അന്ന് മാർച്ച് 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള തങ്ങളുടെ തെരുവിൽ പ്രതീക്ഷ കൈവിടാതെ ജീവിച്ച, കൊൽക്കത്തയിലെ ചേരിനിവാസികളുടെ കഥ വായിച്ചു, ചിരിക്കാനും കരയാനും കഴിയാതെ, കിടക്കുമ്പോൾ ആണ് പല്ലവി കേറിവന്നത്.. അവൾ വന്ന പാടെ പതിവില്ലാതെ ബാത്ത്റൂമിൽ കേറി. കുളിക്കുന്ന ശബ്ദം..
എന്ത് പറ്റി മൂപ്പത്തിക്ക്? കുളി രാത്രിയേ പതിവുള്ളല്ലോ.
അവൾ തിരിച്ചു വന്നു ബെഡ്ഷീറ്റ് ഒക്കെ എടുത്ത് മാറ്റി പുതിയത് വിരിക്കുന്നു..
കാര്യമായതെന്തോ സംഭവിച്ചിട്ടുണ്ട്.
എന്ത് പറ്റി മോളെ.. പതിവില്ലാതെ ഒരു കുളിയും നനയുമൊക്കെ?
നീ ആ നോവൽ വായന ഒന്ന് നിറുത്തി, ന്യൂസ് ഒക്കെ ഒന്ന് കാണ്.
അതും പറഞ്ഞു അവൾ മൊബൈലിലോട്ട് ആഴ്ന്നിറങ്ങി..
അപ്പോൾ വാതിൽ തുറന്ന് ഫേബ വന്നു..
“എടാ.. കേട്ടില്ലേ.. കൊറോണ നമ്മടെ കൊച്ചീലെത്തി..”
ഞാൻ കണ്ണ് മിഴിച്ചു. “കൊറോണ. അതാര്?”
ഫേബക്കു നിയന്ത്രണം വിട്ടു. “എൻ്റെ പൊന്നു കൊച്ചേ നിൻ്റെ കെട്ടിയോൻ ഡോക്ടർ ആയിട്ട് നിന്നോടിതൊന്നും പറഞ്ഞില്ലേ?”
എടീ.. അതിനും മാത്രം എന്താണീ കൊറോണ?
സോറി, ഞാൻ ഞങ്ങളെ പരിചയപ്പെടുത്താൻ മറന്നു.. ഫേബ, കോട്ടയംകാരി അച്ചായത്തി. വയസ്സ് 28..ഒരു പൊതുമേഖല ബാങ്കിലെ പുതിയ അടിമ അഥവാ പ്രൊബേഷനറി ഓഫീസർ. ബാങ്കിലെ തന്നെ ഒരുത്തനെ കണ്ടുപിടിച്ചു കെട്ടാനുള്ള സകല തയ്യാറെടുപ്പും കഴിഞ്ഞ് ഇരിക്കുന്നു. പ്രതിശ്രുതവരൻ ജോയലിനെ പുലർച്ചെ വരെ വിളിക്കാറുള്ളത് കൊണ്ട് സിംഗിൾ അക്കോമഡേഷനിൽ തൊട്ടപ്പുറത്തെ റൂമിൽ താമസം. പക്ഷേ, സ്ഥാവരജംഗമ വസ്തുക്കൾ എല്ലാം ഞങ്ങളുടെ റൂമിൽ തന്നെ.
പിന്നെ അട്ടപ്പാടിക്കാരി പല്ലവി. ഞങ്ങളുടെ അഭിമാനഭാജനമായ ബുദ്ധിജീവി. ഇരുപത്തിയാറാം വയസ്സിൽ പച്ചമഷിയിൽ ഒപ്പിടുന്ന ഭീകരി. ഇവിടെ താലൂക്ക് സപ്ലൈ ഓഫീസറാണ്. മൂപ്പത്തി എന്ന വിളിപ്പേര് സാഭിമാനം ഞങ്ങളെക്കൊണ്ട് ഇങ്ങോട്ട് പറഞ്ഞു വിളിപ്പിച്ച കക്ഷിയാണ്. സിവിൽ സർവീസ്നു ട്രൈ ചെയ്യുമ്പോൾ ഡൽഹിയിൽ വെച്ചു പരിചയപ്പെട്ട നിസ്സാർ അഹമ്മദിൻ്റെ പ്രിയപത്നി. ഇപ്പോൾ ഗർഭിണിയും.
