ഒരു സ്ഥിരം വെള്ളിയാഴ്ച സഭയിൽ വച്ചു വളരെ പെട്ടെന്നാണ് ബസണ്ണയുടെ മൂഡ് മാറിയത്. വിനീത്, തൻ്റെ അപ്പൻ കാശ് മാത്രം നോക്കി ഏതോ കല്യാണത്തിന് നിർബന്ധിക്കുന്നു എന്ന് പറഞ്ഞു സ്ഥിരം പരിപാടിയായ കുടുംബക്കാരെ തെറിവിളി തുടങ്ങിയ സമയത്ത്, “ഗ്ര്ര്ർ” എന്ന് ശബ്ദത്തിൽ വലിയ ഏമ്പക്കത്തോടെ തൻ്റെ മൂന്നാം പെഗ് ഇറക്കിയ ആവേശത്തിൽ ബസണ്ണ ടേബിളിൽ ഊക്കോടെ ഒന്നിടിച്ചു. എന്നിട്ടു പ്രഖ്യാപിച്ചു “ഏയ് ഭായ്, ഈ വിശ്വാന്തരതല്ലിയാവുതെ ഇബ്രു വ്യക്തികളു മധ്യേ പ്രീതി, പ്രേമ ഇല്ലാ, എല്ലാം സുള്ളൂ, എല്ലാം വഞ്ചനയ്, എല്ലാം തുട്ടുകാക്കി”.

പഴയ മെഷീൻ തിയറി ക്ലാസുകൾ പോലെ ഒന്നും പിടികിട്ടാതെ കിളിപോയി ഇരിക്കുന്ന ശങ്കരനും വിനീതും ഒരു പരിഭാഷക്കായി കാത്തിരുന്നു.

“കന്നഡ ഗൊത്തില്ലാ സാറേയ്” രമണൻ അഭ്യർത്ഥിച്ചു.

തൻ്റെ പതിനഞ്ചു വർഷത്തെ സർവീസിൻ്റെ മുഖമുദ്രയായ കുടവയറിനെ ബനിയൻ ഒന്നുകൂടി താഴേക്കു വലിച്ചിട്ടു മറച്ചുകൊണ്ട് കസേര കാഴ്ചക്കാർക്ക് അഭിമുഖമായി തിരിച്ചിട്ടുകൊണ്ട് ബസണ്ണ പറഞ്ഞു തുടങ്ങി, “ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മനസ്സിലാക്കിയ കാര്യമാണിത് ഭായ്.. കാശാണ് ലോകത്ത് ഏറ്റവും വലുത് ഭായ്. “

ബസണ്ണക്കു നാലാം ക്ലാസ്സിൽ വച്ചു സ്കൂളിൽ തന്നെ ഉള്ള ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നത്രേ. അവളുടെ കൂടെ ബസണ്ണ എന്നും ക്ലാസ്സ് വിട്ടതിനു ശേഷം കളിക്കാൻ പോകും, മാവില് വലിഞ്ഞു കേറും, അങ്ങനെ…..അവൾ ആ ഗ്രാമത്തിലെ സർപഞ്ചിൻ്റെ കുടുംബത്തിൽ പെട്ടതായിരുന്നു. ബസണ്ണയും അവളും സംസാരിക്കുന്നത് കണ്ട, അവളുടെ തന്നെ കുടുംബക്കാരൻ ചെക്കൻ, അവരുടെ ജാതിക്കാർ കുറച് പിള്ളേരേം കൂട്ടി ഒരു ദിവസം സ്കൂളിൽ വച്ച് തന്നെ അയാളെ ഇടിച്ചുകൂട്ടി.

ബസണ്ണയുടെ അച്ഛൻ ഒരു സാധാ ലിംഗായത്ത് സമുദായക്കാരൻ സ്കൂൾ മാഷാണ്. അച്ഛൻ്റെ അതേ സ്കൂളിൽ, അയാളുടെ മുന്നിൽ വച്ചാണ് ബസണ്ണയെ അവർ മർദ്ദിച്ചത്. എന്നാൽ ഇത് നേരിട്ട് കണ്ടിട്ടും അച്ഛൻ തലകുനിച്ചു നിന്നതേ ഉള്ളൂ.

വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്ന വഴി അച്ഛൻ ബസണ്ണയോട് പറഞ്ഞു, “നീ പഠിച്ചു വല്യ ആളാവണം, എന്നിട്ടു വേണം അച്ഛന് ഈ നാട്ടില് ഒരു വില ഉണ്ടാക്കാൻ. നിന്നിലാണ് എൻ്റെ പ്രതീക്ഷ”.

