റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഇ.എം.വി. ചിപ്പ് ഇല്ലാത്ത ഡെബിറ്റ്(എ.ടി.എം.), ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഉടൻ തന്നെ നിലയ്ക്കുന്നതാണ്.
എന്താണ് ഇ.എം.വി. ചിപ്പ് കാർഡ്?
നിലവിലുള്ള എ.ടി.എം. കാർഡുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും പിൻ വശത്ത് കാണുന്ന ഏതാണ്ട് 5 മില്ലി മീറ്റർ ഖനത്തിലുള്ള കറുത്ത കാന്തിക രേഖയിൽ ആണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഈ കാന്തിക രേഖയിലെ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതായും അത് വഴി പലർക്കും പണം നഷ്ടപ്പെട്ടതായും കണ്ടെത്തി. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഇ.എം.വി. ചിപ്പ് കാർഡ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
ഈ ചിപ്പ് കാർഡിൻ്റെ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയ യൂറോകാർഡ്, മാസ്ട്രോ, വിസ എന്നീ കമ്പനികളെ സൂചിപ്പിച്ചാണ് ഇ.എം.വി. എന്ന പേര് പുതിയ കാർഡിന് വന്നത്. ചിപ്പ് കാർഡുകളിൽ വിവരങ്ങൾ സൂക്ഷിക്കുന്നതും ഇടപാടുകൾ നടത്തുമ്പോൾ രേഖപ്പെടുത്തുന്നതും ” ഇന്റഗ്രേറ്റഡ് സർക്യൂട്ട്(ഐ.സി)” ലാണ്. അതിസൂക്ഷ്മമായി ആയിരക്കണക്കിന് ഇലക്ട്രോണിക് ഘടകങ്ങളെ സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് സർക്യൂട്ട് നിർമ്മിക്കുന്നത്. ഇ.എം.വി. ചിപ്പ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇ.എം.വി. കോ. ആണ് ഈ ചിപ്പ് കാർഡുകളുടെ പ്രവർത്തന നിയന്ത്രണം നടത്തുന്നത്.
കെ.വൈ.സി നടപടിക്രമം പൂർത്തീകരിച്ചിട്ടുള്ളതും, പാൻ കാർഡ് അക്കൗണ്ടിൽ ചേർത്തിട്ടുള്ളതുമായ ഇടപാടുകാർക്ക് ഒട്ടു മിക്ക ബാങ്കുകളും പകരം പുതിയ കാർഡ് അയച്ചിട്ടുണ്ട്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പാൻ നമ്പർ ചേർത്തിട്ടുണ്ടെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ മറ്റ് ഡിജിറ്റൽ ബാങ്കിങ് സൗകര്യം വഴിയോ നിങ്ങൾക്ക് പുതിയ കാർഡിനുള്ള അപേക്ഷ നൽകാവുന്നതാണ്. അക്കൗണ്ടിൽ പാൻ നമ്പർ നല്കിയിട്ടില്ലാത്തവർ പാൻ കാർഡുമായി തങ്ങളുടെ ബാങ്കിൽ നേരിട്ട് ഹാജരായി പുതിയ കാർഡിന് അപേക്ഷ നൽകാവുന്നതാണ്. ഇനി പാൻ കാർഡ് എടുത്തിട്ടില്ലാത്തവർ ഇൻകം ടാക്‌സ് നിയമത്തിലെ വകുപ്പ് 114 ബി പ്രകാരമുള്ള ഇടപാടുകൾക്ക് സമർപ്പിക്കുന്ന ഫോറം 60 പൂരിപ്പിച്ചു ബാങ്കിൽ നൽകിയാൽ മതിയാവും.
കാർഡ് മാറ്റി നല്കുന്നതിന്ന് ചാർജ് ഈടാക്കുന്നതല്ല, എങ്കിലും വാർഷിക മെയ്ന്റനൻസ് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിൽ അപേക്ഷ നൽകിയാൽ നിങ്ങളുടെ അക്കൗണ്ടിലെ വിലാസത്തിലേക്കോ, നിങ്ങൾക്ക് സൗകര്യമുള്ള താൽക്കാലിക വിലാസത്തിലേക്കോ കാർഡ് അയച്ചു തരുന്നതായിരിക്കും.
സുരക്ഷിതമായ പണമിടപാടുകൾ നടത്തുന്നതിന് എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ പഴയ കാർഡുകൾ മാറ്റി ഇ.എം.വി. ചിപ്പ് കാർഡുകൾ സ്വന്തമാക്കുക.
MASTERSENAIPER
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