നിസ്സാർ ഇപ്പോഴും ഡൽഹിയിൽ സിവിൽ സർവീസ്നു ട്രൈ ചെയ്തു കൊണ്ടേയിരിക്കുന്നു.
പിന്നെ ഈ ഞാൻ. നന്ദിത. വയസ്സ് 30. ഈ പ്രായത്തിൽ വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇല്ലാത്ത, ഇപ്പോഴും പുസ്തകങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന കേരളത്തിലെ ഏകജീവി.
“ഭർത്താവ്, കോഴിക്കോട് ബാലുശ്ശേരിക്കാരൻ, ഡോക്ടറായ ആദർശിനെ ഹയർ സ്റ്റഡീസ്നു വിട്ടു, ലാവിഷായി സ്വസ്ഥജീവിതം നയിക്കുന്ന ‘റെയർ പീസ്’ ആയ ഭാര്യ” എന്നാണ് കൂട്ടുകാരുടെ ഭാഷ്യം.
ഞാനിവിടെ കൊച്ചിയിലെ ഒരു എൻട്രൻസ് കോച്ചിംഗ് സെന്ററിൽ കണ്ടെന്റ് റൈറ്റർ ആണ്.
ഞങ്ങൾ കലൂരിൽ ഉള്ള ഈ ഫ്ലാറ്റിൽ ബിയാട്രീസ് ആന്റിയുടെ പേയിങ് ഗസ്റ്റായി താമസിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു.
ജനറൽ നോളേജിൽ കുറച്ചു പുറകിലായ എന്നെ രണ്ടാളും കൂടി കൊറോണയെപ്പറ്റി പറഞ്ഞു ധരിപ്പിച്ചു. ഐസൊലേഷൻ, ക്വാറന്റൈൻ, സോഷ്യൽ ഡിസ്റ്റൻസിങ്… എൻ്റെ തല പെരുത്തു. ഇതൊക്കെ അറിയാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തതിന്, അവർ എന്നെ ശകാരിക്കുകയും ചെയ്തു(പതിവ് പോലെ).
എൻ്റെ മനസ്സിൽ എവിടെയോ ഒരു അപായ സിഗ്നൽ മുഴങ്ങി.
പെട്ടെന്ന് പുറത്ത് നിന്ന് ഇടിവെട്ടുന്ന പോലെ അലർച്ച..
ഞങ്ങൾ മൂന്നാളും കിടുങ്ങിപ്പോയി..
ഫേബ പുറത്ത് പോയി നോക്കീട്ട് വന്നു.
“വർമ അങ്കിൾ ആണ്. ആ ഹിന്ദിക്കാരനെ തെറി വിളിക്കുന്നതാ”.
അത് ഞങ്ങളുടെ ഓപ്പോസിറ്റ് ഫ്ളാറ്റിലെ വർമ അങ്കിൾ. ഐ എസ് ആർ ഓ-യിൽ നിന്ന് റിട്ടയർ ചെയ്ത്, ഞങ്ങൾക്ക് അറിയാത്ത എന്തോ കാരണത്താൽ, ഒറ്റക്ക് താമസിക്കുന്നു.
ചെറിയ തോതിൽ സൈക്കോ ആണ്. കാണുമ്പോൾ വാത്സല്യനിധിയായ ഒരു അമ്മാവനെപ്പോലെ ഒക്കെ തോന്നും. പക്ഷേ, മനുഷ്യപ്പറ്റ് തീരെ ഉണ്ടായിരുന്നില്ല. ഒരു തരം കുലപുരുഷസിൻഡ്രോം.
ആ ഫ്ളാറ്റിലെ ആരെക്കണ്ടാലും, നികൃഷ്ട ജീവികളെ എന്ന പോലെ, നോക്കിയിരുന്ന അങ്കിളിനെ അട്ടപ്പാടിക്കാരി, ഞങ്ങളുടെ സ്വന്തം മൂപ്പത്തി, ഒരു ദിവസം പാട്ടിലാക്കിയതു പക്ഷേ, ഞങ്ങൾക്ക് അത്ഭുതം ആയിരുന്നു.
