Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
“പറയുവാനേറെയുണ്ടായിട്ടും വാക്കുകൾ നിശ്ചലമായപ്പോൾ അവർക്കിടയിൽ മൗനം തിരശ്ശീലയിട്ടു. ഇരുവർക്കുമിടയിലെ മൗനം, ശബ്ദം നഷ്ടപ്പെട്ട വാദ്യം പോലെയായി.
നിഴൽ വീണ വഴിയിൽ മൗനത്തിൻ്റെ അകമ്പടിയോടെ പല പാദങ്ങളും നടന്നകന്നു. കുളിർത്തെന്നലിനും കൊടുങ്കാറ്റിനും സാമ്യം പകർന്നത് വാക്കുകളുടെ ശൂന്യത മാത്രമായിരുന്നു. ചെറു മൂളലിലൂടെയും, വൻ ആക്രോശത്തോടെയും കാറ്റ് എന്തൊക്കെയൊ പറയാനാഗ്രഹിച്ച് ഒഴുകി അലഞ്ഞു. എന്നാൽ മൗനത്തിനപ്പോഴും നഷ്ടപ്പെട്ട വാക്കുകളെ വീണ്ടെടുക്കാനായില്ല.
മൗനം സാക്ഷിയായി പലതും നടന്നു; നിശബ്ദതയുടെ പുതപ്പിൽ കൂനിപ്പിടിച്ച്, പല വിരഹങ്ങൾക്കും കൂടിച്ചേരലുകൾക്കും, ഏറ്റു പറച്ചിലിനും മനം മാറ്റലിനും മൗനം സാക്ഷിയായി. മൗനത്തിൻ്റെ തിരശ്ശീല വലിച്ചു മാറ്റാൻ പലരും കൊതിച്ചു.. ശ്രമിച്ചു… എന്നാൽ, വാക്കുകൾ പരതി ഇരുട്ടിലൊളിച്ച മൗനത്തെ ജയിക്കാനായത് പലരിൽ ചിലർക്ക് മാത്രം.
പുഞ്ചിരിയിലൊളിപ്പിച്ച വേദനയും വിദ്വേഷവും അവഗണനയിൽ മറഞ്ഞിരുന്ന സ്നേഹവും കരുതലും തിരിച്ചറിഞ്ഞത് മൗനത്തിൻ്റെ നെടു നിശ്വാസങ്ങൾ മാത്രമായിരുന്നു. എന്നിട്ടും, എന്തുകൊണ്ടോ…. വാക്കുകൾ അനിവാര്യമായ അവസാന ഞൊടികളിൽ പോലും മൗനം പലപ്പോഴും മൂകത തുടർന്നു.
അക്ഷരങ്ങൾ അന്യമായതു പോലെ……”