നാലാം ക്ളാസ്സുകാരനായ ബസണ്ണ അച്ഛനോട് പറഞ്ഞു “എന്നെ വിശ്വസിക്കണ്ട, എൻ്റെ കാര്യത്തിൽ ഒരു പ്രതീക്ഷയും വേണ്ട.”

അച്ഛൻ ഞെട്ടിയ മുഖത്തോടെ ബസണ്ണയോട് “നിനക്ക് നിൻ്റെ അച്ഛനോടും അമ്മയോടും സ്നേഹമില്ലേടാ?”. നാലാം ക്ളാസ്സുകാരനായ ബസണ്ണ പറഞ്ഞു “അച്ഛാ ഈ വിശ്വാന്തരതല്ലിയാവുതെ ഇബ്രു വ്യക്തികളു മധ്യേ പ്രീതി, പ്രേമ ഇല്ലാ, എല്ലാം സുള്ളൂ, എല്ലാം വഞ്ചനയ്, എല്ലാം തുട്ടുകാക്കി” (ഈ പ്രപഞ്ചത്തിൽ ഏതൊരു രണ്ടു വ്യക്തികൾ തമ്മിലും സ്നേഹം, പ്രേമം തുടങ്ങിയ വികാരങ്ങൾ ഇല്ല. എല്ലാം കാപട്യമാണ്, വഞ്ചനയാണ്, പണത്തിനു വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ ആണ്).

രമണൻ ഒരു ചിരിയോടെ “എന്തൊരു തള്ളാണ് സാറേ.. നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ഈ ഫിലോസഫി സാറ് അടിച്ചു എന്നാണോ പറേണേ”.

ബസണ്ണ രമണനോട് പറഞ്ഞു “ഏയ് ട്രൂ ഭായ്, ഞാൻ എന്തിനാണ് കള്ളം പറയുന്നത്.”

വീണ്ടും രമണൻ്റെ മുഖത്തു അവിശ്വാസം കണ്ട ബസണ്ണ തുടർന്നു “ഏയ് ഭായ്, നിനക്കറിയാമോ എൻ്റെ അച്ഛൻ്റെ വാശികളും അഭിമാനവും ഇല്ലാരുന്നെങ്കിൽ ഞാൻ എവിടെ എത്തേണ്ടതാരുന്നെന്നോ. ഞാൻ ഇന്ന് സുഖിച്ചു ജീവിച്ചേനെ. എൻ്റെ അച്ഛനാണ് എൻ്റെ ജീവിതം കുട്ടിച്ചോറാക്കിയത്. അല്ലെങ്കിൽ ഈ ഫാക്ടറിയിലെ സൂപ്പർവൈസർ ആയി കഷ്ടപ്പെടണ്ട ആളല്ല ഞാൻ”.

വിനീത് രമണനോട് പറഞ്ഞു “സാർ ഇന്ന് ഓവർ ആണല്ലോ”.

ബസണ്ണ “ഏയ്, എൻ്റെ ക്വോട്ട ഞാൻ അടിച്ചു, അത്രേ ഉള്.. ഗ്ര്ര്ർ”.

വലിയ ശബ്ദത്തോടെ ബസണ്ണയുടെ ശരീരം ചില ഭക്ഷണപാനീയങ്ങൾ പുറത്തേക്ക് തള്ളാൻ തുടങ്ങി. തള്ളി തള്ളി വിഷമിച്ച ബസണ്ണ ടേബിളിനു മുകളിൽ തല വച്ച് കിടന്നു. തൻ്റെ ടേബിളിൽ വൃത്തത്തിൽ ഉണ്ടായ അലങ്കാരപ്പണി കണ്ട ശങ്കരൻ്റെ മൂഡ് മാറി.

“ടാ ..പുള്ളിയെ വീട്ടിൽ കൊണ്ടാക്ക്”.

“പുള്ളി വണ്ടീലാ വന്നേ” രമണൻ പറഞ്ഞു.

“ഈ കണ്ടീഷനിൽ പുളളി തിരിച്ചു ഒറ്റക്ക് പോവോ” വിനീത് ചോദിച്ചു.

“ഇച്ചിരെ വെള്ളം കൊണ്ടുവാ…ഒന്ന് കഴുകിയെച്ചും കൊണ്ടുപോവാം…”.

“ഇവിടെ കൊണ്ടവരുന്നേ എന്തിനാ, നേരെ ബാത്റൂമിലോട്ട് എടുത്തോ”.

