അവര്‍ തീമഴ പെയ്യുന്ന
ഭൂപടങ്ങളില്‍
മുറിവേറ്റ നാടിൻ്റെ
വിലാപങ്ങളെ
ചുവന്ന വരയിട്ട്
അടയാളപ്പെടുത്തും.
വീട്ടിലേക്ക്
ഒരു റോക്കറ്റ് വന്ന വഴി
കൂട്ടുകാരിയുടെ
കുഴിമാടത്തിലേക്കു
നീട്ടിവരയ്ക്കുന്നു.
ഒച്ചയ്യില്ലാതെ
വരയ്ക്കുന്ന
നിലവിളികളെ
കണ്ണീരിലിട്ടു വെക്കുന്നു.
പൂക്കളെക്കുറിച്ചുള്ള
ഒന്നാം പാഠം മറക്കുന്നു.
പൂമ്പാറ്റകളുടെ
കരിഞ്ഞ ചിറകുകളും
ഉടഞ്ഞ മഴവില്ലുകളും
ഉമ്മകള്‍ വറ്റിയ
കവിളില്‍ തെളിയുന്നു.
അവര്‍ കറുത്ത
ആകാശങ്ങളെ
കിളികളില്ലാതെ
വരയ്ക്കുന്നു.
വിരല്‍ത്തുമ്പില്‍
നൊമ്പരങ്ങള്‍
മുറിഞ്ഞൊഴുകുന്നു.
പടനിലങ്ങളില്‍
നിന്നൊരു പാഠവും
പഠിപ്പിക്കാനില്ലാത്ത
പള്ളിക്കൂടങ്ങളിലിപ്പോഴും
കുത്തഴിഞ്ഞ
പുസ്തകങ്ങള്‍
കൂട്ടിത്തുന്നുന്ന
കുഞ്ഞിക്കൈകളില്‍
വിശപ്പിൻ്റെ രേഖാചിത്രം
കരുവാളിച്ചു കിടക്കുന്നു.
അകലെയേതോ കാലത്ത്
പുതിയ പുസ്തകങ്ങളില്‍
ഇനിയുമുണ്ടാകും
അവരുടെ കണ്ണീരോ
കരിഞ്ഞു പോയ
കിനാക്കളോ
ഇടംപിടിക്കാത്ത
ചരിത്ര പാഠങ്ങള്‍!
WISSAM NASSAR
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