കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും, കണ്ണുകൾ തുറക്കാതെ തന്നെ അയാൾ അറിഞ്ഞു. വീണ്ടും ഉറക്കത്തിലേക്ക് തിരിച്ചു വഴുതിയിറങ്ങുമ്പോൾ പെട്ടെന്ന് അയാൾ ഓർത്തു, നാളെ ഭാര്യയുടെ സഹോദരൻ്റെ വിവാഹ നിശ്ചയമാണ്. ഇന്ന് അവർ, അവളുടെ നാട്ടിലേക്ക് പോകുന്നു.
അവരിപ്പോൾ അവരുടെ ദാമ്പത്യത്തിൻ്റെ ഒൻപതാം വർഷത്തിലേക്ക് കടന്നിരുന്നു. എന്നു വച്ചാൽ ഓരോ ചലനത്തിൻ്റെയും ശ്വാസഗതിയുടെയും അർത്ഥവും ഉദ്ദേശ്യവും പോലും തിരിച്ചറിയുവാൻ കഴിയുന്നത്ര അടുപ്പത്തിലേക്ക്. ആ അറിവിൻ്റെ പാരമ്യതയിൽ, സ്വയമറിയാതെ എന്നോ എത്തിയതിൽപ്പിന്നെ, പരസ്പരം പറയാതെ തന്നെ ‘മടുപ്പ് ’ എന്ന വാക്ക് അവർക്കിടയിൽ നിലനിന്നു.
ഒൻപത് വർഷങ്ങൾക്കപ്പുറം അവരുടെ വിവാഹ രാത്രിയിൽ, ഭാര്യയുടെ വീടിൻ്റെ അപരിചിതത്വത്തിൽ സങ്കോചത്തോടെ അവളെ കാത്തിരുന്നതും ‘ഒരു ഇളം കാറ്റ് പോലെ’ എന്ന് അവൾ മെല്ലെ കടന്നു വന്നപ്പോൾ സ്വന്തം മനസ്സിൽ കവിത കുറിച്ചതും, തൻ്റെ ഹൃദയമിടിപ്പ് അവൾ കേൾക്കുമോ എന്നു ഭയന്നതും അയാൾ മറന്നിരുന്നു. ബാങ്കിലിരുന്ന് നിശ്ചേഷ്ടമായ നോട്ടുകൾ എണ്ണുമ്പോഴും, മുറിയിലെ പാതി ഇരുട്ടിൽ വൈഢൂര്യക്കല്ലുകൾ പോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ ഓർത്ത് മന്ദഹസിച്ചതും, അവരുടെ മകൻ ജനിച്ച ആദ്യമാസങ്ങളിൽ, അവൻ അവളുടെ അമ്മിഞ്ഞ വലിച്ചു കുടിക്കുന്നത് കൗതുകത്തോടെ, അഭിമാനത്തോടെ നോക്കിക്കിടന്ന രാത്രികളും ഇപ്പോൾ മറവിയുടെ ആമത്തോടിലേക്ക് തല വലിച്ചിരുന്നു.
എന്നോ, എപ്പോഴോ, നൈരന്തര്യത്തിൻ്റെതായ ചിലന്തി വലകൾ കൗതുകങ്ങൾക്കും തീവ്ര വികാരങ്ങൾക്കും മേലെ പടർന്നു കയറി.
ഭാര്യ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ഉച്ചയ്ക്കാണ് നാട്ടിലേക്കുള്ള ട്രെയിൻ. രണ്ടു ദിവസം മുമ്പാണ് ഓർമ്മിപ്പിച്ചിരുന്നതെങ്കിലും ഭർത്താവ് സമയത്തിനുണരുമെന്നും യാത്രയ്ക്കുവേണ്ടി തയ്യാറെടുക്കുമെന്നും അവൾക്കറിയാമായിരുന്നു.
നിർത്താതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ക്ലോക്ക് സൂചി പോലെ, യാന്ത്രികമായി, എന്നാൽ ഒരു മടുപ്പുമില്ലാതെ അവൾ ജോലികൾ എല്ലാം തീർത്തു. എഴുന്നേറ്റ ഉടൻ തന്നെ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരൻ മകനെ, ഒരുപാടു നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കുളിക്കാൻ പറഞ്ഞയച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം അവൾ വീടു മുഴുവൻ വൃത്തിയാക്കുമ്പോൾ, ദിവാനിൽ അലസമായിക്കിടന്ന് പത്രവായനയിൽ മുഴുകി ഇരിക്കുകയായിരുന്നു അയാൾ. നിർദ്ദയമായ ബാങ്ക് ജോലിക്കിടെ അയാൾക്ക് കിട്ടുന്ന അനുഗ്രഹീതമായ ഒരു അവധി ദിനമായിരുന്നല്ലോ അന്ന്.