മൂവർ സംഘം ബസണ്ണയെ എടുത്തുയർത്തി ബാത്റൂമിൽ കൊണ്ടുവന്നു. വെള്ളമൊഴിച്ചു ഒരു ചെറുകുളി കഴിഞ്ഞപ്പോൾ ബസണ്ണ കണ്ണുതുറന്നു.. ബസണ്ണയ്ക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല.. രമണൻചിരിച്ചുകൊണ്ട് ആക്രോശിച്ചു “സാറേ സാറിൻ്റെ അച്ഛനാണ് സാറേ പറയണേ… എണീക്കടോ… എണീക്കാൻ..” ശങ്കരൻ പാതി തമാശയായും പാതി രൂക്ഷമായും രമണനെ നോക്കി.

ബസണ്ണയ്ക്ക് മെല്ലെ എഴുന്നേൽക്കാം എന്നായപ്പോൾ രമണനെ മുഴുവനായി ഉത്തരവാദിത്തം ഏല്പിച്ചു ശങ്കരനും വിനീതും പിൻവാങ്ങി. അവർ നഞ്ചിട്ട ആറ്റിലെ പരലുകളെ പോലെ ആദ്യം ഇളകി ഇളകി, ഒടുവിൽ തറയിൽ വിരിച്ചിരുന്ന പായയിൽ പോയി നിശ്ചലരായി.

രമണൻ ബസണ്ണയുടെ കൈ തട്ടി ചെറിയ ആലസ്യത്തോടെ വിളിച്ചു തുടങ്ങി “സാറേ…സാറേ”

ബസണ്ണ തലയുയർത്തി രമണനെ നോക്കി പറഞ്ഞു “പൂവാം..”

“ഓഹ്… ഞാൻ കൊണ്ടാക്കാം…. ഒറ്റക്ക് പോവോ??”

ഉത്തരം പറയാനായി ചിന്തിച്ചു നിൽക്കുന്ന ബസണ്ണയുടെ നേർക്ക് നോക്കി ചിരിച്ചുകൊണ്ട് ,ബസണ്ണയുടെ കൈപിടിച്ചു രമണൻ “ഇങ്ങു വാ ഊവ്വേ..” എന്നാർത്തു.

ബൈക്കിൽ ഒരുമിച്ച് ഇരിക്കുമ്പോൾ ബസണ്ണ തൻ്റെ അച്ഛനെ പറ്റി ആലോചിച്ചു. അച്ഛന് താൻ കോളേജിൽ പഠിക്കുമ്പോൾ, ഒരു സൈക്കിൾ പോലും വാങ്ങി തരാനുള്ള ആവതുണ്ടായില്ല. ഒരു ബൈക്കിൻ്റെ പിറകിൽ ആദ്യമായി കേറുന്നത് തന്നെ കോളേജ് ഒക്കെ കഴിഞ്ഞു ഹൈദരാബാദിലെ കോച്ചിങ് സെന്ററിൽ വച്ചാണ്. അവിടെ വച്ചാണ് ബസണ്ണ, മധുരികയെ പരിചയപ്പെടുന്നത്. ആദ്യമായി ഒരു ചുംബനം തന്ന പെൺകുട്ടി. ഗവണ്മെന്റ് ജോലി ടെസ്റ്റ് എഴുതി തരപ്പെടുത്താനുള്ള തലച്ചോറ് തനിക്കില്ല എന്നറിയാവുന്നത് കൊണ്ട് ജീവിതം ഒന്ന് പച്ചപിടിക്കട്ടെ എന്ന് കരുതിയാണ് ക്ലാസ്സിലെ ഏറ്റവും ബുദ്ധിമതിയായ മധുരികയെ തന്നെ പ്രേമിക്കാൻ ബസണ്ണ ശ്രമിച്ചത്. അവളുടെ വീട്ടിൽ വലിയ ആസ്തി ഒന്നുമില്ലെങ്കിലും അവൾ എങ്ങനെയെങ്കിലും ഒരു ഗവണ്മെന്റ് ജോലി സമ്പാദിക്കും എന്ന് അയാൾക്ക് ഉറപ്പായിരുന്നു. അവളുടെ കുടുംബക്കാർക്കു തങ്ങൾ ഉയർന്ന ജാതിക്കാരായതിനാൽ ഈ ബന്ധത്തിൽ എതിർപ്പൊന്നും ഉണ്ടാകാനിടയില്ലതാനും. അവൾ നിരന്തരം പരീക്ഷകൾ തോറ്റുകൊണ്ടിരുന്നു എങ്കിലും താൻ അവളെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പെണ്ണുകാണാൻ പോയപ്പോൾ അച്ഛനോട് സ്ത്രീധനം ആവശ്യപ്പെടണം എന്ന് ബസണ്ണ ഓർമിപ്പിച്ചിരുന്നു. എന്നാൽ അവരുടെ വീടിൻ്റെ പരിതാപകരമായ അവസ്ഥ കണ്ടപ്പോൾ വിഡ്ഢിയായ അച്ഛൻ തുക ഒന്നും ഉറപ്പിക്കാതെ, തീരുമാനം എല്ലാം അവർക്ക് വിട്ടു കൊടുത്തു തിരികെ വന്നു. “അവര് ഇഷ്ടമുള്ള തുക തരട്ടെ. ഒന്നുമില്ലെങ്കിലും നിനക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയല്ലേ. അതല്ലേ പ്രധാനം” എന്ന് തിരിച്ചു ഉപദേശിക്കുകയും ചെയ്തു.

