ഒരു ചിത്രം
ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം
ഓർമ്മകൾ ഉണർത്താൻ ഒരു ചിത്രം
എൻ്റെ ബാല്യ ചിത്രം
പഴയ ആൽബ ശേഖരത്തിൽ
പൊടിയുണർത്തിയ നരയിൽ
എൻ്റെ നരപോലെ
കാലം എൻ ചിത്രത്തിലും നര പടർത്തി
ഓർമ്മകൾ നിരയായ് മനസ്സിൽ
പഴമ മണക്കുന്ന തറവാട്ടുമുറ്റം
ആടി തീർത്ത ബാല്യം
നാട്ടുമാവിൽ ചകിരിമാങ്ങ
ചൂടുപൊടിയരിക്കഞ്ഞി, ഉപ്പിലിട്ട മാങ്ങ
കായത്തിൻ സുഗന്ധമുള്ള മുത്തശ്ശിക്കൈ
എന്നെ ഊട്ടുമ്പോൾ
സംതൃപ്തിയുള്ള മുത്തശ്ശിമുഖം
മഴ പെയ്യുമ്പോൾ സന്തോഷം
ഉമ്മറത്തിണ്ണയിലിരുന്നു
മാനത്തേയ്ക്കു നോക്കി
മേഘങ്ങളിൽ രൂപങ്ങൾ കൊത്തുന്നു
മഴ വീഴുമ്പോൾ നനുത്ത
പുതു മണ്ണിൻ ഗന്ധം
ഓടുചാലിൽ നിന്നും വീഴും
മഴത്തുള്ളി മണ്ണിൽ ഒരുക്കും കമ്മൽ രൂപങ്ങൾ
പക്കത്തെ കുടുംബക്ഷേത്രം
നാഗത്താൻമാർക്കു
നീറുംപാലും, പുള്ളുവൻപാട്ട്
ഓർമ്മയിൽ തുയിലുണർത്തി
മുത്തശ്ശിയുടെ മുറി
കാറെണ്ണയുടെ ഗന്ധം
കർക്കടകപ്പിറവി
രാമായണ ശീലുകൾ കർണ്ണാമൃതം
ചിങ്ങപ്പുലരി
ഇളങ്കാറ്റിലാടും ചെത്തിപ്പൂങ്കുലകൾ
തുമ്പപ്പൂവിലമർന്ന നീർത്തുള്ളിയെ
സ്ഫടികമാക്കി ദിനകരൻ
വെടിപ്പാക്കി മുറ്റവും തൊടിയും
മന്നനെ വരവേൽക്കാൻ
ചാണകം മെഴുകിയ മുറ്റം
നിറഞ്ഞ പൂക്കളം
പൂവിളി, പൂവട എതിരേറ്റു
മന്നനെ പുലരിയിൽ
മുറ്റത്തെ ഊഞ്ഞാൽ
ആട്ടുവാൻ കൂട്ടുകാർ
കാലം തഴുകി നരപ്പിച്ച
ഈ മുടിയിൽ അന്ന് തഴുകി
തൃപ്തിയടഞ്ഞ എൻ
മുത്തശ്ശിതൻ ചുളിവാർന്ന കൈ
കാലം രംഗബോധമില്ലാത്ത കോമാളി
അരങ്ങു തകർത്ത്
അണിയറയിലേക്ക്
താരങ്ങളെ തള്ളിയൊതുക്കുന്നു
ഒരു ചിത്രം
അത് എൻ ജീവിതമാണ്
വെറുമൊരു ചിത്രം
അണിയറയെ അരങ്ങാക്കുന്നു.
CROMACONCEPTOVISUAL
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