‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ് അല്പം വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം ക്ലാസ്സുകാരൻ മകൻ്റെ മുഖം ശ്രദ്ധയിൽ പെട്ടത്. കാര്യം തിരക്കി . ഇ വി എസ് പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിഞ്ഞില്ല. അതാണ് കാര്യം.
“ചോദ്യം ഏതായിരുന്നെടാ? “. മൊബൈൽ മാറ്റിവച്ചു കാര്യം തിരക്കി.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?
‘ബച്ചേന്ദ്രി പാൽ അല്ലെ? ‘ ഉത്തരം ഗൂഗിൾ സഹായമില്ലാതെ തന്നെ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൻ്റെ അഭിമാനത്തോടെ ഞാൻ ചാടിവീണു.
പക്ഷെ അവൻ്റെ പ്രശ്നം അതല്ലായിരുന്നു.. അവന് ഉത്തരം അറിയാമായിരുന്നു. ആ സമയത്ത് മറന്നുപോയതാണ്. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു അച്ഛൻ്റെ സൈക്കോളജിക്കൽ അപ്പ്രോച്ച് പുറത്തെടുത്തു ഞാൻ അവൻ്റെ തോളിൽ തട്ടി പറഞ്ഞു. “പോട്ടെടാ. ഒരു ചോദ്യമല്ലേ. നിസ്സാരം!”
സ്വതവേ പെർഫെക്ഷനിസ്റ് ആയ ചെറുക്കൻ്റെ വിഷമം ദേഷ്യമായി പരിണമിച്ചു. അവൻ കലിപ്പോടെ പറഞ്ഞു, “ഈ പെണ്ണുങ്ങൾ എന്തിനാ എവറസ്റ്റ് കേറാൻ പോകുന്നത്..അടുക്കളയിൽ കഞ്ഞിയും കറിയും വച്ചിരുന്നാൽ പോരെ?”
ഓഫിസിലും സുഹൃത്തുക്കൾക്കിടയിലും സ്ത്രീപക്ഷവാദം നടത്തുന്ന, പുരോഗമനവാദിഎന്ന് സ്വകാര്യമായും പരസ്യമായും അഹങ്കരിക്കുന്ന ഞാൻ അല്പം സ്തബ്ധനായി ഇരുന്നുപോയി.
‘കുഞ്ഞുവായിൽ വന്ന വലിയ വർത്തമാനം’ ആയി ആ ഡയലോഗിനെ തള്ളി കളയാം എന്ന് ചിന്തിച്ചെങ്കിലും അവൻ്റെ കൊച്ചുജീവിതത്തിൽ നിന്ന് അവൻ ഉൾകൊണ്ട കാഴ്ചപാട് സ്ത്രീകൾ കഞ്ഞിയും കറിയും വെച്ചു വീട്ടിലിരിക്കേണ്ടവർ മാത്രമാണ് എന്നതാണല്ലോ എന്നാണോർത്തത്. മാത്രമല്ല, ആ ഒരു കാഴ്ചപ്പാട് രൂപീകരിക്കാൻ അറിഞ്ഞോ അറിയാതെയോ അവൻ്റെ കണ്മുന്നിൽ ഉള്ള മാതൃകയായ ഞാനും കാരണക്കാരൻ ആണല്ലോ എന്ന കുറ്റബോധവും വന്നുകൂടി.
സ്ത്രീകൾ കൂടുതൽ അഭ്യാസങ്ങൾക്ക് പോകാതെ ഭരിക്കപ്പെടുകയും വേണ്ടിവന്നാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യേണ്ടവരാണ് എന്ന ചിന്തകൾ തന്നെ ആണ് ‘ഗോവിന്ദ്’ മാരെയും ‘ഗോവിന്ദച്ചാമി’കളെയും ഭരിക്കുന്നത് . അവരെ സൃഷ്ടിക്കുന്നതോ ഞാൻ അടക്കമുള്ള സമൂഹവും. പുരോഗമനവാദം ഫേസ്ബുക്ക് ലെയും ഓഫീസിലെ തർക്കസദസ്സുകളിലെയും നിരർത്ഥകവാക്കുകളിൽ മാത്രം ഒതുങ്ങിയാൽ പോരാ എന്ന ചിന്ത കൊണ്ട് ഞാൻ അസ്വസ്ഥനായി.
എൻ്റെ നിശബ്ദതയുടെ അർത്ഥം മനസ്സിലാകാതെ മകൻ അടുത്ത് വന്നു കുറ്റബോധത്തോടെ പറഞ്ഞു, “ഇനി ഫുൾമാർക്ക് മേടിച്ചോളാം അച്ഛാ”. അപ്പോൾ തീരെ ചെറിയ ഒരു കുഞ്ഞിനെ എന്ന പോലെ അവനെ ഞാൻ മടിയിൽ പിടിച്ചിരുത്തി മുടിയിൽ തലോടി. ഭാര്യ അപ്പോൾ ഓഫീസ് ജോലി കഴിഞ്ഞു വന്ന് അടുക്കളയിൽ അത്താഴപണിയുടെ തിരക്കിലായിരുന്നു.
എൻ്റെ പുരോഗമനവാദം പൊള്ളയായ വാക്കുകളിൽ മാത്രം ഒതുങ്ങിയാതായിരുന്നല്ലോ എന്ന തിരിച്ചറിവോടെ ഒരു സ്വയം തിരുത്തലിനു തയ്യാറെടുത്ത് മകനെയും കൂട്ടി ഞാൻ അടുക്കളയിലേക്ക് നടന്നു.
STUX
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Kollam chettaa… ee kazhivokke evide aarunnu