മുറ്റം നിറയെ മരങ്ങളും ചെടികളും. ചാമ്പ, വാഴ, വടുകപ്പുളി, വേപ്പ്, തുടങ്ങി പനിനീർ, നാലുമണി, പത്തുമണി, ഡാലിയ എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന മുറ്റം. മുൻപിൽ മതിലിനോട് ചേർന്ന് നിൽക്കുന്ന കുളം. അതിൽ നിറയെ ആമ്പലും ചെറിയ മീനുകളും, പിന്നെ ഇലകൾക്കടിയിൽ പതുങ്ങിയിരിക്കുന്ന തവളകളും. ചെറുതാണെങ്കിലും കാണാൻ നല്ല ഭംഗിയുള്ള കുളം. ചുറ്റും പച്ചപ്പുല്ലുകൾ പരവതാനി വിരിച്ച പോലെ വളർന്നു നിൽക്കുന്നു. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചെടികൾ മുറ്റത്തിൻ്റെ ഒരു വശത്തായി വാസമുറപ്പിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് പണികഴിപ്പിച്ച മതിൽ. ഗേറ്റിനു സമീപം വളർന്നു നിൽക്കുന്ന ആര്യവേപ്പ്. പല നിറങ്ങളും മണങ്ങളുമുള്ള പൂക്കളാൽ സമൃദ്ധമായ പൂന്തോട്ടം. അവിടം നിറയെ തുമ്പികളും പൂമ്പാറ്റകളും തേനീച്ചക്കൂട്ടങ്ങളും. പുറകിലാവട്ടെ വിശാലമായി കിടക്കുന്ന റബ്ബർ തോട്ടം.
ഇതിനു നടുവിലായി നിൽക്കുന്ന ഒരു കൊച്ചുവീട്. മൊസൈക്ക് പാകിയ നിലം. അടുക്കളയിൽ കൂട്ടിമുട്ടുന്ന പാത്രങ്ങളുടെ സ്വരം. അവയോട് മല്ലിട്ട് ധൃതിയിൽ പണിയെടുക്കുന്ന മുത്തശ്ശി. കൂട്ടുകാരുമായി വീട്ടിലേക്ക് വരുന്ന, ഗിത്താർ വായിക്കുന്ന മാമൻ. സൈക്കിൾ ബെല്ലിൻ്റെ ശബ്ദത്തിനോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന മുത്തശ്ശൻ. ഇവർക്കെല്ലാം പുറമെ വീടിനകത്ത് ഓടിനടക്കുന്ന ആ നാല് വയസ്സുകാരിയും. ആ വീടും അതിനകത്തുള്ളവരുമായിരുന്നു അവളുടെ ലോകം. തൻ്റെ എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ കാത്തുനിന്നിരുന്ന മൂന്ന് മനസ്സുകളും, ആ വീടും, ചുറ്റുവട്ടവും, അവൾക്ക് പ്രിയപ്പെട്ടതായിരുന്നു. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മുത്തശ്ശിയോടൊന്നിച്ച് വയലിനക്കരെയുള്ള വീടുകളിലേക്ക് പാടവരമ്പത്തൂടെയുള്ള യാത്രയും, തോട്ടിൽ പതുങ്ങി നടക്കുന്ന പൊങ്ങൻചൂട്ടിയെ പിടിക്കലും, കറുപ്പും വെള്ളയും നിറത്തിലുള്ള വാലൻ തുമ്പിയുടെ പുറകെയുള്ള ഓട്ടവും, മുത്തശ്ശൻ്റെ കൂടെ പോയി കാണുന്ന ചന്ദനകുടവും, ശിവരാത്രി മണപ്പുറവും, മാമൻ്റെ കൂടെ ഉള്ള ബൈക്ക് യാത്രയും, ഇഷ്ടമില്ലെങ്കിലും നിത്യേന പോവുന്ന സ്കൂളും എല്ലാം ആയിരുന്നു അവളുടെ ലോകം. അന്നത്തെ ആ നാലുവയസ്സുകാരിയുടെ ജീവിതത്തിലെ വില്ലന്മാരാവട്ടെ ദിവസവും മുറ്റത്തു നിന്നും കാലിൽ കടിക്കുന്ന കട്ടുറുമ്പുകൾ ആയിരുന്നു. അവറ്റകളോട് പൊരുതി തോൽക്കാനേ അവൾക്ക് കഴിഞ്ഞിരുന്നുള്ളൂ.
