശത്ത്, 6 പേര് ഇന്ത്യയിൽ തന്നെ, ഒരു സിമെട്രിക്ക് വേണ്ടി ആകണം, കൂട്ടത്തിൽ എറ്റവും കുഞ്ഞനും നിഷ്കുവും ആയ അംബ്രോസ് ഒരു ഉഭയജീവിയാണ്. അതായത് അവനു 28 ദിവസം കൂടുമ്പോൾ വിദേശത്തുനിന്ന് നാട്ടിൽ വരാം. പിന്നെ ഇവിടെ 28 ദിവസം.
പേരുകൾ അല്പം വിചിത്രമായി തോന്നാം. അവ താനേ എപ്പോഴൊക്കെയോ പൊട്ടിമുളച്ചതാണ്. ചിലതിനു കാരണം ഉണ്ടായിരുന്നു. മൂന്നു പേർക്കു തന്തമാരുടെ പേരിൽ അറിയപ്പെടാനായിരുന്നു യോഗം- തൊമ്മിക്കും ഗോപിക്കും അരവിക്കും. പിന്നെ എൻ്റെ ഒരു പ്രകൃതം കൊണ്ടാവണം മൂപ്പൻ എന്ന പേര് എനിക്ക് വീണത് (മൂപ്പൻ ഒരു വാക്ക് പറഞ്ഞാൽ പിന്നെ എതിർ വാക്കില്ല, എന്ന് ഞാൻ തന്നെ ഇടയ്ക്കു പറയാറുണ്ട്). മറ്റു പല പേരുകൾക്കും, പ്രത്യേകിച്ച് കാരണം ഒന്നുമേ ഇല്ലായിരുന്നു. ‘എവെരിതിങ് ഹാപ്പെൻസ് ഫോർ എ റീസൺ’ എന്ന ചിന്താഗതിയേ തെറ്റാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
ഞങ്ങളുടെ സെക്കന്റ് ഇയറായിരുന്നു ആദ്യത്തെ ഗോവൻ യാത്ര. രാജസ്ഥാൻ മരുഭൂമിയിൽ അവിടവിടെ നിൽക്കുന്ന മുൾച്ചെടികളെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു അന്ന് ഞങ്ങളുടെ പലരുടെയും താടിയുടെയും മീശയുടെയും അവസ്ഥ. കൊച്ചുപയ്യന്മാർ…
പിന്നെ, ലാസ്റ്റ് ഇയർ ഒന്ന്കൂടി പ്ലാൻ ചെയ്‌തെങ്കിലും ഗോവൻ യാത്രക്ക് വീണ്ടും യോഗമുണ്ടായത് താടിയും മീശയും ഒക്കെ വല്ലാതെ തഴച്ചു വളർന്നു മുറ്റിയ അവസ്ഥയിൽ, 2019 ലാണ്.
എന്ന് വെച്ചു ഈ 10 വർഷം ഞങ്ങൾ കാണാതെയും കൂടാതെയും ഇരുന്നു എന്നല്ല കേട്ടോ. പ്രത്യേകിച്ച് ഒരു വളം ചെയ്യാതെതന്നെ, തഴച്ചുവളരുന്ന കാടുകൾ കണ്ടിട്ടില്ലേ. അവയെ ഒക്കെ പോലെ ഞങ്ങളുടെ അടുപ്പം അങ്ങനെ പച്ച പിടിച്ചു തന്നെ നിന്നു. 13 പേരും ഒരുമിച്ചല്ലെങ്കിലും അഞ്ചോ ആറോ ചിലപ്പോൾ 12 പേരു വരെ പലപ്പോഴും കണ്ടു, കൂടി.. മാർവാടി കിടിലൻ കുപ്പികളുമായി സ്വീഡനിൽ നിന്ന് വരുമ്പോഴാണ് എറ്റവും കൂടുതൽ പേര് ഒത്തുകൂടാറ്.