ആ സമയത്താണ് വിജയവാഡയിലുള്ള അനന്തു ഒരു കാര്യം അവതരിപ്പിച്ചത്. പോയ വർഷം സ്റ്റേറ്റ് പോലീസ് കോൺസ്റ്റബിൾ ടെസ്റ്റിൽ പിറകിലാണെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാനായവർക്കു ജോലി കിട്ടാൻ സാധ്യത ഉണ്ടത്രേ. പക്ഷേ ഒരു രണ്ടു ലക്ഷം രൂപ ചെലവുണ്ട്. ദരിദ്രനായ സ്വന്തം അച്ഛനോട് ചോദിച്ചിട്ടു കാര്യമില്ല എന്നറിയാമായിരുന്നു, എങ്കിലും ബസണ്ണ വീട് വിൽക്കാൻ ആവശ്യപ്പെട്ടു. തനിക്ക് പോലീസ് ജോലി കിട്ടിയാൽ കിട്ടുന്ന കോഴ മാത്രം കൊണ്ട് ആ പണം തിരിച്ചു കിട്ടും എന്ന് അയാൾ അച്ഛനോട് ഉറപ്പ് പറഞ്ഞു. പക്ഷേ തൻ്റെ കുടുംബവീട് വിൽക്കാനോ പണയം വയ്ക്കാനോ അച്ഛൻ തയ്യാറായിരുന്നില്ല..ബസണ്ണയുടെ അമ്മാവൻ അതേ ഗ്രാമത്തിലെ ഖാപ്പ് അധികാരിയും, ധനികനായ കർഷകനുമായിരുന്നു. അദ്ദേഹത്തോട് പലിശയ്ക്ക് പണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സന്തോഷത്തോടെ മറ്റൊരു ഓഫർ അറിയിച്ചു. അമ്മാവന് പലിശ വേണ്ട, ഫ്രീ ആയി പണം തരും, പകരം ബസണ്ണ അമ്മാവൻ്റെ മോളെ വിവാഹം കഴിക്കണം. അമ്മാവന് രണ്ടു പെണ്മക്കളാണ് ഉള്ളത്, ഇളയവൾ സുന്ദരി ആണ്, പക്ഷേ മൂത്ത മകൾക്ക് ചെറിയ മാനസിക അസുഖങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ശാരീരികമായ ചില അസ്വസ്ഥകളും ഉണ്ടെന്നാണ് നാട്ടുവർത്തമാനം. ബസണ്ണ അപ്പോൾ തന്നെ തയ്യാറായിരുന്നു. അമ്മാവൻ ധനികനാകയാൽ ഈ ബന്ധം കൊണ്ട് എന്തുകൊണ്ടും തനിക്ക് ഗുണമേ ഉള്ളൂ എന്ന് അയാൾക്ക് അറിയാമായിരുന്നു. അച്ഛനോട് സംസാരിച്ചു തിരികെ വരാം എന്നറിയിച്ചു ബസണ്ണ തിരിച്ചു വീട്ടിൽ എത്തി. മധുരികയുടെ വീട്ടുകാർ തീയതി ഉറപ്പിക്കാൻ വരുന്ന ദിവസമായിരുന്നു പിറ്റേന്ന്.

