അത്താഴം കഴിഞ്ഞ് ആകാശവാണിക്ക് കാതോര്‍ത്ത് ഇരുന്നിരുന്ന വരാന്തയ്ക്ക് സിറ്റ് ഔട്ട് എന്ന പരിഷ്‌കാരി പേര് വീണു പോയന്നേ ഉള്ളൂ, താഴോട്ടു വീഴുന്ന നിലാവിൻ്റെ നിറത്തിന് ഇന്നും പ്രത്യേകിച്ചു പേരൊന്നുമിട്ടിട്ടില്ല. മഴക്കാലത്ത് മരം പെയ്യുന്നത് നനഞ്ഞും വെയിലത്ത് പച്ചിലകള്‍ ചൂടിച്ച കുടക്കീഴിലും ഇടയ്ക്ക് ചായം മാറ്റിയും പായല്‍ പിടിച്ചും ചുരുങ്ങിയതെങ്കിലും നിറവുള്ള ഇടങ്ങളുമായി വീട് ഇന്നും അകംപുറം നിറഞ്ഞു നില്‍ക്കുന്നു. മുളങ്കൂട്ടത്തിനപ്പുറം മാടിറമ്പുകളിലെ പൊത്തുകളില്‍ നിന്നും തവളകളുടെയും പൂവരശുകളില്‍ പറ്റിയിരിക്കുന്ന ചീവീടുകളുടെയും പകലൊട്ടുക്കും പേരു ചൊല്ലി വിളിക്കേണ്ടതില്ലാത്ത പക്ഷിജാലങ്ങളുടെയും ജൈവസിംഫണികള്‍ കേട്ട് വീട് തലയാട്ടുന്നു പോലുമുണ്ടായിരിക്കാം.
വരാലും, കാരിയും, കറൂപ്പും പുളച്ചിരുന്ന തോടുകളില്‍ മീനുകള്‍ ഓര്‍മ്മകള്‍ മാത്രമായൊതുങ്ങിയെങ്കിലും അവധിക്കാലങ്ങളിലെ അടുക്കളപ്പുറത്തിപ്പോഴും അപ്പന്‍ മുടങ്ങാതെ ചാകരയിറക്കുന്നുണ്ട്. എന്നാലും എപ്പോള്‍ വേണമെങ്കിലും ബീഫ് വെക്കുകയും കഴിക്കുകയും ചെയ്യാവുന്ന വീട് എന്ന നിലയില്‍ എൻ്റെ വീടിന് തീര്‍ച്ചായായും ഇന്ത്യയില്‍ തല ഉയര്‍ത്തി നില്‍ക്കാവുന്നതാണ്. ഫ്രിഡ്ജില്‍ കയറിയിറങ്ങുന്ന ഒരു ഭക്ഷ്യവിഭവും ഇന്നും അതിനകത്ത് വിളമ്പാത്തതു കൊണ്ട് അങ്ങനെയുമുണ്ട് ഒരു പ്രത്യേകത (അതായത് ആര് തിരക്കി വന്നാലും ഫോറന്‍സിക് പരിശോധനയ്ക്ക് ഫ്രിഡ്ജില്‍ ഇറച്ചിയുണ്ടാവില്ല). ഞായറാഴ്ച പന്ത്രണ്ടരയ്ക്കു ശേഷം പാലം കടന്നെത്തുന്ന കാറ്റില്‍ ബീഫ് വേവുന്നതിൻ്റെ മണം മൂക്കില്‍ നിറച്ചാണ് പള്ളിവിട്ടു വരുമ്പോള്‍ വീട്ടിലേക്കോടിക്കയറുന്നത്. ഹൈസ്‌കൂള്‍ കാലം വരെയുള്ള ഞായറാഴ്ചകളിലെ കുര്‍ബാന കഴിഞ്ഞുള്ള വേദപാഠ ക്ലാസുകൾ. ഏദന്‍ തോട്ടത്തിനപ്പുറം മറ്റൊരു സിലബസിലും താത്പര്യമില്ലാത്തതു കൊണ്ട് എന്തോ ഒരു വേദന കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ വീട്ടില്‍ വേവുന്ന ബീഫിൻ്റെ ഓര്‍മ എത്ര ടൈറ്റാനിക്കുകളെ നാവിന്‍ തുമ്പില്‍ മുക്കിയിട്ടുണ്ടായിരിക്കണം.