കോയയും ജോയിച്ചനും പുളുസുവും പെണ്ണ് കെട്ടി. ഞാൻ കെട്ടാൻ മുട്ടി നിൽക്കുന്നു. തൊമ്മിക്ക് കെട്ടണോ വേണ്ടയോ എന്ന ആലോചനയാണ്. തീരുമാനം ആയിട്ടില്ല. അങ്ങനെ ഒക്കെ നിൽക്കുന്ന ഒരു അവസ്ഥയിലാണ് ആംബ്രോസിൻ്റെ നാട്ടിലെ 28 ദിവസവും മാർവാടിയുടെ ലീവും ഒത്തുവന്നത്. ബാക്കി വിദേശത്തുള്ളവർ എല്ലാം തന്നെ നാട്ടിലുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. ഉറപ്പിച്ചു!
“സ്കള്ളേർസ് 13 ഗോ ഗോവ”
ഒരു രാത്രിയാണ് ലാദൻ വിളിച്ചത് (അവൻ റെയിൽവേയിൽ ആണ്).
“എല്ലാർക്കും ടിക്കറ്റ് ഓക്കേ കൊച്ചിയിൽ നിന്ന്. മാർച്ച് 18 നു രാത്രി. ജോയിച്ചൻ വരുന്ന കാര്യം മാത്രം ഡൗട്ടാണ്”
ജോയിച്ചനു അവസാന ദിവസമാണ് ലീവ് കിട്ടുമെന്ന് ഉറപ്പായത്. അവൻ ഫ്ലൈറ്റ്നു എത്താമെന്ന് പറഞ്ഞു.
ഉച്ചയോടെ ഞങ്ങൾ സൗത്ത് ഗോവയിലെ റിസോർട്ടിൽ എത്തി. സ്വിമ്മിംഗ് പൂളു കണ്ടതും 12 ഉം തുണിയഴിച്ചു വെള്ളത്തിൽ ചാടി. മാർവാടി കൊണ്ടുവന്ന കുപ്പികൾ ഓരോന്നോരോന്നായി പൊട്ടിച്ചു പൂളിൽ വച്ചു തന്നെ അടി തുടങ്ങി. കൂടെ ഒരു ‘വെള്ളത്തിൽപന്ത്’ കളിയും.
ക്ഷീണമായപ്പോൾ കളി നിർത്തി കരയ്ക്കു കേറി, ചാള വറുക്കാൻ അടുക്കിവച്ചതുപോലെ കിടന്നു. പതിവ് പോലെ ചൊറി തുടങ്ങി. ചൊറി എന്ന് പറയുമ്പോൾ വൻ ചൊറിയൽ ആണ്. ആരെങ്കിലും തുടങ്ങും, ബാക്കി എല്ലാവരും ഏറ്റെടുക്കും. ചൊറിയുടെ ഇര, മിക്ക തവണയും പോലെ ആംബ്രോസായിരുന്നു. അവൻ്റെ ‘ഡെലിബറേറ്റ് സെലിബസി’ അഥവാ ‘മനഃപൂർവം കന്യകനായി തുടരുന്ന അവസ്ഥ’ ആയിരുന്നു വിഷയം.
പറയുമ്പോൾ എല്ലാം പറയണമല്ലോ, പെണ്ണുകെട്ടിയ കോയയും ജോയിച്ചനും പുളുസുവും, പിന്നെ അറുവഷളനായ കെട്ടാത്ത ഞാനും, പിന്നെ ഇപ്പോൾ ആഗോളപൗരനായ മാർവാടിയും ഒഴികെ, ബാക്കി എല്ലാവരും തന്നെ കന്യകന്മാരാണ്. തൊമ്മിക്കും ഗോപിക്കും അവസരം കിട്ടാത്തതുകൊണ്ടാണെന്ന് അവർ തന്നെ സമ്മതിച്ചുതന്നിട്ടുള്ളതാണ്. അരവിക്കും ശോകനും ലാദനും വെള്ളമടി എന്ന ഒരു ചിന്ത മാത്രമേ ഉളളൂ എന്ന് എനിക്ക് തോന്നീട്ടുണ്ട്. സ്വന്തം കന്യകാത്വം, അവർക്കൊരു ഭാരമേ അല്ലായിരുന്നു. മൊട്ടയും പോറ്റിയും കാമുകിമാർ ഉള്ളതുകൊണ്ട് ‘അവസരം വരുമല്ലോ, തിരക്ക് കൂട്ടണ്ടല്ലോ..’ എന്നുള്ള ഒരു സേഫ് ആറ്റിട്യൂഡിൽ കഴിച്ചു കൂട്ടുന്നു.