ബസണ്ണ അച്ഛനോട് വൈകിട്ട് തന്നെ കാര്യം അവതരിപ്പിച്ചു. അച്ഛൻ അമ്പിനും വില്ലിനും അടുക്കുന്നുണ്ടായിരുന്നില്ല. ദരിദ്രനായ ബസണ്ണയുടെ അച്ഛൻ അതിനു സമ്മതിക്കില്ല എന്ന് ശഠിച്ചു. അച്ഛൻ നാളെ തന്നെ മധുരികയുമായുള്ള കല്യാണം ഉറപ്പിക്കുമെന്ന് പറഞ്ഞു. കൊടുത്ത വാക്കു തെറ്റിക്കാൻ തനിക്ക് കഴിയില്ല എന്നായിരുന്നു അച്ഛൻ്റെ ഭാഗം. തൻ്റെ മകൻ ഒരു ബുദ്ധിമാന്ദ്യം ഉള്ള പെണ്ണിനെ കെട്ടുന്നത് തൻ്റെ അഭിമാനത്തിന് വലിയ ക്ഷതമായി അദ്ദേഹം കരുതി. ദരിദ്രർക്ക് അഭിമാനം വെറുമൊരു അലങ്കാരമാണെന്നു തൻ്റെ അച്ഛന് ഒരിക്കലും മനസ്സിലാകില്ലെന്ന് ബസണ്ണയ്ക്കു അറിയാമായിരുന്നു. ബസണ്ണ അന്ന് തന്നെ മധുരികയുടെ വീട്ടിൽ വിളിച്ചു കല്യാണത്തിന് താല്പര്യം ഇല്ല എന്നറിയിച്ചു. അച്ഛൻ സമ്മതിക്കാതെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് പിറ്റേന്ന് ബസണ്ണ അമ്മാവനെ അറിയിച്ചു. തനിക്ക് രണ്ട് ലക്ഷം രൂപയാണ് പ്രധാനം. പക്ഷേ വീട്ടുകാർ ചേർന്നുള്ള കല്യാണത്തിനാണ് താൽപര്യമെന്നും ഇത്തരം ഒളിച്ചുകല്യാണം തൻ്റെ അഭിമാനത്തിന് ക്ഷതമാണെന്നും അമ്മാവൻ അറിയിച്ചു.

“അഭിമാനികളാണ് ഈ നാടിൻ്റെ ശാപം… ഈ രാജ്യം തന്നെ വേസ്റ്റ് ആണ് ഭായ്… ഇന്ത്യ എന്ന രാജ്യം നന്നാവാത്തത് തന്നെ അതുകൊണ്ടാണ്”.

ബൈക്കിൻ്റെ മുൻപിൽ നിന്ന് രമണൻ ചോദിച്ചു “നിങ്ങളെന്താണ് പിച്ചും പേയും പറയണത് സാറേ”.

ബസണ്ണ മറുപടി പറയാതെ വീണ്ടും ചിന്തയിൽ മുഴുകി. അയാൾ പിന്നീട് ഒരുപാട് തവണ മധുരികയെ വീണ്ടും കാണാൻ ശ്രമിച്ചിരുന്നു, അവൾ കൂട്ടാക്കിയില്ല. ഒരിക്കൽ അയാൾ അവളുടെ വീട്ടിൽ പോയി രണ്ട് ലക്ഷം രൂപ തന്നാൽ താൻ കല്യാണത്തിന് തയ്യാറാണെന്ന് പറഞ്ഞു. അവർ അയാളെ ആട്ടി ഇറക്കിവിട്ടു.

ഇന്ന് മധുരിക, ഗുണ്ടൂരിൽ തഹസിൽദാർ ആണ്!

അനന്തു അന്ന് തന്നെ കാശ് കൊടുത്ത് ജോലി നേടി. ഇന്നവൻ രാജാമുന്ദ്രി സബ് ഇൻസ്പെക്ടർ ആണ്. ബസണ്ണ രണ്ടു വർഷം മുൻപ് അവൻ്റെ വീട്ടിൽ പോയിരുന്നു. മൊസൈക് കൊണ്ട് നിറഞ്ഞ മൂന്ന് നില വീട്, ഫാൾസ് സീലിംഗ്.. എന്തൊരു തിളക്കമാണ്. മൂന്ന് കാറുകളെങ്കിലും ഉണ്ട് അവൻ്റെ മുറ്റത്ത്.

“സാറേ വീടെത്തി” രമണൻ അറിയിച്ചു..”കേറ്റി വിടണോ?”
ബസണ്ണ ബൈക്കിൽ നിന്നിറങ്ങി ഒരു സ്മൈൽ പാസ്സാക്കി.
“നോ ഭായ് , നീ പോ..താങ്ക് യു..”.

ബസണ്ണ ഗേറ്റിനു മുൻപിൽ നിന്ന് രമണൻ ബൈക്ക് തിരിച്ച പോവുന്നതും നോക്കി നിന്നു. തൻ്റെ വീടിനു എതിർവശത്തുള്ള ഹാളിൽ “മൈസൂർ ശിവകുമാര സ്വാമികൾക്ക് സ്വാഗതം” എന്ന വലിയ ഫ്ളക്സ് കണ്ട ബസണ്ണ വീണ്ടും വിഷണ്ണനായി. ഫ്ലക്സ്നു അടുത്തേക്ക് പോയി ബസണ്ണ സ്വാമികളുടെ ഫോട്ടോ സൂക്ഷിച്ചു നോക്കി. എന്നിട്ടു സ്വാമികളോടായി പറഞ്ഞു “നീ ഇരിക്കുന്നത് എൻ്റെ കസേരയിലാണെടാ പട്ടീ”.

