നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന വലിയൊരു ശൂന്യതയോർത്ത്.
മറക്കുവാൻ ശ്രമിക്കുന്തോറും പല ഓർമ്മകളും പൂർവാധികം ശക്തിയോടെ തിരിച്ചുവരും. അവ മനസ്സിനെ വീണ്ടും വീണ്ടും അലട്ടികൊണ്ടേയിരിക്കും. വേർപാടിൻ്റെയും ഒറ്റപ്പെടലിൻ്റെയും കൈകൾ ആ ഓർമ്മകളുടെ കൂടെ വന്ന് എന്നെ നിത്യേന ചുറ്റിവരിയാറുണ്ട്. ഓർക്കാൻ സുഖമുള്ളവയാകട്ടെ പതിയെ മറവിയുടെ ആഴങ്ങളിലേക്ക് അകന്ന് തുടങ്ങിയിരിക്കുന്നുവെന്ന് തോന്നുന്നു. ഈ ഓർമ്മകളെല്ലാം എവിടെ പോയി ഒളിക്കാനാണ്? ഇവയെല്ലാം മൂടിവെക്കാൻ മാത്രം അറകൾ മനസ്സിനുണ്ടായിരിക്കുമോ? നിന്നെക്കുറിച്ചുള്ള ഓരോ ഓർമ്മകളും മനസ്സിൻ്റെ ഓരോ അറകളിലായിരിക്കുമോ? മനപ്പൂർവം മറവിയുടെ ചുഴിയിലേക്ക് ആഴ്ത്തപ്പെട്ടവയും ഓർമ്മപുസ്തകത്തിൽ നിന്നും പഴകി അടർന്നുപോയവയുമെല്ലാം അവിടെ തന്നെ കാണുമോ? ആർക്കറിയാം. മനസ്സിനെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ!
ഇന്നലെയും പതിവുപോലെ നീ സ്വപ്നത്തിൽ വന്നിരുന്നു. നിൻ്റെ രൂപത്തിന് ചുറ്റും അസാധാരണമായ വെളുത്ത ശോഭ നിറഞ്ഞു നിന്നിരുന്നു. വെളുത്ത പല്ലുകൾ കാട്ടി നീ തുടരെത്തുടരെ എന്നെ നോക്കി ചിരിച്ചു. നിന്നെ കണ്ടിട്ടും എന്തുകൊണ്ട് ഞാൻ സന്തോഷിച്ചില്ല? സ്വപ്നത്തിനിടയ്ക്കും യാഥാർത്ഥ്യം എൻ്റെ സിരകളിൽ പടർന്നിരുന്നോ? കണ്ണുകൾ തുറക്കുന്നതോടെ കണ്മുന്നിൽ നിന്നും നീ അകന്നു പോവുമെന്ന സത്യം എന്നെ ഭയപ്പെടുത്തിയിരുന്നോ? അറിയില്ല.
നിറം മങ്ങാതെ മനസ്സിൽ എന്നും നിലകൊള്ളുന്നവയും ചിതലരിച്ചു തുടങ്ങിയവയുമെല്ലാം നീ സമ്മാനിച്ച നിൻ്റെ ഓർമ്മകൾ തന്നെയാണ്. എന്നും നിന്നിലേക്കുള്ള എൻ്റെ പാതകൾ തന്നെയാണ് ഓരോ ഓർമ്മയും. ആ പാതയുടെ ഏതെങ്കിലുമൊരു കോണിൽ വെച്ച് എന്നെങ്കിലുമൊരിക്കൽ നമുക്ക് വീണ്ടും കണ്ടുമുട്ടാം. പറയാൻ മറന്നതും പാതിയിൽ അവസാനിപ്പിച്ചതുമെല്ലാം അവിടെവെച്ച് നമുക്ക് വീണ്ടെടുക്കാം.
ERIN PROFACI
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