ഋതുഭേദങ്ങളില്‍ കപ്പയും കാച്ചിലും ചക്കയും മാറി മാറി വന്നിരുന്ന കാലങ്ങളൊരുപാടു കഴിഞ്ഞിട്ടാണ് പൊറോട്ട, ചപ്പാത്തി, ബീഫ് ബിരിയാണി തുടങ്ങിയവ ഞങ്ങടെ പാലം കടക്കുന്നത്. ഒരുമാതിരി ഇരട്ടപ്പേരു വിളിക്കുന്ന പോലെ തോന്നിപ്പിക്കുന്ന ഇന്നത്തെ കപ്പബിരിയാണിക്കൊക്കെ അന്നു നല്ല അന്തസ്സുള്ള പേരായിരുന്നു. ബീഫിൻ്റെ നെഞ്ചെല്ലും കപ്പയും ചേര്‍ത്തു വെക്കുന്ന കൂട്ടുകപ്പ. ഓ, എന്നാ ഒരു കൂട്ടായിരുന്നു അത്. പിന്നേ തേങ്ങാക്കൊത്തിട്ട് ബീഫ് ഒലത്തിയതും. ഹോ! അമ്മച്ചിയേ സഹിക്കാന്‍ മേല. (ഉലര്‍ത്തുക എന്നൊക്കെ ശുദ്ധമലയാളം പറഞ്ഞാല്‍ അക്കാലത്ത് നാക്കു മുറിഞ്ഞു ചോര വരുമോന്ന് പേടിയായിരുന്നു) പിന്നെ വിഷൂന് പോര്‍ക്ക്, ഈസ്റ്ററിന് കോഴി, ക്രിസ്മസിനു മേശയല്ലാത്ത നാല്‍ക്കാലികളില്‍ ഒരുമാതിരി എല്ലാം. എന്തായിരുന്നു പള്ളിവേട്ട. എടാ മക്കളേ നാട്ടുകാരു കണ്ടാ എന്നാ പറയും എന്നു വിലപിച്ച് വീട്ടില്‍ അമ്മ ഇറച്ചീം മീനും മേടിക്കാത്ത ഓണക്കാലവും ഊഞ്ഞാലുമൊക്കെയായി ഗൃഹാതുരത്വത്തിൻ്റെയും അളവ് കുറവല്ല. എന്നാലും ഓര്‍ക്കുമ്പോള്‍ അഭിമാനം പിന്നേം പിന്നേം തോന്നുവാ. കാലം ഏത് അവസ്ഥയിലെന്ന് മറ്റൊരു ലോകത്തിരുന്ന് ചിന്തിക്കുമ്പോള്‍ ഏതു പട്ടാപ്പകലും ബീഫ് വെക്കുകയും കഴിക്കുകയും ചെയ്യാവുന്ന എൻ്റെ വീടും പരിസരവും. ആരാൻ്റെ പശു കുളത്തിലോ തോട്ടിലോ വീണാല്‍ ജാതിമത ഭേദമന്യേ അല്പം പോലും സാഹസികമെന്നു തോന്നാത്ത വിധം തൻ്റെ കടമയെന്നു കരുതി മാത്രം കരയ്ക്കു കയറ്റാവുന്ന ഞങ്ങടെ നാടും.