ബസണ്ണ അവിടെ കാർക്കിച്ചു തുപ്പി… വിജനമായ റോഡും സ്വാമികളും മാത്രം ബസണ്ണയുടെ കഥയ്ക്ക് ശ്രോതാക്കളായി.

ബസണ്ണയ്ക്ക് പത്തു വയസ്സുള്ളപ്പോളാണ് മൈസൂർ ഗോവിന്ദസ്വാമികൾ ബസണ്ണയുടെ നാട് സന്ദർശിക്കാൻ വരുന്നത്. നാല് ദിവസത്തെ കർമ്മങ്ങളായിരുന്നു സ്വാമിജി അവരുടെ ഹനുമാൻ ക്ഷേത്രത്തിൽ നടത്തുന്നത്. നാടൊട്ടുക്ക് സ്വാമിജികളോടുള്ള ആരാധനയിൽ ആ ദിവസങ്ങളിൽ ആറാടി നില്കയായിരുന്നു. നാലാം ദിവസം സ്വാമികൾ ഗ്രാമത്തിലെ ചില വീടുകൾ സന്ദർശിക്കാൻ തുടങ്ങി. ഗ്രാമത്തിലെ ഏക സ്കൂളിൻ്റെ അധ്യാപകനും സ്വാമിജിയുടെ തീവ്ര ഭക്തനുമായ ബസണ്ണയുടെ അച്ഛനും നറുക്ക് വീണു. സ്വാമിജി ബസണ്ണയുടെ വീട്ടിൽ എത്തിയപ്പോൾ തന്നെ ബസണ്ണയെ അടുത്ത വിളിച്ച് കൈവായിച്ചു. വായിച്ചു കൊണ്ടിരിക്കവേ സ്വാമിജിയുടെ കണ്ണുകൾ പ്രകാശിച്ചു. സ്വാമിജി ഒരു മിനിറ്റ് കണ്ണുകളടച്ചു ധ്യാനിച്ചു. എന്നിട്ടു കണ്ണുതുറന്നു ബസണ്ണയെ ചേർത്തുകെട്ടിപ്പിടിച്ചു. നാലാം നാൾ തിരിച്ചു പോവേണ്ട സ്വാമിജി അന്ന് പോയില്ല. മൂന്ന് ദിവസം കൂടി സ്വാമിജി ബസണ്ണയുടെ അച്ഛനോട് അനുവാദം വാങ്ങി ബസണ്ണയോട് കൂടി പ്രാർത്ഥിച്ച് ആ വീട്ടിൽ ചിലവഴിച്ചു. സ്വാമിജി ബസണ്ണയെ ഇടക്ക് ഇടക്ക് തലമുടിയിൽ കൈകൾ ചേർത്ത് തഴുകുമായിരുന്നു. ബസണ്ണ ഇന്നും സ്വാമിജിയുടെ വിരലുകളുടെ മാർദ്ദവം ഓർമിക്കുന്നുണ്ട്. സ്വാമിജി തിരികെ പോകുന്ന നേരമായപ്പോൾ ബസണ്ണയുടെ അച്ഛനെ വിളിച്ച് കാലു വണങ്ങി ചോദിച്ചു “ഇവനെ എനിക്ക് ഇഷ്ടമായി. ഇവൻ്റെ ഹസ്തരേഖ പ്രകാരം എൻ്റെ പിൻഗാമി ആകാൻ യോഗ്യനായി എനിക്ക് തോന്നി. ഇവനെ എൻ്റെ കൂടെ അയക്കുക. എൻ്റെ ദത്തുപുത്രനായി, മഠത്തിൻ്റെയും ഞങ്ങളുടെ ആത്മീയ പ്രസ്ഥാനത്തിൻ്റെയും തുടർച്ച ഇവനിൽ നിന്നാവണം എന്നാണ് എൻ്റെ ആഗ്രഹം”. “ദരിദ്രനും അഭിമാനിയുമായ ബസണ്ണയുടെ അച്ഛൻ വിനയത്തോടെ തിരസ്കരിച്ചു. സ്വാമിജി , എൻ്റെ ഒറ്റ ആൺതരിയാണ്. ഇവൻ വേണം എനിക്ക് കൊള്ളി വക്കാൻ. ബുദ്ധിമുട്ടുണ്ട്”.