ഞാനും ഫെബയും ഒരു ദിവസം സെൻട്രൽ സ്‌ക്വയർ മാളിൽ ഒരു കറക്കവും കഴിഞ്ഞു വരുമ്പോൾ, പല്ലവിയും വർമ അങ്കിളും ബാൽക്കണിയിൽ തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചു ഇരിക്കുന്നു.
ആ കീഴടക്കലിൻ്റെ രഹസ്യം ഇതുവരെ അവർ അല്ലാതെ, മൂന്നാമതൊരാൾ അറിഞ്ഞിട്ടില്ല. ആ രഹസ്യം മൂപ്പത്തിയോട് കൂടെ ഇല്ലാതാകുമത്രേ..
മൂപ്പത്തിയാണ് ഞങ്ങളോട് അങ്കിൾ ഗ്യാസ് സിലിണ്ടറും, എന്തിന്, കറൻസി നോട്ട് പോലും കഴുകിയാണ് ഉപയോഗിക്കാറ് എന്ന ഞെട്ടിക്കുന്ന സത്യം പറഞ്ഞത്. പിന്നെ ‘ശുദ്ധം’ പോകുമെന്ന് ഭയന്നാണത്രെ, വീട്ടുജോലിക്കാരിയെ പോലും വക്കാത്തത്. ചുരുക്കം പറഞ്ഞാൽ വൃത്തിയും ശുദ്ധിയും മൂത്തു ഭ്രാന്ത് വന്ന ഒരു ഫ്യൂഡൽ എക്സ് ശാസ്ത്രജ്ഞൻ.
ആൾ ഈയിടെ ആയി ലേശം കലിപ്പിലായിരുന്നു. കാരണം, അങ്ങേരുടെ ഫ്ലാറ്റിൻ്റെ തൊട്ടടുത്തുള്ള ഒരു സ്റ്റുഡിയോ അപ്പാർട്മെന്റിൽ താമസിക്കാൻ രണ്ട് അന്യസംസ്ഥന തൊഴിലാളികൾ അഥവാ സിമ്പിളായി പറഞ്ഞാൽ ഭായിമാർ എത്തിയിരുന്നു. സത്യത്തിൽ ഞങ്ങളും ഒന്ന് അമ്പരന്നിരുന്നു. ഫ്ലാറ്റ് ഓണർക്ക് ഇങ്ങനൊരു തോന്നൽ എങ്ങനെ വന്നോ ആവോ.
ഈ വൃത്തി ഭ്രാന്തനായ ഉന്നതകുലജാതനായ അങ്കിളിനാണു കടുകെണ്ണ മണക്കുന്ന ഭായിമാരെ അയല്പക്കമായി കിട്ടിയത്. മൂപ്പരിതെങ്ങനെ സഹിക്കും?
ഞാൻ പുറത്തു ബാൽക്കണിയിൽ പോയി നിന്നു. വർമ അങ്കിൾ മാരക ജോലിയിലാണ്. വാതിൽ തുറന്നു കിടക്കുന്നു. അകത്തു സോപ്പ് വെള്ളം തളം കെട്ടി കിടക്കുകയാണ്. പുള്ളി അടിച്ചു കഴുകുകയാണ്. കൊറോണ പുള്ളിയുടെ സമനില തെറ്റിച്ചിരിക്കുന്നു.
പാവം ഭായിമാർ മൂലയിലെ കോണിപ്പടിയിൽ ഇരുന്ന് അങ്കിളിനെ പേടിച്ചു, അടക്കിയ ശബ്ദത്തിൽ ഫോൺ ചെയ്യുന്നുണ്ട്.
“കൊറോണയെ കഴിഞ്ഞ നൂറ്റാണ്ടിലേ മുൻകൂട്ടികണ്ട് ജീവിച്ച മനുഷ്യൻ” ഞാൻ പറഞ്ഞു.
“ആ ഭായി, അറിയാതെ പുള്ളി ബാൽക്കണിയിൽ കഴുകിയിട്ട തോർത്തിൽ തൊട്ടതിനാണ് നേരത്തെ കേട്ട അലർച്ച”. ഫേബ പറഞ്ഞു,
“പുള്ളിയെം പറഞ്ഞിട്ട് കാര്യമില്ലെടാ, കാര്യങ്ങൾ അങ്ങനെയാണ്.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട”. പല്ലവി ചിന്താധീനയായി.