പറയുന്ന കൂട്ടത്തിൽ ഒന്നുകൂടെ പറയാനുണ്ട്. മാർവാടി, കോളേജിലെ ഫസ്റ്റ് ഇയറിൽ ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ശരിക്കും നല്ലവനായ ഒരു ‘ഉണ്ണി’ ആയിരുന്നു. വലി, കുടി, പ്രേമം, എന്നിവ ഇല്ല എന്നതോ പോട്ടെ, നോൺ വെജ് പോലും കഴിക്കാത്ത, സീരീസ് പരീക്ഷകളുടെ മാർക്ക് അമ്മയോട് കൃത്യമായി ഫോൺ ചെയ്തു പറയാറുള്ള ഒരു പൊന്നുമോൻ ആയിരുന്നു. കാലത്തിൻ്റെ കുത്തൊഴുക്കിൽ, അവൻ മാറിയ മാറ്റം ആണ് സുഹൃത്തുക്കളെ, വിപ്ലവാത്മകം, എന്നൊക്കെ പറയുന്നത്. ഇപ്പോൾ വലിക്കും കുടിക്കും, എന്ന് മാത്രമല്ല, 35 ഓളം രാജ്യങ്ങളിൽനിന്നായി മൂന്നക്കം വരുന്ന ‘അനുഭവസമ്പത്തു’ള്ള കാസനോവയാണ് ഞങ്ങളുടെ മാർവാടി.
ആംബ്രോസ് വ്യത്യസ്തൻ ആകുന്നതും ചൊറിക്ക് പാത്രമാകുന്നതും ഒരു മുടിഞ്ഞ ആറ്റിട്യൂഡ് കൊണ്ടാണ്. നാളിതുവരെ കാണാത്ത, അവൻ്റെ ‘ക്ലാര’ ക്കു കല്യാണം കഴിഞ്ഞ് സമർപ്പിക്കാൻ വേണ്ടി വാഴയിലയിൽ പൊതിഞ്ഞു വച്ചിരിക്കുകയാണ് അവൻ്റെ കന്യകാത്വം. എങ്ങനുണ്ട്? ആ പരിശുദ്ധിയുടെ മേലെയാണ് ഞങ്ങളുടെ കടന്നാക്രമണം. പോറ്റി പറഞ്ഞു “എടാ നിൻ്റെ ഈ തൂക്കി ഇട്ടിരിക്കുന്ന സാധനത്തിന് മുള്ളാൻ മാത്രമല്ല, വേറെ പല ഫങ്ക്ഷനുമുണ്ട്”.
ഇങ്ങനെയൊക്കെയുള്ള ചൊറിയലും, പിന്നെ കോയയുടെയും പുളുസുവിൻ്റെയും നേതൃത്വത്തിൽ ഉള്ള കമ്മി-സംഘി തർക്കങ്ങളും ഒക്കെ നിർത്തി എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമ്മയില്ല. ഫ്ലൈറ്റ് ഇറങ്ങിയ ജോയിച്ചൻ വിളിക്കുമ്പോൾ ആണ് ഞങ്ങൾ എണീറ്റത്. നോക്കുമ്പോൾ രാത്രി ഒന്നര. വീണ്ടും അടി തുടങ്ങി. അപ്പോൾ മൊട്ട സസ്പെൻസ് ആക്കി വച്ചിരുന്ന പൊതി പുറത്തെടുത്തു. അവൻ ജോയിച്ചൻ കൂടെ വരാൻ കാത്തിരിക്കുകയായിരുന്നത്രെ. പുക തുടങ്ങിയപ്പോൾ എല്ലാവരും നിശ്ശബ്ദരായി. മാർവാടി എപ്പോഴോ ഇഴഞ്ഞു ചെന്ന്, മിണ്ടാതെ മാനം നോക്കിയിരുന്ന ശോകനെ പ്രാന്തു പിടിപ്പിച്ചതും, ശോകൻ മാർവാടിയെ തള്ളി വെള്ളത്തിലിട്ടതും എനിക്ക് നേരിയ ഒരോർമ്മയുണ്ട്. പുലർച്ചെ എപ്പോഴോ ആകണം ഉറങ്ങിയത്.