സ്വാമിജി മറുത്തൊന്നും പറയാതെ ബസണ്ണയെ ഒന്നുകൂടി ആലിംഗനം ചെയ്തിട്ട് പൊയ്ക്കളഞ്ഞു. നഷ്ടപ്പെട്ടതിൻ്റെ വ്യാപ്തി അറിഞ്ഞിട്ടോ അറിയാതെയോ പത്തു വയസ്സുകാരൻ ബസണ്ണ അന്ന് കുറേ കരഞ്ഞു. അന്ന് ബസണ്ണ അച്ഛനെ കുറെ ശപിച്ചിരുന്നു. ഇന്നും ശപിക്കുന്നു.

“എൻ്റെ ജീവിതം നശിപ്പിച്ചത് നിങ്ങളാണ് അച്ഛാ..” ബസണ്ണ ആരോടെന്നില്ലാതെ ഒച്ചയിട്ടുകൊണ്ട് ഗേറ്റ് തള്ളി തുറന്നു. മൈസൂർ ഗോവിന്ദസ്വാമികൾ, ഇന്ത്യ ഒട്ടാകെ മുപ്പത്തിയഞ്ചു മഠങ്ങൾ നടത്തുന്നുണ്ട്. പത്തോളം എഞ്ചിനീയറിംഗ് കോളേജുകൾ, നാലു മെഡിക്കൽ കോളേജുകൾ, അങ്ങനെ കോടികളുടെ ആസ്തിയാണിപ്പോൾ. സ്വാമിജിയുടെ പിൻഗാമി ആയ ശിവകുമാരസ്വാമികളാണ് ട്രസ്റ്റ് അധ്യക്ഷൻ.

ബസണ്ണ തൻ്റെ ഒരു നില വാടക വീടും മാരുതി ആൾട്ടോ കാറും നോക്കി ഒരു നിമിഷം നിന്ന ശേഷം വെടിയുണ്ട പോലെ വീടിനു അകത്തേക്ക് കുതിച്ചു.
തൻ്റെ മുറിയിൽ ഭാര്യ ഉറങ്ങുന്നു. അയാൾ ഒരു നിമിഷം ആലോചിച്ചു “എത്ര സുന്ദരിയായിരുന്നു മധുരിക!! ഇവളോ..വെറും പോത്ത്….”.

അയാൾ കുട്ടികളുടെ മുറിയിലേക്ക് നടന്നു. തൻ്റെ രണ്ടു മക്കളും സുഖമായി ഉറങ്ങുന്നു. അയാൾക്കു പരിഭ്രമമായി, തൻ്റെ മക്കൾ തന്നെ പോലെ ആവരുത്, അവർ പരാജയപ്പെടരുത്, അയാൾ മൂത്ത മകൻ്റെ കട്ടിലിൽ ചെന്നിരുന്നു. ആ പത്തു വയസ്സുകാരൻ സുഖമായി ഉറങ്ങുകയാണ്. അയാൾ അവനെ കുലുക്കി ഉണർത്താൻ ശ്രമിച്ചു.

“നിഖിൽ, നിഖിൽ…എണീക്ക്”.

ഉറക്കത്തിൽ നിന്ന് പിച്ച് പറഞ്ഞുകൊണ്ട് കുട്ടി കണ്ണുതുറന്നു.. അപ്പോൾ ആവേശത്തോടെ ബസണ്ണ ചോദിച്ചു “നിനക്ക് ആരാവണം ഡാ?”.

നിഖിൽ കണ്ണ് തുറക്കാൻ പാട്ടുപെട്ടു കൊണ്ട് കിതച്ചു “അപ്പ…”.

“നീ ആരാവണം എന്നറിയുവോ”.. നിഖിലിനെ ടീ ഷർട്ടിൽ പിടിച്ചുയർത്തി കുലുക്കി കൊണ്ട് അയാൾ ചോദിച്ചു.

“ഇല്ല, ഇല്ല…”നിഖിൽ പേടിച്ചു പറഞ്ഞു.

“ഡോക്ടർ. ഡോക്ടർ….നീ പഠിച്ചു വല്യ ഡോക്ടർ ആവണം, എന്നിട്ടു വേണം അപ്പന് ഈ നാട്ടില് ഒരു വില ഉണ്ടാക്കാൻ. നിന്നിലാണ് എൻ്റെ പ്രതീക്ഷ..” അയാൾ നിഖിലിനെ വീണ്ടും കുലുക്കികൊണ്ട് പറഞ്ഞു.

നിഖിൽ ഉറക്കെ വാവിട്ടു കരയാൻ തുടങ്ങി… ആ ശബ്ദം മുറിയാകെ, വീടാകെ നിറഞ്ഞു…..

ബസണ്ണയുടെ ചോദ്യവും അന്തരീക്ഷത്തിൽ തങ്ങി നിന്നു..

