ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിൽ കിടന്നിങ്ങനെ പതിയെ പതിയെ ചൂടുപിടിക്കും. പിന്നെ ചെറിയ നീർകുമിളകൾ ആയിട്ട് അവ മുകളിലോട്ടു ചലിക്കും. അത് കുറച്ച് നേരംകൂടി അതുപോലെ വച്ചാൽ തിളച്ചുമറിയും. അകത്തുള്ളതെല്ലാം വെന്തു പാകപ്പെട്ടു പുറത്തേക്കു വരാൻ പരുവത്തിനാവും. പിന്നെ അവയെ പുറത്തോട്ട് എടുത്ത് ആവശ്യക്കാർക്ക് കൊടുക്കുക എന്നത് നമ്മൾ വിചാരിച്ചാൽ മാത്രമേ നടക്കൂ.
ഈ അക്ഷരങ്ങൾ ഇപ്പോൾ ഇവിടെ ജന്മമെടുക്കുന്നതും ആ ഒരു തോന്നൽ ഉണ്ടായതുകൊണ്ടു മാത്രം ആണ്. അക്ഷരങ്ങൾക്ക് പിന്നെ അച്ഛനും അമ്മയും എല്ലാം ഒരാൾ തന്നെയാണ്. കുടിലിൽ നിന്നാണോ കൊട്ടാരത്തിൽ നിന്നാണോ അവ ഉടലെടുക്കുന്നത് എന്നു വായിക്കുന്നവൻ ചിന്തിക്കാൻ മെനക്കെടാറുമില്ല. ഭാഗ്യമുള്ള വർഗം തന്നെ. സ്വന്തം ജാതിയും മതവും വർഗ്ഗവും ഓർത്തു സമയം കളയേണ്ടതില്ലലോ!
എന്നാൽ മനസ്സിൽ കിടന്നു ചൂടുപിടിച്ചു തുടങ്ങുമ്പോഴേ ആ തീയങ്ങു കെടുത്തിയാൽ പിന്നെ ഈ പറഞ്ഞതൊന്നും നടക്കുകയുമില്ല. ഉള്ളിൽ ഒരു കനൽ എരിഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് മാത്രേമേ വീണ്ടും ആ ചൂട് തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അതിനെ എന്നെന്നേക്കുമായി കെടുത്തികളയാം എന്നു കരുതിയാലും ചിലപ്പോൾ പരാജയം ആയിരിക്കും ഫലം. കാരണം കനലിന് ഒരു പ്രത്യേകതയുണ്ട്. ഊതി കെടുത്തുവാൻ ശ്രമിക്കുന്തോറും കനലിൽ നിന്നും തീയുടെ പുതിയ നാമ്പുകൾ മുകളിലേക്ക് ഉയരും. ആ ആളലിൽ വെന്തു വെണ്ണീറാവാനും ചിലപ്പോൾ സാഹചര്യമുണ്ടായെന്നു വരാം. എന്നാൽ മറ്റുചിലപ്പോഴാവട്ടെ അവ മനസ്സിനെ കൂടുതൽ പ്രകാശിപ്പിക്കുന്ന വെളിച്ചമായി ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പകർത്തപ്പെട്ടുകൊണ്ടിരിക്കാം. മരവിച്ചുറച്ച മനസ്സിന് ആശ്വാസമേകുന്ന ചെറുചൂടാകാനും, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നിനച്ചിരിക്കാത്ത നേരത്ത് മനസ്സിനെ വിഴുങ്ങാൻ മാത്രം പാകമെത്തിയ വലിയ നാളങ്ങളാവാനും അതിനു കഴിയും. എൻ്റെ ഉള്ളിലെ കനലുകൾ അതിശൈത്യത്തിൽ ഉറഞ്ഞു പോയ മനസ്സിനെ വീണ്ടെടുക്കാൻ പരിശ്രമിക്കുകയാണ്. ചുറ്റും വന്നു മൂടപെട്ട മഞ്ഞുമലകളെ പതിയെ ഉരുക്കികൊണ്ടു വിറങ്ങലിച്ചിരിക്കുന്ന മനസ്സിന് ആശ്വാസമേകിക്കൊണ്ട് എന്തൊക്കെയോ പറയാൻ തുടങ്ങുകയാണ് അവ.
ഇനിയും അവയെ അടക്കി നിർത്തുവാൻ വയ്യ. പറയട്ടെ, അവയ്ക്ക് പറയാൻ ഉള്ള കഥകളും പരിഭവങ്ങളും എല്ലാം പങ്കുവെക്കപെടട്ടെ. ജീവൻ വെടിഞ്ഞിട്ടും വീണ്ടും തീയിൽ നിന്നും ഉയിർത്തെഴുന്നേറ്റു പുതു ജീവനുമായി ഉയരങ്ങൾ കീഴടക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ, ആ അക്ഷരങ്ങൾ കനലിൽ നിന്നും ഉയിർത്തെഴുന്നേൽക്കപെടട്ടെ. പറയാൻ ബാക്കി വെച്ചതും, പറഞ്ഞു മുഴുമിക്കാൻ കഴിയാഞ്ഞതുമായ എല്ലാം തന്നെ ഒന്നിൽ നിന്നും വീണ്ടും തുടങ്ങട്ടെ….
KELLY SIKKEMA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
3 comments
Bravo❣️
😊
☺️