രണ്ടാം ദിവസം ഉച്ചയോടെ ആണ് ഞങ്ങൾ നോർത്ത് ഗോവയിൽ സൈറ്റ് സീയിങ്നു പോയത്. ആദ്യം കോട്ടകൾ- ചപോറ, റൈസ് മംഗോസ്. വൈകിട്ട് വെയിലൊന്ന് ചായുമ്പോൾ ബീച്ചുകളിൽ. അങ്ങനെയായിരുന്നു പ്ലാൻ. ചപോറ കോട്ടയിൽ നിന്നിറങ്ങിവരുന്ന സമയത്ത് ഒരു കക്ഷി ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. ഏതോ പബ്ബിലെ ഏജന്റ് ആണ്. മാർവാടിക്കും ജോയിച്ചനും ഹിന്ദി അറിയാം. അവരാണ് സംസാരിച്ചത്. നമ്പർ മേടിച് ഏജന്റിനെ വിട്ടു. ആംബ്രോസിൻ്റെ കന്യകാത്വം കളയാനുള്ള നമ്പർ. ഞങ്ങൾ വീണ്ടും ആംബ്രോസിനെ ചൊറിഞ്ഞു. ചെക്കന് കൂസലില്ല.
റൈസ് മംഗോസും കണ്ട്, ഒരു ഷാക്കിൽ കയറി ഫുഡ് കഴിക്കുന്നതിനിടെ, ആംബ്രോസിനോട് പുളുസു പറഞ്ഞു. “എടാ ആംബ്രൂ, കെട്ടുന്നേനു മുൻപേ നീ എങ്ങാനും തട്ടിപോയാലോ. ലോകത്തിലെ ഈ ഒരു സുഖം കൂടെ ഒന്ന് അറിഞ്ഞിട്ട് ചത്തൂടെ?”
അവനു കടുകിടെ മാറ്റമില്ല. ഭീകരനാണിവൻ!.
അതിനിടെ അരവിക്ക് ഒടുക്കത്തെ മോഹം..
“എനിക്ക് ഇപ്പോ ഫെനി വേണം”.
അരവിയെ തെറിയും വിളിച്ചു പോറ്റി പോയി ഫെനി വാങ്ങിക്കൊണ്ട് വന്നു. അരവിയും ജോയിച്ചനും പുളുസുവും മാത്രമാണ് ഫെനി അടിച്ചത്. അരവി തലേദിവസം അകത്താക്കിയത് മുഴുവൻ മറന്ന പോലെ ഫെനി അടിച്ചു.
അവിടെ ഒരു അര മണിക്കൂർ ഇരുന്നു. ബീച്ചിൽ കറങ്ങാം എന്ന് വെച്ചു എണീറ്റപ്പോൾ ആണ് സീൻ കോൺട്രാ.
അരവി അനങ്ങുന്നില്ല. തലയും കുമ്പിട്ടു ഒറ്റ ഇരിപ്പ്.
“ഡാ മൈ… എണീരെടാ”, ഞങ്ങൾ വിളിച്ചു.
അതേ.. അരവി സ്വന്തം കരുത്ത് തെളിയിച്ചിരിക്കുന്നു. 2 ലാർജ് ഫെനി, ഡ്രൈ അടിച്ച് ഊള ഓഫ് ആയിരിക്കുന്നു!
രണ്ടു ടാക്സിയിൽ ആയിട്ടാണ് ഞങ്ങൾ ബാഗ ബീച്ചിൽ എത്തിയത്. ഞങ്ങൾ എന്നുവച്ചാൽ ഞങ്ങൾ 12 പേരും പിന്നെ അരവി എന്ന പ്രതിഷ്ഠയും. അവൻ ആ കാറിൽ നിന്നിറങ്ങി ബീച്ചിൽ അങ്ങ് കിടന്നു. തിമിംഗലം കരയ്ക്കടിഞ്ഞു എന്നൊക്കെ പറയാറില്ലേ..ആ ഒരു ലൈൻ.
