മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ എന്നും പറഞ്ഞു രാവിലെ ചിറ്റ അമ്മയെ വിളിച്ചു.
അച്ഛനോട് ഇക്കാര്യം അവതരിപ്പിക്കുന്നതിന് എൻ്റെയും കൂടെ സഹായം അമ്മ ആവശ്യപ്പെട്ടു. പതിവ് പോലെ വൈകി എത്തിയ അച്ഛനോട് അത്താഴ സമയത്തു അമ്മ കാര്യം അവതരിപ്പിച്ചു.
“പത്തിരുപത്തഞ്ചു ഷീറ്റ് കിട്ടുന്ന സ്ഥലമാ അത് വിറ്റ് കഴിഞ്ഞാൽ പിന്നെ എന്നാ എടുത്തു ജീവിക്കും”. പ്രതീക്ഷിച്ച പോലെ അച്ഛൻ ദേഷ്യപ്പെട്ടു. “അവൾക്ക് രണ്ട് പെണ്മക്കൾ അല്ലെ,ഇവിടുത്തെ കുറച്ചു റബ്ബർ പോരെ നമുക്ക് ജീവിക്കാൻ”, അമ്മ പറഞ്ഞു.
“നമുക്ക് ഇത് മതി അച്ഛാ..എനിക്ക് എന്തേലും ജോലി കിട്ടുമല്ലോ”. ഞാൻ അമ്മയെ പിന്താങ്ങി. നേരത്തെ കൊടുത്ത വീട്ടാക്കടങ്ങളുടെ കണക്കും പഴയ മാല വള കഥകളും പറഞ്ഞു അച്ഛൻ അത്താഴം കഴിച്ചു എഴുന്നേറ്റു..
രാവിലെ ഞാൻ എണീറ്റു വരുമ്പോൾ അച്ഛൻ പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടപ്പോൾ അച്ഛൻ പറഞ്ഞു.”മറ്റേ പറമ്പിൻ്റെ കാര്യം നിങ്ങൾ പറയും പോലെ ചെയ്തോ..പിന്നെ, നാളെ നമുക്ക് ഒന്നുമില്ല എന്ന് പറയരുത്.”
സാരമില്ല അച്ഛാ എന്ന് പറഞ്ഞു അടുക്കളയിൽ ചെന്ന് അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു നില്ക്കുമ്പോൾ പുറത്തു ആരോ അച്ഛനോട് സംസാരിക്കുന്നത് കേട്ടു.
“എടി.. നമ്മുടെ ഹരിയും അഗസ്റ്റിനുമാ, നാളെ രണ്ട് പൊതിച്ചോറ് കൊടുക്കണം.” അച്ഛൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.”നാലെണ്ണം കൊടുത്തേക്കാം ചേട്ടാ..പിള്ളേർക്ക് മെഡിക്കൽ കോളേജിൽ കൊടുക്കാനല്ലേ.” അത് പറഞ്ഞു അമ്മ എനിക്ക് ചായ നീട്ടി.
കമ്മ്യൂണിസ്റ്റ് ആശയം കേരളത്തിൽ വേരോടിയ സമയത്തു അതിൽ ആകൃഷ്ടനായി പാർട്ടി പ്രവർത്തനം തുടങ്ങിയതാണ് അച്ഛൻ. ഇ.എം.എസ്.ൻ്റെയും എ.കെ.ജി.യുടെയും നായനാരുടെയും പ്രസംഗങ്ങൾ കേട്ടും, മാർക്സിനെയും ഏംഗൽസിനെയും മാവോയെയും ഒക്കെ വായിച്ചും പ്രത്യയശാസ്ത്രം മനസ്സിലാക്കിയ അച്ഛൻ ഇന്നും പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
“എടാ.. ആ പിള്ളേര് നിന്നെ നോക്കി നിൽക്കുകയല്ലേ.നീ അവരുടെ കൂടെ പോകുന്നില്ലേ? അമ്മയുടെ ചോദ്യം എൻ്റെ ചിന്തകൾക്ക് അല്പവിരാമമിട്ടു.
ചായ കുടിച്ചു തീർത്തു ഉമ്മറത്തേക്കെത്തുമ്പോൾ പിറകെ അമ്മയുടെ അടുത്ത ശാസനം വന്നു.”ചോറുണ്ണാൻ സമയത്ത് വീട്ടിലെത്തണം .”
കൂട്ടുകാർക്കൊപ്പം വഴിലേക്കിറങ്ങുമ്പോൾ ഒരു ചെറു ചിരിയോടെ ഞാൻ ഓർത്തുപോയി. “പ്രത്യയശാസ്‌ത്രം പഠിച്ച അച്ഛനാണോ ഇതൊന്നും പഠിക്കാതെ ഇലക്ഷന് പാർട്ടിക്ക് കുത്തണമെന്ന് മാത്രം അറിയുന്ന അമ്മയാണോ യഥാർഥ കമ്മ്യൂണിസ്റ്റ്?”
xxxx xxxxx
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