“പിന്നെ, അന്ന് പ്രളയക്കാലത്തെ പോലെ നമ്മൾ ഓടേണ്ടിവരും എന്ന് എനിക്കൊരു ഗട്ട് ഫീലിംഗ്”.
“പ്രളയം വന്നപ്പോൾ വെള്ളമില്ലാത്ത സ്ഥലത്തു പോയാൽ, അല്ലെങ്കിൽ ഒരു ഹോട്ടലിൽ ആയാൽപോലും റൂം കിട്ടുമായിരുന്നു.
ഇനി കൊറോണ പാനിക്കിൽ ആര് റൂം തരാൻ ആണ്?”
ഫേബ വിലപിച്ചു.
“അതല്ല, റൂം കിട്ടിയാലും, പോയി നിൽക്കുന്നത് നമുക്കും സേഫ് അല്ലല്ലോ” പല്ലവി പറഞ്ഞു.
എൻ്റെ മനസ്സിലെ അപായ മണിക്ക് ശബ്ദം കൂടിവന്നു.
സ്വതവേ, രോഗങ്ങളെകുറിച്ച് അനാവശ്യമായ പേടി കൊണ്ട് നടക്കുന്ന ഫേബ എൻ്റെ അടുത്ത് വന്നിരുന്നു കെഞ്ചുന്ന പോലെ പറഞ്ഞു..
“എടാ നിൻ്റെ ആദർശിനോട് ഒന്ന് ചോദീര്. വല്ല മരുന്നും പ്രീക്കോഷനായിട്ട് കഴിക്കാനുണ്ടോന്ന്”.
പല്ലവിക്ക് ഭ്രാന്ത് വന്നു.
“എടീ പോത്തേ, മെഡിസിനും വാക്‌സിനേഷനും ഉണ്ടെങ്കിൽ പിന്നെ ലോകം മുഴുവൻ ഇപ്പോൾ നെട്ടോട്ടം ഓടുമോ?”
ഫേബ നാണമില്ലാതെ വീണ്ടും എന്നോട് കെഞ്ചി..
“എടാ നീയൊക്കെ കെട്ടി, പണ്ടാരമടങ്ങി. ഞാൻ കെട്ടാൻ പോകുന്നെ ഉള്ളൂ..അതുവരെയെങ്കിലും ഒന്ന് ജീവിക്കണ്ടേ. നിൻ്റെ ഡോക്ടറോട് ഒന്ന് ചോദീര്.”
ഞാൻ അവളെ പുച്ഛിച്ചു തിരിഞ്ഞ് കിടന്നു.
“ഇപ്പോൾ വിളിച്ചാൽ എനിക്ക് തെറി കേൾക്കും.. ഒന്ന് പോയെ”.
കൊറോണയെപറ്റി ഉള്ള അവരുടെ ഒടുക്കത്തെ ചർച്ച ഒന്നവസാനിപ്പിക്കാൻ വേണ്ടി ഞാൻ ഓഫീസിലെ ഗോസിപ്പുകൾ എടുത്തിട്ടു.
അപ്പോൾ ഫേബ ഇടയ്ക്കുകേറി ചോദിച്ചു,
“ടാ നമ്മുടെ ആന്റി എവിടെപ്പോയി?”
എനിക്ക് സമാധാനമായി. വിഷയം മാറിയല്ലോ.
“എടാ” ഞാൻ തുടങ്ങി.
“ആന്റിയുടെ ആങ്ങള ഇറ്റലിയിൽ നിന്ന് വന്നു. നമുക്ക് തിന്നാൻ കഴിഞ്ഞ തവണത്തെ പോലെ ഇറ്റാലിയൻ ചോക്ലേറ്റ്…”
പറഞ്ഞു പകുതിയാക്കുന്നതിനു മുൻപേ എനിക്ക് കാര്യം തിരിഞ്ഞു.
അവർ രണ്ടാളും വായും പൊളിച്ചിരിക്കുകയായിരുന്നു.
“പണി പാളി മോളെ..” പല്ലവി പറഞ്ഞു.
