Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
അലാറങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം
ഉറക്കം കൂട്ടിക്കൊണ്ടു പോയിക്കിടത്തി
ഒരുപാട് വൈകിയുണര്‍ത്തുന്ന
ചില രാവിലെകളുണ്ടായിരുന്നല്ലോ,
ഒരു പക്ഷേ ഇത്ര നേരത്തേ
ഉണര്‍ന്നിരുന്നാലത്തരം
പ്രഭാതങ്ങളകന്നു പോകുമായിരിക്കും.
അത്രമേല്‍ തിരക്കിട്ട് അടുക്കളയിലേക്കോടി
തിളച്ചുതൂവും ചായക്കരുകില്‍ നില്‍ക്കുമ്പോള്‍
ഒരുപാട് മൂലകളില്‍ നിന്ന് മീശ വിറപ്പിച്ച്
തുറിച്ചു നോക്കിയെത്തുന്ന പാറ്റകളുണ്ടായിരുന്നു.
എവിടെപ്പോയൊളിച്ചു പോലും.!
സോപ്പു പതയില്‍ കുളിച്ചു നില്‍ക്കുമ്പോള്‍
ജനലരുകിലൊളിച്ചിരുന്ന് തുറിച്ചു നോക്കുന്ന
ആ പല്ലിയേയും ഇപ്പോള്‍ കാണുന്നേയില്ല.
ആരവങ്ങളൊഴിഞ്ഞൊരു സ്‌റ്റേഡിയത്തിന്
നടുവില്‍ നിന്നു നനച്ചു തോര്‍ത്തും പോലുണ്ട്.
അടുക്കളയലമാരയില്‍ പഞ്ചസാര ഡപ്പിക്കു ചുറ്റും
നൃത്തം വെച്ചിരുന്ന ഉറുമ്പുകള്‍
അവരവരുടെ പുറ്റുകളിലേക്ക്
കൂട്ടത്തോടെ ഒഴിഞ്ഞു പോയിരിക്കണം.
ഞായറുച്ചകളില്‍ തുറന്നിട്ട
ജനലഴികള്‍ക്കിടയിലൂടെ വഴി തെറ്റിയെത്തി
ഫാന്‍ കറക്കത്തോട് മത്സരിച്ച്
ചിറകടിച്ചൊച്ച വെച്ചു തളര്‍ന്നു
വീഴുമായിരുന്നൊരു തുമ്പിയുണ്ടായിരുന്നു,
അതിൻ്റെ നിഴല്‍ പോലുമില്ല.
എപ്പോഴകത്തു കയറി എന്ന മട്ടിലമ്പരപ്പിച്ച്
അതിവേഗമോടും സെക്കന്റ് സൂചിയെ
ഗൗനിക്കാതെ ചുവരിലെ ക്ലോക്കിനെതിര്‍വശം
ഉറ്റുനോക്കി ഒച്ച വെക്കാതിരുന്ന
ഒരു ചിത്രശലഭമുണ്ടായിരുന്നു.
അതേത് പൂവിലേക്കാണിപ്പോള്‍
ഇത്രവേഗം പറന്നകന്നു പോയത്.
ഇല്ല.. ബാല്‍ക്കണി ജനലോരത്ത്
കൂടു കൂട്ടിയിരുന്ന
കടന്നലുകളുടെ മൂളലുകളില്ല.
വഴി തെറ്റിയെത്തുന്ന
അട്ടകളുടെ ഇഴഞ്ഞു പോക്കില്ല.
ചെരിപ്പുകള്‍ കൂട്ടിവെച്ചിരുന്ന
കുഞ്ഞനലമാരയില്‍ നിന്നിടക്കിടെ
ഇറങ്ങി വരാറുള്ള
പഴുതാരയുടെ പൊടി പോലുമില്ല.
ഒട്ടു മിക്ക നേരങ്ങളിലും
ആകാശത്തിനും ടെറസിനുമിടയിലായി
കൊക്കുരുമ്മിയിരിക്കാറുള്ള
ആ കറുത്ത പ്രാക്കളെയും കാണുന്നില്ല.
ഇല്ല.. ഉറക്കത്തിനും ഉച്ചയ്ക്കും
ഇടയിലുള്ള ആ കൊച്ചു മയക്കത്തില്‍
പണ്ട് വീട്ടിലെ പിടക്കോഴിയെ പോലെ
തന്നെയെന്നു തോന്നിപ്പിച്ചിരുന്ന
ചിനപ്പിച്ചൊച്ച വെച്ചുണര്‍ത്തുന്ന
ഓർമ്മകൾ പോലുമില്ല.
സന്ധ്യകളില്‍ ചീവീടുകളുടെ
ജൈവ സിംഫണികളില്ല.
പറന്നു പോകുമൊരു
പുള്ളിൻ്റെ നേര്‍ത്ത കൂവല്‍ പോലുമില്ല.
വീണുടഞ്ഞുറങ്ങാന്‍ പോകും നേരം
കണ്ണിമകളെ ഞെട്ടിച്ചു കേള്‍പ്പിച്ചിരുന്ന
മൂങ്ങയുടെ മുരളല്‍ പോലുമില്ല.
ഒരുപക്ഷേ, ഭൂമിയില്‍ മനുഷ്യൻ
സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന
വീടുകളിലേക്ക് മറ്റൊരു ജീവിയും
തിരിഞ്ഞു നോക്കാറില്ലായിരിക്കും.
പ്രകൃതി അവരുടെ മാത്രം
ഭരണഘടനയാണല്ലോ!