ട്രെയിനിൻ്റെ ചൂളംവിളി ഉയരുമ്പോൾ, ഭർത്താവ് ജനലരികിൽ സ്ഥാനം
പിടിച്ചിരുന്നു. നഗരത്തിൻ്റെ തിരക്കുകളും ‘ചെകുത്താൻ്റെ ഹുക്കകൾ ’ എന്ന് അയാൾ മനസ്സിൽ വിശേഷിപ്പിക്കാറുള്ള വലിയ പുകക്കുഴലുകളും,
മെല്ലെ തെങ്ങിൻതോപ്പുകൾക്കും ഒറ്റപ്പെട്ട കൃഷിയിടങ്ങൾക്കും വഴിമാറി ക്കൊടുക്കുന്നതും നോക്കി അയാൾ ഇരുന്നു. ഇടതു വശത്തായി, ഒരു ചെറിയ
അകലത്തിൽ, ഭാര്യയും. മുകളിലെ ഇരുമ്പുഷീറ്റുകൾ പാകിയ ബെർത്തിൽ
കയറിപ്പറ്റിയ മകൻ മൊബൈലിലെ ഗെയിം പുനരാരംഭിച്ചിരുന്നു. അവനിൽ
ശ്രദ്ധ ചെലുത്താനായി, ക്ഷീണം കൊണ്ട് അടഞ്ഞുപോകുന്ന കണ്ണുകൾ ബദ്ധപ്പെട്ടു തുറന്നു പിടിച്ച്, പുറകിലേക്ക് ചാരി അവൾ ഇരുന്നു.
മൊബൈലിൻ്റെ ശബ്ദവും അതിനൊപ്പമുള്ള അവൻ്റെ ആവേശവും മറ്റു യാത്രക്കാരെ അലോസരപ്പെടുത്തുന്ന വിധം ഉയർന്നപ്പോൾ ഭാര്യ, പതിഞ്ഞ ശബ്ദത്തിൽ മകനെ ശാസിച്ചു. വീണ്ടും തുടർന്നപ്പോൾ മൊബൈൽ പിടിച്ചു വാങ്ങി ഹാൻഡ് ബാഗിൽ വച്ചു. ഇത് പ്രതീക്ഷിച്ചിരുന്നതിനാലാകണം, അവൻ നിരാശനാകാതെ സ്വന്തം സാങ്കല്പിക ലോകത്ത് ഗെയിം വീണ്ടും തുടർന്നു.
നിരപ്പായ ഭൂവിഭാഗങ്ങൾ തീരുകയായിരുന്നു. പോകെപ്പോകെ ചെറിയ കുന്നുകൾ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്തു. പച്ചപ്പിൻ്റെ ആ തുരു ത്തുകളിലേക്ക് നോക്കിയിരിക്കവേ, മനസ്സിൽ എവിടെയോ മതിലുകൾ ഇടിയു കയായിരുന്നു. വളരെ നാളായി വെളിച്ചം കാണാത്ത ഒരാളെ, എന്ന പോലെ, ഓർമ്മകളുടെ നേർത്ത രശ്മികൾ അയാളെ അസ്വസ്ഥനാക്കി.
പെട്ടെന്ന് തൻ്റെ തോളിലെന്തോ സ്പർശിക്കുന്നതറിഞ്ഞ് അയാൾ തല തിരിച്ചു നോക്കി. മുകളിലെ ബെർത്തിൽ കമിഴ്ന്നുകിടന്ന്, ഷീറ്റുകളുടെ വിടവിലൂടെ, ഭാര്യയുടെയും ഭർത്താവിന്റെയും തോളുകളെ തൊട്ടുകൊണ്ട്, മകൻ്റെ കൈ താഴേക്കു നീണ്ടു വന്നതായിരുന്നു.
അവരെ ഞെട്ടിച്ചതോർത്ത് ചിരിച്ചുകൊണ്ട് അവൻ അവർക്കിടയിൽ കൈവീശിക്കൊണ്ടിരിക്കുമ്പോൾ, ഇരുട്ടിൻ്റെ നീണ്ട ഗുഹകൾ പിന്നിട്ട് പ്രകാശ ത്തിലേക്കെത്തിയ സഹയാത്രികരെപ്പോലെ, ഭാര്യയും ഭർത്താവും പരസ്പരം
നോക്കി; വർഷങ്ങൾക്കുശേഷം യാന്ത്രികമായല്ലാതെ.
പൊടുന്നനെ, മുപ്പത് വയസ്സ് മാത്രമുള്ള തൻ്റെ ഭാര്യയുടെ കൺതടങ്ങളിൽ യൗവനത്തിൻ്റെ ഉത്സവത്തിമിർപ്പൊഴിഞ്ഞ്, രാത്രി കൂടു കൂട്ടിയതും, പച്ചപ്പിനെ കാർന്നുതിന്നുകൊണ്ടു വളരുന്ന മുൾച്ചെടികൾപ്പോലെ, അവളുടെ
ശിരസ്സിൽ നരച്ച മുടിയിഴകൾ പടർന്നു കയറിയതും, ഒരു നടുക്കത്തോടെ
അയാൾ കണ്ടു.
FLORIAN VAN DUYN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