“ആ മാരണം കൊറോണയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുത്താൽ നമുക്ക് ഇവിടെ നില്കാൻ പറ്റില്ല. ഞാൻ പ്രെഗ്നന്റും കൂടെ ആണ്”.
ആന്റി വരില്ലായിരിക്കും. ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
ഫേബ ടെൻഷൻ കാരണം ബാൽക്കണിയിൽ പോയി സിഗരറ്റ് വലി തുടങ്ങി.
വർമ അങ്കിൾ അപ്പോൾ ചുമരുകൾ ഉരച്ചു കഴുകുകയായിരുന്നു.
“എനിക്ക് പ്രൊബേഷൻ സമയത്ത് ലീവ് പോലും കിട്ടത്തില്ല. അല്ലേൽ ഞാൻ ആദ്യത്തെ വണ്ടിക്ക് വീട് എത്തിയേനെ” ഫേബ പറഞ്ഞു.
“എനിക്ക് വർക്ക് ലോഡ് കൂടും. വല്ല ലോക്ക് ഡൗൺ ഒക്കെ ആയാലും ഡിപ്പാർട്മെന്റിനു ജോലി കൂടുകയേ ഉളളൂ. പ്രെഗ്നൻസിയാണ് പ്രശ്നം”.
മൂപ്പത്തി പിറുപിറുത്തുകൊണ്ടിരിക്കുമ്പോൾ,
എൻ്റെ ഫോൺ അടിച്ചു. ആന്റി ആണ്.
“കുഞ്ഞേ, ആകെ പ്രശ്നമായിട്ടിരിക്കുവാ കേട്ടില്ലേ കൊറോണയെപ്പറ്റി ഒക്കെ.
നമ്മളതോർത്തില്ല.. ഇപ്പം നിരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞിരിക്കുവാ ഞങ്ങളോട്. ഞാൻ കാലത്തെ അങ്ങോട്ട് വരും. നിങ്ങൾ എത്രയും പെട്ടെന്ന് റൂമിൽ നിന്ന് വീട്ടിലോ വേറെ എവിടെയെങ്കിലുമോ പൊയിക്കൊ. നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടി തന്നെ ആണേ”.
എൻ്റെ സംഭാഷണത്തിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ച പല്ലവിയും ഫേബയും ഫോൺ വിളികൾ തുടങ്ങിയിരുന്നു. ഒരാൾ കാമുകനെ. ഒരാൾ ഭർത്താവിനെ. പിന്നെ, വീട്ടുകാരെ. ഒരു നൂറു വിളികൾ. ഞാനും പുറത്തുപോയി ചില വിളികൾ നടത്തി. പിന്നെ മെല്ലെ ബാഗ് ഒതുക്കാൻ തുടങ്ങി.
ഫേബ കട്ടിലിൽ വന്നുകിടന്നു ഒരു കള്ളച്ചിരിയോടെ പറഞ്ഞു. “ഞാൻ ജോയലിൻ്റെ റൂമിൽ പോകുവാ. അവിടുന്നാവുമ്പം ബാങ്കിലേക്ക് അടുത്തല്ലേ? അമ്മച്ചി അറിഞ്ഞിട്ടല്ല കേട്ടോ. നിങ്ങളെ വിളിച്ചു തിരക്കിയാലും സൂക്ഷിച്ചു കൈകാര്യം ചെയ്യണേ പൊന്നു മക്കളെ”
കൊറോണയിൽ ഫേബ ഇപ്പോൾ സംപ്രീതയായിരിക്കുന്നു. ഞാൻ മന്ദഹസിച്ചു.
“നീയോ?” ഫേബ മൂപ്പത്തിയോട് ചോദിച്ചു.
മൂപ്പത്തിയുടെ നിസ്സാർ അഹമ്മദിൻ്റെ ചെറിയുമ്മ കടവന്ത്രയിലുണ്ട്. അതാണ് ഒരു വഴി. ഇന്ന് രാത്രി അവർ ആലുവയിൽ നിന്ന് കടവന്ത്ര പോകുന്നുണ്ട്. അപ്പോൾ ആ കാറിൽ കേറി മൂപ്പത്തിക്കും മുങ്ങാം.
അടുത്തത് എൻ്റെ പ്ലാൻ അവതരണം ആയിരുന്നു.
“ആദർശ് വരുമോ?”