കടലിലെ കളിയും കഴിഞ്ഞ് തിരിച്ചു റൂമിൽ പോകാൻ ടാക്സിയിൽ കേറാൻ നേരം വൻ ട്വിസ്റ്റ്. ഒരു ചോദ്യം പുറകിൽ നിന്ന്..
“മൂപ്പാ, ആ ഏജന്റിനെ ഒന്ന് വിളിച്ചാലോ?”
ആംബ്രോസ് ആണ്.
കായകല്പചികിത്സ ഏറ്റിരിക്കുന്നു. എല്ലാവരും നിന്നു. ആരും തെറി വിളിച്ചില്ല. കന്നിപ്പയ്യൻ്റെ മോഹമാണ്. തട്ടാൻ പറ്റില്ല.
പക്ഷേ തലേന്നത്തെ അടിയും, വലിയും, കടലിലെ കുളിയും കഴിഞ്ഞ് എല്ലു വെള്ളമായി നില്ക്കുമ്പോളാണ് പൂച്ചക്ക് മൂക്കുത്തി മോഹം വന്നതെന്ന് മാത്രം.
എന്തായാലും ആരെയെങ്കിലും വഷളാക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കാറില്ല.
“വിളിക്കാം” ഞാൻ പറഞ്ഞു..
വിളിച്ചു. ആറേഴു കിലോമീറ്റർ ദൂരെയാണ് സംഭവം.
പിന്നെ നടന്ന ചർച്ചയിൽ സംഘം രണ്ടായി പിരിയാൻ തീരുമാനിച്ചു.
കോയയും ജോയിച്ചനും പുളുസുവും ലാദനും മൊട്ടയും പോറ്റിയും അരവിയുടെ ‘ബോഡി’യും കൊണ്ട് റൂമിൽ തിരിച്ചു പോകാൻ തീരുമാനിച്ചു. ഒന്ന് ശങ്കിച്ചു നിന്ന്, പിന്നെ ക്ഷീണം കാരണം, ശോകനും റൂമിലേക്ക് പുറപ്പെട്ടു.
അങ്ങനെ.. ഞാൻ, ആംബ്രോസ്, ഗോപി, തൊമ്മി എന്നിവർ, ഗുരുവായ മാർവാടിയുടെ നേതൃത്വത്തിൽ ടാക്സിയിൽ, ഏജന്റ് പറഞ്ഞ പബ്ബിലേക്ക് പുറപ്പെട്ടു.
പബ്ബ് താരതമ്യേന തിരക്ക് കുറഞ്ഞ ഒരു സ്ഥലത്തായിരുന്നു. ഏജന്റിനെ കണ്ടു. പുള്ളി പറഞ്ഞ സ്ഥലത്ത് കാർ നിർത്തിയിട്ടു. പബ്ബിലേക്ക് അല്പം നടക്കാനുണ്ടായിരുന്നു.
“ആരൊക്കെയാണ് കേറുന്നത്?” ഏജന്റിൻ്റെ ചോദ്യം.
സത്യത്തിൽ ആംബ്രോസിനെ കേറ്റുക, പിന്നെ ഞാൻ ഇല്ലാത്ത കേസ് ഇല്ലല്ലോ, പിന്നെ ഞങ്ങളുടെ നേതാവായ മാർവാടി ഞങ്ങളുടെ ഒരു സുരക്ഷയ്ക്ക് കൂടെ കേറുക.. ഗോപിയും തൊമ്മിയും പുറത്ത് ചുമ്മാ സെറ്റപ്പ് ഒക്കെ ഒന്ന് നോക്കാൻ വേണ്ടി നിൽക്കുക. അതായിരുന്നു ഒരു പ്ലാൻ.