ആഫ്രിക്ക എന്നൊരു പേര് തോട്ടിലെ പായലിനൊപ്പം പറഞ്ഞു കേട്ടതിനു ശേഷം മാത്രമാണു പിന്നെ ഭൂഖണ്ഡങ്ങളില്‍ ഇരുളിനോടു ചേര്‍ന്നു കിടക്കുന്ന ഒന്നാണതെന്നു പുസ്തകങ്ങളില്‍ നിന്നു വായിച്ചറിയുന്നത്. അക്ഷരങ്ങള്‍ വരയ്ക്കുന്നതിനും കൂട്ടിവായിക്കുന്നതിനും മുന്‍പ് പല കാര്യങ്ങളും മനസ്സിലേക്ക് ആഴത്തില്‍ പതിഞ്ഞത് തോട്ടുവക്കില്‍ നിന്നുള്ള വര്‍ത്തമാനങ്ങളില്‍ നിന്നായിരുന്നു. വീട്ടില്‍ നിന്നും ഏഴു കിലോമീറ്ററപ്പുറം നെടുവിരിവു നീളത്തില്‍ കിടക്കുന്ന വേമ്പനാട്ടു കായലായിരുന്നു ഞങ്ങളോട് ഏറ്റവും അടുത്തു കിടന്നിരുന്ന വമ്പന്‍ ജലാശയം. മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ വടയാര്‍ അതിൻ്റെയൊരു മിനിയേച്ചര്‍ ആയിട്ട് തൊട്ടടുത്ത് കിടപ്പുണ്ടെങ്കിലും, വീട്ടുമുറ്റത്തോടൊട്ടിക്കിടക്കു
വേലിയേറ്റവും ഇറക്കവുമുള്ള ഈ തോടുകള്‍ എല്ലാം മൂവാറ്റുപുഴയാറിൻ്റെ കൈവരിയിലേക്കാണു ചെന്നു ചാടുന്നത്. ഈ തോട്ടിലൂടെ ചെറുപ്പത്തിലേ നടത്തിയിരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ജലയാത്ര എന്നു പറയുന്നത് വല്യേട്ടൻ്റെ കൂടെ തേങ്ങാ വള്ളത്തില്‍ കയറി പുഞ്ചയെന്നു വിളിപ്പേരുള്ള പാടത്തിനപ്പുറം വളഞ്ഞൊഴുകുന്ന ചെറിയൊരാറിൻ്റെ ഓരം വരെ മാത്രമായിരുന്നു. അന്നേക്കും വരെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ജലാശയമായിരുന്നു അത്. അതിനും മുമ്പൊരു ദിവസം മൂന്നോ നാലോ വയസുള്ളപ്പോള്‍ വീട്ടിനപ്പുറത്തെ വലിയ കുളത്തില്‍ ഞാനൊരു മുങ്ങാം കുഴിയിട്ടിരുന്നു. കുളത്തിനു വട്ടം ചുറ്റിക്കളിക്കുമ്പോള്‍ വീണു പോയതാണ്. വല്യേട്ടന്‍ കുളത്തിലേക്കെടുത്തു ചാടി താഴെയെത്തുമ്പോള്‍ ഞാന്‍ അടിയില്‍ ജലസമാധിയിലെന്ന പോലെ ചമ്രം പടിഞ്ഞിരിക്കയായിരുന്നുവത്രെ. പിന്നീട് വെള്ളം എന്നൊരു വാക്കിനോടുള്ള ഇഷ്ടം കുപ്പിയിലടച്ചതിനോടും മഴയോടുമല്ലാതെ പുഴയിലോ കുളത്തിലോ കടലിലോ ഇറങ്ങി നോക്കാന്‍ എനിക്കു പേടിയായിരുന്നു.