ഫേബ, നല്ല വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുത്തു പാക്ക് ചെയ്യുന്നതിനിടെ ചോദിച്ചു.
“ആ… കാലത്തു വരും”, ഞാൻ പറഞ്ഞു.
“എടാ വല്ല മരുന്നും എങ്ങാനും ഉണ്ടെങ്കിൽ എന്തായാലും നിൻ്റെ ആദർശ് അറിയും. അപ്പോൾ തന്നെ ഞങ്ങളെ അറിയിക്കണേ”.
എന്തുണ്ടായാലും കുലുങ്ങാത്ത മൂപ്പത്തി പോലും ഇങ്ങനെ പറയുന്നത് കേട്ട് ഞാൻ അമ്പരന്നു.
“ഒറപ്പ്” ഞാൻ വാക്കുപറഞ്ഞു.
“ആ… പിന്നെ കണ്ടെന്റ് റൈറ്റർക്ക് വീട്ടിലിരുന്നാലും കാശ് കിട്ടുവല്ലോ.. ഭാഗ്യവതി” ഫേബ പറഞ്ഞു.
“ഇനി നീ കൊറച്ചുനാൾ അമ്മായിഅമ്മയെ സോപ്പിട്ടു, നോവലും വായിച്ചു മയങ്ങിക്കിടക്ക്”.
ഫേബയുടെ കൊറോണപ്പേടി മുഴുവനായി മാറി എന്ന് തോന്നി. ജോയലിൻ്റെ അടുത്ത് പോകുന്നതോർത്ത്, അവൾ ആകെ പൂത്തുലഞ്ഞു നില്ക്കുകയാണ്.
എട്ടു മണിയോടെ ഫേബ ജോയലിനൊപ്പം പോയി. കാറിൽ കേറുമ്പോൾ അവളുടെ മുഖം ത്രില്ല് കൊണ്ട് ചുവന്നു തുടുത്തത് കണ്ടു ഞങ്ങൾ കളിയാക്കി.
പത്തു മണിയോടെ പല്ലവിയും പോയി.
“ആദർശിനോട് സൂക്ഷിക്കാൻ പറയണേ മോളെ. എപ്പോഴും നോവലും കൊണ്ടിരിക്കാതെ നീയും കയ്യൊക്കെ പറഞ്ഞപോലെ കഴുകണേ”. മൂപ്പത്തി പോകുന്നതിനു മുൻപ് കാര്യമായിട്ട് ഉപദേശിച്ചു.
തിരിച്ചു റൂമിൽ എത്തുമ്പോഴും വർമ അങ്കിളിൻ്റെ കൊറോണ ക്ലീനിങ് വാസ് സ്റ്റിൽ ഗോയിങ് ഓൺ.
എൻ്റെ അത്യാവശ്യ സാധനങ്ങൾ പാക്ക് ചെയ്ത് ഞാൻ കിടക്കുമ്പോൾ മണി പതിനൊന്ന് കഴിഞ്ഞിരുന്നു.
രാവിലെ ആറു മണിക്ക് ആന്റി വിളിച്ചു. “കുഞ്ഞേ, നിങ്ങളെല്ലാം വീടെത്തിയോ? ഞാൻ കലൂരിലേക്ക് പോയിക്കൊണ്ടിരിക്കുവാ.
“അവർ രണ്ടും പോയി ആന്റി. ഞാനും ഇറങ്ങുകയാ.”
രണ്ടു ബാഗ്കളും എടുത്ത് ഫ്ലാറ്റ് പൂട്ടി ഞാൻ ഇറങ്ങുമ്പോൾ വിചിത്രമായ ഒരു കാഴ്ച്ച കണ്ടു.
വർമ അങ്കിളിനെ ഭായിമാർ താങ്ങിയെടുത്തു താഴെ കൊണ്ട് പോകുന്നു. ഞങ്ങളുടെ ഇടതുവശത്തെ ഫ്ളാറ്റിലെ റോഷിനി എന്ന ചേച്ചിയും ഭർത്താവും നോക്കി നില്കുന്നു.
അവരാണ് കാര്യം പറഞ്ഞത്.