“നീ ഡോക്ടർ ആവില്ലേ? ഇല്ലേ?”

GREG RAKOZY DEVIKA DINESH
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

4 comments

Leave a Reply

You May Also Like
Read More

വൈറസ്

ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും.. പിന്നെ,…
Read More

ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും

വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ്…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 5

തൻ്റെ ജനതയുടെ വിദ്യാഭ്യാസത്തിനായിരുന്നു ഏറ്റവും പ്രാമുഖ്യം മഹാത്മാ അയ്യങ്കാളി നൽകിയിരുന്നതെങ്കിലും ഒപ്പം മറ്റു പല സാമൂഹികവും തൊഴിൽപരവുമായ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം പോരാടാൻ ഇറങ്ങി.…
Read More

പ്രണയകാവ്യം

നാലുവരിയിലെഴുതാനാവുമോ? ഈ ജന്മം മുഴുവൻ എഴുതിയാലും തീരാത്ത പ്രണയകാവ്യം…. ആരോ@ഹൈക്കുകവിതകൾ PHOTO CREDIT : HUSH NAIDOO JADE Share via: 64 Shares…
Read More

സാക്ഷി

കൊടും തണുപ്പിൽ ചൂടിനെ ആവാഹിക്കാൻ കഴിവുള്ള ആ പുതപ്പ് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പൊള്ളുന്ന ദേഹം തണുപ്പിൻ്റെ ആവരണത്തിൽ നിന്നും മുക്തമാക്കാൻ അയാളുടെ…
Read More

ഇന്നലെകളിൽ നിന്ന്

കാലത്തെ ചങ്ങലക്കിട്ട് അടിമയാക്കാൻ കഴിയുന്നൊരു വേളയിൽ തുടങ്ങിയിടത്തേക്ക് എനിക്ക് തിരിച്ചു പോകണം കരിയിലകളെ വാരിയെടുത്ത് മാമരത്തലപ്പുകളോട് വെറുതെ കലമ്പലുണ്ടാക്കി ചുരമിറങ്ങിയ കാറ്റുകൾ അലഞ്ഞു നടക്കാറുള്ള…
Read More

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം

കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന…
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…
Read More

അതിര്..ആകാശം..ഭൂമി!

അവര്‍ തീമഴ പെയ്യുന്ന ഭൂപടങ്ങളില്‍ മുറിവേറ്റ നാടിൻ്റെ വിലാപങ്ങളെ ചുവന്ന വരയിട്ട് അടയാളപ്പെടുത്തും. വീട്ടിലേക്ക് ഒരു റോക്കറ്റ് വന്ന വഴി കൂട്ടുകാരിയുടെ കുഴിമാടത്തിലേക്കു നീട്ടിവരയ്ക്കുന്നു.…
Read More

കാർഷിക സ്വർണ്ണ പണയത്തിനുള്ള സബ്സിഡി ജൂൺ 30 വരെ മാത്രം

കാർഷിക സ്വർണ്ണ പണയത്തിന് ലഭിച്ചിരുന്ന പലിശ സബ്സിഡിയിൽ മാറ്റം വന്നിരിക്കുകയാണ്. 2019 ഡിസംബർ മാസത്തിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം കാർഷിക സ്വർണ്ണ പണയം…
Read More

യാ ഇലാഹി ടൈംസ്

ലളിതമായ ഭാഷയിൽ നോൺ ലീനിയർ ശൈലിയിൽ എഴുതപ്പെട്ട നോവലാണ് അനിൽ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’. ദുബായിൽ പ്രവാസിയായി ജീവിക്കുന്ന പ്രധാന കഥാപാത്രം സിറിയൻ…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

ഒഴുക്ക്

ഒഴുകുകയായിരുന്നു…..ഏതോ ഒരു ഒഴുക്കിലങ്ങനെ ദിക്കറിയാതെ ഒഴുകുകയായിരുന്നു; ശാന്തമായി, സുഖമമായി. ഇടക്കെവിടെയോ വച്ച് പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നി ചിതറിയ തുള്ളികളിൽ ചിലത് ഒഴുക്കിനോടൊപ്പം വീണ്ടുമൊന്നിച്ചൊഴുകി. ചിലതാകട്ടെ…
Read More

മഷി

പുസ്തകം ചോദിച്ചു :  “എന്തിനാണ് നീയെന്നെ കോറി വേദനിപ്പിക്കുന്നത്…? പേന പറഞ്ഞു : “ശൂന്യമായ നിന്നിലേക്ക് ഞാനെൻ്റെ പ്രാണനെയാണ് നിറയ്ക്കുന്നത്, ഒടുവിലത് നിലയ്ക്കുമ്പോൾ ഞാൻ…