പള്ളിക്കൂടം കാലങ്ങളില്‍ അന്നാട്ടില്‍ വെള്ളത്തിലിറങ്ങി നീന്തിക്കുളിക്കാതെ കയറുകെട്ടിയ തൊട്ടിയില്‍ തോട്ടില്‍ നിന്നും വെള്ളം കോരി കുളിച്ചിരുന്ന ഒരേയൊരു കുട്ടിയും ഞാന്‍ മാത്രമായിരുന്നിരിക്കണം. കുളിമുറികളുള്ള വീട് അക്കാലത്ത് പശുവില്ലാതെ വീട്ടില്‍ തൊഴുത്തു കെട്ടുന്നതിനു തുല്യമായിരുന്നു. മഴ കൊടുമ്പിരിക്കൊള്ളുന്ന നാളുകളില്‍ തോട്ടിലെ വെള്ളം കരയ്ക്കൊപ്പം ഉയരുന്ന രാത്രി ഉറങ്ങാതെ ഉമ്മറത്തേക്കു നോക്കി കുത്തിയിരിക്കും. മഴ കനക്കുന്ന രാത്രികളില്‍ മുറ്റത്തേക്ക് തോട്ടില്‍ നിന്നും വെള്ളം കയറി വരുന്നത് കാണാനുള്ള ഇരിപ്പാണത്. ആദ്യ പാദം നനയ്ക്കുന്ന വെള്ളം മഴയുടെ തോത് കൂടുന്നതനുസരിച്ച് കണങ്കാലിനു മുകളിലേക്കും കനത്ത മഴയത്ത് മുട്ടിനൊപ്പവും പൊങ്ങും. അതിനും മുകളിലേക്കു വെള്ളം കയറുമ്പോഴാണ് പറമ്പിലെ വാഴകള്‍ വെട്ടി നിരത്തി തലങ്ങും വിലങ്ങും കെട്ടി പിണ്ടിത്തോണിയുണ്ടാക്കുന്നത്. ആ പിണ്ടിത്തോണികള്‍ കൂട്ടിയിടിച്ച് കെട്ടു പൊട്ടുമ്പോഴായിരുന്നു ആദ്യമായി കപ്പല്‍ഛേദം വന്ന നാവികൻ്റെ ദുഖമറിഞ്ഞത്.
മുറ്റത്ത് ചെറുവള്ളം വന്ന് സിറ്റൗട്ടിനോടു ചേര്‍ന്നു നിന്ന വെള്ളപ്പൊക്കം വരെയുണ്ടായിട്ടുണ്ട്. നേരിട്ടു കണ്ടോര്‍മ്മയില്ലെങ്കിലും 1985ലെ വെള്ളപ്പൊക്കമായിരുന്നു ശരിക്കും വെള്ളപ്പൊക്കമെന്ന് അപ്പച്ചൻ്റെ മൂത്ത സഹോദരി പലവട്ടം പറഞ്ഞതോര്‍മയിലുണ്ട്. ഈ വെള്ളപ്പൊക്കങ്ങള്‍ നീന്തിച്ചെന്നതിൻ്റെ തെളിവായിട്ട് പള്ളിക്കൂടം ബെഞ്ചില്‍ നനഞ്ഞ നിക്കറുകള്‍ മാഞ്ഞുപോകുന്ന വന്‍കരകളുടെ ഭൂപടങ്ങള്‍ വരച്ചിരുന്നു. മഴക്കാലത്ത് മുതിര്‍ന്നര്‍ അറഞ്ഞു പ്രാകുന്ന നേരത്തും വെള്ളം ഇറങ്ങിപ്പോകരുതെ എന്നു പ്രാര്‍ഥിച്ചു കാത്തിരുന്നു. മഴ കഴിഞ്ഞ് വെള്ളം ഇറങ്ങിപ്പോയ മുറ്റത്തു കൂടി നടക്കുമ്പോള്‍ ഉറ്റവരാരോ വേര്‍പെട്ടു പോയ വേദനയായിരുന്നു മനസ്സു നിറയെ. വെള്ളത്തിനോടുള്ള പേടി പിന്നെയും ഒരുപാട് നാള്‍ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. പിന്നൊരു വേളാങ്കണ്ണി യാത്രയില്‍ കാഞ്ഞിരത്തിനേക്കാളും കയ്ക്കുന്ന കടല്‍ തലയ്ക്കു മുകളിലാക്കി മുങ്ങി നിവര്‍ന്നപ്പോഴാണ് ആ പേടിക്കു തെല്ലൊരയവു വന്നത്. എന്നിട്ടും നീന്തല്‍ ഇന്നും തപാല്‍ വഴി പഠിച്ചിട്ട് പ്രാക്ടിക്കല്‍ പാസ്സാകാത്ത ഒരു കോഴ്സു പോലെ അവശേഷിക്കുന്നു.