ഏജന്റ് പറഞ്ഞു “സാർ, 11000 തന്നാൽ മതി, നിങ്ങൾ 5 ആൾക്കും കേറാം. ടോക്കൺ തരാം. വേണ്ടത്ര കുടിക്കുകയും ചെയ്യാം, ‘വേണ്ട’ കാര്യങ്ങളും നടക്കും”.
അതുകൊള്ളാം എന്ന് ഞങ്ങൾക്കും തോന്നി. “എന്തായാലും വന്നതല്ലേ..” തൊമ്മിയും ഗോപിയും കലമുടയ്ക്കാൻ തന്നെ തീരുമാനിച്ചു. ഏജന്റിന് കാശു കൊടുത്ത് അകത്തു കേറി. ഡിസ്‌കോത്തെക്കിൽ ഡാൻസ് നടക്കുന്നുണ്ട്. പെൺപിള്ളേർ കുറെയുണ്ട്. പിന്നെ ഞങ്ങളെപ്പോലെ, ഒരു 4 പേര്, തെലുങ്കന്മാർ, കോളേജ് പിള്ളേർ ആവണം, അവിടെ ഇരിപ്പുണ്ട്. ഞങ്ങൾ ടോക്കൺ കൊടുത്തു, ബിയർ മേടിച്ചു, കാത്തിരിപ്പായി. ആംബ്രോസിനു ചെറുതായി മുട്ടിടിക്കുന്നുണ്ട്… ഒരു പത്തു മിനിറ്റ് അങ്ങനെ ഇരുന്നു. പിന്നെ ഞങ്ങൾ മെല്ലെ ഡാൻസ് തുടങ്ങി. പെൺകുട്ടികൾ ഉണ്ടായിരുന്നല്ലോ. ഒരു അര മണിക്കൂർ കഴിഞ്ഞു. ഒന്നും സംഭവിക്കുന്നില്ല. ആരും ഞങ്ങളെ വിളിക്കുന്നുമില്ല. ഞങ്ങളിങ്ങനെ ബ്ലിങ്കസ്യാ എന്ന മട്ടിൽ ഡാൻസും ചെയ്ത് പരസ്പരം കണ്ണ് കൊണ്ട് ആംഗ്യവും കാണിച്ചു കാത്തുകൊണ്ടിരുന്നു.
അവസാനം മാർവാടി കൗണ്ടറിൽ പോയി ചോദിക്കാൻ തന്നെ തീരുമാനിച്ചു. ഞാനും കൂടെ പോയി.
കൗണ്ടറിൽ നിൽക്കുന്ന പയ്യൻ ആദ്യമായിട്ടു കേൾക്കുന്ന പോലെ.
“സർ, ഇത് വെറും പബ്ബ് മാത്രമാണ്”
ഞങ്ങൾ അന്തം വിട്ടു. സംസാരം തുടങ്ങിയപ്പോൾ തൊമ്മിയും ഗോപിയും എണീറ്റുവന്നു. ഗോപി സ്വതവേ മഹാചൂടനാണ്. അവൻ്റെ ശബ്ദം ഉയരാൻ തുടങ്ങി. പിന്നെ ഞങ്ങൾ നോക്കുമ്പോൾ എവിടെ നിന്നാണെന്ന് അറിയില്ല, ആറേഴ് മല്ലന്മാർ ഭീമൻ രഘു ഒക്കെ വരുന്ന പോലെ ഞങ്ങളുടെ ചുറ്റും. ഇവിടെ പെണ്ണുമില്ല, പിടക്കോഴിയുമില്ല.. ഏജന്റിനെ അവർക്ക് അറിയുകയും ഇല്ല. മല്ലന്മാർ അറിയിച്ചു.
ഏജന്റിനെയും റൂമിൽ എത്തിയവരെയും ഒക്കെ വിളിക്കാൻ നോക്കിയപ്പോളാണ് തമാശ. ആ പാതാളത്തിൽ, ഒരാളുടെയും ഫോണിനു റേഞ്ച് ഇല്ല.
പുറത്ത് പോയി ഏജന്റിനെ കാണാമെന്ന് കരുതി വാതിലിനടുത്തേക്ക് ചെന്നപ്പോൾ ഒരു ഭീമൻ രഘു വാതിൽക്കൽ തടഞ്ഞു.