സോപ്പ് വെള്ളത്തിൽ അടിമുടി ആറാടുന്നതിനിടെ തെന്നി വീണു, നടു ഉളുക്കി, അനങ്ങാൻ കഴിയാതെ, ഫ്ലാറ്റിൻ്റെ വാതിൽപ്പടിയിൽ കിടക്കുകയായിരുന്നത്രെ അങ്കിൾ. രാവിലെ എഴുന്നേറ്റുവന്ന ഭായിമാരാണ് ആദ്യം കണ്ടത്. അവരുടെ കൊറോണ ഭയം മനുഷ്യപ്പറ്റിനു മേലേക്ക് ഉയരാത്തതുകൊണ്ട്, അങ്കിളിനെ ആശുപത്രിയിൽ കൊണ്ടുപോവുകയാണ്. ഭായിമാരുടെ കയ്യിൽ നിസ്സഹായതയോടെ കിടക്കുന്ന അങ്കിളിൻ്റെ അന്നേരത്തെ മുഖഭാവം കാണാൻ എൻ്റെ കൂട്ടുകാരില്ലാതെ പോയല്ലോ.
അങ്കിളും ഭായിമാരും കയറിയ വണ്ടി മുന്നോട്ട് പോയതിനു ശേഷം ഞാൻ ഫ്ലാറ്റിൻ്റെ കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങി.
കൊറോണയെന്ന വൈറസിനെ ഭയന്ന് തിരക്കൊഴിഞ്ഞു തുടങ്ങിയ കൊച്ചിയുടെ നഗരവീഥിയിലൂടെ തോളിൽ ബാഗുകളും തൂക്കി, അടുത്ത് എവിടെയോ ഉണ്ട് എന്ന് പറയപ്പെടുന്ന ഷീലോഡ്‌ജും ലക്ഷ്യമാക്കി നടക്കുമ്പോൾ, എൻ്റെ ദൗർബല്യങ്ങളെ പറ്റിയാണ് ഞാൻ ഓർത്തത്. ആരോടും തുറക്കാത്ത എൻ്റെ മനസ്സിലെ ഇരുണ്ടയിടങ്ങളെ പറ്റി.. ഏറ്റവും അടുത്ത സുഹൃത്തുക്കളായിട്ടും മൂപ്പത്തിയോടും ഫേബയോടും പറഞ്ഞ കള്ളങ്ങളെ പറ്റി. മൂപ്പത്തി, സ്വന്തം ഊരിലെ ആളുകൾ അനുഭവിക്കുന്ന ഞെട്ടിക്കുന്ന കഷ്ടപ്പാടുകൾ പറഞ്ഞിട്ടും, എൻ്റെ മനസ്സ് തുറക്കാൻ കഴിയാതെ പോയ നിസ്സഹായതയെപ്പറ്റി. ഭർത്താവ് പോയിട്ട്, സ്വന്തമായി അച്ഛനമ്മമാരോ കുടുംബമോ പോലുമില്ലാത്ത ഞാൻ, ആരുടെ മുൻപിലും ചെറുതാവരുതെന്ന ദുരഭിമാനം കൊണ്ട്, ചോദിക്കുന്നവരോട് പറയാൻവേണ്ടി സങ്കല്പിച്ചെടുത്ത, അവസാനം ഞാൻ തന്നെ വിശ്വസിക്കാൻ തുടങ്ങിയ എൻ്റെ ബാലുശ്ശേരിയിലെ വീടിനെപ്പറ്റി..ആദർശ് എന്ന ഡോക്ടറായ സാങ്കല്പിക ഭർത്താവിനെപ്പറ്റി..
പിന്നെ, അനാഥത്വം എന്ന വൈറസ് എന്നോ കുഴിച്ചുമൂടിയ എൻ്റെ ബാല്യത്തെപ്പറ്റി, ഓർക്കാനിഷ്ടപ്പെടാത്ത നിറങ്ങളില്ലാത്ത എൻ്റെ കൗമാരത്തെപ്പറ്റി, ആരുടെയൊക്കെയൊ ഔദാര്യത്തിൻ്റെ ചായം വീണുണങ്ങിയ പഠനകാലത്തെ പറ്റി. പിന്നെ,.. ഇതളുകൾ പൊഴിച്ചുകൊണ്ടിരിക്കുന്ന എൻ്റെ യൗവനത്തെ പറ്റി…
VISUALS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