വീടുകളുടെ എണ്ണം കൂടിയതോടെ തോടുകള്‍ കരകള്‍ക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. ഒഴുക്കു തടസ്സപ്പെട്ട തോടുകളില്‍ വെള്ളം കെട്ടിക്കിടന്ന് മറ്റേതൊക്കെയോ നിറങ്ങളിലേക്കു കൂട്ടു ചേര്‍ന്നു വെള്ളത്തിൻ്റെ സ്വഭാവങ്ങള്‍ തന്നെ മാറിയിരിക്കുന്നു. വരാലും നാടനും വാകയും, കറൂപ്പ്(അണ്ടികള്ളി), മനഞ്ഞില്‍, മുഷി, കാരി, കരിമീന്‍, കൊഞ്ച് തുടങ്ങിയ മീനുകള്‍ ഈ തോടുകളില്‍ നിന്നു പണ്ടു പണ്ടെന്നു പറഞ്ഞു തുടങ്ങുന്ന ചരിത്ര പാഠങ്ങളിലെ ചിത്രങ്ങള്‍ മാത്രമായിരിക്കുന്നു. മീനുകളിലെ സൂപ്പര്‍സ്റ്റാര്‍ ഒരു തോട്ടില്‍ നിന്നു കരയിലേക്കു ചാടിക്കയറി കരയിലുടെ ഇഴഞ്ഞ് മറ്റൊരു തോട്ടിലേക്കു ചാടി വീഴുന്ന അണ്ടികള്ളിയെന്ന വിളിപ്പേരുള്ള കറൂപ്പു തന്നെയായിരുന്നു. കണ്ടാല്‍ പാമ്പെന്നു തോന്നുന്ന മനഞ്ഞില്‍, യീല്‍ എന്ന മത്സ്യഗണത്തില്‍ പെട്ട ഔഷധഗുണവും ആയുര്‍ ദൈര്‍ഘ്യവുമുള്ള മീനായിരുന്നു. ഷാപ്പുകറികളിലെ രുചിപ്രഥമനായിരുന്നു കരുതലോടെ പിടിച്ചില്ലെങ്കില്‍ കൂര്‍ത്ത മുള്ളു കേറ്റുന്ന കാരി. ഇവയോടൊപ്പം ആമകളുടെ വന്‍ പട തന്നെയുണ്ടായിരുന്നു തോട്ടില്‍. പലപ്പോഴും മീന്‍ചൂണ്ടകളില്‍ കുടുങ്ങി ആമകള്‍ കരകയറി പോന്നിരുന്നു. തോട്ടുവക്കിലെ മാളങ്ങളില്‍ ഒരു തുള്ളി ദിനോസറിനെ പോലെ ഉടുമ്പുകള്‍, ഉപ്പന്‍, കൊറ്റി, കുളക്കോഴി, പെട്രോ മാക്സുകളെ പ്രണയിച്ചു മരിച്ച തവളകള്‍, മഞ്ഞച്ചേര അങ്ങനെയങ്ങനെ ഒരു ജൈവവൈവിധ്യം തന്നെ ഓര്‍മകളില്‍ ഒരുപാടു ദൂരം പിന്നോടിപ്പോകുന്നു. ജീവിതത്തില്‍ ടിക്കറ്റെടുക്കാതെ നടന്നു കണ്ട കാഴ്ചബംഗ്ലാവായിരുന്നു തോടും തോട്ടു വക്കത്തെ ജീവിതങ്ങളും.
വലവീശിയതും ചൂണ്ടയിട്ടതും മുട്ടു കെട്ടി വെള്ളം പറ്റിച്ച് വെട്ടിപ്പിടിച്ചതുമെല്ലാം റിട്ടയറായ ഒരു മത്സ്യവേട്ടക്കാരൻ്റെ പഴയ പട്ടാളക്കഥകള്‍ മാത്രമായിപ്പോകുന്നു. ഇപ്പോള്‍ കാണുമ്പോള്‍ കാലപ്പഴക്കം കൊണ്ടു നിറം മങ്ങി മാഞ്ഞു തുടങ്ങിയ ഒരു പഴയ ചിത്രം പോലെയായിരിക്കുന്നു തോട്. ഒഴുകാന്‍ മറന്ന് ഒരു നീര്‍ക്കോലി പോലും നീന്താനില്ലാതെ ജലമുറഞ്ഞൊരു ദീര്‍ഘ സമാധി പോലെ.
NAZREEN BANU | SEBI MATHEW
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