കാര്യം ഇതാണ്, പുറത്ത് പോകാൻ പറ്റില്ല. പുറത്ത് പോകണമെങ്കിൽ ഒരു 15000 രൂപ ഇവിടെ ഈ മല്ലന്മാർക് കൊടുക്കണം.
അപ്പോൾ മൊത്തം
11000 +15000 =26000. സംഭവം പൊളിച്ചില്ലേ?
ആംബ്രോസ് കരയാൻ തുടങ്ങുമോ എന്നായിരുന്നു എൻ്റെ പേടി.
വാക്കുതർക്കം കൊണ്ട് പ്രയോജനമില്ല എന്ന് തീരുമാനമായി. ഇവരെ എങ്ങനെയെങ്ങിലും തല്ലി പുറത്തിറങ്ങിയാലും, അവിടെ വേറെ ടീം കാത്തുനില്പുണ്ടാവും എന്ന് ഉറപ്പായിരുന്നു .
എൻ്റെയും മാർവാടിയുടെയും കാർഡ് ഉരച്ചു 15000 കൊടുത്ത് അവിടെ നിന്ന് പുറത്ത് കടക്കുമ്പോൾ തൊമ്മിയും ഗോപിയും അമർത്തിയ സ്വരത്തിൽ പൂരത്തെറി പറഞ്ഞുകൊണ്ടിരുന്നു.
പുറത്ത്.. വിചാരിച്ചത് പോലെ തന്നെ, ഏജന്റ് ഉണ്ടായിരുന്നില്ല, അതിനു പകരം, കാർ കിടക്കുന്ന സ്ഥലം വരേയും, പണ്ട് ജോസ് പ്രകാശിൻ്റെ കൊള്ളസങ്കേതത്തിൽ കണ്ടിട്ടുള്ളതരം കക്ഷികൾ കുറെയെണ്ണം അവിടവിടെ ആയി നില്പുണ്ടായിരുന്നു.
കാർ മുന്നോട്ട് എടുത്ത് കുറച്ചു കഴിഞ്ഞാണ് എല്ലാവർക്കും ശബ്ദം തിരിച്ചു കിട്ടിയത്. ആംബ്രോസിൻ്റെ രോദനം ആണ് കേൾക്കേണ്ടിയിരുന്നത്.
” വേണ്ടാ വേണ്ടാന്നും പറഞ്ഞു ഞാനിരുന്നതല്ലേ..”
“മിണ്ടാതിരുന്നോ മൈ..” ഞാൻ പറഞ്ഞു.
“ഇത് വെറുതെ വിടാൻ പറ്റില്ലെടാ” ഗോപി പറഞ്ഞു. “ആ ഏജന്റ്….. യെ പിടിക്കണം”
മാർവാടി ചിരിക്കുന്ന മൂഡിൽ എത്തിയിരുന്നു. പഴയ പട്ടാളക്കാര് പറയുന്ന പോലെ അവൻ പറഞ്ഞു.
“ഞാൻ 2016 ൽ തായ്‌ലൻഡിൽ പോയപ്പോ ഇങ്ങനെ തന്നെ സംഭവിച്ചാർന്നു. എൻ്റെ കയ്യിലെ കാശും പോയി, ഷഡി മാത്രം ഇട്ടാണ് അന്ന് ഞാൻ റൂമിൽ തിരിച്ചെത്തിയത്”.
തൊമ്മിക്കാണ് അപ്പോൾ ഐഡിയ വന്നത്. അവൻ ഡ്രൈവറോട് കാര്യം പറഞ്ഞു. വണ്ടി നിർത്തി, ഡ്രൈവറിൻ്റെ നമ്പറിൽ നിന്ന് ഏജന്റിനെ വിളിച്ചു. ഗോവൻ നമ്പർ കണ്ടപ്പോ അവൻ എടുത്തു. പുതിയ ഇരകളെ കിട്ടിയ സന്തോഷത്തിൽ സുന്ദരമായി, വരാം എന്നേറ്റു.