എന്നാൽ കാലം ആർക്കു വേണ്ടിയും കാത്തുനിന്നില്ല. ഒരു പൂവിൽ നിന്നും ഇതൾ കൊഴിഞ്ഞു വീഴുന്ന ലാഘവത്തിൽ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. കാലം മുന്നോട്ട് ഉരുളുന്നതിനോടൊപ്പം ഒരിക്കൽ അവൾക്ക് തൻ്റെ ആ കൊച്ചുലോകം വിട്ടു പോവേണ്ടതായ അവസ്ഥയും വന്നു. എല്ലാ സാധനങ്ങളും കെട്ടിപെറുക്കി എടുത്തുവെച്ച് കാറു വരാൻ കാത്തുനിൽക്കുമ്പോഴും അവൾ അവിടുത്തെ ഒഴിഞ്ഞമുറികളിലൂടെ ഓടികളിക്കുകയായിരുന്നു. വീടിൻ്റെ മുറ്റം വിട്ടു കാർ മുന്നോട്ട് നീങ്ങുമ്പോൾ ഇനി ഒരിക്കലും അങ്ങോട്ടേക്ക് ഒരു തിരിച്ചു വരവില്ലെന്നും അവൾ അറിഞ്ഞില്ല. കാറു മുന്നോട്ട് നീങ്ങുന്തോറും റോഡിലെ പുതിയ കാഴ്ചകളിൽ ആ കണ്ണുകൾ മുഴുകി. പുതിയ വീടും ചുറ്റുവട്ടവും സ്ഥലങ്ങളും മനസ്സിൽ സങ്കല്പിച്ചു റോഡരികിലെ കാഴ്ചകളുടെ തിരക്കിൽപെട്ട അവളുടെ കണ്ണുകൾ പിന്നിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല..!
വർഷങ്ങൾക്കിപ്പുറം നിന്ന് പിന്നിലേക്ക് നോക്കുമ്പോൾ, നഷ്ടപ്പെട്ടതിന്റെ ആഴവും വ്യാപ്തിയും അറിയാൻ കഴിയുന്നുണ്ട്. അതിനു ശേഷം വീടുകൾ പലതും മാറി. സ്ഥലങ്ങൾ മാറി. ഇന്ന് സ്വന്തം വീട്ടിൽ നിൽക്കുമ്പോഴും ഗൃഹാതുരത്വം വേട്ടയാടികൊണ്ടിരിക്കുകയാണ്. തന്നെ പണ്ട് ശല്യം ചെയ്തിരുന്ന കട്ടുറുമ്പുകളല്ലായിരുന്നു യഥാർത്ഥ വില്ലന്മാർ എന്നു തിരിച്ചറിയുന്ന ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും പതിയെ കണ്ണുകളടയും. പിന്നീട് എടുക്കുന്ന ഓരോ നിശ്വാസത്തിനും ബാല്യകാലത്തിൻ്റെ ഗന്ധമാണ്. ജനിച്ച മണ്ണിൻ്റെ, ജനിച്ച വീടിൻ്റെ, ഓരോ തവണ വീഴുമ്പോഴും കൈപിടിച്ച് എഴുന്നേൽപ്പിച്ച മൂന്ന് വ്യക്തികളുടെ, പല്ലിളിച്ചു കാട്ടി മുറ്റം നിറയെ ഓടി നടന്നിരുന്ന ആ നാലുവയസ്സുകാരിയുടെ ഗന്ധമാണ്. ആ ഓർമകൾക്കാവട്ടെ നഷ്ടങ്ങളുടെ രുചി നിറഞ്ഞ കണ്ണുനീരിൻ്റെ നനവാണ്.
KOUROSH QAFFARI
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