പറഞ്ഞ പോലെ അവൻ വന്നു. ഡ്രൈവർ അവനോട് സംസാരിച്ചു നിൽക്കുമ്പോൾ കാറിൻ്റെ സ്ലൈഡിങ് ഡോർ തുറന്ന് അംബ്രോസും തൊമ്മിയും കൂടെ തെണ്ടിയെ അകത്തോട്ടു വലിച്ചിട്ടു, വേണ്ട പോലെ ഒരു സ്വീകരണം കൊടുത്തു. മലയാളത്തിലെ തെറി അവനു അറിയില്ല എന്നുള്ളതുകൊണ്ട് ഞങ്ങൾക്കറിയാവുന്ന ഇംഗ്ലീഷ് തെറികളുടെ അകമ്പടിയോടെ ആയിരുന്നു അവനു ഇടിയുടെ പഞ്ചാരിമേളം.
എന്തായാലും പത്തു മിനിറ്റ് കഴിഞ്ഞു, ഏജന്റിനെ വലിച്ചുപുറത്തിട്ടു കാർ എടുക്കുമ്പോൾ 10,000 രൂപ ഞങ്ങളുടെ പോക്കറ്റിൽ തിരിച്ചെത്തിയിരുന്നു.
റൂമിൽ തിരിച്ചെത്തി കാര്യങ്ങൾ അവതരിപ്പിച്ചു, അവരുടെ അരിശവും രോഷവും നിറഞ്ഞ പ്രതികരണങ്ങളും ഒക്കെ കഴിഞ്ഞ് കിടക്കാൻ നേരത്ത് ആംബ്രോസിനെ ഞാൻ നോക്കി.
“അംബ്രോസെ നമുക്ക് വേറെ നോക്കാം, നീ കുണ്ഠിതപ്പെടാതെ”.
ഹൗ! അന്നേരം ആംബ്രോസ് പറഞ്ഞ തെറി.
കോയയും പുളുസുവും ആരെയൊക്കെയോ ഫോൺ ചെയ്യുന്ന ശബ്ദം കേട്ടാണ് അന്ന് ഞാൻ ഉറങ്ങിയത്.
എന്തായാലും പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ മൊട്ട, ലാദൻ, പുളുസു, കോയ, ശോകൻ മുതലായവരെ കണ്ടില്ല. ഒരു എട്ടു മണിയായപ്പോൾ എല്ലാം കൂടെ തിരിച്ചു വന്നു. 13000 രൂപ മാർവാടിയുടെ കയ്യിൽ കൊണ്ട് കൊടുത്തു.
എന്നിട്ടു ആംബ്രോസിൻ്റെ തോളിൽ കൈവച്ചു, ലാദൻ നാടകീയമായി പറഞ്ഞു.
“ഡൈ എ വിർജിൻ”! അപ്പോഴാണ് ആംബ്രോസ് ശരിക്കും കരഞ്ഞുപോയത്.
കാശ് തിരിച്ചു കിട്ടിയതിൻ്റെ പുറകിൽ ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളെകുറിച്ചും സജീവമായ അന്തർധാരകളെ കുറിച്ചും ഇവിടെ പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
അന്ന് രാത്രി ഗോവയോട് യാത്ര പറയുമ്പോൾ ഞങ്ങളുടെ കൈവശം ആ പബ്ബിൽ നിന്ന് കിട്ടിയതിൽ ബാക്കി വന്ന ടോക്കണുകൾ ഉണ്ടായിരുന്നു. പിന്നെ, ഭദ്രമായി, ആംബ്രോസിൻ്റെ കന്യകാത്വവും.
നാളെ, ആംബ്രോസിൻ്റെ കല്യാണമാണ്. അതിൻ്റെ ക്ഷണക്കത്ത് എന്ന് പറഞ്ഞാണ്, കോയ ആ ടോക്കണിൻ്റെ ചിത്രം ഗ്രൂപ്പിൽ ഇട്ടത്…
ഇനി നിങ്ങൾ പറ, ഞങ്ങൾ തെറി വിളിക്കാതിരിക്കുമോ?…
ADAM THOMAS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